Question: “എന്തിനാണ് മുസ്‌ലിംകൾ കഅ്ബക്കു ചുറ്റും കറങ്ങുന്നത്. എന്താണ് അതിന്റെ പ്രയോജനം? ഒരർഥവുമില്ലാത്ത ആചാരമല്ലേ അത്?“
Answer: ദൈവമാണ് തന്നെ എങ്ങനെ ആരാധിക്കണമെന്ന് തീരുമാനിക്കേണ്ടത്.പൂർവപ്രവാചകനായ ഇബ്റാഹീം നബിയുടെ കാലം തൊട്ടേയുള്ള ദൈവ നിശ്ചിതമായ ആരാധനാകർമമാണത്. നമുക്കു തോന്നിയതുപോലെയല്ലല്ലോ നാം ദൈവത്തെ വണങ്ങേണ്ടത്. അങ്ങനെ ആയിരുന്നുവെങ്കിൽ നമുക്ക് യുക്തമെന്ന് തോന്നുന്ന രീതികൾ ആവിഷ്കരിക്കാമായിരുന്നു. എന്നാൽ ആരാധനാകർമങ്ങൾ ഏതൊക്കെയെന്നും എപ്പോൾ, ഏതുവിധമെന്നും ദൈവം കണിശമായി നിർണയിച്ചിട്ടുണ്ട്. തന്റെ ദൂതന്മാരിലൂടെ സമൂഹത്തെ പഠിപ്പിച്ചിട്ടുമുണ്ട്. അവയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കാനോ വെട്ടിക്കുറയ്ക്കാനോ മാറ്റം വരുത്താനോ ആർക്കും അനുവാദമോ അവകാശമോ ഇല്ല. കഅ്ബക്കു ചുറ്റുമുള്ള കറക്കവും ഈവിധം നിർണിത രൂപമുള്ള, ദൈവനിർദിഷ്ടമായ ആരാധനാ കർമമാണ്. എന്നാൽ ഇതിന്റെ പിന്നിൽ മഹത്തായ യുക്തിയും അർഥവുമുണ്ടെന്ന് അൽപം ആലോചിച്ചാൽ മനസ്സിലാക്കാവുന്നതാണ്.
മനുഷ്യൻ പ്രപഞ്ചഘടനയോട് താദാത്മ്യം പ്രാപിക്കുന്നു; അതിലെ അത്ഭുതകരമായ സംവിധാനത്തോട് ഉൾച്ചേരുന്ന അതിവിശിഷ്ടമായ ആരാധനാകർമമാണത്. വിശുദ്ധ കഅ്ബയാണതിന്റെ കേന്ദ്രബിന്ദു. ജനം അതിനു ചുറ്റും കറങ്ങുന്നു. സൗരയൂഥത്തിലെ ഗ്രഹങ്ങൾ സൂര്യനു ചുറ്റുമെന്ന പോലെ. പരമാണുവിലെ ഇലക്ട്രോണുകൾ ന്യൂക്ലിയസിനു ചുറ്റും കറങ്ങുന്നതുപോലെ, ഏഴുതവണ ചുറ്റിയാലേ ഒരു പ്രാവശ്യമായി പരിഗണിക്കുകയുള്ളൂ. അഥവാ ഏഴു പ്രാവശ്യം ചുറ്റുന്നതാണ് ഒരു ത്വവാഫ്. ഇവിടെ ഏഴ് എന്നത് പ്രപഞ്ചഘടനയെ പ്രതിനിധീകരിക്കുന്നു. ഭൂഖണ്ഡങ്ങൾ ഏഴാണല്ലോ. സമുദ്രവും ഏഴുതന്നെ. ആകാശവും ഏഴാണെന്ന് ഖുർആൻ പറയുന്നു.
വലതുവശത്തിന് ഏറെ പ്രാമുഖ്യം കൽപിച്ച് ഇസ്‌ലാം ത്വവാഫിൽ കഅ്ബ, തീർഥാടകന്റെ ഇടതുവശത്താവണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ഇത് വളരെയേറെ ശ്രദ്ധേയമത്രെ. ഇതുവഴി കഅ്ബക്കു ചുറ്റുമുള്ള കറക്കം പ്രകൃതിവ്യവസ്ഥയുമായി പൂർണമായും പൊരുത്തപ്പെടുന്നു. സൗരയൂഥത്തിലെ ഗോളങ്ങൾ സൂര്യനെ ചുറ്റുന്നത്. അത് ഇടതുവശം വരുംവിധമാണ്. അഥവാ ത്വവാഫിലേതുപോലെ, ഘടികാരത്തിന്റെ സൂചി പിറകോട്ട് തിരിയുംവിധമാണ്. ഗ്രഹങ്ങൾ സ്വന്തം അക്ഷത്തിൽ കറങ്ങുന്നതും ആവിധം തന്നെ. ധൂമകേതുക്കൾ സൂര്യനുചുറ്റും ചലിക്കുന്നതും അതേ ദിശയിലാണ്. അണ്ഡ-ബീജസങ്കലനം നടക്കും മുമ്പ് പുരുഷബീജങ്ങൾ അണ്ഡത്തിനു ചുറ്റും കറങ്ങുന്നതും ആന്റിക്ലോക്ക് വൈസിലാണ്. അങ്ങനെ വിശിഷ്ടമായ ഈ ആരാധനാകർമം പ്രപഞ്ചവ്യവസ്ഥയോട് വിസ്മയകരമാം വിധം യോജിച്ചുവന്നിരിക്കുന്നു. പരമാണു മുതൽ ഗാലക്സി വരെയുള്ള പ്രവിശാലമായ ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ് താനെന്നും അവയൊക്കെ സ്രഷ്ടാവായ ദൈവത്തിന് വഴങ്ങി, വണങ്ങുന്ന പോലെ താനും അവനെ മാത്രം ആരാധിച്ചും അനുസരിച്ചും ജീവിക്കേണ്ടവനാണെന്നുമുള്ള ബോധമുണർത്തുന്ന ഈ അനുഷ്ഠാനം താനെങ്ങനെ ചെയ്യുമെന്നതിന്റെ പ്രതീകാത്മകമായ പ്രഖ്യാപനം കൂടിയാണ്.
കഅ്ബക്കു ചുറ്റുമുള്ള കറക്കത്തിന്റെ അതിമഹത്തരവും അത്യന്തം വിസ്മയകരവുമായ ഈ അർഥതലങ്ങൾ അറിയാൻ സാധിച്ചത് അടുത്ത കാലത്ത് മാത്രമാണ്. ഇനിയും പിടികിട്ടാത്ത പല മാനങ്ങളും അതിനുണ്ടായേക്കാം. ദൈവനിർദിഷ്ടമായ ആരാധന അവന്റെ സൃഷ്ടികളായ മനുഷ്യർ അതിന്റെ യുക്തിയും ന്യായവും മനസ്സിലായാലും ഇല്ലെങ്കിലും നിശ്ചിത രൂപത്തിൽ നിർവഹിക്കാൻ ബാധ്യസ്ഥരാണ്.