ലിബറൽ ലൈംഗികത ഇറക്കുമതി ചെയ്യുമ്പോൾ

ടി.കെ.എം. ഇഖ്ബാൽ
കേരളത്തിൽ ശക്തിപ്പെട്ടു വരുന്ന മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തോട് ചേർത്ത് കാണേണ്ടതാണ് മത സമൂഹങ്ങളെ പൊതുവിലും, മുസ്ലിംകളെ പ്രത്യേകമായും ടാർഗറ്റ് ചെയ്ത് കൊണ്ട് ലിബറൽ മൂല്യങ്ങളുടെ മറപിടിച്ച് ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്ന സാംസ്കാരികമായ കടന്നാക്രമണങ്ങൾ. കുടുംബത്തെയും വിവാഹത്തെയും അപ്രസക്താക്കുന്ന തരത്തിലുള്ള പുതിയ ലിബറൽ ആശയങ്ങളും കാഴ്ചപ്പാടുകളും കാമ്പസുകളിലും പൊതു സമൂഹത്തിലും പ്രചരിപ്പിക്കാൻ മാത്രമല്ല, അധികാര ബലം ഉപയോഗിച്ച് അടിച്ചേൽപിക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്ക്കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കാനുള്ള തീരുമാനം ഇതിൻ്റെ ഭാഗമായിട്ടു വേണം മനസ്സിലാക്കാൻ. ജെൻഡർ ന്യൂട്രാലിറ്റി എന്നത് കൃത്രിമവും സ്ത്രീകൾക്ക് ദോഷകരമായി ഭവിക്കുന്നതുമായ രീതിയിൽ സ്ത്രീ പുരുഷ സമത്വം കൊണ്ടുവരാൻ വേണ്ടി ലിബറലിസം ഉണ്ടാക്കിയ ആശയമാണ്. എല്ലാ മതങ്ങളും അംഗീകരിക്കുന്നതും സമൂഹത്തിൻ്റെ ആരോഗ്യകരമായ നിലനിൽപ്പിന് അനിവാര്യവുമായ മൂല്യങ്ങളെ തകർക്കാൻ ബോധപൂർവമായ ശ്രമം പാർട്ടിയും പോഷക സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത് കേരളീയ സമൂഹം തിരിച്ചറിയാതെ പോകരുത്.
അടുത്ത കാലത്ത് സി.പി.എമ്മിൻ്റെ ചില കീഴ്ഘടകങ്ങളും എസ്.എഫ്.ഐ.യുടെ കാമ്പസ് യൂണിറ്റുകളും പുറത്തിറക്കിയ ചില പോസ്റ്ററ്റുകൾ ശ്രദ്ധിച്ചാൽ സ്വതന്ത്ര ലൈംഗികതയുടെ പേരിൽ എങ്ങോട്ടാണ് പാർട്ടി കേരളത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നത് എന്ന് ബോധ്യമാവും. കഴിഞ്ഞ വർഷം ‘അന്തർദേശീയ സ്വയംഭോഗദിന’ ത്തോടനുബന്ധിച്ച് SEXWITHOUTSHAME എന്ന ഹാഷ് ടാഗിൽ എസ്.എഫ്.ഐ കോഴിക്കോട് മെഡിക്കൽ കോളജ് യൂണിറ്റ് ഇറക്കിയ പോസ്റ്ററിൽ ഉദ്ധരിച്ചത് ഫ്രോയിഡിൻ്റെ ഒരു വാചകമായിരുന്നു: “സ്വയം ഭോഗത്തിലെ ഒരേയൊരു നാണക്കേട് അത് നന്നായി ചെയ്യാൻ കഴിയാതിരിക്കുന്നതിലെ നാണക്കേട് മാത്രമാണ്.” സമാനമായി, സ്വവർഗലൈംഗികതയെയും സ്വതന്ത്ര ലൈംഗികതയെയും പ്രോത്സാഹിപ്പിക്കുന്ന പോസ്റ്ററുകൾ മറ്റു മെഡിക്കൽ കോളേജുകളിലെ എസ്എഫ്..ഐ യൂണിറ്റുകളും പുറത്തിറക്കിയിരുന്നു. സ്വയംഭോഗത്തിന് ഒരു അന്തർദേശീയ ദിനമുണ്ടെന്ന് (മെയ് 7) പലരും അറിയുന്നത് തന്നെ എസ്.എഫ്.ഐ.യുടെ ഈ കാമ്പയിനിലൂടെയായിരിക്കും. എൽ.ഡി.എഫ് ഭരണഞ്ഞിലായിരിക്കെ, കാമ്പസുകളിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന് ആളെക്കൂട്ടാനുള്ള കുറുക്കുവഴിയാണ് ഇപ്പോൾ ഫ്രീ സെക്സ് അഥവാ ‘സെക്സ് വിത്തൗട്ട് ഷെയിം.’ മലയാളത്തിൽ പറഞ്ഞാൽ, നാണമില്ലാതെ ഇണചേരുക. മുതലാളിത്തത്തിൻ്റെയും ലിബറലിസത്തിൻ്റെയും പ്രലോഭനീയമായ മുദ്രാവാക്യങ്ങൾ ഇപ്പോൾ കമ്യൂണിസ്റ്റുകൾക്ക് സ്വന്തം!
ഇക്കഴിഞ്ഞ ജനുവരി 8 ന് നടന്ന എസ്.എഫ്.ഐ. പെരിന്തൽമണ്ണ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം ഇങ്ങനെ: “പ്രണയത്തിന് മേൽ ആര് വരച്ചു ലിംഗാതിർത്തികൾ. ഈ ലോകം എല്ലാവരുടേതുമാണ്.” സ്വവർഗരതിയെ മഹത്വവൽക്കരിക്കുന്ന ഈ പോസ്റ്ററിൽ ഗേ, ലെസ്ബിയൻ ഇണകളുടെ ചിത്രവുമുണ്ട്. (സ്വവർഗ ഇണകളുടെ ചിത്രം വരച്ചപ്പോൾ ആണിനെയും പെണ്ണിനെയും വസ്ത്രം കൊണ്ടാണ് വേർതിരിച്ചിരിക്കുന്നത്. ജെൻഡർ ന്യൂട്രാലിറ്റിക്കാരുടെ ഗതികേട് !). ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിൻ്റെ മുന്നോടിയായി നടക്കുന്ന ഏരിയാ സമ്മേളനങ്ങളോടനുബന്ധിച്ച് സി പി എം ചാല ഏരിയ പുറത്തിറക്കിയ പോസ്റ്ററിൽ അരിവാളേന്തിയ സ്വവർഗാനുരാഗികളെ ചിത്രീകരിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകണ്ടായി. Vote for SFl എന്ന അടിക്കുറിച്ചോടെ എസ്.എഫ്.ഐ കാസർഗോഡ് എഞ്ചിനീയറിംഗ് കോളജ് പുറത്തിറക്കിയ രണ്ട് പോസ്റ്ററുകളിൽ ഒന്ന് തട്ടമിട്ട പെൺകുട്ടിയുടെ തോളിൽ കൈവെച്ച് കിന്നാരം പറയുന്ന വിദ്യാർത്ഥിയുടെ ചിത്രത്തോടു കൂടിയുള്ളതാണ്. ‘കപട സദാചാരകരങ്ങൾക്ക് കൈവിലങ്ങിടാം’ എന്നാണ് പോസ്റ്ററിലെ വാചകം. എന്ന കാപ്ഷനോടുകൂടിയ മറ്റൊരു പോസ്റ്ററിൽ ഒരു പെൺകുട്ടിയും കുറെ ആൺകുട്ടികളും വട്ടം കൂടി മദ്യപിക്കുന്ന ചിത്രമാണുള്ളത്. എസ്.എഫ്.ഐ. യിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാൻ ഇതിലപ്പുറം എന്തെങ്കിലും വേണോ? സെക്സ് ഇൻഡസ്ട്രി ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി മാറിയത് പുരോഗമനപരം ആയത് കൊണ്ടല്ല, മനുഷ്യൻ്റെ ജന്തു സഹജമായ ചോദനകളെ കയറൂരി വിടുന്നു എന്നത് കൊണ്ടാണ്. മുതലാളിത്തം നന്നായി കച്ചവടം ചെയ്യുന്ന ഈ ചോദനകളുടെ പുറത്താണ് ഇപ്പോൾ വിപ്ലവ പ്രസ്ഥാനത്തിൻ്റെ കളി!

