-ശൈഖ് മുഹമ്മദ് കാരകുന്ന്
ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം നല്ലൊരു ദാർശനികനുമായിരുന്നു. പണ്ഡിതന്മാരുമായി ചർച്ച നടത്തും. ഒരു സന്ധ്യാ സമയത്തെ ചർച്ചാവിഷയം സൗന്ദര്യത്തിൻറെ ഉറവിടം എവിടെയെന്നതായിരുന്നു. എല്ലാവരുടെയും കുട്ടികൾ മുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു. രാജാവ് ഭൃത്യന് രത്നം പതിച്ച കിരീടം കൊടുത്ത് ഏറ്റവും സുന്ദരനായ കുട്ടിയെ അണിയിക്കാൻ പറഞ്ഞു. ഭൃത്യൻ രാജാവിൻറെ കുട്ടിയെ അതണിയിച്ചു. തൃപ്തിയായില്ല. പിന്നെ പലരെയും മാറിമാറി അണിയിച്ചു. അതൊന്നും സുന്ദരമായി തോന്നിയില്ല അവസാനം തൻറെ കുട്ടിയുടെ തലയിൽ അണിയിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു: “മഹാരാജാവേ ക്ഷമിക്കണം. സത്യം പറഞ്ഞാൽ എല്ലാ കുട്ടികളെക്കാളും കിരീടം ചേരുന്നത് ഇവനാണ്.അഹങ്കാരമായി കരുതരുത്. ഇതെൻറെ കുട്ടിയാണ്.”
എല്ലാവരും പൊട്ടിച്ചിരിച്ചു. രാജാവ് പറഞ്ഞു :”ഞാൻ ആഗ്രഹിക്കുന്നത് തന്നെയാണ് നീ എന്നോട് പറഞ്ഞത്. കണ്ണുകളല്ല, ഹൃദയമാണ് സൗന്ദര്യം കാണുന്നത്. യഥാർത്ഥ സൗന്ദര്യം നോക്കുന്നവൻറെ ഹൃദയത്തിലാണ്.”
ലൈല കാരണം ഖൈസ് ഭ്രാന്തനായി. ലൈലക്ക് അത്രമേൽ സൗകര്യമുണ്ടോ എന്നറിയാൻ പേർഷ്യൻ രാജാവ് അവളെ അന്വേഷിച്ചിറങ്ങി. ലൈലയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു:”നിന്നെ കണ്ടാണോ ഖൈസ് ഭ്രാന്തനായത്? അതിനുമാത്രം സൗന്ദര്യമൊന്നും നിനക്കില്ലല്ലോ”.
അതിന് ലൈലയുടെ പ്രതികരണം:”നിങ്ങൾ ഖൈസല്ലല്ലോ. അതിനാൽ മിണ്ടാതിരിക്കൂ.”
കണ്ണുകളാണ് സൗന്ദര്യം കാണുന്നതെങ്കിൽ എന്താകുമായിരുന്നു ലോകത്തിൻറെ അവസ്ഥ. ഹൃദയമാണത് കാണുന്നതെന്നതിനാലാണ് മാതാപിതാക്കൾക്ക് ജീവിതപങ്കാളികളും മക്കളും ഏറെ സുന്ദരന്മാരും സുന്ദരികളും പ്രിയപ്പെട്ടവരുമായി മാറുന്നത്.
കണ്ണുകൾ സൗന്ദര്യം കാണുമ്പോൾ കാമമാണ് കേമനായി മാറുക. ഹൃദയം സൗന്ദര്യത്തെ കാണുമ്പോൾ പിറവിയെടുക്കുക പ്രണയവും. കാമം ശാരീരികവും പ്രേമം ആത്മീയവുമാകുന്നത് അതിനാലാണ്.
20