Question: “എങ്ങനെയാണ് ഒരാൾ ദൈവദൂതനാണോ അല്ലേയെന്ന് തിരിച്ചറിയുക?”
Answer: സമകാലീന സമൂഹത്തിലെ സത്യസന്ധനായ ഏതൊരാൾക്കും തിരിച്ചറിയാൻ സാധിക്കുമാറ് സവിശേഷമായ വ്യക്തിത്വത്തിന്റെ ഉടമയായിരിക്കും ദൈവദൂതൻ. അദ്ദേഹം പരമപരിശുദ്ധനായിരിക്കും. ജീവിതത്തിലൊരിക്കലും കള്ളം പറയില്ല. സത്യവിരുദ്ധമായി ഒന്നും പ്രവർത്തിക്കുകയില്ല. പ്രകൃതം തീർത്തും പാവനമായിരിക്കും. ചീത്ത വാക്കോ ദുർവൃത്തിയോ ദൈവദൂത നിൽനിന്നൊരിക്കലുമുണ്ടാവുകയില്ല. സത്യവും നീതിയും സൽക്കർമവും മറ്റുള്ളവരോട് ഉപദേശിക്കുന്നതോടൊപ്പം സ്വയം നടപ്പാക്കുകയും ചെയ്യും. പറയുന്നതിനെതിരെ പ്രവർത്തിച്ചതിന് ഒരൊറ്റ ഉദാഹരണം പോലും കാണപ്പെടുകയില്ല. എപ്പോഴും ഋജുവും ശ്രേഷ്ഠവും സുതാര്യവും സംശുദ്ധവും സംശയരഹിതവുമായ മാർഗമേ അവലംബിക്കുകയുള്ളൂ. സകല വിധ സ്വാർഥതകളിൽ നിന്നും തീർത്തും മുക്തനായിരിക്കും. ആരെയും വാക്കാലോ പ്രവൃത്തിയാലോ ദ്രോഹിക്കുകയില്ല. ആരുടെയും അവകാശം അശേഷം കവർന്നെടുക്കുകയില്ല. സത്യസന്ധത, ത്യാഗശീലം, ശ്രേഷ്ഠ ചിന്ത, സന്മാർഗനിഷ്ഠ, നന്മ പോലുള്ള ഉത്തമ ഗുണങ്ങൾക്ക് എക്കാലത്തെയും ഏറ്റവും നല്ല മാതൃകയായിരിക്കും. ആരെത്ര ശ്രമിച്ചാലും ദൈവദൂതന്റെ ജീവിതത്തിൽ ന്യൂനത കണ്ടെത്തുക സാധ്യമല്ല.
കവിയെ അയാളുടെ കവിതയിലൂടെയും കലാകാരനെ അയാളുടെ വരകളിലൂടെയും തിരിച്ചറിയുന്നപോലെ സമൂഹം പ്രവാചകനെ അദ്ദേഹത്തിന് അവതീർണമാകുന്ന കാര്യങ്ങളിലൂടെ മനസ്സിലാക്കുക തന്നെ ചെയ്യും. അന്യർക്ക് ഊഹിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ദൈവദൂതന്റെ മനസിൽ അനായാസം തെളിഞ്ഞുവരുന്നു. അവയൊക്കെ ശരിയാണെന്ന് സമൂഹത്തിന് ബോധ്യമാവുകയും ചെയ്യുന്നു. ഇങ്ങനെ എല്ലാ ദൈവദൂതന്മാരും തങ്ങളുടെ സമൂഹത്തിലെ സകല സുമനസ്സുകളാലും തിരിച്ചറിയപ്പെടുന്നു.
ദൈവദൂതനെ എങ്ങനെ തിരിച്ചറിയാം
previous post