Question: “ഇസ്ലാമിക വീക്ഷണത്തിൽ ശീരാമനും ശ്രീകൃഷ്ണനും പ്രവാചകന്മാരായിരുന്നോ?”
Answer: ദൈവദൂതന്മാർ ആഗതമാകാത്ത സമൂഹങ്ങളും ജനതകളുമില്ലെന്ന് ഇസ്ലാം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: “എല്ലാ സമുദായത്തിനും നാം ദൂതന്മാരെ നിയോഗിച്ചു കൊടുത്തിട്ടുണ്ട്”(16: 36).
“നാം നിന്നെ സത്യവുമായി നിയോഗിച്ചിരിക്കുന്നു, ശുഭവാർത്ത അറിയിക്കുന്നവനും താക്കീത് നൽകുന്നവനുമായി. ഒരു സമുദായവും അതിലൊരു താക്കീതുകാരൻ നിയോഗിതമാകാതെ കഴിഞ്ഞുപോയിട്ടില്ല.”(35: 24).
സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ഇന്ത്യയിൽ ദൈവദൂതന്മാർ ആഗതരായിരിക്കുമെന്നും ദൈവികസന്ദേശം അവതരിപ്പിക്കപ്പെട്ടിരിക്കുമെന്നുമുള്ളതിൽ സംശയമേയില്ല. എന്നാൽ ആരായിരുന്നു ആ പ്രവാചകന്മാരെന്നും എവിടെയെല്ലാം, എന്നെല്ലാമാണ് അവർ നിയോഗിതരായതെന്നും വ്യക്തമായും ഖണ്ഡിതമായും അറിയാൻ കഴിയുന്ന പ്രാമാണിക രേഖകളൊന്നുമിന്ന് ലഭ്യമല്ല. നമ്മുടെ രാജ്യത്തെ പൂർവികരായ പുണ്യപുരുഷന്മാരെ സംബന്ധിച്ച് നിലവിലുള്ളത് കുറേ ഐതിഹ്യങ്ങളും അവിശ്വസനീയവും അതിശയോക്തിപരവുമായ വർണനകളുമാണ്. ശരിയും തെറ്റും വേർതിരിച്ചറിയാൻ സാധ്യമല്ലാത്ത വിധം അവ അതീവ സങ്കീർണമത്രെ. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും ചരിത്രവും ഇതിന് അപവാദമല്ല. അവരെ സംബന്ധിച്ച് ഇന്ന് പറയപ്പെടുന്നവ പലതും ശരിയാവാൻ സാധ്യതയില്ല. അതിനാൽ നിലവിലുള്ള ധാരണകൾ വച്ച് അവരൊക്കെ ദൈവദൂതന്മാരായിരുന്നോ, അല്ലേയെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. അതേസമയം ആവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. നമ്മുടെ രാജ്യത്തെ മുൻഗാമികളായ മഹദ് വ്യക്തികളുടെ യഥാർഥ ചരിത്രം ഐതിഹ്യങ്ങളിൽനിന്നും അനുയായികളും എതിരാളികളും പറഞ്ഞുണ്ടാക്കിയ കൽപിതകഥകളിൽ നിന്നും മോചിതമായിക്കിട്ടാൻ എന്തെങ്കിലും മാർഗമുണ്ടെങ്കിൽ അത് മഹത്തായൊരു നേട്ടമായിരിക്കും. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണപഠനങ്ങളിലൂടെ അവരുടെ യഥാർഥ ജീവിതം അനാവൃതമാവുകയും അങ്ങനെ അവർ ദൈവദൂതന്മാരായിരുന്നുവെന്ന് ബോധ്യമാവുകയുമാണെങ്കിൽ അതിലേറ്റവുമധികം സന്തോഷിക്കുക ഈ രാജ്യത്തെ മുസ്ലിംകളായിരിക്കും. ഏതായാലും അത്തരമൊരന്വേഷണവും പഠനവും അത്യധികം അഭികാമ്യമത്രെ.
ശ്രീരാമനും ശ്രീകൃഷ്ണനും പ്രവാചകരോ?
previous post