ഒന്നായിരുന്ന സൂര്യനും ഭൂമിയും രണ്ടായത് എന്ന്? ദൈവത്തെ സൃഷ്ടിച്ചതാര് ?

ചോദ്യം: “പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് വേണമെന്നും ദൈവമാണ് അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ് ? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതില്‍ യുക്തിക്ക് പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണ്ടോ ?”
ഉത്തരം; പ്രപഞ്ചത്തെപ്പറ്റി പ്രധാനമായും രണ്ടു വീക്ഷണമാണ് നിലനില്‍ക്കുന്നത്. ഒന്ന് മതവിശ്വാസികളുടേത്. അതനുസരിച്ച് പ്രപഞ്ചം സൃഷ്ടിയാണ്. ദൈവമാണതിന്റെ സ്രഷ്ടാവ്. രണ്ടാമത്തേത് പദാര്‍ഥ വാദികളുടെ വീക്ഷണമാണ്. പ്രപഞ്ചം അനാദിയാണെന്ന് അവരവകാശപ്പെടുന്നു.അഥവാ അതുണ്ടായതല്ല, ആദിയിലേ ഉള്ളതാണ്. അതിനാലതിന് ആദ്യവും അന്ത്യവുമില്ല. ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ കോടി കൊല്ലം മുമ്പ് പ്രപഞ്ചം അതീവസാന്ദ്രതയുഅ ഒരു കൊച്ചു പദാര്‍ഥമായിരുന്നുവെന്ന് ഭൌതികവാദികള്അവകാശപ്പെടുന്നു.
അത് സാന്ദ്രതയുടെയും താപത്തിന്റെയും പാരമ്യതയിലെത്തിയപ്പോള്‍ പൊട്ടിത്തെറിച്ചു. ആ സ്ഫോടനം അനന്തമായ അസംഖ്യം പൊട്ടിത്തെറികളുടെ ശൃംഖലയായി. സംഖ്യകള്‍ക്ക് അതീതമായ അവസ്ഥയില്‍ ആദിപദാര്‍ഥത്തിന്റെ താപവും സാന്ദ്രതയും എത്തിയപ്പോഴാണ് അത് പൊട്ടിത്തെറിച്ചത്. ആ പൊട്ടിത്തെറിയുടെ ശബ്ദവും അളക്കാനാവാത്തതത്രെ. വന്‍ വിസ്ഫോടനത്തിന്റെ അതേ നിമിഷത്തില്‍ മുവ്വായിരം കോടി ഡിഗ്രി താപമുള്ള പ്രപഞ്ചം ഉണ്ടായി. പൊട്ടിത്തെറിയുടെ ഫലമായി വികാസമുണ്ടായി.വികാസം കാരണമായി താപനില കുറയുവാന്‍ തുടങ്ങി. സ്ഫോടനം കഴിഞ്ഞ് നാല് നിമിഷം പിന്നിട്ടപ്പോള്‍ ന്യൂട്രോണുകളും പ്രോട്ടോണുകളും കൂടിച്ചേര്‍ന്നു. ആ സംഗമമാണ് നക്ഷത്രങ്ങള്‍ തൊട്ട് മനുഷ്യന് വരെയുള്ള എല്ലാറ്റിന്റെയും ജന്മത്തിന് നാന്ദി കുറിച്ചത്. പ്രപഞ്ചോല്പത്തിയെ സംബന്ധിച്ച ഭൌതികവാദികളുടെ ഈ സങ്കല്പം ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. ആദിപദാര്‍ഥം എന്നാണ് താപത്തിലും സാന്ദ്രതയിലും പാരമ്യതയിലെത്തിയത്? എന്തുകൊണ്ട് അതിനു മുമ്പായില്ല, അല്ലെങ്കില്‍ ശേഷമായില്ല? അനാദിയില്‍ തന്നെ താപത്തിലും സാന്ദ്രതയിലും പാരമ്യതയിലായിരുന്നെങ്കില്‍ എന്തുകൊണ്ട് അനാദിയില്‍ തന്നെ സ്ഫോടനം സംഭവിച്ചില്ല? അനാദിയില്‍ താപവും സാന്ദ്രതയും പാരമ്യതയിലായിരുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അവ പാരമ്യതയിലെത്തി? പുറത്തുനിന്നുള്ള ഇടപെടലുകള്‍ കാരണമാണോ? എങ്കില്‍ എന്താണ് ആ ഇടപെടല്‍? അല്ലെങ്കില്‍ അനാദിയിലില്ലാത്ത സാന്ദ്രതയും താപവും ആദിപദാര്‍ഥത്തില്‍ പിന്നെ എങ്ങനെയുണ്ടായി? എന്നാണ് ആദ്യത്തെ പൊട്ടിത്തെറിയുണ്ടായത്? എന്തുകൊണ്ട് അതിനു മുമ്പായില്ല? എന്തുകൊണ്ട് ശേഷമായില്ല? ഒന്നായിരുന്ന സൂര്യനും ഭൂമിയും രണ്ടായത് എന്ന്? എന്തുകൊണ്ട് അതിനു മുമ്പോ ശേഷമോ ആയില്ല?
ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് ഇന്നോളം ഭൌതികവാദികള്‍ മറുപടി നല്‍കിയിട്ടില്ല. നല്‍കാനൊട്ടു സാധ്യവുമല്ല. ഈ പ്രപഞ്ചം വളരെ വ്യവസ്ഥാപിതവും ക്രമാനുസൃതവുമാണെന്ന് ഏവരും അംഗീകരിക്കുന്നു. ലോകഘടനയിലെങ്ങും തികഞ്ഞ താളൈക്യവും കൃത്യതയും കണിശതയും പ്രകടമാണ്. വ്യക്തമായ യുക്തിയുടെയും ഉയര്‍ന്ന ആസൂത്രണത്തിന്റെയും നിത്യ നിദര്‍ശനമാണീ പ്രപഞ്ചം. മനുഷ്യന്റെ അവസ്ഥ പരിശോധിച്ചാല്‍തന്നെ ഇക്കാര്യം ആര്‍ക്കും ബോധ്യമാകും. നാം ജീവിക്കുന്ന ലോകത്ത് അറുനൂറു കോടിയോളം മനുഷ്യരുണ്ട്. എല്ലാവരും ശ്വസിക്കുന്ന വായു ഒന്നാണ്. കുടിക്കുന്ന വെള്ളവും ഒന്നുതന്നെ. കഴിക്കുന്ന ആഹാരത്തിലും പ്രകടമായ അന്തരമില്ല. എന്നിട്ടും അറുനൂറു കോടി മനുഷ്യര്‍ക്ക് അറുനൂറു കോടി മുഖം. നമ്മെപ്പോലുള്ള മറ്റൊരാളെ ലോകത്തെവിടെയും കാണുക സാധ്യമല്ല. നമ്മുടെ തള്ളവിരല്‍ എത്ര ചെറിയ അവയവമാണ്. എന്നിട്ടും അറുനൂറു കോടി മനുഷ്യരിലൊരാള്‍ക്കും നമ്മുടേതുപോലുള്ള ഒരു കൈവിരലില്ല. മരിച്ചുപോയ കോടാനുകോടിക്കുമില്ല. ജനിക്കാനിരിക്കുന്ന കോടാനുകോടികള്‍ക്ക് ഉണ്ടാവുകയുമില്ല. നമ്മുടെ ഓരോരുത്തരുടെയും തലയില്‍ പതിനായിരക്കണക്കിന് മുടിയുണ്ട്. എന്നാല്‍ ലോകത്തിലെ അറുനൂറു കോടി തലയിലെ അസംഖ്യം കോടി മുടികളിലൊന്നു പോലും നമ്മുടെ മുടിപോലെയില്ല. അവസാനത്തെ ഡി.എന്‍.എ. പരിശോധനയില്‍ നമ്മുടേത് തിരിച്ചറിയുക തന്നെ ചെയ്യും. നമ്മുടെയൊക്കെ സിരകളില്‍ ആയിരക്കണക്കിന് രക്തത്തുള്ളികള്‍ ഒഴുകിക്കൊണ്േടയിരിക്കുന്നു. അറുനൂറു കോടിയുടെ സിരകളിലെ കോടാനുകോടി രക്തത്തുള്ളികളില്‍ നിന്നും നമ്മുടേത് വ്യത്യസ്തമത്രെ. നമ്മുടെ ശരീരത്തിന്റെ ഗന്ധം പോലും മറ്റുള്ളവരുടേതില്‍നിന്ന് ഭിന്നമത്രെ. ഇത്രയേറെ അദ്ഭുതകരവും ആസൂത്രിതവും വ്യവസ്ഥാപിതവും കണിശവുമായ അവസ്ഥയില്നാമൊക്കെ ആയിത്തീര്‍ന്നത് കേവലം യാദൃഛികതയും പദാര്‍ഥത്തിന്റെ പരിണാമവും ചലനവും മൂലവുമാണെന്ന് പറയുന്നത് ഒട്ടും യുക്തിനിഷ്ഠമോ ബുദ്ധിപൂര്‍വമോ അല്ല. അത് പരമാബദ്ധമാണെന്ന് അഹന്തയാല്‍ അന്ധത ബാധിക്കാത്തവരെല്ലാം അംഗീകരിക്കും.അറുനൂറു കോടി മനുഷ്യര്‍ക്ക് അത്രയും മുഖഭാവവും കൈവിരലുകളും ഗന്ധവും തലമുടിയും രക്തത്തുള്ളികളും മറ്റും നല്‍കിയത് സര്‍വശക്തനും സര്‍വജ്ഞനും യുക്തിമാനുമായ ശക്തിയാണെന്ന് അംഗീകരിക്കലും വിശ്വസിക്കലുമാണ് ബുദ്ധിപൂര്‍വകം.ആ ശക്തിയത്രെ പ്രപഞ്ചസ്രഷ്ടാവായ ദൈവം.പ്രപഞ്ചത്തില്‍ പുതുതായൊന്നുമുണ്ടാവില്ലെന്ന് പദാര്ഥവാദികള് പറയുന്നു. പുതുതായി വല്ലതും ഉണ്ടാവുകയാണെങ്കില്‍ അതുണ്ടാക്കിയത് ആര് എന്ന ചോദ്യമുയരുമല്ലോ.

