ചോദ്യം: വിവാഹബാഹ്യമായി അടിമത്തത്തിലുള്ള സ്ത്രീകളുമായി ലൈംഗികബന്ധത്തിന് ഇസ്‌ലാം അനുമതി നൽകുന്നതിന്റെ സാംഗത്യമെന്താണ്? അവരിൽ പിറക്കുന്ന സന്താനങ്ങളുടെ കുടുംബപരിഗണനയും സാമൂഹികാംഗീകാരവും സംബന്ധിച്ചുള്ള മതകീയ മാനം എന്താണ്? പ്രസ്തുത സമ്പ്രദായം സദാചാര നൈതിക ബോധ സങ്കൽപത്തെ അട്ടിമറിക്കുംവിധം പ്രാകൃതവും കുത്തഴിഞ്ഞതുമാണെന്ന് തോന്നുന്നുവെങ്കിൽ അവരെ കുറ്റം പറയാനൊക്കുമോ?
ഉത്തരം: മിക്ക ലോകഭാഷകളിലെയും ഗ്രന്ഥങ്ങളിലൂടെ ഇസ്‌ലാമിക പണ്ഡിതന്മാരും ചിന്തകരും മറുപടി നൽകിക്കഴിഞ്ഞ ആരോപണങ്ങളുടെ നൂറ്റൊന്നാവർത്തി മാത്രമാണ് ചോദ്യത്തിൽ ഉദ്ധരിച്ച ഭാഗങ്ങളും. മലയാളത്തിൽ തന്നെ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (കോഴിക്കോട്) പ്രസിദ്ധീകരിച്ച യുക്തിവാദികളും ഇസ്‌ലാമും, ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെട്ട മതം പോലുള്ള കൃതികളിൽ അടിമത്ത പ്രശ്നം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. മതനിഷേധികളും യുക്തിവാദികളും ആരോപണങ്ങൾ നിരന്തരം ആവർത്തിക്കുന്നത്, മറുപടികൾ സാമാന്യ വായനക്കാർ കണ്ടിട്ടില്ലെന്ന ഉത്തമവിശ്വാസം മൂലമാവണം.
തടവറകളോ യുദ്ധത്തടവുകാരെക്കുറിച്ച് അന്താരാഷ്ട്ര നിയമങ്ങളോ ഒന്നും നിലവിലില്ലാതിരുന്ന എ.ഡി. ഏഴാം നൂറ്റാണ്ടിലായിരുന്നു മുഹമ്മദ് നബി(സ)യുടെ ദൗത്യവും വിശുദ്ധ ഖുർആന്റെ അവതരണവും എന്ന ചരിത്ര വസ്തുത ആദ്യമേ മുമ്പിലുണ്ടാവണം. ഗോത്രവർഗങ്ങൾ പരസ്പരം അക്രമിച്ച് ജേതാക്കൾ പരാജിതരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി പിടിക്കുന്ന സമ്പ്രദായമായിരുന്നു നിലവിൽ. മുഹമ്മദ് നബി ആദ്യമായി ചെയ്തത് അടിമകൾക്ക് മാന്യമായ പെരുമാറ്റവും ജോലി ലഘൂകരണവും തൃപ്തികരമായ ജീവനാംശവും ഉറപ്പുവരുത്തുകയാണ്. രണ്ടാമത്തെ ഘട്ടത്തിൽ അടിമകളുടെ മോചനം പുണ്യകർമമായി പ്രഖ്യാപിക്കുകയും ചില കുറ്റങ്ങൾക്ക് അത് പ്രായശ്ചിത്തമാക്കുകയും മുസ്‌ലിംകളുടെ സകാത്തിൽ ഒരു വിഹിതം അടിമമോചനത്തിന് നീക്കിവെക്കുകയും ചെയ്തു. മൂന്നാമതായി, അദ്ദേഹം നയിച്ച യുദ്ധങ്ങളിലെ തടവുകാരെ മോചനദ്രവ്യം വാങ്ങിയോ അല്ലാതെയോ വിട്ടയക്കുന്ന സമ്പ്രദായം ഏർപ്പെടുത്തി. അങ്ങനെ അദ്ദേഹം മോചിപ്പിച്ച അടിമസ്ത്രീകളായിരുന്നു പിന്നീട് തന്റെ പത്നിമാരായി വന്ന സ്വഫിയ്യയും ജുവൈരിയയും, അടിമസ്ത്രീകളിൽ യജമാനന് സന്താനമുണ്ടായാൽ അവർ നിയമാനുസൃത മക്കളാണ്. മക്കളുടെ എല്ലാ അവകാശങ്ങളും അവർക്കുണ്ടുതാനും. മാതാവായ അടിമസ്ത്രീ യജമാനന്റെ മരണത്തോടെ സ്വതന്ത്രയാവും. നബിക്ക് രണ്ടോ മൂന്നോ അടിമസ്ത്രീകളേ ഉണ്ടായിരുന്നുള്ളൂ. അവരെല്ലാം പിന്നീട് സ്വതന്ത്രകളായി. ഖലീഫമാർക്കും പരിമിതമായ അടിമസ്ത്രീകളാണുണ്ടായിരുന്നത്. പിൽക്കാലത്ത് ജയിച്ചടക്കുന്ന നാടുകളിലെ പൗരന്മാരെ അടിമകളാക്കുന്ന സമ്പ്രദായം തന്നെ ഖലീഫമാർ നിർത്തലാക്കി. അനേകായിരം വെപ്പാട്ടികളെ സംരക്ഷിക്കുന്ന ഖലീഫമാർ ഇസ്‌ലാമിൽ ഉണ്ടായിട്ടില്ല. ഖുർആൻ ലൈംഗിക സദാചാരത്തെ ഏറ്റവും കർക്കശമാക്കിയ ദിവ്യഗ്രന്ഥമാണ്.
‘മുത്അ’ എന്ന താൽക്കാലിക വിവാഹം ഇസ്‌ലാമിനു മുമ്പുള്ള കാലഘട്ടത്തിലേതാണ്. നബി(സ) അത് ക്രമാനുഗതമായി നിർത്തലാക്കി. ഖൈബർ യുദ്ധത്തോടെ നിശ്ശേഷം നിരോധിച്ചു. ഇബ്നു അബ്ബാസോ മറ്റു ഉത്തരവാദപ്പെട്ടവരോ പിന്നീടത് അനുവദിച്ചിട്ടില്ല. ഖലീഫാ ഉമർ മുത്അ വിവാഹത്തിലേർപ്പെടുന്നവർക്ക് വ്യഭിചാരിയുടെ ശിക്ഷയാണ് പ്രഖ്യാപിച്ചത്. ശീഈകളിൽ ഒരു വിഭാഗം ഇപ്പോഴുമത് അനുവദിക്കുന്നുണ്ടെങ്കിലും സുന്നീ പണ്ഡിതന്മാർ തീർത്തും അതിനെതിരാണ്.