Question: “എന്തിനെക്കുറിച്ച് പറയുമ്പോഴും പരലോകത്തെപ്പറ്റി സംസാരിക്കുന്ന മതത്തിന് എങ്ങനെയാണ് ഭൂമിയിൽ നീതിയും നന്മയും സ്ഥാപിക്കാൻ സാധിക്കുക? ഇവിടെ ജീവിക്കുന്ന മനുഷ്യന്റെ കാര്യം നോക്കേണ്ടത് അവൻ തന്നെയല്ലേ?
Answer: ഇത് ചില മൗലിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. സത്യം, അസത്യം, നീതി, അനീതി, ന്യായം, അന്യായം, ക്രമം, അക്രമം, നന്മ, തിന്മ, ശരി, തെറ്റ്, ധർമം, അധർമം പോലുള്ളവ എന്താണ്? ആരാണ് അവ നിശ്ചയിക്കേണ്ടത്? മനുഷ്യരാണോ? ആണെങ്കിൽ അവരിലാരാണ്? ഓരോരുത്തരുമാണോ? എങ്കിൽ അറുനൂറു കോടി മനുഷ്യരുടേതും വ്യത്യസ്തങ്ങളും പരസ്പര വിരുദ്ധങ്ങളുമാവില്ലേ? ഓരോരുത്തരും തങ്ങൾക്കു തോന്നിയ പോലെ താന്തോന്നികളായി ജീവിക്കണമെന്നല്ലേ അതിനർഥം? സമൂഹമാണോ അത് തീരുമാനിക്കേണ്ടത്? എങ്കിൽ സമൂഹത്തിൽ ആരാണ്? ഭൂരിപക്ഷമാണോ? അങ്ങനെയെങ്കിൽ ഭൂരിപക്ഷം മതവിശ്വാസികളായതിനാൽ അവരല്ലേ അത് നിശ്ചയിക്കേണ്ടത്? അഥവാ, മഹാഭൂരിപക്ഷം അന്ധവിശ്വാസികളാണെങ്കിൽ അവരും? ഭരണാധികാരികളാണോ തീരുമാനിക്കേണ്ടത്? എങ്കിൽ ഏകാധിപത്യ, സർവാധിപത്യ, സ്വേഛാധിപത്യ, രാജാധിപത്യ വ്യവസ്ഥയിൽ അധികാരം കൈയാളുന്നവരുടെ ഇഛകളും താൽപര്യങ്ങളുമല്ലേ സത്യത്തിന്റെയും നീതിയുടെയും രൂപമണിയുക? ജനാധിപത്യ ഭരണകൂടമാണെങ്കിൽ ഭൂരിപക്ഷത്തിന്റെ പ്രതിനിധികളുടെ താൽപര്യവും മുതലാളിത്ത വ്യവസ്ഥയിലെ സത്യവും നീതിയും ന്യായവും നന്മയും തന്നെയായിരിക്കുമോ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേതും?
ഭൗതിക ദർശനങ്ങളും പ്രത്യയശാസ്ത്രങ്ങളും പറയുന്നപോലെ സാമൂഹിക സാഹചര്യങ്ങളുടെയും സാമ്പത്തിക ഘടനയുടെയും സൃഷ്ടിയാണ് മൂല്യങ്ങളെങ്കിൽ ആ വിധമുള്ള മൂല്യങ്ങൾ എന്തുതന്നെയായാലും അവ അംഗീകരിക്കാൻ ഏവരും ബാധ്യസ്ഥരാവുകയില്ലേ? സാമൂഹികാവസ്ഥയുടെയും സാമ്പത്തിക വ്യവസ്ഥയുടെയും അനിവാര്യതയായി വന്നുചേരുന്നവ എന്തൊക്കെയായാലും അവയെ സഹിക്കുകയല്ലാതെ നിർവാഹമില്ലെന്ന് വരില്ലേ? പിന്നെ അവയ്ക്കെതിരെ പരാതി പറയുന്നതിൽ അർഥമുണ്ടോ?
മൂല്യങ്ങൾ നിശ്ചയിക്കാനുള്ള അവകാശം മനുഷ്യന്നാണെന്ന് അംഗീകരിക്കുകയാണെങ്കിൽ അതിൽ വൈയക്തികവും കുടുംബപരവും ജാതീയവും ദേശീയവും പ്രാദേശികവും മറ്റുമായ താൽപര്യങ്ങൾ പ്രകടമാവുക സ്വാഭാവികവും അനിവാര്യവുമത്രെ. അതിനാൽ എല്ലാ കാലത്തെയും പ്രദേശത്തെയും മുഴുവൻ മനുഷ്യരെയും ഒരുപോലെ കാണാൻ കഴിയുന്ന എല്ലാവരുടെയും സ്രഷ്ടാവായ ദൈവത്തിനു മാത്രമേ യഥാർഥമായ നീതിയും അനീതിയും നന്മയും തിന്മയും തെറ്റും ശരിയും ധർമവും അധർമവും ന്യായവും അന്യായവും നിശ്ചയിക്കാൻ സാധിക്കുകയുള്ളൂ. ഇസ്‌ലാം മനുഷ്യരാശിയുടെ മുമ്പിൽ സമർപ്പിക്കുന്ന ദൈവപ്രോക്തമായ മൂല്യങ്ങൾ എല്ലാവരോടും ഒരേപോലെ നീതി ചെയ്യുന്ന സാർവജനീനവും കാലാതീതവുമാവാനുള്ള കാരണവും അതുതന്നെ.
പിന്നെ, ഭൂമിയിൽ ആർ എത്ര ശ്രമിച്ചാലും നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കുക സാധ്യമല്ലാത്തതിനാലാണ് അത് സാധ്യമാവുന്ന പരലോകം അനിവാര്യമാകുന്നത്. ഒരാളെ വധിച്ചാൽ നീതി നടത്തുമ്പോൾ പരമാവധി സാധ്യമാവുക കൊലയാളിയെ വധിക്കലാണല്ലോ. അങ്ങനെ ഘാതകന്റെ കഥ കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ടവന്റെ വിധവയ്ക്ക് ഭർത്താവിനെയും അനാഥരാവുന്ന മക്കൾക്ക് പിതാവിനെയും തിരിച്ചുകിട്ടുകയില്ലല്ലോ. വധിക്കപ്പെട്ടവൻ ഇരുപതുകാരിയുടെ ഭർത്താവും നാലു മക്കളുടെ പിതാവും കൊലയാളി മുപ്പത്തഞ്ചുകാരിയുടെ ഭർത്താവും രണ്ടു മക്കളുള്ളവനുമാണെങ്കിൽ ഇരുപതുകാരി, വിധവയും നാലു മക്കൾ അനാഥരുമാകുന്നതിനു പകരം മുപ്പത്തഞ്ചുകാരി വിധവയും രണ്ടു മക്കൾ അനാഥരുമാകുന്നത് ഒരിക്കലും നീതിയാവുകയില്ല. അതിനാൽ ഭൂമിയിലെ ശിക്ഷാ നിയമങ്ങൾ ഇവിടെ സമാധാനം സ്ഥാപിക്കാനുള്ള ഉപാധി മാത്രമാണ്. നിഷ്കൃഷ്ടവും കണിശവുമായ നീതി ഇവിടെ സാധ്യമല്ല. അത് മരണശേഷം മറുലോകത്താണ്.
ഇവിടെ മന്ദബുദ്ധികളും പ്രതിഭാശാലികളും രോഗികളും ആരോഗ്യവാന്മാരും വികലാംഗരും പൂർണകായരും ശക്തരും ദുർബലരും പണക്കാരും പാവങ്ങളുമെല്ലാമുണ്ട്. മരണത്തോടെ ജീവിതം അവസാനിക്കുമെങ്കിൽ ഈ ഘടന തീർത്തും അനീതിപരവും അതിക്രമവും അന്യായവുത്രെ. ഓരോരുത്തർക്കും നൽകപ്പെട്ട കഴിവും സാധ്യതയുമനുസരിച്ച് ബാധ്യതകൾ നിശ്ചയിക്കപ്പെടുകയും അവയുടെ പൂർത്തീകരണം ലംഘനമനുസരിച്ച് മരണ ശേഷം രക്ഷാ-ശിക്ഷകളനുഭവിക്കുകയുമാണെങ്കിൽ മാത്രമേ ഇത് നീതിയും ന്യായവുമാവുകയുള്ളൂ. ദൈവം മരണാനന്തര ജീവിതവും ഇവിടത്തെ കർമമനുസരിച്ച് അവിടെ രക്ഷാശിക്ഷകളും നിശ്ചയിക്കാനുള്ള കാരണവും അതു തന്നെ.