അറബിഭാഷയില്‍ പ്രത്യേക വിശേഷണങ്ങളൊന്നുമില്ലാതെ നിരുപാധികമായി ദൈവത്തെ സൂചിപ്പിക്കുന്ന പദമാണ് അല്ലാഹു. ഇലാഹ് എന്ന അറബിപദത്തോട് അല്‍ ചേരന്നുണ്ടാകുന്ന നാമമാണിത്. ആരാധ്യന്‍, ദൈവം എന്നാണ് ഇലാഹിന്റെ അര്‍ത്ഥം. സ്‌നേഹാദരത്താലും കീര്‍ത്തനങ്ങളാലും ഭയഭക്തിയോടെ പ്രത്യാശയോടെ ആരാധിക്കപ്പെടുകയും അനുസരിക്കപ്പെടുകയും ചെയ്യുന്ന അസ്തിത്വം എന്നാണ് അറബിഭാഷാപണ്ഡിതന്‍മാര്‍ ഇലാഹിനെ നിര്‍വചിക്കുന്നത്. അല്‍ഭുതപ്പെടുത്തുന്നത് ഭ്രമിപ്പിക്കുന്നത് തുടങ്ങിയ അര്‍ത്ഥങ്ങളും ഇതിന് കല്‍പ്പിക്കപ്പെടുന്നുണ്ട്. മനുഷ്യബുദ്ധിയെ അല്‍ഭുതപ്പെടുത്തുന്നതും അവന്റെ ജ്ഞാനത്തെ പരിഭ്രമിപ്പിക്കുന്നതും എന്ന അര്‍ത്ഥത്തിലാണ് അത് പ്രപഞ്ചനാഥന്റെ പേരാകുന്നത്.
ഇംഗ്ലീഷിലെ ദ പോലെ നിശ്ചിതമായ ഒന്നിനെ അല്ലെങ്കില്‍ സാക്ഷാല്‍ നാമാവിനെ സൂചിപ്പിക്കാന്‍ അറബിഭാഷയില്‍ ഉപയോഗിക്കുന്ന ശബ്ദമാണ് അല്‍ അല്‍ ഇലാഹാണ് അല്ലാഹു. സാക്ഷാല്‍ ദൈവം, സത്യദൈവം പരമേശ്വരന്‍ തുടങ്ങിയ അര്‍ത്ഥങ്ങളെ ആണത് പ്രതിനിധാനം ചെയ്യുന്നത്. അല്ലാഹുവിന്റെ ആശയങ്ങളെ പുര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നില്ലെങ്കിലും സംസ്‌കൃതത്തിലെ പരബ്രഹ്മവും പരംപൊരുളും അല്ലാഹുവിനോട് അടുത്ത് നില്‍ക്കുന്ന പദങ്ങലാണ്. ഇസ് ലാം മതത്തില്‍ സാക്ഷാല്‍ദൈവത്തിന്റെ ഏറ്റം വിശിഷ്ടമായനാമമാണ് അല്ലാഹു.
ഈ നാമത്തിന് ബഹുവചനമോ സ്ത്രീലിംഗമോ ഇല്ല അല്ലാഹു എന്ന പദത്തിന്റെ ആശയങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന സമാനപദങ്ങള്‍ ഇതരഭാഷകളില്‍ അപൂര്‍വ്വമാണ്. അറബികളല്ലാത്ത മുസ് ലീംകളും അല്ലാഹുവിനെ ആ പേരില്‍ തന്നെയാണ് വിളിച്ചുവരുന്നത്. അതുകൊണ്ടാവാം അല്ലാഹു മുഹമ്മദീയര്‍ ആരാധിക്കുന്ന ഒരു പ്രത്യേക ദൈവത്തിന്റെ പേരാണ് എന്നൊരു തെറ്റിദ്ധാരണ ചില സഹോദരമതസ്ഥരില്‍ ഉണ്ടായത്. മുഹമ്മദ് നബി ജനിക്കുന്നതിന് എത്രയോ മുമ്പു തന്നെ സാക്ഷാല്‍ ദൈവം, പരമേശ്വരന്‍ എന്ന അര്‍ത്ഥത്തില്‍ അല്ലാഹു അറബികള്‍ക്ക് സുപരിചിതനായിരുന്നു. ഇസ് ലാമിന്റെ ആഗമനത്തിന് മുമ്പും ശേഷവും അറേബ്യയിലെ ബഹുദൈവവിശ്വാസികളും വൈദികമതവിഭാഗങ്ങളും സാക്ഷാല്‍ ദൈവത്തെ അല്ലാഹു എന്ന് തന്നെയാണ് വിളിച്ചുവരുന്നത്. ബൈബിളിന്റെ അറബിഭാഷ്യങ്ങളില്‍ യഹോവയെ-പരമേശ്വരനെക്കുറിക്കാന്‍ ഉപയോഗിക്കുന്ന പദം അല്ലാഹു എന്നാണ്.
സാമീ ഭാഷകളായ ഹിബ്രു, സിറിയക്, അറാമി, കല്‍ദാനി, ഹമീരി, അറബി തുടങ്ങിയവയിലൊക്കെ അല്ലാഹുവിന്റെ തല്‍ഭവങ്ങള്‍ കാണാം. അതൊക്കെ അലിഫ്,ലാം,ഹ എന്നീ അക്ഷരങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. കല്‍ദാനി സുറിയാനി ഭാഷകളിലെ അലാഹിയാ ഹിബ്രുവിലെ അലൂഹ് തുടങ്ങിയവയും അല്ലാഹു എന്നതിന്റെ പ്രാഗ് രൂപങ്ങളാണെന്ന് മനസ്സിലാക്കാം.