Question: “ദരിദ്രരും ചൂഷിതരുമായ സാധാരണക്കാരെ സ്വർഗം പറഞ്ഞ് സമാശ്വസിപ്പിക്കുകയും അവരുടെ സമരാവേശത്തെ കെടുത്തുകയുമല്ലേ മതം ചെയ്യുന്നത് സമ്പന്ന വർഗത്തിന്റെ താൽപര്യ സംരക്ഷണത്തിനല്ലേ മതം സ്വർഗ നരകങ്ങളെക്കുറിച്ച് സംസാരിക്കുന്നത്?”
Answer: മതത്തെ സംബന്ധിച്ച് വളരെ വ്യാപകമായി വളർത്തപ്പെട്ട വികല ധാരണകളാണ് ഇത്തരം സംശയങ്ങൾക്കു കാരണം. മർദിതരുടെയും ചൂഷിതരുടെയും മോചനമാർഗമായ മതത്തെ സംബന്ധിച്ച് ഇത്തരം ഗുരുതരമായ തെറ്റുധാരണകൾ വളർന്നുവന്നതിൽ വിശ്വാസികളും വിരുദ്ധരും ഒരുപോലെ കുറ്റക്കാരാണ്. സ്വർഗ-നരകങ്ങളിലുള്ള വിശ്വാസം സകലവിധ ചൂഷണങ്ങൾക്കും അറുതിവരുത്തി, സാമൂഹിക സമത്വവും സാമ്പത്തിക നീതിയും സ്ഥാപിക്കുകയാണ് ചെയ്യുക. വിശുദ്ധ ഖുർആന്റെ സാമ്പത്തിക സമീപനം ശ്രദ്ധിക്കുന്ന ആർക്കുമിത് സുതരാം വ്യക്തമാകും.
1. ഇസ്‌ലാമിക വീക്ഷണത്തിൽ ധനം ദൈവത്തിന്റേതാണ്. മനുഷ്യരിലാർക്കും അതിന്റെ മേൽ പരമവും പൂർണവുമായ ഉടമാവകാശമില്ല. കൈകാര്യാവകാശമേയുള്ളൂ. അതും അനിയന്ത്രിതമല്ല. കണിശമായ ദൈവികശാസനകൾക്ക് വിധേയമാണ്. സമ്പന്ന വിഭാഗത്തിന്റെ വശമുള്ള സ്വത്തിൽ ദരിദ്രർക്കും അഗതികൾക്കും അവകാശമുണ്ടെന്ന് ഖുർആൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. മാത്രമല്ല; ആ അവകാശം നിഷേധിക്കൽ ദൈവനിഷേധം പോലെ ഗുരുതരമാണെന്നും തികഞ്ഞ മതനിഷേധമാണെന്നും അത് പഠിപ്പിക്കുന്നു. നരകശിക്ഷക്കു കാരണമാകുന്ന കുറ്റകൃത്യങ്ങളെയൊക്കെ രണ്ടായി സംഗ്രഹിച്ചാൽ അതിലൊന്ന് അഗതിക്ക് ആഹാരം നൽകാൻ പ്രേരിപ്പിക്കാതിരിക്കലാണെന്ന് മതം പഠിപ്പിക്കുന്നു. അല്ലാഹു അറിയിക്കുന്നു. “കർമപുസ്തകം ഇടതുകൈയിൽ നൽകപ്പെടുന്നവൻ പറയും: ‘കഷ്ടം! എനിക്കെന്റെ കർമപുസ്തകം കിട്ടാതിരുന്നെങ്കിൽ! എന്റെ കണക്ക് എന്തെന്ന് ഞാൻ അറിഞ്ഞിരുന്നില്ലെങ്കിൽ മരണത്തോടെ എല്ലാം അവസാനിച്ചിരുന്നെങ്കിൽ! എന്റെ ധനമെനിക്ക് ഒട്ടും പ്രയോജനപ്പെട്ടില്ല. എന്റെ അധികാരമൊക്കെയും നശിച്ചുപോയി.’ അപ്പോൾ ദൈവശാസനയുണ്ടാകും: അവനെ പിടിക്കൂ. ചങ്ങലയിൽ കുരുക്കിയിടൂ! എന്നിട്ട് നരകത്തിലേക്കെറിയൂ. പിന്നെ എഴുപതു മുഴം നീളമുള്ള ചങ്ങലയിൽ ബന്ധിക്കൂ. കാരണം അവൻ മഹോന്നതനായ അല്ലാഹുവിൽ വിശ്വസിച്ചിരുന്നില്ല. അഗതികളുടെ ആഹാരമവർക്കു നൽകാൻ പ്രേരിപ്പിച്ചിരുന്നില്ല. അതിനാൽ ഇന്നിവിടെ അവനോടനുഭാവമുള്ള ഒരു മിത്രവുമില്ല. വ്രണങ്ങളുടെ ദുഷ്ടുകളല്ലാതെ അവന് ഒരാഹാരവുമില്ല. പാപികൾ മാത്രമേ അത് ഭക്ഷിക്കുകയുള്ളൂ”(അധ്യായം 69, സൂക്തം 25-37)
നരകാവകാശികൾ കുറ്റം ഏറ്റുപറയുമ്പോഴും തങ്ങളുടെ ദുഃസ്ഥിതിക്ക് കാരണമായി എണ്ണുന്നത് അഗതികൾക്ക് ആഹാരം നൽകാതിരുന്നതത്രെ. “ഓരോ മനുഷ്യനും താൻ സമ്പാദിച്ചതിനു കടപ്പെട്ടിരിക്കുന്നു. വലതുപക്ഷമൊഴികെ. അവർ സ്വർഗാവകാശികളായിരിക്കും. അവർ കുറ്റവാളികളോട് ചോദിക്കും: നിങ്ങൾ നരകത്തിൽ പ്രവേശിക്കാൻ കാരണമെന്താണ് അവർ പറയും: ഞങ്ങൾ നമസ്കരിക്കുന്നവരായിരുന്നില്ല. അഗതികൾക്ക് അന്നം നൽകിയിരുന്നില്ല. സത്യത്തിനെതിരെ വാദങ്ങൾ മെനയുന്നവരോടൊപ്പം ഞങ്ങളും അത് ചെയ്യാറുണ്ടായിരുന്നു. വിധിദിനത്തെ നിഷേധിക്കുന്നവരായിരുന്നു ഞങ്ങൾ. അങ്ങനെ ആ അനിഷേധ്യ യാഥാർഥ്യം ഞങ്ങൾ നേരിട്ടനുഭവിച്ചു.”(അധ്യായം 74, സൂക്തം 38-47)
പ്രിയമുള്ളവരേ ഇനി പറയൂ! ഈ സ്വർഗ-നരക വിശ്വാസം ദരിദ്രർക്കും അഗതികൾക്കും ഗുണമാണോ ദോഷമാണോ വരുത്തുക? സാമ്പത്തിക അനീതി നിലനിർത്തുകയാണോ അതോ അവസാനിപ്പിക്കുകയാണോ ചെയ്യുക?
ഖുർആൻ പിന്നെയും പറയുന്നു: “അവരുടെ ധനത്തിൽ ചോദിക്കുന്നവന്നും ആശ്രയമറ്റവന്നും അവകാശമുണ്ട്”(അധ്യായം 51, സൂക്തം 19)
“ബന്ധുവിനും ദരിദ്രന്നും വഴിയാത്രക്കാരന്നും അവരുടെ അവകാശം നൽകുക.”(അധ്യായം 17, സൂക്തം 26)
“മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടുവോ? അവൻ അനാഥരെ അവഗണിക്കുന്നവനാണ്; അഗതിക്ക് ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കാത്തവനും”(അധ്യായം 107, സൂക്തം 1-3)
ഈ വിശുദ്ധ വചനങ്ങളിൽ വിശ്വസിക്കുന്നവർ അനാഥരെ അവഗണിക്കുകയോ അഗതികൾക്കും ദരിദ്രർക്കും അവരുടെ അവകാശം നിഷേധിക്കുകയോ ഇല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
2. ധനം വ്യയം ചെയ്യാതെ ശേഖരിച്ചു വയ്ക്കുന്നവർക്ക് മരണശേഷം കൊടിയ ശിക്ഷയുണ്ടാകുമെന്ന് താക്കീതു ചെയ്യുന്ന ഖുർആൻ, സമ്പത്ത് ധനിക വർഗത്തിനിടയിൽ മാത്രം കറങ്ങുന്ന അവസ്ഥ ഉണ്ടാവരുതെന്ന് ആവശ്യപ്പെടുന്നു. അതോടൊപ്പം അതിരുവിട്ട പണക്കൊതിയെ രൂക്ഷമായി ആക്ഷേപിക്കുകയും ചെയ്യുന്നു: “നിശ്ചയം, മനുഷ്യന്റെ ധനക്കൊതി കഠിനം തന്നെ” (അധ്യായം 100, സൂക്തം 8)
“അല്ല. ഒരിക്കലുമല്ല. നിങ്ങൾ അനാഥരോട് ആദരവോടെ പെരുമാറുന്നില്ല. അഗതികൾക്ക് അന്നം നൽകാൻ പരസ്പരം പ്രേരിപ്പിക്കുന്നുമില്ല. പൈതൃകസ്വത്തൊക്കെയും ശേഖരിച്ചുവച്ചു തിന്നുകയാണ്. നിങ്ങൾ വഷളാം വിധം ധനപ്രമത്തിലകപ്പെട്ടിരിക്കുന്നു” (അധ്യായം 89, സൂക്തം 17-20)
“സമ്പത്ത് നിങ്ങൾക്കിടയിലെ ധനികവിഭാഗത്തിനിടയിൽ മാത്രം കൈയാളപ്പെടുന്ന ഒന്നാവാതിരിക്കാൻ വേണ്ടിയാണിത്” (59:7)
“സ്വർണവും വെള്ളിയും ശേഖരിച്ചുവയ്ക്കുകയും എന്നിട്ടത് ദൈവമാർഗത്തിൽ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന വാർത്ത അവരെ അറിയിക്കുക. അതേ സ്വർണവും വെള്ളിയും നരകാഗ്നിയിൽ പഴുപ്പിക്കുകയും അനന്തരം അതുകൊണ്ട് അവരുടെ നെറ്റികളും പാർശ്വങ്ങളും മുതുകുകളും ചൂടുവയ്ക്കപ്പെടുകയും ചെയ്യുന്ന ഒരു ദിനം വരുന്നുണ്ട്” (9: 34, 35)
ഇവ്വിധം രക്ഷാശിക്ഷകളിൽ വിശ്വസിക്കുന്നവർ ധനം കുന്നുകൂട്ടി വയ്ക്കുകയില്ലെന്നും ദൈവമാർഗത്തിൽ ദരിദ്രർക്കത് നിർലോഭം നൽകുമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.
3. ധനം ചെലവഴിക്കുന്നവർ മാത്രമാണ് വിശ്വാസികളും സ്വർഗാവകാശികളുമെന്ന് പഠിപ്പിക്കുന്ന പരിശുദ്ധ ഖുർആൻ ഏറ്റവും പുണ്യകരമായ കാര്യമതാണെന്നും അതിന് അനേകമിരട്ടി പ്രതിഫലമുണ്ടെന്നും പഠിപ്പിക്കുന്നു:
“നിങ്ങൾ പശ്ചിമ ദിക്കിലേക്കോ പൂർവദിക്കിലേക്കോ മുഖം തിരിക്കുക എന്നതിലല്ല പുണ്യം. പിന്നെയോ, മനുഷ്യൻ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദത്തിലും പ്രവാചകന്മാരിലും ആത്മാർഥമായി വിശ്വസിക്കുകയും അല്ലാഹുവോടുള്ള സ്നേഹത്തിന്റെ പേരിൽ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കൾക്കും അനാഥർക്കും അഗതികൾക്കും യാത്രക്കാർക്കും സഹായമഭ്യർഥിക്കുന്നവർക്കും അടിമകളെ മോചിപ്പിക്കുന്നതിനും ചെലവഴിക്കുകയും നമസ്കാരം നിലനിർത്തുകയും സകാത്ത് നൽകുകയും ചെയ്യലാണ് പുണ്യം”(2: 177)
“ഞാൻ ധാരാളം ധനം തുലച്ചുകളഞ്ഞിട്ടുണ്ടെ’ന്ന് അവൻ ഘോഷിക്കുന്നുവല്ലോ. തന്നെ ആരും കണ്ടിട്ടില്ലെന്നാണോ അവന്റെ വിചാരം? നാമവന് രണ്ടു കണ്ണുകളും ഒരു നാവും ചുണ്ടിണകളും നൽകിയില്ലേ? വ്യക്തമായ രണ്ടു വഴികൾ (നന്മയുടെയും തിൻമയുടെയും) കാണിച്ചുകൊടുക്കുകയും ചെയ്തില്ലേ? പക്ഷേ, അവൻ ദുർഘടമായ മാർഗം താണ്ടാൻ തയ്യാറായില്ല. ആ ദുർഘടമായ മാർഗം ഏതെന്ന് താങ്കൾക്ക് എന്തറിയാം? അടിമയെ മോചിപ്പിക്കുക, അല്ലെങ്കിൽ പട്ടിണിനാളിൽ ബന്ധുവായ അനാഥക്കോ അവശനായ അഗതിക്കോ ആഹാരം നൽകുക; പിന്നെയവൻ വിശ്വാസം സ്വീകരിച്ചവരും ക്ഷമയും കാരുണ്യവും അന്യോന്യം ഉപദേശിക്കുന്നവരുമായ ജനത്തിൽ ഉൾപ്പെടുകയും ചെയ്യുക; ഇവയെല്ലാമാണത്” (90:7-17)
“നിങ്ങൾക്ക് ഏറെ പ്രിയങ്കരമായ വസ്തുക്കളെന്തോ അത് ചെലവഴിക്കാതെ പുണ്യം നേടുക സാധ്യമല്ല. നിങ്ങൾ ചെലവഴിക്കുന്നതെന്തും സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു” (3: 92)
ഈ വിശുദ്ധ വാക്യങ്ങളംഗീകരിക്കുന്നവർ ദരിദ്രർക്കുള്ള ധനവ്യയത്തിലൊട്ടും പിശുക്കു കാട്ടുകയില്ലെന്നും പാവപ്പെട്ടവരുടെ പ്രയാസങ്ങളകറ്റുന്നതിൽ നിതാന്ത ജാഗ്രത പുലർത്തുമെന്നതിലും സംശയമില്ല.
4. ഇസ്‌ലാം ചൂഷണത്തിന്റെ എല്ലാ വഴികളും കൊട്ടിയടക്കുന്നു. സമൂഹത്തിന് ഹാനികരമായ സമ്പാദ്യമാർഗങ്ങളെ കണിശമായി വിലക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:
“കള്ളത്താപ്പുകാർക്ക് കൊടിയ നാശം! ആളുകളോട് അളന്നെടുക്കമ്പോൾ തികച്ചുവാങ്ങുകയും അളന്നോ തൂക്കിയോ കൊടുക്കുമ്പോൾ കുറവുവരുത്തുകയും ചെയ്യുക എന്നതത്രെ അവരുടെ സ്വഭാവം. ഒരു കഠിനനാളിൽ തങ്ങൾ ഉയിർത്തെഴുന്നേൽപിച്ച് കൊണ്ടുവരപ്പെടുന്നവരാണെന്ന് ഈ ജനം മനസ്സിലാക്കുന്നില്ലയോ? അന്നാളിൽ മനുഷ്യരൊക്കെയും ലോകനാഥന്റെ സന്നിധിയിൽ വന്നുനിൽക്കേണ്ടി വരും” (83: 1-6)
“പലിശ ഭുജിക്കുന്നവരോ, അവരുടെ ഗതി പിശാച് ബാധിച്ച് ഭ്രാന്ത് പിടിച്ചവന്റേതുപോലെയാണ്. ” (2: 275)
പലിശ വൻ പാപമാണെന്നും അതു തിന്നുന്നവർ നരകാവകാശികളാ ണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ചൂതാട്ടം പോലുള്ള സാമ്പത്തിക ചൂഷണത്തെയും അത് ശക്തിയായി വിലക്കിയിട്ടുണ്ട്. പ്രവാചകൻ തിരുമേനി പറയുന്നു:
“ആർ വഞ്ചന നടത്തിയോ അവർ നമ്മുടെ കൂട്ടത്തിൽ പെട്ടവ നല്ല” (അഹ്മദ്, തിർമിദി)
“പൂഴ്ത്തിവച്ചവൻ പാപിയാണ്” (മുസ്ലിം, അബൂദാവൂദ്)
“തൊഴിലാളിയെക്കൊണ്ട് വേലയെടുപ്പിച്ച് കൂലി കൊടുക്കാത്തവരുടെ ശത്രുവായിരിക്കും അന്ത്യനാളിൽ അല്ലാഹു” (ബുഖാരി)
ഇങ്ങനെ സാമ്പത്തിക ചൂഷണത്തിന്റെ കവാടങ്ങളെല്ലാം കൊട്ടിയടക്കുന്ന ഇസ്‌ലാം പിശുക്കിനെ രൂക്ഷമായി ആക്ഷേപിക്കുന്നു. അവരെ ബാധിക്കാനിരിക്കുന്ന കൊടിയ ശിക്ഷയെ കുറിച്ച് താക്കീതു നൽകുകയും ചെയ്യുന്നു:
“അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ പിശുക്ക് കാണിക്കുന്നവർ, ആ പിശുക്ക് തങ്ങൾക്ക് ഗുണകരമാണെന്ന് കരുതാതിരിക്കട്ടെ. അല്ല, അതവർക്ക് വളരെ ദോഷകരമാകുന്നു. തങ്ങൾ പിശുക്കി സമ്പാദിച്ചുവച്ചതൊക്കെയും അന്ത്യനാളിലവരുടെ കണ്ഠത്തിലണിയിക്കപ്പെടും. വാന-ഭുവനങ്ങളുടെ അന്തിമമായ അവകാശം അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹു നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിനെ കുറിച്ചൊക്കെയും അഭിജ്ഞനല്ലോ” (ആലു ഇംറാൻ 180)
5. മർദിതരെയും ചൂഷിതരെയും അവരനുഭവിക്കുന്ന ദുരിതാവസ്ഥയിൽ വിടാനല്ല മതമാവശ്യപ്പെടുന്നത്. മറിച്ച്, അവരുടെ രക്ഷക്കും മോചനത്തിനുമായി യത്നിക്കാനും പൊരുതാനുമാണ്. ഖുർആൻ ചോദിക്കുന്നു: “പീഡിതരും അടിച്ചമർത്തപ്പെട്ടവരുമായ സ്ത്രീ പുരുഷന്മാർക്കു വേണ്ടി നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ, പറഞ്ഞുകൊണ്ടേയിരിക്കുന്നു: ‘നാഥാ, മർദകരായ നിവാസികളുടെ ഈ പട്ടണത്തിൽ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കൽ നിന്ന് ഞങ്ങൾക്ക് ഒരു രക്ഷകനെ നിശ്ചയിച്ചു തരേണമേ! നീ ഞങ്ങൾക്ക് ഒരു സഹായിയെയും ഉണ്ടാക്കിത്തരേണമേ!” (3:75) പ്രവാചകൻ പറയുന്നു. “വിധവക്കും അഗതിക്കും വേണ്ടി അധ്വാനിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിൽ പൊരുതുന്നവനെപ്പോലെയാണ്” (ബുഖാരി).“എല്ലാ കാലുകളും തെന്നി നരകത്തിൽ പതിക്കുന്ന ദിവസം. മർദിതനോടൊത്തുനിന്ന് അവന്റെ അവകാശം നേടിക്കൊടുത്തവന്റെ ഇരുകാലുകളും പതറാതെ ഉറച്ചുനിൽക്കും.
മതവും അതനുശാസിക്കുന്ന സ്വർഗ-നരക വിശ്വാസവും എല്ലാവിധ ചൂഷണങ്ങൾക്കുമറുതി വരുത്തി സാമ്പത്തിക നീതിയും സാമൂഹിക സമത്വവും സ്ഥാപിക്കുകയാണ് ചെയ്യുന്നതെന്ന് ഈ വസ്തുതകളൊക്കെയും അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. മതത്തിന്റെ നിയോഗം മർദിതരുടെ മോചനമായതിനാലാണ്, ചരിത്രത്തിലെന്നും എവിടെയും പ്രവാചകന്മാരുടെയും അവരുടെ പാത പിന്തുടർന്ന മതപ്രബോധകരുടെയും പ്രവർത്തകരുടെയും മുഖ്യ പ്രതിയോഗികൾ പണക്കാരും പ്രമാണിമാരും മർദകരായ അധികാരികളുമായത്. മർദകരുടെയും ചൂഷകരുടെയും മടക്കം നരകത്തിലേക്കാണെന്നും സുമനസ്സുകൾക്കും സുകർമികൾക്കും മാത്രമേ സ്വർഗം ലഭിക്കുകയുള്ളൂവെന്നും പഠിപ്പിക്കുന്ന മതവിശ്വാസം ചൂഷണവ്യവസ്ഥക്ക് അറുതി വരുത്തുകയാണ്, അതിനെ താങ്ങിനിർത്തുകയല്ല ചെയ്യുകയെന്നത് പകൽവെളിച്ചം പോലെ പ്രകടമത്രെ.