ഇസ്‌ലാംമതത്തിന്‍റെ വിജയത്തിനുള്ള മൗലികകാരണം മുഹമ്മദ് നബിയുടെ അനാദൃശമായ വ്യക്തിമാഹാത്മ്യമാണ്. അദ്ദേഹം ലളിതജീവിതത്തിന്‍റെ മൂര്‍ത്തിഭാവമായിരുന്നു. വേവിക്കാത്ത ഇഷ്ടികകള്‍കൊണ്ട് നിര്‍മിച്ച ചുമരുകളോട് കൂടിയതും ഓലമേഞ്ഞതുമായ ഒരു കുടിലിലാണ് അദ്ദേഹം താമസിച്ചിരുന്നത്. നിലത്ത് വിരിച്ച പായയും തലയിണയുമാണ് അദ്ദേഹത്തിന് ഇരിക്കാനും കിടക്കാനുമുണ്ടായിരുന്ന ഉപകരണങ്ങള്‍. തന്‍റെ കീറിയ വസ്ത്രങ്ങള്‍ തുന്നിപ്പിടിിച്ചിരുന്നതും, കേടുവന്ന പാദരക്ഷകള്‍ നന്നാക്കിയിരുന്നതും വീട്ടുജോലികള്‍ മിക്കവാറും എല്ലാം ചെയ്തിരുന്നതും അദ്ദേഹം തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ മുഖ്യമായ ആഹാരം ഈത്തപ്പഴവും ബാര്‍ലി കൊണ്ടുള്ള അപ്പവുമായിരുന്നു. ആതുരശുശ്രൂഷയിലും സാധുക്കള്‍ക്ക് ധര്‍മ്മം കൊടുക്കുന്നതിലും അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. സ്വയം ചെയ്യാവുന്ന ഒരു ജോലിയും മുഹമ്മദ് നബി അടിമകളെക്കൊണ്ട് ചെയ്യിച്ചില്ലെന്ന് മാത്രമല്ല, അടിമകളിലൂടെ വിരുന്ന്‌സല്‍ക്കാരം സ്വീകരിക്കുന്നതിലും അദ്ദേഹം വൈമനസ്യം കാണിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ സുഹൃത്തുകളും അനുയായികളും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു.
അത്ഭുതകരമായ നേട്ടമാണ് മുഹമ്മദ് നബി തന്‍റെ ജീവിതകാലത്ത് നേടിയത്. അപരിഷ്‌കൃതത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും അഗാധകൂപത്തില്‍ ആണ്ടുകിടന്ന അറബികളെ ധാര്‍മികമായും ആധ്യാത്മികമായും ഉന്നതസ്ഥാനത്തേക്കുയര്‍ത്തി എന്നതാണ് പ്രസ്തുത നേട്ടം. മതം എന്ന ഉപാധിയില്‍കൂടിയാണ് അദ്ദേഹം അത് സാധിച്ചത്. മുഹമ്മദ് നബി, അറബികളുടെ അഭിലാഷങ്ങളും അശങ്കകളും മനസ്സിലാക്കി അവരുടെ ഹൃദയത്തില്‍ ആണ്ടിറങ്ങുന്ന ഭാഷയില്‍ അവര്‍ക്ക് ആഹ്വാനം നല്‍കി. പരസ്പരം കലഹിച്ചുകൊണ്ടിരുന്ന അറേബ്യയിലെ വിഗ്രഹാരാധകരായ വിവിധ ഗോത്രക്കാരെ ലളിതവും വ്യക്തവും ശക്തവുമായ ഇസ്‌ലാം മതമെന്ന മാധ്യത്തില്‍കൂടി അദ്ദേഹം കൂട്ടിയിണക്കി ഒരൊറ്റ ദേശീയ ജനതയായിവാര്‍ത്തെടുത്തു. ഇസ്‌ലാം മതം ഇന്നും ലോകത്തിന്‍റെ പകുതിയോളം ഭാഗങ്ങളില്‍ ഒരു മഹാശക്തിയായി നിലകൊള്ളുന്നു.
ഇസ് ലാം മതതത്ത്വങ്ങള്‍
ഇസ്‌ലാം എന്ന പദത്തിന്‍റെ പൊരുള്‍ കീഴടങ്ങുക, സമാധാനം, കൈവരുക എന്നെല്ലാമാണ്. ദൈവത്തിന് കീഴടങ്ങുക എന്നണ് ഇസ്‌ലാം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.ഇസ്‌ലാം അനുയായിയെ മുസ്‌ലിം എന്ന് വിളിച്ചുവരുന്നു. ദൈവത്തിന് കീഴടങ്ങുന്നവന്‍ എന്നാണ് മുസ്‌ലിം എന്ന വാക്കിന്‍റെ സാരം. ഇസ്‌ലാം എന്ന മതത്തിന്‍റെ പ്രമാണമായി പരിഗണിക്കപ്പെടുന്ന ഖുര്‍ആന്‍ എന്ന വിശുദ്ധഗ്രന്ഥം ഇസ്‌ലാം മതതത്വങ്ങളുടെ സമാഹാരമാണ്. അറബിഭാഷയില്‍ ദൈവത്തിന്‍റെ പേര് അല്ലാഹു എന്നാണ്. മുഹമ്മദ് നബി ദൈവനിയുക്തനായ പ്രവാചകനാണെന്നാണ് മുസ്‌ലിം വിശ്വാസം. അല്ലാഹു പ്രവാചകന് നല്‍കിയിട്ടുള്ള വെളിപാടുകള്‍ പ്രവാചകന്‍ തന്‍റെ അനുയായികള്‍ക്ക് പറഞ്ഞുകൊടുത്തത് ഗ്രന്ഥരൂപത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ് പരിശുദ്ധഖുര്‍ആന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ഏറ്റവും ശുദ്ധമായ അറബിഭാഷയില്‍ എഴുതിയിട്ടുള്ള ഖുര്‍ആന്‍ അറേബ്യയിലെ ആദ്യത്തേതും ഏറ്റവും ഉല്‍കൃഷ്ടമായതുമായ ഗദ്യസാഹിത്യകൃതിയാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഏകദൈവത്തില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള മതമാണ് ഇസ്‌ലാം. ഇസ്‌ലാം മത തത്ത്വങ്ങളില്‍ പ്രത്യേകം ശ്രദ്ധേയങ്ങളായ ചിലവയാണ് താഴെ പ്രസ്താവിക്കുന്നത്.
അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല. ജീവന്‍റെയും വളര്‍ച്ചയുടെയും ഭൂലോകത്തിലെ എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം അല്ലാഹുവാണ്. അവന്‍ സര്‍വ്വശക്തനാണ്. ഭാവിയും ഭൂതവും വര്‍ത്തമാനവുമെല്ലാം അല്ലാഹുവിനറിയാം. മനുഷ്യന്‍ അയല്‍പ്പക്കക്കാരോട് ദയവുള്ളവരും കടം വാങ്ങിയവരോട് ഔദാര്യമുള്ളവരും ആയിരിക്കണമെന്നും ,ശിശുഹത്യയും പന്നിമാംസഭക്ഷണവും മദ്യപാനവും വര്‍ജിക്കണമെന്നുമാണ് ദൈവനിയോഗം. സാധുക്കള്‍ക്ക് ദാനം ചെയ്യുക, ഒരോ ദിവസവും അഞ്ച് നേരം വീതം പ്രാര്‍ത്ഥിക്കുക, റമദാന്‍ മാസത്തില്‍ പകല്‍ മുഴുവനും ഉപവാസമനുഷ്ഠിക്കുക എന്നിവ ഇസ്‌ലാം മത ശാസനങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
ലൗകികവും മതപരവുമായ നിയമങ്ങളെല്ലാം ഈശ്വര കല്‍പ്പനകളാണെന്നാണ് ഇസ്‌ലാം മതം ഉദ്‌ബോധിപ്പിക്കുന്നത്. മതാനുഷ്ഠാനങ്ങളെ സംബന്ധിച്ച നിയമങ്ങള്‍ മാത്രമല്ല, പെരുമാറ്റരീതി, ശുചിത്വം, വിവാഹം, വിവാഹമോചനം, കച്ചവടം, വ്യവസായം, ധനകാര്യം, പലിശ, കടബാധ്യതകള്‍, കരാറുകള്‍, വില്‍പ്പത്രങ്ങള്‍, രാഷ്ട്രീയകാര്യങ്ങള്‍ എന്നിവയെ സംബന്ധിച്ച നിയമങ്ങളും ഖുര്‍ആനില്‍ അടങ്ങിയിട്ടുണ്ട്. ഇസ്‌ലാം മതം കച്ചവടത്തില്‍ സത്യസന്ധത പാലിക്കണമെന്ന് അനുശാസിക്കുകയും വഞ്ചകരായ കച്ചവടരക്കാര്‍ക്ക് നരകമാണ് അനുഭവമെന്നും താക്കീത് നല്‍കുന്നു. ഇസ്‌ലാം കുത്തകക്കച്ചവടക്കാരെയും ഊഹക്കച്ചവടക്കാരെയും അപലപിക്കുകയും പലിശ വാങ്ങുന്നതിനെയും കൊടുക്കുന്നതിനെയും നിഷ്‌കൃഷ്ടമായി നിരോധിക്കുകയും ചെയ്യുന്നു. ധനികന്‍മാര്‍ക്ക് നികുതി ചുമത്തി സാധുക്കളെ സഹായിക്കുന്നതില്‍ മുഹമ്മദ് നബിയെപ്പോല്‍ നിഷ്‌കര്‍ശത കാണിച്ചിട്ടുള്ള മതപരിഷ്‌കര്‍ത്താക്കള്‍ വേറെയുണ്ടോ എന്ന് സംശയമാണ്. ഒരോവില്‍പ്പത്രത്തിലും സാധുക്കള്‍ക്ക് ദാനം ചെയ്യുന്നതിന് സ്വത്തിന്‍റെ ഒരു ഭാഗം നീക്കിവെക്കപ്പെട്ടിരിക്കുന്നു. നിയമപ്രകാരം സ്ത്രീ പുരുഷന്‍റെ അധീശത്വത്തിന് വിധേയ ആണെങ്കിലും പൊതുവെ സ്ത്രീകളുടെ നില ഉയര്‍ത്തുവാന്‍ മുഹമ്മദ് നബി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്ത്രീയെ ഒരു സ്വത്തായി കണക്കാക്കി പിതാവില്‍ നിന്ന് പുത്രനിലേക്ക് കൈമാറ്റം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന അറബികളുടെ ആചാരം അദ്ദേഹം നിര്‍ത്തലാക്കി. സ്വന്തം ഇംഗിതത്തിന് വിപരീതമായി സ്ത്രീയെ പുരുഷന് പിടിച്ച് കൊടുക്കുന്നതിനെതിരെ അദ്ദേഹം നിരോധനഖഢ്ഗം ഉയര്‍ത്തി. ബഹുഭാര്യത്വം അനുവദിക്കപ്പെട്ടിരുന്നത് ജനസംഖ്യയില്‍ സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ കൂടുതലായുണ്ടായിരുന്ന അസന്തുലിതാവസ്ഥക്ക് പരിഹാരമുണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോട് കൂടിയായിരിക്കാം. പക്ഷേ, ഒരു പുരുഷന് നാല് ഭാര്യമാരില്‍ കൂടുതല്‍ പാടില്ലെന്ന് കര്‍ശന നിബന്ധനയുണ്ടായിരുന്നു. മാതാവിനോട് അത്യന്തം ബഹുമാനം കാണിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. സ്വര്‍ഗ്ഗം മാതാവിന്‍റെ കാല്‍പ്പാടുകളിലാണെന്നുള്ള മുഹമ്മദ് നബി പ്രസ്താവിച്ചത്. പരിപൂര്‍ണ്ണ സാഹോര്യമെന്ന ആദര്‍ശത്തിന്‍റെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച മതമാണ് ഇസ്‌ലാം. ഇസ്‌ലാം മതത്തിന്‍റെ കുടക്കീഴില്‍ എല്ലാ വിധത്തിലുള്ള ഉച്ചനിചത്വങ്ങളും അസ്തമിച്ചു. യാന്ത്രികമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഇസ് ലാം മതത്തില്‍ സ്ഥാനമില്ല. ശരിയായ ഹൃദയശുദ്ധിക്കും പ്രായോഗികമായ ദാനശീലത്തിനും അത് പ്രത്യേകമായ സ്ഥാനം കല്‍പ്പിക്കുന്നു. ദൈവത്തില്‍ വിശ്വസിക്കുകയും അഗതികള്‍ക്കും ആവശ്യക്കാര്‍ക്കും വഴിപ്പോക്കര്‍ക്കും അഭ്യത്ഥിക്കുന്നവര്‍ക്കും സ്വന്തം ധനം ദാനം ചെയ്യുന്നതിന് മടിക്കാതിരിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ മതഭക്തന്‍മാര്‍ എന്ന് ഖുര്‍ആനില്‍ ഒരു ഭാഗത്ത് പറഞ്ഞിട്ടുണ്ട്. മറ്റേത് മതത്തേക്കാളും ഇസ് ലാം മതം വിഗ്രഹാരാധനയെ നിഷേധിക്കുന്നു. ഇസ്‌ലാം മതാരാധനയില്‍ ബാഹ്യമായ ചടങ്ങുകള്‍ അധികമില്ല മുസ് ലിം പള്ളിയില്‍ പുരോഹിതന്‍മാരുമില്ല.
ഇസ്‌ലാം മതം നല്‍കിയസന്ദേശം അതിന്‍റെ അനുയായികളെ ധാര്‍മികവും സാംസ്‌ക്കാരികവുമായ നിലവാരമുയര്‍ത്തി. അവരുടെയിടയില്‍ സാമൂഹിക ഭദ്രതയും കെട്ടുറപ്പും കൈവരുത്തി. അവരില്‍ ശുചിത്വബോധം വളര്‍ത്തുകയും അന്ധവിശ്വാസവും ക്രൂരതയും ലഘൂകരിക്കുകയും ചെയ്തു. അടിമകളുടെ സ്ഥിതി മെച്ചപ്പെടുത്തി. സമുദായത്തിലെ താണപടിയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് അന്തസ്സും അഭിമാനബോധവും പ്രദാനം ചെയ്തു. വില്‍ഡ്യൂന്റിന്റെ (WILL DURRANT) അഭിപ്രായത്തില്‍ ”പരിശുദ്ധഖുര്‍ആന്‍ വെള്ളക്കാരന്‍റെ ലോകത്തില്‍ എങ്ങുമില്ലാത്ത തോതില്‍ മുസ് ലീംകളുടെ ഇടയില്‍ സംയമനശീലം വളര്‍ത്തി.”