ഫൈസി
100 നാണയങ്ങൾ ടോസ് ചെയ്തിട്ടാൽ, കുറേ ഹെഡ്ഡും കുറേ ടെയിലുമായി താഴെ പതിയും. അത് പോലെ, ഇവിടെ ഭൂമിയിൽ നമ്മൾ മനുഷ്യരെ കാണുന്നത് പോലെ, പ്രപഞ്ചത്തിന്റെ മറ്റു കോണുകളിലും കാണണം. ഭൂമിയിൽ മനുഷ്യരുണ്ടായതോ? ആരും സൃഷ്ടിച്ചതൊന്നുമല്ല. പിന്നെയോ, കോടിക്കണക്കിനു വർഷങ്ങൾ നീണ്ട അന്ധമായ ഉൽപരിവർത്തനങ്ങളിൽ കൂടുതൽ പ്രയോജനകരമായവ ഉപയോഗിച്ചുകൊണ്ട് പരിണമിച്ചു ഉന്നത ശ്രേണിയിൽ എത്തിയത്. ഉപരിലോകത്ത് ബുദ്ധിയുള്ള ജീവികളെ കണ്ടെത്തിയെങ്കിൽ നിരീശ്വരവാദികളായ പൂർവ മുസ്‌ലിംകൾ (Ex Muslims) ഇസ്‌ലാമിലേക്ക് തിരിച്ചു വരികയല്ല ചെയ്യുക. മറിച്ച് അവരുടെ നിരീശ്വര പ്രവചനത്തിന്റെ പുലർച്ച ആഘോഷിക്കുകയാണ് ചെയ്യുക. ഭൂമിക്കു പുറത്ത് ബുദ്ധിയുള്ള ജീവികളെ കണ്ടെത്തിയാൽ ദൈവത്തിന്റെ ആവശ്യമില്ല എന്ന് താൻ പറയുമെന്ന് പോൾ ഡിറാക്ക് അഭിപ്രാ യപ്പെടുകയുണ്ടായി.
പതിനേഴാം നൂറ്റാണ്ടിൽ ദൂരദർശിനി വ്യാപകമായതോടെ, ഭൂമിക്ക് പ്രപഞ്ചത്തിൽ അതിന്റെ കേന്ദ്രസ്ഥാനം നഷ്ടപ്പെട്ടു. ഭൂമി പോലെ അനേകം ഗ്രഹങ്ങൾ സൗരയൂഥത്തിൽ കണ്ടു. ചന്ദ്രൻ പോലും, ഭൂമിയെ പോലെ ത്തന്നെ മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒന്നാണെന്ന് മനസ്സിലായി. ഇതോടെ, അവിടെയെല്ലാം ജീവികളും മനുഷ്യരും ഉണ്ടാവാമെന്ന് വിശ്വസിക്കപ്പെട്ടു. ചന്ദ്ര നിൽ പോലും മനുഷ്യരുണ്ടെന്ന് വിശ്വസിക്കപ്പെട്ടു. ഇതൊന്നും മത വിശ്വാസങ്ങളല്ല. നേരത്തെ പറഞ്ഞത് പോലുള്ള ശാസ്ത്രീയ വിശ്വാസം,
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റേഡിയോ കണ്ടുപിടിച്ച ഉടനെത്തന്നെ ഭൗമേതര ബുദ്ധിജീവികൾക്കു വേണ്ടിയുള്ള തെരച്ചിലും തുടങ്ങി. ഏറ്റവും ഒടുവിലത്തേത് വലിയ മൂല്യ നിക്ഷേപവുമായി സ്റ്റീഫൻ ഹോക്കിംഗും റഷ്യൻ കോടീശ്വരൻ യൂറി മിൽനറും കൂടി പ്രഖ്യാപിച്ച Break Through Initiative ആണ്. ഇതിലെല്ലാം ഉപയോഗിച്ച തന്ത്രം റേഡിയോ സിഗ്നലുകൾ പ്രപഞ്ചത്തിലെ എല്ലാ മുക്കിലും അയച്ച് വല്ല പ്രതികരണവും ഉണ്ടോ എന്ന് പരിശോധിക്കലാണ്. അതേസമയം, പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽനിന്ന് അത്തരം സന്ദേശങ്ങൾ വരുന്നുണ്ടോ എന്നും പരിശോധിക്കും. ഈ രീതിയിൽ അനേകം കോടി പ്രകാശ വർഷങ്ങൾക്കകലെ എത്രയോ കാലം മുമ്പ് മൺമറഞ്ഞു പോയ ബുദ്ധിജീവി വർഗങ്ങളുടെ തൽക്കാല സാന്നിധ്യവും അറിയാം. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നശിച്ചുപോയ നക്ഷത്രങ്ങളെ നാമിപ്പോൾ കാണുന്നത് പോലെ, മറ്റൊരു രീതി കൂറ്റൻ ദൂരദർശിനി ഉപയോഗിച്ച് അത്തരം വല്ല തെളിവുമുണ്ടോ എന്ന് നോക്കലാണ്. ലോകത്തെ ഏറ്റവും വലിയ ദൂരദർശിനി ചൈനയിൽ സ്ഥാപിച്ച FAST ആണ്. അതിന്റെ വെബ്സൈറ്റിൽ പറയുന്നത് 28 പ്രകാശവർഷമകലെ അതിനെത്താൻ കഴിയുമെന്നാണ്. അതിന്റെ പവർ കൂട്ടിയാൽ ഒരു ദശലക്ഷം നക്ഷത്രങ്ങളെ അതിന് നിരീക്ഷിക്കാൻ കഴിയും. ഭൗമേതര ബുദ്ധിജീവികളെ തെരയുന്ന പ്രോജക്ടിനെ Search For Extraterres trial Intelligence (SETI) എന്നാണ് വിളിക്കുന്നത്. ഇതിന്റെയെല്ലാം പിന്നിലെ പ്രചോദനം ഭയാനക വ്യാപ്തിയുള്ള ഈ പ്രപഞ്ചത്തിൽ ഭൂമിയിലേത് പോലെ ജീവൻ ഉണ്ടായിരിക്കണം എന്ന ചിന്തയാണ്. ഭൂമിയിലാവാമെങ്കിൽ മറ്റിടത്ത് എന്തുകൊണ്ട് ഉണ്ടായിക്കൂടാ എന്ന ലോജിക്ക്.
എന്നാൽ, നൂറ് വർഷത്തിലേറെ കാലം പല ഭാഗത്തു നിന്നുമായി കോടിക്കണക്കിനു ഡോളർ ചെലവഴിച്ചു തെരഞ്ഞിട്ടും, സയൻസ് ഫിക്ഷനുകളിലും പറക്കും തളികകൾ പോലുള്ള കെട്ടു കഥകളിലുമല്ലാതെ, ജീവന്റെ നേരിയ തുടിപ്പു പോലും കേൾക്കാൻ സാധിച്ചില്ല (UFOയെ പറ്റി പെന്റഗൺ സമർപ്പിച്ച റിപ്പോർട്ടിൽ അവയെ പറ്റി ഒരു ഖണ്ഡിതമായ തീർപ്പിലെത്തിയിട്ടില്ല എന്ന കാര്യം പരാമർശിച്ചത് വിസ്മരിക്കുന്നില്ല. അവ യഥാർഥം തന്നെയെങ്കിൽ എന്തിനവ ഒളിച്ചുകളിക്കുന്നു? ജിന്നു വർഗമാണോ? ജിന്ന് എന്നതിന് ഒളിഞ്ഞിരിക്കുന്നത് എന്നാണർഥമെന്ന് കേട്ടിരുന്നു.) ഒരിക്കൽ ഒരു ശക്തമായ സിഗ്നൽ അനുഭവപ്പെട്ടു. ഒരു നിമിഷ നേരത്തേക്ക്. പിന്നീടൊരിക്കലും അത് കേൾക്കുകയുണ്ടായില്ല. ഈ പരാജയം, പലരിലും ജീവൻ ഒരപൂർവ വസ്തുവാണെന്ന ചിന്തയുളവാക്കി. ആദ്യത്തെ ന്യൂക്ലിയർ റിയാക്ടറുടെ ശിൽപിയും ന്യൂക്ലിയർ യുഗത്തിന്റെ ആർക്കിടക്ടർ എന്ന് വിളിക്കപ്പെടുകയും ചെയ്യുന്ന എന്റിക്കോ ഫെർമി, ഫെർമി വിരോധാ ഭാസം (Fermi Paradox) എന്ന പേരിൽ അറിയപ്പെടുന്ന പ്രസ്താവനയിറക്കി. അതിങ്ങനെയാണ്. ‘…പ്രപഞ്ചത്തിൽ ജീവികൾ പരക്കെയുണ്ടെങ്കിൽ, ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവരെ കണ്ടെത്തണം. എന്നാൽ അതിനുള്ള യാതൊരു തെളിവുമില്ല…’ 1975-ൽ, മിഖായേൽ ഹാർട് (മുസ്‌ലിംകൾക്ക് സുപരിചിതമായ The 100: A Ranking of the Most Influential Persons in History യുടെ കർത്താവ്) അതിനെ വിപുലീകരിച്ച് എഴുതുകയുണ്ടായി. അതിനു ശേഷം ഈ വിരോധാഭാസം ഫെർമി ഹാർട്ടിക് പാരഡോക്സ് എന്നാണ് അറിയപ്പെടുന്നത്. ഭൗമേതര ബുദ്ധിജീവികളുണ്ടെന്ന് വിശ്വസിക്കുകയും അവയെ പിന്തുണക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ പീറ്റർ ഷെൻകതൽ പ്രസ്താവി ക്കുകയുണ്ടായി. ‘…പുതിയ കണ്ടെത്തലുകളുടെയും ഉൾക്കാഴ്ചയുടെയും വെളിച്ചത്തിൽ അമിതമായ ആത്മവിശ്വാസം വെടിയുകയും കുറേകൂടി യാഥാർഥ്യ ബോധത്തിലേക്ക് വരികയും ചെയ്യേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു… ഒരു ദശലക്ഷം അല്ലെങ്കിൽ ഒരു ലക്ഷം അല്ലെങ്കിൽ പതിനായിരം ഭൗമേതര പരിഷ്കൃത സമൂഹം നമ്മുടെ ഗാലക്സിയിലുണ്ടെന്ന പഴയ മതിപ്പ് സാധൂകരിക്കാനാവില്ലെന്ന് നാം അംഗീകരിക്കേണ്ടിയിരിക്കുന്നു…’
ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ ‘ആന്ത്രോപിക് തത്ത്വം’ എന്നൊരു ആശയം രൂപപ്പെടുകയുണ്ടായി. 1972-ൽ കോപ്പർനിക്കസിന്റെ അഞ്ഞൂറാം ജന്മ ശതാബ്ദി വേളയിൽ ബ്രാണ്ടൻ കാർട്ടർ എന്ന ഭൗതികശാസ്ത്രജ്ഞനാണ് ഈ തത്ത്വം ആദ്യമായി മുന്നോട്ട് വെച്ചത്. ‘പ്രപഞ്ചത്തിൽ മനുഷ്യൻ വിശിഷ്ട സ്ഥാനമലങ്കരിക്കുന്നില്ല’ എന്ന കോപ്പർനിക്കൻ പ്രമേയത്തെ ഖണ്ഡിച്ചു കൊണ്ടാണ് കാർട്ടർ ഇത് അവതരിപ്പിച്ചത്. അത് കുറേ മതവിശ്വാസികൾ, അല്ലെങ്കിൽ ഡാർവിനിസ്റ്റുകളുടെ ഭാഷയിൽ സൃഷ്ടിവാദികൾ, അവതരിപ്പിച്ച തത്ത്വമൊന്നുമല്ല. കാർട്ടർ നിസ്സാര വ്യക്തിയുമല്ല. ജനറൽ റിലേറ്റിവിറ്റിയിൽ സുപ്രധാന കണ്ടുപിടുത്തങ്ങൾ നടത്തിയ ഉന്നത ശാസ്ത്രജ്ഞനാണദ്ദേഹം. റോഗർ പെൻ റോസിനൊപ്പം അദ്ദേഹം കണ്ടുപിടിച്ച Carter-Penrose Diagram, മിങ്കോവിസ്കി ഡയഗ്ര(Minkowski Diagram)ത്തിന്റെ വിപുലീകരണമാണ്. ആന്ത്രോപിക് തത്ത്വത്തിനു പിറകിലെ വസ്തുതകൾ 1919-ൽ ഹെർമെൻ വെയ്ൽ മുതൽ പോൾ ഡിറാക്കിലൂടെ ബ്രാണ്ടൺ കാർട്ടർ വരെയുള്ള ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ചതാണ്.
ആന്ത്രോപിക് തത്ത്വം മാത്രമല്ല, മറ്റു പരികൽപനകളും ജീവന് അത്യന്താപേക്ഷിതമായ ഘടകങ്ങളുള്ള ഭൂമി പോലെയുള്ള ഗ്രഹങ്ങളുടെ ദൗർലഭ്യം ചൂണ്ടിക്കാണിക്കുകയുണ്ടായി. Rare Earth Hypotheses എന്നാണത് അറിയപ്പെടുന്നത്. അത് പ്രകാരം, ജൈവ സങ്കീർണതകളുടെ പരിണാമത്തിന് വളരെയധികം സാഹചര്യങ്ങൾ ഒത്തു ചേരേണ്ടതുണ്ട്. Galactic Habitable Zone, Circumstellar Habitable Zone, ശരിയായ വലുപ്പത്തിലുള്ള ഗ്രഹം, ജൂപിറ്റർ പോലുള്ള ഒരു ഗ്യാസ് ഭീമൻ, ഒരു വലിയ ഉപഗ്രഹം, മാറ്റോസ്ഫിയറും പ്ലേറ്റ്ടെക്ടോണിക്സും ഉറപ്പാക്കുന്ന സാഹചര്യങ്ങൾ, ലിത്തോസ്ഫിയറും അന്തരീക്ഷവും സമുദ്രങ്ങളും, പിന്നെ എന്തെല്ലാം സാഹചര്യങ്ങളാണോ യുകാരിയോട്ട് കോശത്തിന്റെയും ലൈംഗിക പ്രത്യുൽപാദനത്തിന്റെയും പരിണാമത്തിന് കാരണമായിത്തീരുന്നത് അതെല്ലാം.
മേലെഴുതിയതെല്ലാം ജീവനാവശ്യമായ പ്രാപഞ്ചിക പരിതഃസ്ഥിതികൾ എത്രത്തോളം ദുർലഭമാണെന്നാണ് വിശദീകരിക്കുന്നത്. ചിത്രം വരക്കണമെങ്കിൽ കാൻവാസോ ഒരു ചുമരെങ്കിലുമോ വേണമല്ലോ. അത് പോലും പ്രപഞ്ചത്തിൽ വളരെ വളരെ വിരളമാണെന്നാണ് ഈ വിദ്വാന്മാരെല്ലാം സമർഥിക്കുന്നത്. ഇനിയാണ് ചിത്രം. അതിനെന്തെല്ലാം വേണം? ആദ്യമായി ജീവന്റെ അടിസ്ഥാന ശിലകളായ അമിനോ ആസിഡിന്റെ സവിശേഷമായ അനുക്രമത്തിലൂടെ ഒരു പ്രോട്ടീനിന്റെ സൃഷ്ടി. 200 അമിനോ ആസിഡുകളുള്ള ഒരു ശരാശരി പ്രോട്ടീനിലെ അമിനോ ആസിഡുകളെ ഏകദേശം 10-260 (അതായത്, ഒന്നിനു ശേഷം 250 പൂജ്യങ്ങൾ ഇട്ടാൽ കിട്ടുന്ന സംഖ്യ) വിധത്തിൽ ഘടിപ്പിക്കാമെന്നാണ് ഡി.എൻ.എയുടെ ഘടന കണ്ടു പിടിച്ചു നോബൽ സമ്മാനം നേടിയ ഫ്രാൻസിസ് ക്രിക്ക് എഴുതിയിരിക്കുന്നത് (Life Itself, Its Origin and Nature – page 50). പ്രപഞ്ചത്തിൽ ആകെ 10-80 പ്രോട്ടോണേയുള്ളുവെന്ന് ഓർക്കണം. ഇനി 10-260 തരത്തിൽ ഘടിപ്പിക്കാൻ ഉള്ള സൗകര്യമുണ്ടായാലും പ്രോട്ടീനുണ്ടാവണമെന്നില്ല. 100 നാണയങ്ങൾ ടോസ് ചെയ്തിട്ടാൽ എല്ലാ ഹെഡ്ഡുകളും മുകളിലായി വരാനുള്ള സാധ്യത 10-30ൽ ഒന്നാണ്. പക്ഷേ, ഖിയാമത്ത് നാൾ വരെ ടോസ് ചെയ്തിട്ടാലും അത് സംഭവിക്കുകയില്ല. എപ്പോഴും കുറേ ഹെഡ്ഡും കുറേ ടെയിലും എന്ന പാറ്റേണിലാണ് വരിക. ജീവൻ ഒരു അനന്ത ദുർലഭമായ സംഭവമാണ് എന്ന ബോധ്യത്തിൽ നിന്ന്, ഫ്രാൻസിറസ് ക്രിക്ക് പോലും പറയുകയുണ്ടായി: ‘ഞാൻ വിശദീകരിച്ചത് പോലെ, ജീവൻ നിലവിൽ വരാനുള്ള പ്രയാസം കണക്കിലെടുക്കുമ്പോൾ, നാം പ്രപഞ്ചത്തിൽ ഏകരാണെന്ന മീഖായേൽ ഹാർട്ടിന്റെ തീർപ്പ് ശരിയായിരിക്കാം’ എന്ന്.
ഇത് പ്രോട്ടീനിന്റെ കഥ. അതുകൊണ്ട് ചിത്രം പൂർത്തിയാവുന്നില്ല. അതിനു ശേഷം, ബാക്ടീരിയയുടെ ഫ്ളാജെല്ലം മുതൽ മനുഷ്യ മസ്തിഷ്കം വരെ എന്തെല്ലാം. അനന്തകാലം നൽകിയാലും അതെല്ലാം നിലവിൽ വരുമോ? ഏറ്റവും വലിയ നിഗൂഢത ബോധത്തിന്റേതാണ്. അതെന്താണെന്ന് നിർവചിക്കാൻ തന്നെ ഇതു വരെയായിട്ടില്ല. എത്ര തന്നെ യുക്തിരഹിതമാണെങ്കിലും, പല പരിണാമ കഥകളുമുണ്ടല്ലോ. ബോധത്തിന്റെ കാര്യത്തിൽ അതുമില്ല. ‘ജൈവവർഗോൽപ്പത്തി വിമർശന പഠനം’ എന്ന എന്റെ പുസ്തകത്തിൽ അതെത്ര വലിയ പ്രഹേളികയാണെന്ന് വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, എന്റെ മനസ്സിൽ കനത്ത മൂടലായി നിലകൊള്ളുന്ന അതിന്റെ ദുർജ്ഞേയതയുടെ പത്ത് ശതമാനം പോലും വായനക്കാരുമായി പങ്കിടാൻ എനിക്കായിട്ടില്ല (ആ അധ്യായത്തിന്റെ പരിഷ്കരിച്ച പതിപ്പ് ഈ ലിങ്കിൽ ലഭ്യമാണ്. https://issuu.com/ kachusman/docs/mind_s_i_-_the_ulti mate_meracle_malayalam_) ഏതെല്ലാം പദാർഥങ്ങൾ കൂടിയാലാണ് ‘ഞാൻ’ ആവുക? ഇത് ഓരോരുത്തർക്കും ചി ന്തിക്കാനേ പറ്റുകയുള്ളൂ.
യഥാർഥത്തിൽ ബോധമല്ല, ആത്മാവാണ് നിഗൂഢത. സ്വന്തം നിലയിൽ അത് ഇല്ലായ്മയോടടുത്ത അസ്തിത്വമാണ്. ഗണിതശാസ്ത്രഭാഷയിൽ അനന്തസൂക്ഷ്മം (Infinitesimal). അത്കൊണ്ട് പദാർഥവാദികൾ അതിന്റെ അസ്തിത്വം നിഷേധിക്കുന്നു. യഥാർഥത്തിൽ ഖുദ്റത്തെ ഇലാഹി/ദൈവികമായ ശക്തിവിശേഷം അതിനെ ഉണ്മയിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. ആ പ്രഹേളികയുടെ പ്രകടനങ്ങളെല്ലാം പദാർഥപരമായി വിശദീകരിക്കാൻ കഴിയുമെങ്കിലും, ആത്മാവെന്താണെന്ന് മാത്രം വിശദീകരിക്കാൻ കഴിയില്ല. അതെപ്പോഴെങ്കിലും സാധിക്കുമെന്നും തോന്നുന്നില്ല. ഏതൊരു കാര്യത്തെ മനുഷ്യബുദ്ധിയുടെ ഗ്രാഹ്യശക്തിക്ക് അതീതമാണെന്ന് അല്ലാഹു വ്യക്തമാക്കിയോ, മനുഷ്യൻ മനുഷ്യനായി നില നിൽക്കുവോളം അത് സാധിക്കുകയില്ല.
ഇതൊന്നും പരിഗണിക്കാതെയാണ് പദാർഥവാദികൾ 40 ബില്യൻ ഭൂമി പോലുള്ള ഗ്രഹങ്ങളുണ്ട്, അതിൽ പലതിലും ജീവനുണ്ട് എന്നൊക്കെ പറയുന്നത്. യാദൃഛികതയുടെ പൊതുനിയമത്തെ മാത്രം പരിഗണിച്ചുകൊണ്ടുള്ള പ്രവചനങ്ങൾ മാത്രമാണവ. ഒറ്റ നോട്ടത്തിൽ ഒരു ഉദ്ദേശ്യവും കാണാത്ത സൃഷ്ടികളുടെ ആധിക്യമാണ് ഇത്തരം പ്രവചനങ്ങളുടെ അടിസ്ഥാനം. ഉദ്ദേശ്യമൊന്നും വെളിപ്പെടാത്ത കോടിക്കണക്കിന് വസ്തുക്കളുടെയിടയിൽ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തുന്ന ചില വസ്തുക്കൾ കാണുമ്പോൾ അതിനെ ആസൂത്രണമെന്ന് പറയാനാവില്ല എന്നാണ് വാദം.
എന്നാൽ ഒറ്റ നോട്ടത്തിലുള്ള വിലയിരുത്തൽ മനുഷ്യന്റെ പക്വതയില്ലാത്ത മനസ്സിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ആദ്യകാല നിരീശ്വരവാദികൾ സസ്യലോകത്ത് 99 ശതമാനവും പാഴ്ചെടികളും പാഴ്മരങ്ങളുമാണെന്ന് കരുതിയിരിക്കണം. നെല്ല്, ഗോതമ്പ് മുതലായവ ഒരു ശതമാനം യാദൃഛിക സൃഷ്ടിയായും കണക്കാക്കിയിരിക്കണം. എന്നാൽ നമുക്കിന്നറിയാം ഈ 99 ശതമാനം സസ്യങ്ങളും പ്രയോജന രഹിതമല്ലെന്ന്. അവ പല സുപ്രധാന ധർമങ്ങളും ചെയ്യാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന്. ഏറ്റവും പ്രധാനമായി പ്രാണവായു നിർമാണം. കാലാവസ്ഥാ സന്തുലിതത്വം മുതലായ മർമ പ്രധാന ധർമങ്ങൾക്ക് ഇവ അത്യന്താപേക്ഷിതമാണ്. ഒരു വാച്ചിന്റെ ഉള്ളകം നോക്കുമ്പോൾ അതിന്റെ പല്ലു ചക്രങ്ങളൊക്കെ എന്തിനാണെന്ന് ഒരു കുട്ടിക്ക് തോന്നിയേക്കാം. പ്രപഞ്ചത്തിലെ ഒരു തരി മാത്രമായ ഭൂമിയൊഴികെ അനന്തമായ ഈ പ്രപഞ്ചം മുഴുവൻ വന്ധ്യമായി കിടക്കുന്നതായി തോന്നുന്നതും ഇത് പോലെ നമ്മുടെ വളർച്ചയെത്താത്ത അറിവിന്റെ ഫലമാകാം.
കോടാനുകോടി ഗ്രഹങ്ങളിൽ മനുഷ്യൻ മാത്രം ബുദ്ധിജീവി എന്നതിൽ അവിശ്വസനീയമായി ഒന്നും തന്നെ തോന്നുന്നില്ല; അതിൽ ശഠിച്ചു നിൽക്കുന്നില്ലെങ്കിലും. തീർച്ചയായും യാദൃഛികതക്ക് നിരക്കുന്നതല്ല ഇതൊന്നും. ഇതിന്റെയെല്ലാം പിന്നിൽ ഒരു നിയന്ത്രകൻ ഉണ്ട്. യഥാർഥത്തിൽ യാദൃഛികം, ആകസ്മികം ഇതൊന്നും അല്ലാഹുവിന് ബാധകമല്ല. ഈ പ്രപഞ്ചത്തിലെ വെറും പൊടിയായ ഭൂമിയിലെ ശരാശരി അഞ്ചരയടി ഉയരമുള്ള മനുഷ്യന്റെ ഈ അനന്തസൂക്ഷ്മമായ ബുദ്ധിയിൽ തോന്നുന്നത് മാത്രമാണ് അതൊക്കെ ഒരു ഇലയനക്കത്തിനു കാരണമായ ഇളം തെന്നൽ പോലും വഴി തെറ്റി വരുന്ന തല്ല. ആ അപാര ബുദ്ധി അളന്ന് കുറിച്ച് ആസൂത്രണം ചെയ്ത പ്രാപഞ്ചിക പദ്ധതിയുടെ ഭാഗം മാത്രമാണ്.
ഭൗമേതര ബുദ്ധിജീവി വർഗത്തിന്റെ ശാസ്ത്രീയ നിലപാട് വിശദീകരിക്കാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്. അതേസമയം, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ, ശാസ്ത്രം കണ്ടെത്തിയാലും ഇല്ലെങ്കിലും അവരുടെ ഉപരിലോക സാന്നിധ്യം തർക്കമറ്റ സംഗതി തന്നെയായിരിക്കും. എന്നാൽ വിശുദ്ധ ഖുർആനിലോ എല്ലാ നിലയിലും സ്വീകാര്യമായ ഹദീസിലോ അത്തരമൊരു പ്രവചനമുണ്ടോ? സൂറ അശ്ശൂറ 9-ന്റെ പരിഭാഷയിൽ ഇങ്ങനെയാണ് കാണുന്നത്. ഈ ജനം (പടുവിഡ്ഢികളായി) അവനെ വെടിഞ്ഞ് മറ്റു രക്ഷകന്മാരെ വരിച്ചുവെന്നോ? രക്ഷകനോ, അല്ലാഹു മാത്രമാകുന്നു. അവനാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവൻ സകല സംഗതികൾക്കും കഴിവുറ്റവനാകുന്നു. ഇതിൽ ഉപരിലോക ജീവികളുടെ പരാമർശമൊന്നും കാണുന്നില്ല. അച്ചടിപ്പിശകാണോ? അതോ മറ്റേതോ സൂറത്തും ആയത്തുമാണോ ഉദ്ദേശിച്ചത്?
ഉപരിലോക ബുദ്ധിജീവികളുടെ സാന്നിധ്യത്തിന് സാധാരണയായി ഉദ്ധരിക്കാറുള്ള മറ്റൊരു തെളിവ് ഇബ്നു അബ്ബാസ് (റ) സൂറഃ അത്ത്വലാഖിലെ അവസാന ആയത്ത് (65:12) വ്യാഖ്യാനിച്ചു പറഞ്ഞതാണ്. അതായത് നമ്മളെ പോലുള്ള മനുഷ്യരും നമ്മുടെ പ്രവാചകന്മാരെ പോലുള്ള പ്രവാചകന്മാരും ഭൂമിക്ക് പുറത്തുണ്ടെന്ന്. ഇത് നബിവചനമോ അതല്ല ഇബ്നു അബ്ബാസി(റ)ന്റെ വ്യാഖ്യാനം മാത്രമോ? ഇബ്നു അബ്ബാസ് (റ) പറഞ്ഞത്, നമ്മളെ പോലുള്ളവർ എന്നാണ്. അത് ഏഴിൽ കൂടാൻ സാധ്യതയില്ല. കാരണം, ആ ആയത്തിൽ പറയുന്നത് ഏഴാകാശവും തത്തുല്യമായ ഭൂമികളും എന്നാണ്. അല്ലാതെ, ഭൗമേതര ബുദ്ധിജീവിപക്ഷക്കാർ പറയുമ്പോലെ ദശലക്ഷക്കണക്കിലൊന്നുമല്ല. പക്ഷേ, നമ്മളെന്തിന് തിടുക്കം കൂട്ടുന്നു. അങ്ങനെ ഭൗമേതര ബുദ്ധിജീവികളെയും കണ്ടെത്തിയാൽ, അപ്പോൾ ആലോചിച്ചാൽ പോരേ? സ്വഹാബാക്കൾ അങ്ങനെയായിരുന്നു. മസ്ഊദ് (റഹ്) വിവരിക്കുന്നു: ‘ഞാൻ ഉബയ്യുബ്നു കഅ്ബിനോട് ഒരു കാര്യം ചോദിച്ചു. അദ്ദേഹം എന്നോട് തിരിച്ചു ചോദിച്ചു. ആ കാര്യം സംഭവിച്ചു കഴിഞ്ഞതാണോ എന്ന്. ഞാൻ പറഞ്ഞു. ഇല്ല എന്ന്. അദ്ദേഹം അരുളി, ആ കാര്യം സംഭവിക്കുന്നത് വരെ നമുക്ക് സാവകാശം നൽകുക. സംഭവിച്ചു കഴിഞ്ഞാൽ, ആ വിഷയത്തിൽ ‘ഇജ്തിഹാദ്’ (ഗവേഷണം) ചെയ്ത് നമ്മുടെ അഭിപ്രായം അറിയിക്കുന്നതാണ്.’
ഇനി എവിടെയെങ്കിലും ബുദ്ധി ജീവിവർഗത്തെ കണ്ടെത്തുകയാണെങ്കിൽ, അത് ഖുർആനിന് എതിരാവുകയുമില്ല. അതാണ് ഖുർആന്റെ വഴക്കത്തിന്റെ സവിശേഷത.
സ്വഹാബാക്കൾക്ക് വെളിപ്പെടാതിരുന്ന പല കാര്യങ്ങളും നമുക്കിന്ന് വെളിപ്പെട്ടിട്ടുണ്ട്. ഭൂമി ഉരുണ്ടതാണന്നോ, അത് സൂര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നോ ഒന്നും ഇനി സംശയിക്കേണ്ടതില്ല. പണ്ഡിതന്മാർ അത് വിശദീകരിച്ചു തരുന്നുമുണ്ട്. ശ്ലാഘനീയം തന്നെയത്. പക്ഷേ, ഇന്ന് വത്തിക്കാനിൽ കാണുന്നത് പോലെ, ശാസ്ത്രത്തിന്റെ പേരിൽ പറയുന്നതിനൊക്കെ ഖുർആനിന്റെ ആയത്ത് ഉദ്ധരിച്ച് വ്യാഖ്യാനിക്കുമ്പോൾ, വ്യാഖ്യാനത്തിലെ അവധാനതയും അച്ചടക്കവും നഷ്ടപ്പെട്ടു പോകുന്നു. അത് ആരോഗ്യകരമായ പ്രവണതയല്ല.