ഭൂമിയില്‍വെച്ച് ചെയ്ത കര്‍മങ്ങളെ പരലോകത്ത് അല്ലാഹു വിചാരണ ചെയ്യും. രേഖകള്‍, സാക്ഷികള്‍, നിയമപ്രമാണങ്ങള്‍ തുടങ്ങി ന്യായവിചാരണയുടെ എല്ലാ ഉപാധികളും ഹാജരാക്കപ്പെടും. അവയെല്ലാം പരിശോധിക്കുകയും ചെയ്യും. ഇതിനുശേഷമാണ് അല്ലാഹുവിന്റെ കോടതി വിധി കല്‍പ്പിക്കുക. ദൈവികവിചാരണയെ ത്രാസിനോടാണ് ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്. ഓരോ വ്യക്തിയുടെയും നന്മകളും തിന്മകളും ത്രാസിന്റെ രണ്ടു തട്ടുകളിലിട്ടു തൂക്കിനോക്കുന്നു.
”അപ്പോള്‍ ആരുടെ തുലാസിന്റെ തട്ട് കനം തൂങ്ങുന്നുവോ,
അവന് സംതൃപ്തമായ ജീവിതമുണ്ട്.
ആരുടെ തുലാസിന്‍ തട്ട് കനം കുറയുന്നുവോ,
അവന്റെ സങ്കേതം ‘ഹാവിയ’ ആയിരിക്കും.
‘ഹാവിയ’ ഏതെന്ന് നിനക്കെന്തറിയാം?
അത് കൊടും ചൂടുള്ള നരകത്തീ തന്നെ.”
(വിശുദ്ധ ഖുര്‍ആന്‍: അധ്യായം: 101, സൂക്തം: 6-11)
മനുഷ്യന്റെ മാനസികവ്യാപാരങ്ങള്‍പോലും അല്ലാഹുവിന്റെ വിചാരണയ്ക്ക് വിധേയമാകുന്നു.
”ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്.
നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിപ്പിച്ചുവെച്ചാലും അല്ലാഹു അതിന്റെപേരില്‍ നിങ്ങളെ വിചാരണ ചെയ്യും.
അങ്ങനെ അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകും.
അവനിച്ഛിക്കുന്നവരെ അവന്‍ ശിക്ഷിക്കും.
അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.”
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ ബഖറ, സൂക്തം: 284)