ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി വിശ്വസുന്ദരി ഹർനാസ് സന്ധു. ഹിജാബിന്റെ പേരിലടക്കം പെൺകുട്ടികളെ വേട്ടയാടുകയാണെന്ന് അവർ പറഞ്ഞു. ജന്മനാടായ ചണ്ഡീഗഢിൽ നടന്ന സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഹർനാസ്.
”എപ്പോഴും എന്തിനാണ് പെൺകുട്ടികളെ വേട്ടയാടുന്നത്. ഹിജാബിന്റെ പേരിലും പെൺകുട്ടികളെ വേട്ടയാടുന്നു. അവർക്കിഷ്ടപ്പെട്ട വഴിയിലൂടെ നടക്കാൻ അവരെ അനുവദിക്കൂ. അവരുടെ ലക്ഷ്യസ്ഥാനത്തെത്താൻ അവരെ അനുവദിക്കൂ. അവരെ പറക്കാൻ വിടൂ. അവരുടെ ചിറകരിയരുത്. നിർബന്ധമാണെങ്കിൽ സ്വന്തം ചിറകരിയൂ…”-ഹർനാസ് സന്ധു പറഞ്ഞു.
ഈ മാസം 17ന് നടന്ന ചടങ്ങിൽ ഹർനാസ് നടത്തിയ പ്രതികരണത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് ഹിജാബ് വിഷയത്തിലും ഹർനാസ് സന്ധു അഭിപ്രായമറിയിച്ചത്. ഹിജാബ് വിവാദത്തെക്കുറിച്ച് എന്തു പറയുന്നുവെന്നാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്. ചോദ്യം തടയാൻ സംഘാടകർ ശ്രമിച്ചെങ്കിലും അവർക്ക് അഭിപ്രായമുണ്ടെങ്കിൽ പറയട്ടെയെന്ന് റിപ്പോർട്ടർ പ്രതികരിച്ചു. ഇതോടെയാണ് ഹർനാസ് ചോദ്യത്തോട് പ്രതികരിച്ചത്.
21 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വിശ്വസുന്ദരി പട്ടം ഹർനാസ് സന്ധുവിലൂടെ വീണ്ടും ഇന്ത്യയിലെത്തിയത്. 2021 ഡിസംബറിൽ ഇസ്രായേലിൽ നടന്ന മിസ് യൂനിവേഴ്‌സ് മത്സരത്തിലൂടെയാണ് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായത്. സുസ്മിത സെൻ(1994), ലാറ ദത്ത(2000) എന്നിവരാണ് ഇതിനുമുൻപ് വിശ്വസുന്ദരി പട്ടം നേടിയ ഇന്ത്യക്കാർ.