കേരളത്തില്‍ വീണ്ടും സ്ത്രീപീഡന വിവാദം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ തന്നെയാണ് ഇത്തവണ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. സ്ത്രീ ശാക്തീകരണവും സ്ത്രീ വിമോചനവും ലക്ഷ്യം വെച്ചുള്ള സംഘടിത ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ 170 വര്‍ഷം പിന്നിടുമ്പോള്‍ സ്ത്രീജീവിതം എത്രമേല്‍ അരക്ഷിതമാണെന്ന് ബോധ്യപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 1848 ജൂലൈ 19-ന് ന്യൂയോര്‍ക്കിലെ വെസിലിയന്‍ ചാപ്പെലില്‍ ഒത്തുകൂടി നൂറോളം വരുന്ന സ്ത്രീകള്‍ വനിതാ വോട്ടവകാശത്തിനു വേണ്ടിയുള്ള ആശയപ്രചാരണങ്ങള്‍ക്ക് സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന പ്രമേയം പാസ്സാക്കിയതോടെയാണ് പുതിയ സ്ത്രീവിമോചന സംഘം രംഗത്തുവന്നു തുടങ്ങിയത്. തുടര്‍ന്ന്, തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യത്തിനും തുല്യവേതനത്തിനും തൊഴിലിടങ്ങളിലും സമൂഹത്തിലും സ്ത്രീ അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേി ചെറുതും വലുതുമായ നിരവധി സ്ത്രീ കൂട്ടായ്മകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ വന്നു. ലോക രാഷ്ട്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി സ്ത്രീ സംരക്ഷണ നിയമങ്ങള്‍ക്ക് രൂപം നല്‍കി. ഐക്യരാഷ്ട്രസഭയാകട്ടെ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ച് ഓരോ വര്‍ഷവും പ്രത്യേക മുദ്രാവാക്യങ്ങളിലൂന്നി ലോകത്തിന്റെ പല ഭാഗത്തും വ്യത്യസ്തങ്ങളായ കാമ്പയിനുകള്‍ക്ക് കാര്‍മികത്വം വഹിക്കുകയും ചെയ്തുവരുന്നു. ഈ വര്‍ഷത്തെ മുദ്രാവാക്യം ‘മാറ്റത്തിനു വേണ്ടി ധീരരാവുക’ (Be Bold for Change) എന്നതാണ്. 2186 ആവാതെ, അഥവാ ഇനിയും 170 വര്‍ഷങ്ങള്‍ പിന്നിടാതെ സ്ത്രീ -പുരുഷ അസന്തുലിതത്വം (Gender Gap) നികത്താന്‍ കഴിയുകയില്ല എന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ പ്രവചനം വനിതാ പ്രസ്ഥാനങ്ങളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്. അതിനാല്‍തന്നെ മാര്‍ച്ച് എട്ടിന് തൊഴിലിടങ്ങള്‍ ബഹിഷ്‌കരിച്ച് ‘പെണ്ണില്ലാത്ത ദിനം’ (Day without Women) ആചരിക്കാനാണ് ലോക വനിതകളോട് അവര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴില്‍ശാലകളില്‍ ഇടം ലഭിക്കണം, വീടിന് പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യം വേണം എന്നൊക്കെ വാദിച്ച് രംഗത്തു വന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ പിന്തുടര്‍ച്ചക്കാരാണ് അതേ തൊഴില്‍ ശാലകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തു വന്നിരിക്കുന്നത് എന്നതാണ് വിരോധാഭാസം. ഇനിയും 170 വര്‍ഷങ്ങള്‍ കാത്തിരിക്കാനാവില്ല എന്നതാണ് അവരുടെ വാദം.
ഒന്നര നൂറ്റാണ്ടിലധികമായി ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടും സ്ത്രീയുടെ അവസ്ഥ എന്തേ ഇന്നും ഇങ്ങനെ എന്ന ചോദ്യം വളരെ പ്രസക്തമാണ്. തൊഴില്‍ശാലകളിലും തെരുവിലും മാത്രമല്ല സ്വന്തം വീടകങ്ങളിലും മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ പോലും പെണ്ണ് സുരക്ഷിതയാവാതെ പോകുന്നത് എന്തുകൊണ്ടാണ്? ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്ന സ്ത്രീകളും ആരാധനാലയങ്ങളില്‍ പ്രാര്‍ഥിക്കാനെത്തുന്നവരും വരെ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നത് എന്തുകൊണ്ടാണ്? സംസ്‌കാരത്തിന്റെ വിളനിലങ്ങളാവേണ്ട കാമ്പസുകളില്‍, മതപാഠശാലകളില്‍ അധ്യാപകരുടെയും വൈദികരുടെയും പുരോഹിതന്മാരുടെയും കൈകളില്‍ പോലും നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാതായത് എന്തുകൊണ്ടാണ്? സ്ത്രീയെ മാതാവായും ദേവിയായും കാണുന്ന ഇന്ത്യാ രാജ്യത്ത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീ പീഡനകേസുകള്‍ ഇരട്ടിയായി വര്‍ധിച്ചത് എന്തുകൊണ്ടാണ്? 2007-ല്‍ 2604 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2016-ല്‍ അത് 4035 ആയി വര്‍ധിച്ചിരിക്കുന്നു. നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ദല്‍ഹിയില്‍ മാത്രം 2016-ല്‍ റിപ്പോര്‍ട്ട് ചെയ്തത് 2155 ബലാത്സംഗ കേസുകളാണ്. നാഷ്‌നല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഓരോ മൂന്ന് മിനിറ്റിലും സ്ത്രീകള്‍ വീടിനകത്ത് വെച്ചോ പുറത്തുവെച്ചോ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നാണ്. മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ അനുഭവിച്ചിരുന്ന പല പ്രയാസങ്ങളും ഇന്നില്ല എന്നത് ശരിയാണ്. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണമായ പുതിയ പല പ്രശ്‌നങ്ങളും ആധുനിക സ്ത്രീ അനുഭവിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ആര്‍ക്കാണ് പിഴച്ചത്, എവിടെയാണ് പിഴച്ചത്? അടിസ്ഥാനത്തില്‍തന്നെ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
ഒന്നാമതായി, പെണ്ണിന് വേണ്ടത് കേവല ശാക്തീകരണത്തിനപ്പുറം അംഗീകാരവും അവസരവുമാണ് എന്നത് വേണ്ടത്ര മനസ്സിലാക്കാതെ പോയി. അടിസ്ഥാനപരമായി സ്ത്രീ എന്ന നിലയില്‍ ഒരു പെണ്ണ് നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണോ അതിന് വേണ്ടുന്ന ശക്തി സൃഷ്ടികര്‍ത്താവ് തന്നെ നല്‍കിയിട്ടുണ്ട്. ഒരു മനുഷ്യ ശരീരത്തിന് താങ്ങാവുന്ന വേദനയുടെ അളവ് 42 ഡെസിബല്‍ യൂനിറ്റ് ആണെങ്കില്‍ പ്രസവസമയത്ത് ഒരു സ്ത്രീ സഹിക്കുന്ന വേദന 57 ഡെസിബല്‍ യൂനിറ്റ് ആണ്. ഈ സഹനശക്തി സ്ത്രീശരീരത്തിന്റെയും മനസ്സിന്റെയും സാധ്യതയാണ്. ശരാശരി ഐ.ക്യുവിന്റെ കാര്യത്തില്‍ ആണിന്റെ ഒട്ടും പിറകിലല്ല പെണ്ണ് എന്ന് ശാസ്ത്രം അംഗീകരിക്കുന്നു. പക്ഷേ, ഈ കഴിവുകള്‍ അംഗീകരിക്കാന്‍ ആണും, അവ തിരിച്ചറിയാന്‍ പെണ്ണും തയാറാവുന്നില്ല എന്നതാണ് വാസ്തവം. കായികാധ്വാനം വേണ്ട ജോലികള്‍ കുറഞ്ഞുവരികയും ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രാധാന്യം ഏറിവരികയും ചെയ്തിട്ടുള്ള പുതിയ ലോകത്ത് മസില്‍ പവര്‍ കാട്ടി പെണ്ണിനെ ഒതുക്കാന്‍ പറ്റില്ല എന്ന് പുരുഷനെ ധരിപ്പിക്കാന്‍ ഉള്ള ആത്മവിശ്വാസം ഇനിയും പെണ്ണിനുണ്ടായിട്ടില്ല. സ്വന്തം കഴിവ് തിരിച്ചറിയാതെ ഇല്ലാത്ത മസില്‍ പവര്‍ ഉണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമത്തിനിടയില്‍ സ്ത്രീക്ക് നഷ്ടപ്പെടുന്നത് സ്ത്രീത്വം തന്നെയാണ്.
സ്ത്രീക്ക് സമൂഹത്തിന്റെ അംഗീകാരം ലഭിക്കണമെങ്കില്‍ ആണിനെ പോലെയാവണമെന്ന മിഥ്യാധാരണ വളര്‍ത്തിയതാണ് ഫെമിനിസ്റ്റ് ചിന്തകള്‍ക്ക് സംഭവിച്ച രണ്ടാമത്തെ അബദ്ധം. ആണിനെ പോലെ വസ്ത്രം ധരിച്ച്, ആണുങ്ങള്‍ ചെയ്യുന്നതെല്ലാം ചെയ്ത് നേടേണ്ടതാണ് സ്ത്രീയുടെ പദവി എന്ന തെറ്റായ ബോധം സ്ത്രീ മനസ്സില്‍ ഊട്ടിയുറപ്പിക്കാന്‍ മുതലാളിത്ത കമ്പോള വ്യവസ്ഥ ആവോളം ശ്രമിച്ചു. ഫലമോ കഴിവു തെളിയിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ ശാരീരികവും മാനസികവുമായ ഒട്ടേറെ സമ്മര്‍ദങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നു. കൃത്രിമമായി ഉണ്ടാക്കിയെടുത്ത സ്ത്രീ ശാക്തീകരണ നാട്യങ്ങള്‍ സ്ത്രീക്ക് തന്നെ വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. ഒരേ കമ്പനിയില്‍ ഒരേ റാങ്കില്‍ ജോലി ചെയ്യുന്ന സ്ത്രീയും പുരുഷനും. പുരുഷന്‍ കാറിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നത് അന്തസ്സിന്റെ അടയാളം! എന്നാല്‍ അതേ റാങ്കിലുള്ള സ്ത്രീ സ്വയം വണ്ടിയോടിച്ചല്ല കമ്പനിയിലേക്ക് പോകുന്നതെങ്കില്‍ ‘ഇനിയും ഡ്രൈവിംഗ് പഠിച്ചില്ലേ, പിന്നെന്ത് സ്ത്രീ ശാക്തീകരണം?’ എന്ന ചോദ്യമാണ് ഉയരുന്നത്. കമ്പനികളിലും തൊഴില്‍ ശാലകളിലും മാത്രമല്ല സംഘടനകള്‍ക്കകത്തും ഇത്തരം ശാക്തീകരണ നാട്യങ്ങള്‍ കാണാം. എന്നാല്‍, തൊഴിലിടങ്ങള്‍ സ്ത്രീസൗഹൃദമാക്കാനുള്ള നടപടികള്‍ക്ക് ഒച്ചിന്റെ വേഗതയാണ്. അത്തരം സൗകര്യങ്ങള്‍ ആവശ്യപ്പെടാന്‍ പോലും സ്ത്രീകള്‍ക്ക് മടിയാണ്. കാരണം, തങ്ങളുടെ ലിംഗ സമത്വവാദങ്ങള്‍ക്ക് അത് തിരിച്ചടിയാവുമോ, ഉള്ള അവസരങ്ങളും നഷ്ടമാവുമോ എന്നവര്‍ ഭയപ്പെടുന്നു.
ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ പരാജയപ്പെടാനുള്ള മറ്റൊരു കാരണം സ്ത്രീവിമോചനം എന്നത് പുരുഷനില്‍നിന്നും വസ്ത്രത്തില്‍നിന്നും കുടുംബത്തില്‍നിന്നും മതത്തില്‍നിന്നുമൊക്കെയുള്ള മോചനമാണെന്ന അവരുടെ വാദമാണ്. ഫലമോ പുരുഷന്‍ ശത്രുപക്ഷത്തായി. സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ട കുടുംബ-സാമൂഹിക പശ്ചാത്തലത്തില്‍ പരസ്പരം ശത്രുക്കളായി പോരാടാന്‍ തുടങ്ങി. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കേണ്ട സ്ത്രീ പുരുഷ ബന്ധം കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നീങ്ങി. സ്വാര്‍ഥതയും വിട്ടുവീഴ്ചയില്ലായ്മയും വളര്‍ന്നുവന്നു. ആണും പെണ്ണും ഒരുമിച്ച് പരിശ്രമിച്ച് നേടിയെടുക്കേണ്ടതായ ഇരുകൂട്ടരുടെയും പുരോഗതിക്ക് അത് തടസ്സമായി എന്നു മാത്രമല്ല, പരസ്പര ബഹുമാനത്തിനു പകരം വെറുപ്പിന്റെയും സംഘട്ടനത്തിന്റെയും അന്തരീക്ഷം കുടുംബത്തിലും തൊഴിലിടങ്ങളിലും സംജാതമായി. ‘Oppressed if you are dressed’ എന്ന് പെണ്ണിനെ പറഞ്ഞ് പഠിപ്പിക്കുകയും കമ്പോളത്തിലെ ചരക്കായി പെണ്ണുടല്‍ യഥേഷ്ടം വിറ്റഴിക്കുകയും എളുപ്പത്തില്‍ കാശുണ്ടാക്കാനുള്ള മൂലധനമായി സ്ത്രീശരീരം മാറുകയും ചെയ്തു. ഇതിന്റെ അനിവാര്യ ദുരന്തമാണ്, സ്ത്രീ ശരീരത്തിനുമേലുള്ള കൈയേറ്റങ്ങള്‍ എന്നതാണ് തിരിച്ചറിയപ്പെടേണ്ടത്. സിനിമയിലും സാഹിത്യത്തിലും സ്റ്റേജിലുമെല്ലാം പെണ്ണ് വസ്ത്രം ധരിക്കേണ്ടത് നാണം മറയ്ക്കാനല്ല മറിച്ച് സ്വകാര്യ ഭാഗം പരമാവധി പ്രോജക്ട് ചെയ്ത് കാണിക്കാനാണ് എന്ന സ്ഥിതി വന്നു. പെണ്ണുടലിന്റെ വിപണന സാധ്യതയെക്കുറിച്ച് നിരവധി പഠനങ്ങളാണ് നടന്നിട്ടുള്ളത്. ഉദാഹരണത്തിന്, എഴുത്തുകാരനും അവതാരകനുമായ ഡെന്നിസ് പ്രേജര്‍ (Dennis Prager) തന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു: ”പുരുഷന്‍ പ്രകൃത്യാ തന്നെ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത് കാഴ്ചയിലൂടെ ലൈംഗികമായി ഉത്തേജിക്കപ്പെടുന്ന രീതിയിലാണ്. ഇത് സമൂഹം ഉണ്ടാക്കിയെടുത്തതല്ല. അതുകൊണ്ടാണ് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ സ്ത്രീശരീരം മുഴുവനായോ ഭാഗികമായോ ഉപയോഗപ്പെടുത്തുന്നത്… പുരുഷന്റെ ഈ പ്രകൃതത്തെ നിഷേധിക്കുന്നത് ഭൂമി ഉരുണ്ടതാണ് എന്നത് നിഷേധിക്കുന്നതിന് തുല്യമാണ്.” ഫാഷന്റെയും ട്രെന്റിന്റെയും പേരില്‍ കമ്പോള സംസ്‌കാരം സ്ത്രീയെ ഈ രീതിയില്‍ ഇരയാക്കുന്നത് സ്ത്രീയോട് മാന്യമായി വസ്ത്രം ധരിക്കാന്‍ കല്‍പിക്കുന്ന മതമൂല്യങ്ങള്‍ക്കെതിരില്‍ പടവെട്ടുന്നതിനിടയില്‍ ഫെമിനിസ്റ്റുകള്‍ തിരിച്ചറിയാതെ പോയി. കുടുംബജീവിതം നയിക്കുന്നതും മക്കളെ വളര്‍ത്തുന്നതും സ്വതന്ത്രയായി ജോലി ചെയ്യാനും സ്വന്തം പാഷന്റെ പൂര്‍ത്തീകരണത്തിനും തടസ്സമാണെന്നു കണ്ട് കുടുംബ വ്യവസ്ഥയെ തന്നെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നു. മക്കളെ പ്രസവിക്കുന്നതും പരിപാലിക്കുന്നതും രണ്ടാംകിട ജോലിയാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടു. ഫലമോ, അത്തരം സമൂഹങ്ങളില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ ധാര്‍മിക സദാചാര മൂല്യങ്ങളുടെ ശത്രുക്കളായി മാറി. സ്വാഭാവികമായും സ്വതന്ത്ര ചിന്തയെ പാടേ അടിച്ചമര്‍ത്തിയിരുന്ന യൂറോപ്യന്‍ നാടുകളിലെ ഫ്യൂഡല്‍ പ്രഭുക്കളുടെയും മത പൗരോഹിത്യ വൃന്ദത്തിന്റെയും ചെയ്തികള്‍ക്കെതിരില്‍ ഉയര്‍ന്നുവന്ന ഒരു പ്രസ്ഥാനം എന്ന നിലയില്‍, എല്ലാ മതങ്ങളെയും ശത്രുപക്ഷത്ത് നിര്‍ത്തി അവയുടെ എല്ലാവിധ നിയന്ത്രണങ്ങളുടെയും ചങ്ങലകള്‍ പൊട്ടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അതിരുകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്ക് വഴിമാറിയതും തിരിച്ചടിയായി.
മറുഭാഗത്താവട്ടെ പെണ്ണിനെ ഇരയായും നികൃഷ്ട ജീവിയായും കണ്ടിരുന്ന മനോഭാവത്തിന് യാതൊരു മാറ്റവും സംഭവിച്ചില്ല. ആദിപാപത്തിന്റെ ഉത്തരവാദിയായി പെണ്ണിനെ ചിത്രീകരിക്കുന്ന കഥകള്‍ക്കോ സിനിമകള്‍ക്കോ പഴഞ്ചൊല്ലുകള്‍ക്കോ ഇന്നും യാതൊരു പഞ്ഞവുമില്ല. ഒരു പെണ്ണില്‍നിന്ന് എന്തെങ്കിലും അബദ്ധം സംഭവിച്ചാല്‍ ഉടനെത്തന്നെ ‘അല്ലെങ്കിലും നീ ആദി പിതാവിനെ പിഴപ്പിച്ചവളല്ലേ’ എന്ന ചോദ്യം വിദ്യാസമ്പന്നരുടെ ഇടയില്‍ പോലും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ആദി പാപത്തെക്കുറിച്ച് പരാമര്‍ശിച്ചിടത്തൊന്നും തന്നെ സ്ത്രീയെ മാത്രമായി പ്രതിക്കൂട്ടില്‍ നിര്‍ത്താത്ത, രണ്ടു പേര്‍ക്കും പടച്ചതമ്പുരാന്‍ പൊറുത്തുകൊടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന വിശുദ്ധ ഖുര്‍ആന്റെ വാഹകരില്‍ പോലും ഇതര സംസ്‌കാരങ്ങളുടെ സ്വാധീനഫലമായി ഇത്തരം കുത്തുവാക്കുകള്‍ വരാറുണ്ട്. അതുപോലെതന്നെയാണ് ആണിന്റെ വാരിയെല്ലില്‍നിന്നാണ് സൃഷ്ടിച്ചത് എന്ന പ്രചാരണം. സൂറഃ അന്നിസാഅ് ഒന്നാമത്തെ സൂക്തത്തിലൂടെ ഒരേ ആത്മാവില്‍നിന്നും സൃഷ്ടിക്കപ്പെട്ടവരാണ് സ്ത്രീയും പുരുഷനും എന്ന് വ്യക്തമാക്കിയിട്ടു പോലും ഇതര സമുദായങ്ങളെ പോലെ മുസ്‌ലിം സമുദായത്തിലും ഇത്തരം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു എന്നത് ഖേദകരമാണ്. കൂട്ടത്തില്‍ പറയട്ടെ, ആറാം നൂറ്റാണ്ടില്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടിരുന്ന അവസ്ഥയില്‍നിന്ന് സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പുരുഷനോടൊപ്പം സഹായിയും മിത്രവുമായി സ്ത്രീയെ ഉയര്‍ത്താന്‍ മുഹമ്മദ് നബിക്ക് കഴിഞ്ഞത് അവരെ തുടക്കം മുതലേ കൂടെ നിര്‍ത്തിയതുകൊും അവസരങ്ങള്‍ നല്‍കിയത് കൊണ്ടുമാണ്. വിജ്ഞാനത്തിന്റെ കൂടി കേന്ദ്രങ്ങളായ പള്ളികളില്‍ സ്ത്രീകള്‍ കുട്ടികളെയും കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കാനായി നമസ്‌കാരം വരെ ചുരുക്കുക പ്രവാചകന്റെ പതിവായിരുന്നു. എല്ലാ മണ്ഡലങ്ങളും സ്ത്രീസൗഹൃദമാക്കിക്കൊണ്ടാണ് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അതിലൂടെ കാട്ടറബികളുടേതായ ആ സമൂഹത്തെ ലോകം കണ്ട ഏറ്റവും സംസ്‌കാരസമ്പന്നമായ സമൂഹമാക്കി മാറ്റിയെടുക്കുകയും ചെയ്തത്.
ചുരുക്കത്തില്‍, പെണ്ണിന് പെണ്ണായി അന്തസ്സോടെ ജീവിക്കാന്‍ ഉതകുന്ന കഴിവും ശക്തിയും ജന്മനാ തന്നെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീയെ കുറിച്ചുള്ള സമൂഹത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകള്‍ മാറ്റിയെടുക്കാതെ, പുരുഷനെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന പ്രവണതക്ക് അറുതിവരുത്താതെ, സ്ത്രീയുടെ മൗലികവും വ്യതിരിക്തവുമായ കഴിവുകള്‍ അംഗീകരിച്ച് അവ പരിപോഷിപ്പിക്കാനും പ്രയോജനപ്പെടുത്താനും ഉതകുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ഗാര്‍ഹിക അന്തരീക്ഷങ്ങള്‍ സൃഷ്ടിക്കാതെ സ്ത്രീയുടെ അവസ്ഥക്ക് മാറ്റം വരുത്തുക അസാധ്യമാണ്. മത-ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട്, പ്രമാണങ്ങളെ കാലഘട്ടത്തിനനുസരിച്ച് വായിച്ചുകൊണ്ട് വേണ്ട പരിഷ്‌കരണങ്ങള്‍ മതവ്യാഖ്യാനങ്ങളില്‍ വരുത്തിക്കൊണ്ടുള്ള മുന്നേറ്റത്തിനേ സ്ഥായിയായ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. അല്ലാതെ പല്ലു തേക്കാതെ ലിപ്സ്റ്റിക് ഇടുന്നതുപോലുള്ള ചായം പൂശലുകളിലൂടെയും കാട്ടിക്കൂട്ടലുകളിലൂടെയും പരിഹരിക്കാവുന്നതല്ല സ്ത്രീസമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍. മാറ്റങ്ങള്‍ തുടങ്ങേണ്ടത് കുടുംബങ്ങളില്‍നിന്നു തന്നെയാണ്, അങ്ങാടിയില്‍നിന്നല്ല. പെണ്ണിനെ ആദരിക്കാനും അംഗീകരിക്കാനും ആണിനും, ആണിനെ ആദരിക്കാനും അംഗീകരിക്കാനും പെണ്ണിനും തോന്നുന്ന കുടുംബാന്തരീക്ഷങ്ങളാണ് പ്രശ്‌നപരിഹാരത്തിനുള്ള യഥാര്‍ഥ പോംവഴി.