അല്ലാഹുവിന്റെ അടയാളങ്ങള്‍- ടി. മുഹമ്മദ് വേളം

ദൈവത്തിന് പ്രതീകങ്ങളില്ല. കല്ലിലോ മരത്തിലോ മറ്റേതെങ്കിലും മാധ്യമത്തിലോ നിങ്ങള്‍ക്ക് ദൈവത്തെ ആവിഷ്കരിക്കാന്‍ കഴിയില്ല. ആവിഷ്കാരങ്ങള്‍ക്ക് അതീതമായ അസ്തിത്വമാണവന്‍. അവനെ ആവിഷ്കരിക്കാനുള്ള ഏതു ശ്രമവും അബദ്ധവും നിക്ഷിപ്ത താല്പര്യങ്ങള് നിറഞ്ഞതും വഴിതെറ്റിക്കുന്നതുമായിരിക്കും. വിഗ്രഹങ്ങള്‍ ചൂഷണത്തിന്റെ ഉപകരണങ്ങളാണ്. പ്രതീകങ്ങളില്ലാത്ത ദൈവം എന്നത് കാവ്യമനോഹരമായ ഒരു കല്പനയാണ്. ഒരു പ്രതീകവുമില്ലാത്ത ആരാധനാ കേന്ദ്രമായ പള്ളിയെക്കുറിച്ച് എത്ര കാവ്യാത്മകമാണത് എന്ന് കഥാകൃത്തും നോവലിസ്റ്റുമായ പി. സുരേന്ദ്രന് ഒരഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. മനുഷ്യ ഭാവനകളുടെ അനന്തതയെ തുറന്നിടുകയാണ് വിഗ്രഹങ്ങളില്ലാത്ത വിശ്വാസം ചെയ്യുന്നത്.
എങ്കിലും മനുഷ്യമനസ്സിന്റെ പ്രകൃതത്തെ സംബന്ധിച്ചേടത്തോളം പ്രതീകങ്ങള്‍ പ്രധാനമാണ്. പ്രതീകങ്ങളിലൂടെയാണ് മനുഷ്യന് യാഥാര്‍ഥ്യങ്ങളെ ഓര്‍ത്തുവെക്കുന്നത്. പ്രതീകങ്ങളുടെ സംഘാതത്തെയാണ് നാം ഭാഷ എന്നു പറയുന്നത്. അക്ഷരം ശബ്ദത്തിന്റെ പ്രതീകമാണ്. നാമങ്ങള്‍ വസ്തുക്കളുടെയും ആശയങ്ങളുടെയും പ്രതീകങ്ങളാണ്. വസ്തുക്കളെയും ആശയങ്ങളെയും പ്രതീകമാക്കി മനസ്സിലാക്കാനും അങ്ങനെ ഉപയോഗിക്കാനുമുള്ള കഴിവാണ് ‘ആദമിനെ നാം നാമങ്ങള്‍ പഠിപ്പിച്ചു’ എന്ന ദൈവികനടപടിയിലൂടെ മനുഷ്യന് നല്കപ്പെട്ടത്. ശബ്ദഭാഷ മാത്രമല്ല, ശരീരഭാഷയും സംസ്കാരമെന്ന ഭാഷയുമെല്ലാം പ്രതീകപരമാണ്. എന്തിനും ഒരു പ്രതീകത്തെ കണ്ടെത്താനുള്ള അഭിലാഷം മനുഷ്യമനസ്സില്‍ എന്നും ശക്തമായി നിലനിന്നിട്ടുണ്ട്. ആ ആഗ്രഹത്തെ ചൂഷണം ചെയ്തുകൊണ്ടാണ് എക്കാലത്തും ബഹുദൈവസംസ്കാരം വളര്‍ന്നു വികസിച്ചത്. പ്രതീകങ്ങളോടുള്ള മനുഷ്യന്റെ പ്രലോഭനത്തെ വഴിതെറ്റിച്ചതാണ് ബഹുദൈവത്വം. തിന്മയിലേക്കെന്ന പോലെ ബഹുദൈവത്വത്തിലേക്കുമുള്ള പ്രലോഭനം മനുഷ്യനില്‍ എന്നും നിലനിന്നിട്ടുണ്ട്. തിന്മയിലേക്കുള്ള പ്രലോഭനത്തെ ന്യായമായ എല്ലാ ഭൗതിക ശാരീരികാനന്ദങ്ങളും അനുവദിച്ചുകൊണ്ട് ഇസ്ലാം അഭിമുഖീകരിച്ചു. അമൂര്‍ത്ത സങ്കല്പങ്ങളുമായി ബന്ധപ്പെട്ട, വിശ്വാസ കാര്യങ്ങളിലെ പ്രതീക പ്രലോഭനത്തെ അല്ലാഹുവിന്റെ അടയാളങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇസ്ലാം അഭിമുഖീകരിച്ചു. ”അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആരെങ്കിലും വന്ദിച്ചാല്‍ നിശ്ചയം അത് ഹൃദയത്തിന്റെ ഭക്തിയില്‍ പെട്ടതാകുന്നു” (അല്‍ഹജ്ജ് 32). ”അല്ലാഹു ആദരിച്ചവയെ ആരെങ്കിലും മഹത്വപ്പെടുത്തിയാല്‍ നാഥന്റെയടുക്കല്‍ അത് അവന് നല്ലതാകുന്നു” (അല്‍ഹജ്ജ് 30). പ്രതീകങ്ങളുമായി ബന്ധപ്പെട്ട ഇസ്ലാമിലെ സുപ്രധാനമായ ആശയമാണ് അല്ലാഹുവിന്റെ അടയാളങ്ങള്‍ എന്നത്.
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ (ആയാത്തുല്ലാഹ്)എന്ന ഗണത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ എന്നു പറയുന്നത് അല്ലാഹുവില്‍ എത്തിച്ചേരാനുള്ള ചൂണ്ടുപലകകളാണ്. അല്ലാഹുവിനെ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്ന അധ്യാപനങ്ങളാണ്. പ്രകൃതി പ്രതിഭാസങ്ങളെയാണ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ (ആയാത്തുല്ലാഹ്) എന്ന പേരില്‍ പ്രധാനമായും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ സംവദിക്കുന്നത് ബുദ്ധിയോടാണ്. അല്ലാഹുവിനെ മനസ്സിലാക്കി അംഗീകരിച്ച വിശ്വാസിയുടെ, അല്ലാഹുവിനെ കാണാനും തൊടാനും മുത്താനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള ആഗ്രഹത്തെയാണ് അല്ലാഹുവിന്റെ ചിഹ്നങ്ങള്‍ സംതൃപ്തിപ്പെടുത്തുന്നത്. അല്ലാഹുവിന്റെ അടയാളങ്ങള്‍ ബുദ്ധിപരം എന്നതിനേക്കാള്‍ വൈകാരികമാണ്.
അടയാളം എന്നര്‍ഥമുള്ള ‘ശഈറത്ത്’ എന്ന വാക്ക് ഉത്ഭവിച്ചത് ‘ശഅറ’ എന്ന വാക്കില്‍നിന്നാണ്. ‘ശഈറത്തി’ന്റെ ബഹുവചനമാണ് ‘ശിആറ്.’ ‘ശഅറ’ എന്ന വാക്കിന്റെ അര്‍ഥം ഇന്ദ്രിയഗോചരമാവുക, അനുഭവവേദ്യമാവുക, ബോധവാനാകുക, സഹജബോധമുണ്ടായിരിക്കുക, അവബോധമുണ്ടാവുക എന്നൊക്കെയാണ്. അവബോധത്തെയും അനുഭൂതിയെയും കുറിക്കുന്ന വാക്കാണത്. ‘ശുഊര്‍’ എന്നാല്‍ തെളിവില്ലാതെ മനസ്സിലാക്കല്‍, അനുഭവം, അന്തര്‍ജ്ഞാനം എന്നൊക്കെയാണര്‍ഥം, സ്വത്വത്തില്‍നിന്നും പരിതഃസ്ഥിതിയില്‍നിന്നും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനാണ് മനശ്ശാസ്ത്രത്തില്‍ ഈ പദമുപയോഗിക്കുന്നത്. ‘ശഅറ’യില്‍നിന്നാണ് കവിതയെക്കുറിക്കുന്ന ‘ശിഅ്റ്’ എന്ന വാക്കുണ്ടായത്. അറിവിനപ്പുറമുള്ള അവബോധത്തെയും അനുഭൂതിയെയുമാണ് ഈ വാക്ക് പൊതുവില്‍ അര്‍ഥമാക്കുന്നത്.

