1903-ല്‍ ജുനഗഡില്‍ നടത്തിയ പ്രഭാഷണം. 1932-ല്‍ ചെന്നൈ തിയോസഫിക്കല്‍ സൊസൈറ്റി പുനഃപ്രസിദ്ധീകരിച്ചു.
ഈ സായാഹ്നത്തില്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍ എന്റെ മുഖ്യമായ ഉദ്ദേശ്യം ഇന്നാട്ടിലെ രണ്ടു പ്രബല ജനവിഭാഗങ്ങളായ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ മെച്ചപ്പെട്ട ധാരണ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക എന്നതാണ്. പരസ്പരം നന്നായി മനസ്സിലാക്കിയാല്‍ തങ്ങള്‍ ഒരൊറ്റ ജനതയാണെന്ന തോന്നല്‍ അവര്‍ക്കുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. ലോകത്തിലെ മറ്റേതു മതത്തിനേക്കാളും തെറ്റിദ്ധാരണ ഇസ്‌ലാമിനെക്കുറിച്ചുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. ആ മതക്കാരല്ലാത്തവര്‍ ആ മതത്തെക്കുറിച്ച് വളരെയധികം കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. അധികവും കുറ്റപ്പെടുത്തലുകളാണ്. അനേകം രാജ്യങ്ങളില്‍ ആ മതത്തിന് ആഴത്തില്‍ വേരോട്ടം സിദ്ധിച്ചിട്ടുണ്ടെന്നും പല അപരിഷ്‌കൃത ജനതകളെയും പരിഷ്‌കാരത്തിലേക്ക് നയിച്ചിട്ടുണ്ടെന്നുമുള്ള യാഥാര്‍ഥ്യം മനസ്സിലാക്കാതെയാണീ അധിക്ഷേപങ്ങള്‍. സംസ്‌കരണപ്രവര്‍ത്തനം ഏറെ നടത്തിയിട്ടും അന്യദേശങ്ങള്‍ക്ക് തങ്ങളോടുണ്ടായിരുന്ന ശത്രുത പാടേ ദൂരീകരിക്കാന്‍ അവര്‍ക്കു സാധിച്ചില്ല. മതത്തെ കുറ്റപ്പെടുത്താനുണ്ടായ കാരണം ഇതത്രെ. കൂടാതെ, ബോധപൂര്‍വമുള്ള തെറ്റിദ്ധരിപ്പിക്കലും എമ്പാടും നടന്നു. ബൗദ്ധികാന്ധകാരത്തിന്റെ കാലഘട്ടത്തിലാണ് പ്രവാചകന്റെ സന്ദേശം യൂറോപ്പില്‍ എത്തുന്നത്. റോമന്‍ കത്തോലിക്കര്‍ ജനങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൂറുകള്‍ സ്‌പെയിനില്‍ എത്തുന്നതും അവിടെ അമ്പരപ്പിക്കുന്ന തരത്തിലുള്ള സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതും. അവര്‍ യൂറോപ്പിലേക്ക് ശാസ്ത്രത്തിന്റെ വെളിച്ചം കൊണ്ടുവന്നു. ആറു നൂറ്റാണ്ടുകാലം യൂറോപ്യന്‍ ദേശങ്ങളില്‍ ജ്ഞാനോദയത്തിന്റെ ദീപശിഖയേന്തി. എന്നാല്‍ ശാസ്ത്രപ്രചാരകര്‍ എന്നതിലുപരി മതപരിത്യാഗികളായാണ് യൂറോപ്പ് അവരെ വീക്ഷിച്ചത്. ചന്ദ്രക്കല കുരിശിനേക്കാള്‍ ശോഭിക്കുക മൂലം യൂറോപ്പ് അവരുടെ അധ്യാപനങ്ങളെ നിരോധിക്കുകയും അവരെ ശത്രുക്കളായി ഗണിക്കുകയും ചെയ്തു.
എട്ടു മുതല്‍ പതിനാലു വരെയുള്ള ശതകങ്ങളില്‍ യൂറോപ്പില്‍ പരന്ന ജ്ഞാനപ്രകാശത്തിന്റെ സ്രോതസ്സ് മുസല്‍മാന്മാരുടേതായിരുന്നു. ഗ്രീസിന്റെയും അലക്‌സാണ്ട്രിയയുടെയും ജ്ഞാനസമ്പത്ത് വളരുകയും പ്രഫുല്ലമാവുകയും ചെയ്തത് ബഗ്ദാദിലെ സര്‍വകലാശാലകളിലാണ്. ഇക്കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അവര്‍ അറിവിന്റെ സന്ദേശവാഹകന്മാരെ അയച്ചു. യൂറോപ്പിലേക്ക് അവര്‍ കാലെടുത്തുവെച്ചതു മുതല്‍ ആരംഭിച്ചിട്ടുണ്ട് ഇസ്‌ലാമിനെക്കുറിച്ചുള്ള മുന്‍വിധികള്‍. ഇസ്‌ലാമിനെ അതിന്റെ അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ കാണുന്നതിനു പകരം മതവിരുദ്ധ വിശ്വാസമായി യൂറോപ്പ് കണ്ടു. അക്കാരണത്താല്‍തന്നെ, മുസ്‌ലിംകളുടേതായ ഏതുതരം വിജ്ഞാനീയവും നല്ലവരായ ക്രിസ്തുമതവിശ്വാസികള്‍ തള്ളിക്കളയേണ്ടതാണെന്ന് പ്രചരിപ്പിക്കപ്പെട്ടു.
സ്ത്രീകള്‍ക്ക് ആത്മാവില്ല എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നതായി ഇംഗ്ലണ്ടില്‍ ചില മാന്യന്മാര്‍ പറയുന്നത് നിങ്ങള്‍ക്കു കേള്‍ക്കാം. പരിമിതമായ ബഹുഭാര്യത്വം അനുവദിക്കുന്നതിനാല്‍ ഇസ്‌ലാം മോശപ്പെട്ട മതമാണെന്ന് പ്രസ്താവിക്കുന്നവരെയും നിങ്ങള്‍ക്ക് കാണാം. ലണ്ടന്‍ ഹാളില്‍ പ്രസംഗിക്കവെ ഇതിനെതിരെ ഞാന്‍ നടത്തിയ വിമര്‍ശനം നിങ്ങള്‍ ശ്രവിച്ചിരിക്കാന്‍ സാധ്യതയില്ല. തീര്‍ത്തും അശിക്ഷിതരായിരുന്നു ആ സദസ്സ് എന്ന് എനിക്കറിയാം. വ്യഭിചാരത്തോടുകൂടിയ ഏകപത്‌നീവ്രതം കാപട്യവും പരിമിത ബഹുഭാര്യത്വത്തേക്കാള്‍ മോശവുമാണെന്ന് ഞാനവിടെ പറഞ്ഞു. സാധാരണഗതിയില്‍ ഇങ്ങനെ ഒരു പ്രസ്താവന ആരിലും അനിഷ്ടമുളവാക്കും. പക്ഷേ അങ്ങനെ പറയേണ്ടതുണ്ട്. കാരണം, സ്ത്രീകളെ സംബന്ധിച്ചേടത്തോളം സമീപകാലം വരെ ലോകത്തിനു ലഭ്യമായ ഏറ്റവും ന്യായയുക്തമായ നിയമം ഇസ്‌ലാമിന്റേതാണ്. ഇപ്പോള്‍ അതിന്റെ ചില വകുപ്പുകള്‍ ഇംഗ്ലണ്ടില്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. സമ്പത്ത്, അനന്തരാവകാശം, വിവാഹമോചനം എന്നിങ്ങനെ എന്തുമായി ബന്ധപ്പെട്ട സംഗതിയിലും സ്ത്രീകള്‍ക്ക് നല്‍കുന്ന ആദരവിന്റെയും അവകാശങ്ങളുടെയും കാര്യത്തില്‍ പടിഞ്ഞാറന്‍ നിയമത്തേക്കാള്‍ എത്രയോ മുമ്പിലാണത്. ഏകഭാര്യത്വം, ബഹുഭാര്യാത്വം എന്നീ വാക്കുകളുടെ മാസ്മരികതയില്‍ ഇക്കാര്യങ്ങളെല്ലാം വിസ്മരിക്കപ്പെടുകയാണ്. ഇതിനിടയില്‍ പാശ്ചാത്യലോകത്ത് എന്താണു സംഭവിക്കുന്നതെന്ന് ആരും ശ്രദ്ധിക്കുന്നില്ല. തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ഭീതിദമായ അധോഗതി ആരുടെയും കണ്ണില്‍പെടാതെ പോവുന്നു. അവരുടെ ആദ്യകാല സംരക്ഷകര്‍ മടുപ്പ് മൂലം അവരെ സഹായിക്കാന്‍ കൂട്ടാക്കുന്നില്ല.
അനേകം മുന്‍വിധികളെ ഇസ്‌ലാമിനു കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ സ്വന്തമായ അവകാശവാദങ്ങളില്‍ ഇതര മതങ്ങളോട് ശത്രുത ഉണ്ടാക്കുന്ന കുറച്ചധികം കാര്യങ്ങളുണ്ടെന്ന് തീര്‍ച്ചയാണ്. പക്ഷേ അതു ലോകത്തിലെ മറ്റു മതങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മക്ക് ന്യായീകരണമല്ല. ഈ അജ്ഞത കുറക്കാനുള്ള ഉത്തരവാദിത്തം മുഹമ്മദീയ ലോകത്തിനുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. പ്രവാചകപ്രഭുവിന്റെ* യഥാര്‍ഥ സ്വഭാവവും അവിടുത്തെ അധ്യാപനങ്ങളും അവ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള നാടുകളില്‍ പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കാണ്. അവിശ്വാസത്തിനു പകരം വിശ്വാസവും ശത്രുതക്കു പകരം സൗഹൃദവും സ്ഥാപിക്കുന്നതിനുള്ള മാര്‍ഗം എന്ന നിലയിലാണ് പ്രസ്തുത വിശ്വാസം സ്വീകരിച്ചവരും അല്ലാത്തവരുമായ ആളുകളുടെ മുമ്പാകെ ഞാന്‍ ഈ ആശയം സമര്‍പ്പിക്കുന്നത്. അറേബ്യയുടെ മഹാനായ പ്രാവചകന്റെ ജീവിതം, സ്വഭാവം, അധ്യാപനങ്ങള്‍, ജീവിതരീതി എന്നിവ മനസ്സിലാക്കിയ ആര്‍ക്കും തന്നെ പരമേശ്വരന്റെ ദൂതന്മാരില്‍ ഒരാളായ അദ്ദേഹത്തോട് ബഹുമാനമല്ലാതെ മറ്റൊരു വികാരവും തോന്നാനിടയില്ല. നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ് ഞാന്‍ പറയുന്നത്. എങ്കിലും വീണ്ടും വായിക്കുമ്പോള്‍ പ്രതാപിയായ ആ അറേബ്യന്‍ ഗുരുനാഥനോട് നവ്യമായ ഒരാരാധനയും ആദരവും എനിക്കനുഭവപ്പെടുകയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം പ്രവര്‍ത്തിച്ച സാമൂഹിക സാഹചര്യം അറിയേണ്ടതുണ്ട്. എന്തായിരുന്നു അദ്ദേഹം ജനിച്ച നാടിന്റെ ചുറ്റുപാട്? തന്റെ കുട്ടിക്കാലത്തെ സ്ഥിതിഗതികള്‍ എങ്ങനെയായിരുന്നു? അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ക്കും ജീവനും നേരെയുണ്ടായ എതിര്‍പ്പുകള്‍ എവ്വിധത്തിലുള്ളതായിരുന്നു? ഇതു ചുരുക്കിപ്പറയാന്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ തന്നെ എഴുതിയ ഒരു ഖണ്ഡിക കടമെടുക്കുകയേ നിര്‍വാഹമുള്ളൂ. ഈ ഗുരു പിറന്ന നാടിന്റെ സാഹചര്യം പ്രാമാണിക രേഖകളില്‍നിന്ന് ഇങ്ങനെ സംഗ്രഹിക്കാം:
”ക്രിസ്തു വര്‍ഷം ആറാം ശതകം ലോകത്തിനു മേല്‍ ഉദയം ചെയ്തപ്പോള്‍ അറേബ്യയുടെ, അഥവാ യേശുവിന്റെ കാല്‍പതിഞ്ഞ സിറിയയുടെ സ്ഥിതി എന്തായിരുന്നുവെന്ന് നിങ്ങള്‍ വന്നുകണ്ടുനോക്കുക. മതവൈരം ഓരോ വശത്തും ഭവനങ്ങളെ ശിഥിലമാക്കുകയും ജനങ്ങളെ തമ്മില്‍ അകറ്റുകയും ചെയ്തു. മൃഗീയവും രക്തപങ്കിലവുമായ ലഹളകള്‍. തലമുറകളില്‍നിന്ന് തലമുറകളിലേക്കു കൈമാറിയ ചോരപ്പകകള്‍. മനുഷ്യനെ മനുഷ്യനില്‍നിന്നും കുടുംബങ്ങളെ കുടുംബങ്ങളില്‍നിന്നും ഗോത്രങ്ങളെ ഗോത്രങ്ങളില്‍നിന്നും അകറ്റിയ വെറുപ്പുകള്‍…
”അറേബ്യയെ നോക്കൂ! വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ നരനെപ്പോലും ബലിയര്‍പ്പിക്കുന്ന ക്രൂരവും കിരാതവുമായ ബഹുദൈവത്വം നിലനിന്ന അറേബ്യ. ശവം കൊണ്ട് സദ്യ നടത്തിയ ഭക്തന്മാര്‍. സ്‌നേഹം കാമത്തിനു വഴിമാറിയ സ്ഥലം. കുടുംബജീവിതത്തിനു പകരം തികഞ്ഞ അരാജകത്വം. നിസ്സാര ഹേതു മതിയായിരുന്നു രക്തച്ചൊരിച്ചിലിന്. ബന്ധുക്കള്‍ ബന്ധുക്കളെയും അയല്‍ക്കാര്‍ അയല്‍ക്കാരെയും അറുകൊല ചെയ്തു. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്തവിധം അഴുകിയിരുന്നു ജീവിതം. കാമത്തിന്റെയും കൊലയുടെയും വിദ്വേഷത്തിന്റെയും നരകത്തിലേക്കാണ് ആ മനുഷ്യശിശു പിറന്നുവീണത്” (ആനിബസന്റ്, ദ റിലീജ്യസ് പ്രോബ്ലം ഇന്‍ ഇന്ത്യ).
ഈ വിവരണത്തില്‍ ഒട്ടും അതിശയോക്തിയില്ല. പ്രവാചകന്റെ ചില ആദ്യകാല ശിഷ്യന്മാര്‍ പീഡനം മൂലം മക്കയില്‍ ജീവിതം അസാധ്യമായപ്പോള്‍ എത്യോപ്യയിലേക്ക് അഭയം തേടിച്ചെന്നു. അവിടത്തെ രാജാവിന്റെ മുമ്പാകെ അവര്‍ നടത്തിയ പ്രസ്താവനയില്‍നിന്ന് പ്രവാചകന്റെ പ്രബോധനം ഉള്‍ക്കൊള്ളുന്നതിനു മുമ്പുള്ള തങ്ങളടെ അവസ്ഥ എന്തായിരുന്നുവെന്ന് വിവരിച്ചിട്ടുണ്ട്. അതിങ്ങനെ വായിക്കാം:
‘ഓ, രാജാവേ! അജ്ഞാനത്തിന്റെയും സംസ്‌കാര ശൂന്യതയുടെയും ആഴങ്ങളില്‍ പൂണ്ടുകിടന്ന ജനതയായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ വിഗ്രഹാരാധന നടത്തി. അസാന്മാര്‍ഗിക ജീവിതം നയിച്ചു. ശവം തിന്നു. ജുഗുപ്‌സയുളവാക്കുന്ന വാക്കുകള്‍ സംസാരിച്ചു. മാനുഷിക വികാരങ്ങളെ ഞങ്ങള്‍ അവഗണിച്ചു. അയല്‍ക്കാരോടോ പൊതുസമൂഹത്തോടോ ഞങ്ങള്‍ക്ക് കടപ്പാടൊന്നും ഉണ്ടായിരുന്നില്ല. കൈയൂക്കല്ലാതെ മറ്റൊരു നിയമവും ഞങ്ങള്‍ക്കറിയുമായിരുന്നില്ല. അങ്ങനെയിരിക്കെ ഞങ്ങള്‍ക്കിടയിലേക്ക് ഞങ്ങളില്‍പെട്ട ഒരു ദൈവദൂതന്‍ വന്നു. അദ്ദേഹത്തിന്റെ കുടുംബമഹിമയും സത്യസന്ധതയും വിശ്വസ്തതയും പരിശുദ്ധിയും ഞങ്ങള്‍ക്ക് നേരത്തേ അറിവുള്ളതാണ്. അദ്ദേഹം ഞങ്ങളെ ഏകദൈവവിശ്വാസത്തിലേക്ക് ക്ഷണിച്ചു. ദൈവത്തില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുതെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. വിഗ്രഹങ്ങളെ ആരാധിക്കുന്നതില്‍നിന്ന് അദ്ദേഹം ഞങ്ങളെ തടഞ്ഞു. സത്യം പറയാനും വിശ്വസ്തത പുലര്‍ത്താനും കരുണയുള്ളവരായിരിക്കാനും അയല്‍ക്കാരുടെ അവകാശങ്ങള്‍ മാനിക്കാനും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. സ്ത്രീകളെക്കുറിച്ച് അപവാദം പറയരുതെന്നും അനാഥരുടെ സ്വത്ത് അനുഭവിക്കരുതെന്നും അദ്ദേഹം ഞങ്ങളെ ഉദ്‌ബോധിപ്പിച്ചു. മ്ലേഛമായ കാര്യങ്ങളില്‍നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ അദ്ദേഹം ഞങ്ങളോട് ആജ്ഞാപിച്ചു. പ്രാര്‍ഥിക്കാനും ദാനം ചെയ്യാനും വ്രതമനുഷ്ഠിക്കാനും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടു.”
പ്രവാചകന്റെ പ്രബോധനഫലമായി ഉണ്ടായ പരിവര്‍ത്തനങ്ങള്‍ക്ക് സമകാലിക തെളിവുകളുണ്ട്. അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ പിന്‍പറ്റുകയും അദ്ദേഹത്തെ ആദരപൂര്‍വം സ്മരിക്കുകയും ചെയ്യുന്ന ആറു കോടി ജനങ്ങള്‍ അധിവസിക്കുന്ന നാട്ടില്‍ ജീവിക്കുന്നവര്‍ എന്ന നിലക്ക് നിങ്ങളില്‍ ഓരോരുത്തര്‍ക്കും സുപരിചിതമായിരിക്കും അത്. വൃഥാ വര്‍ത്തമാനങ്ങള്‍ പറയുന്നവരല്ല ഈ ജനത എന്ന കാര്യവും നിങ്ങള്‍ ഓര്‍ക്കണം. ഭീകരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ നിറമനസ്സോടെ അതു സഹിക്കുകയും പ്രവാചകന് ആശംസകള്‍ നേര്‍ന്ന് മരണം നുകരുകയും ചെയ്തവരാണവര്‍. അത്രമേല്‍ ഗാഢമായ സമര്‍പ്പണം വളര്‍ത്തിയെടുക്കാനും അത്ര തീവ്രമായ വൈകാരിക സ്‌നേഹത്തോടെ പിന്തുടരപ്പെടാനും താന്‍ ജനിച്ചുവളര്‍ന്ന സാഹചര്യത്തിലുള്ള ഒരു മനുഷ്യനു സാധിച്ചുവെങ്കില്‍ ആ മനുഷ്യന്‍ തീര്‍ച്ചയായും ദൈവത്താല്‍ പ്രചോദിപ്പിക്കപ്പെട്ട ആളാവണം. താന്‍ നിയുക്തനായ ജനതയിലേക്ക് അയക്കപ്പെട്ട സത്യദൂതന്‍.
താന്‍ പ്രബോധനം ചെയ്തതിനനുസരിച്ചാണ് അദ്ദേഹം ജീവിച്ചത്. ശത്രുക്കളോട് അദ്ദേഹം പ്രതികാരം ചെയ്തില്ല. യുദ്ധത്തടവുകാരെ അക്കാലഘട്ടത്തിലെ നടപ്പനുസരിച്ച് വധിക്കുന്നതിനു പകരം വെറുതെ വിട്ടു. മാത്രമോ? പ്രവാചകന്റെ അനുയായികള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന റൊട്ടി അവര്‍ക്ക് നല്‍കി കാരക്കകൊണ്ട് സ്വയം തൃപ്തിപ്പെട്ടു. മാനവചരിത്രത്തിലെ പ്രബലവ്യക്തിയെയാണ് തങ്ങള്‍ മുഖത്തോടു മുഖം കാണുന്നതെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അത്രമാത്രം അദ്ദേഹത്തിന്റെ അധ്യാപനത്താല്‍ അവര്‍ സ്വാധീനിക്കപ്പെട്ടിരുന്നു. അനുചരന്മാര്‍ മാത്രമല്ല അല്ലാത്തവരും ബഹുമാനാദരങ്ങളോടെ മാത്രമേ ആ മനുഷ്യനെ കാണാവൂ.
അദ്ദേഹത്തിനു പ്രബോധനം നിര്‍വഹിക്കേണ്ടിയിരുന്ന സാഹചര്യം എന്തായിരുന്നുവെന്ന് ആലോചിക്കാന്‍ ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നു. ദൈവത്തിന്റെ ഏകത്വവും മനുഷ്യനു മനുഷ്യനോടുള്ള കടമകളുമാണ് അദ്ദേഹം പ്രബോധനം ചെയ്തത്. ഒട്ടും എളുപ്പമായിരുന്നില്ല അത്. ദീര്‍ഘകാലം അതു വിജയം കണ്ടതുമില്ല. നാട്ടുകാരാല്‍ അങ്ങേയറ്റം സ്‌നേഹിക്കപ്പെട്ടിരുന്നു അദ്ദേഹം എന്ന് നാം ഓര്‍ക്കണം. കൊച്ചുകുട്ടികള്‍ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ കാല്‍മുട്ടുകളില്‍ തൂങ്ങുമായിരുന്നു. അല്‍ അമീന്‍-സത്യവാന്‍-എന്നാണ് അയല്‍ക്കാര്‍ അദ്ദേഹത്തെ വിളിച്ചത്. ആര്‍ക്കും അഭിമാനിക്കാവുന്നതാണ് ഈ സ്വഭാവ സാക്ഷ്യപത്രം. ഖദീജയെ വിവാഹം ചെയ്യുമ്പോള്‍ അദ്ദേഹത്തിനു വയസ്സ് ഇരുപത്തിനാല്. ഖദീജക്ക് അതേക്കാള്‍ കൂടുതലും. ലോകത്തിലെ മാതൃകാ വിവാഹങ്ങളില്‍ ഒന്നായിരുന്നു അത്. പരിപൂര്‍ണ രമ്യതയോടെ ആ ദാമ്പത്യം ഇരുപത്തിയാറ് വര്‍ഷം നിലനിന്നു. വിവാഹാനന്തരം തുടര്‍ജീവിതം എങ്ങനെയാവണമെന്ന് അമ്പരന്നപ്പോള്‍ പ്രഥമ ശിഷ്യയായത് ഖദീജ. പതിനഞ്ചു വര്‍ഷക്കാലം തന്റെ ചുമതലകളെക്കുറിച്ച് വേവലാതിപ്പെടുകയായിരുന്നു അദ്ദേഹം. ആ സമയത്താണ് ആ ഭയങ്കര സംഭവം ഉണ്ടാവുന്നത്. വിജനമായ മരുഭൂമിയില്‍ അദ്ദേഹം ഒറ്റക്ക് ധ്യാനനിരതനായി കഴിഞ്ഞു. വെളിച്ചത്തിനു വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചു. മാസങ്ങളോളം തുടര്‍ച്ചയായും ഇടവേളകള്‍ക്കു ശേഷവും അദ്ദേഹം ഇങ്ങനെ ജീവിച്ചതായി നിങ്ങള്‍ക്കു വായിച്ചു മനസ്സിലാക്കാന്‍ സാധിക്കും. ‘ഇഖ്‌റഅ്’** എന്ന ഒരശരീരി അദ്ദേഹം കേട്ടു. ശബ്ദത്തിന്റെ ഉറവിടം എന്താണെന്നോ അതെന്താണ് തന്നോട് ആവശ്യപ്പെടുന്നതെന്നോ അദ്ദേഹത്തിന് അറിയില്ലായിരുന്നു.
ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കു കടക്കാനുള്ള മനുഷ്യാത്മാവിന്റെ പിടച്ചിലിന്റെയും മനഃക്ലേശത്തിന്റെയും ഒന്നര ദശാബ്ദത്തിനു ശേഷം ഒരു ദിവസം വേദനയോടെ കിടക്കുമ്പോള്‍ അദ്ദേഹത്തിനു ചുറ്റും ഒരു പ്രകാശം പ്രത്യക്ഷമായി. ഒരു മാലാഖ മുമ്പില്‍ വന്നുനിന്നു ഇങ്ങനെ പറഞ്ഞു; ‘താങ്കള്‍ ദൈവത്തിന്റെ ദൂതനാകുന്നു. എഴുന്നേറ്റു ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുക.” അദ്ദേഹം ചോദിച്ചു: ‘എന്തു മുന്നറിയിപ്പാണു ഞാന്‍ നല്‍കേണ്ടത്?” അദ്ദേഹത്തിന് അറിവില്ലാത്ത കാര്യങ്ങളായിരുന്നു അവ. ലോകത്തെക്കുറിച്ച്, മാലാഖമാരെയും മനുഷ്യരെയും കുറിച്ച്, ദൈവിക ജീവിതരീതിയെക്കുറിച്ച് എല്ലാം പഠിപ്പിച്ചതിനു ശേഷം അദ്ദേഹത്തെ ദൂതനായി നിയോഗിച്ചു. ഏറെ അസ്വസ്ഥനും ചകിതനും ഉത്കണ്ഠാകുലനുമായാണ് അദ്ദേഹം വീട്ടില്‍ മടങ്ങിയെത്തിയത്. ഭയസംഭ്രമങ്ങളോടെ അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു: ‘ഞാന്‍ ആരാണ്? എന്താണ്? എങ്ങനെയാണ് ഞാന്‍ മുന്നറിയിപ്പു നല്‍കേണ്ടത്?” പത്‌നി ഖദീജ തന്റെ പ്രഥമശിഷ്യയായി. അവര്‍ അദ്ദേഹത്തെ വളരെയധികം വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ മൊഴിഞ്ഞ വിവേകപൂര്‍ണമായ വാക്കുകള്‍ എക്കാലത്തും ഓര്‍മിക്കാന്‍ പറ്റിയവയാണ്: ‘നിങ്ങള്‍ സത്യസന്ധനും വിശ്വസ്തനുമാണ്. ഒരിക്കലും വാക്കുതെറ്റിച്ചിട്ടില്ല നിങ്ങള്‍. നിങ്ങളുടെ സ്വഭാവം ജനങ്ങള്‍ക്കറിവുള്ളതാണ്. വിശ്വസ്തരെ ദൈവം ചതിക്കുകയില്ല. അതിനാല്‍ താങ്കള്‍ കേട്ട ശബ്ദത്തെ താങ്കള്‍ പിന്തുടരുക.” ഇപ്പറഞ്ഞതില്‍ വലിയൊരു സത്യം അന്തര്‍ഭവിച്ചിട്ടുണ്ട്. സഹജീവികളോട് എപ്പോഴും സത്യസന്ധത പുലര്‍ത്തിയ, ഒരിക്കലും അസത്യം പറഞ്ഞിട്ടില്ലാത്ത, തന്റെ വാക്കുകള്‍ക്ക് എപ്പോഴും വിലകല്‍പ്പിച്ച ആ മനുഷ്യനില്‍ സത്യമുണ്ട്. സത്യം തന്നെയായ ദൈവം ആ സത്യത്തെ വഞ്ചിക്കുകയില്ല. അദ്ദേഹത്തിനു ലഭിച്ച പ്രചോദനമാണ് ഇസ്‌ലാം എന്ന മഹത്തായ വിശ്വാസത്തെ പടുത്തുയര്‍ത്തിയത്. നാടുകളില്‍നിന്ന് നാടുകളിലേക്ക് അത് പ്രചരിച്ചു. ചെന്നേടങ്ങളിലേക്കെല്ലാം അത് വിജ്ഞാനത്തിന്റെ വെളിച്ചം വഹിച്ചുകൊണ്ടുപോയി.
(തുടരും)
വിവ: എ.കെ അബ്ദുല്‍ മജീദ്
കുറിപ്പുകള്‍:
* Lord Muhammad എന്നാണ് പ്രഭാഷണത്തില്‍ ആനിബസന്റ് പ്രവാചകനെ വിളിക്കുന്നത്. ബഹുമാനസൂചകമായാണ് അവരിങ്ങനെ പ്രയോഗിക്കുന്നതെങ്കിലും മുസ്‌ലിംകള്‍ക്കിടയില്‍ ഈ പ്രയോഗം പ്രചാരത്തിലില്ല.
** ‘വായിക്കുക’ എന്നര്‍ഥമുള്ള അറബിവാക്കാണ് ‘ഇഖ്‌റഅ്’. പ്രവാചകനു ലഭിച്ച പ്രഥമ വെളിപാടാണിത്. ‘Cry’ എന്ന വാക്കാണ് ആനിബസന്റ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പ്രബോധനം ചെയ്യുക, വിളിക്കുക എന്നീ അര്‍ഥങ്ങളില്‍ Cry എന്ന വാക്ക് ബൈബിളില്‍ ഉപയോഗിച്ചിട്ടുള്ളതിനാലാവാം ആനിബസന്റ് ഈ പദം ഉപയോഗിച്ചത്.