ജനനവും ജീവിതവും മരണവും എല്ലാം ദൈവാദ്ഭുതങ്ങളുടെ ദൃഷ്ടാന്തമായിത്തീര്‍ന്ന ഒരുപ്രവാചകനാണ് ഈസാ നബി. യേശു എന്നാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. ഇസ്‌റായേല്‍ വംശത്തിലെ ഇംറാന്‍ എന്ന വ്യക്തിയുടെ മകളായ മര്‍യം ആണ് യേശുവിന്റെ മാതാവ്. പിതാവ് നേരത്തെ മരിച്ചുപോയതിനാല്‍ മര്‍യമിനെ സംരക്ഷിച്ചുവളര്‍ത്തിയത് ബന്ധുവായ സകരിയാ പ്രവാചകനായിരുന്നു. ദേവാലയത്തില്‍ ദൈവസ്മരണയും ധ്യാനവുമായി കഴിഞ്ഞുകൂടിയ മര്‍യമിന് ദൈവദൂതനായ ജിബ്‌രീല്‍ മാലാഖ വന്ന് സുവാര്‍ത്തയറിയിച്ചു. വിവാഹിതയാകാതെ, പുരുഷസ്പര്‍ശമേല്‍ക്കാതെ, ദൈവദൃഷ്ടാന്തമെന്ന നിലയ്ക്ക് പുത്രസൗഭാഗ്യമുണ്ടാകുമെന്നതായിരുന്നു അത്. ആ ദൃഷ്ടാന്തമായിരുന്നു ഈസാ പ്രവാചകന്‍. തൊട്ടിലില്‍ കിടന്നുകൊണ്ട് ഈസാ ജനങ്ങളോട് താന്‍ ദൈവദൃഷ്ടാന്തമാണെന്ന കാര്യം അറിയിച്ചു. ഈസബ്‌നു മര്‍യം (മര്‍യമിന്റെ മകന്‍ ഈസ) എന്നാണ് ഖുര്‍ആനില്‍ മുഖ്യമായും ഈസാപ്രവാചകനെ വിശേഷിപ്പിച്ചിട്ടുള്ളത്. ദൈവപുത്രന്‍ എന്ന സങ്കല്‍പത്തെ തിരുത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. പൗരോഹിത്യത്തിനും അനാചാരങ്ങള്‍ക്കും എതിരെയുള്ള ധീരമായ പ്രവര്‍ത്തനങ്ങളാണ് ഈസാനബി നടത്തിയത്. കലിമത്തുല്ലാഹ് (ദൈവവചനം) എന്നാണ് യേശുവിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഈസാനബിയുടെ വിയോഗവും ദൈവദൃഷ്ടാന്തമായിരുന്നു. ഈസായെ എതിരാളികള്‍ വധിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനവസരം നല്‍കാതെ ആകാശത്തേക്ക് ജീവനോടെ ഉയര്‍ത്തുകയാണ് അല്ലാഹു ചെയതത്. ഈസാനബി അന്ത്യനാളിന് തൊട്ടുമുമ്പായി ഭൂമിയില്‍ വീണ്ടും അവതരിക്കുമെന്ന് പ്രവാചകന്‍ മുഹമ്മദ് പറഞ്ഞിട്ടുണ്ട്. ഇപ്രകാരം വീണ്ടും അവതരിക്കുന്നതിനാല്‍ മസീഹ് (മിശിഹാ) എന്നും ഈസാനബിഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഈസാ നബി
previous post