മതസൗഹാർദത്തിന്റെ പാതയിൽ പുതിയ വാതായനങ്ങൾ തുറന്ന് കൊണ്ട് ആലപ്പുഴ നഗരത്തിലെ മസ്ജിദ് പുതിയ മാതൃക സൃഷ്ടിക്കുന്നു. ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ ഇതര മതസ്ഥരെ ക്ഷണിച്ച് മനുഷ്യസ്നേഹത്തിന്റെ മഹനീയ മാതൃക തീർക്കുകയാണ് സക്കറിയാ ബസാറിലെ നാല് പതിറ്റാണ്ടോളം പഴക്കമുള്ള മർക്കസ് മസ്ജിദ്.
വെള്ളിയാഴ്ച നടക്കുന്ന ജുമുഅ പ്രാർഥനയിൽ പകൽ 12:30 മുതൽ 1.10 വരെ പള്ളിക്കുള്ളിൽ 50 ഇരിപ്പിടങ്ങൾ ഇതരമതസ്ഥർക്കായി ഒഴിച്ചിടും. ക്ഷണിക്കപ്പെട്ട അതിഥികളും ഇതിൽ ഉൾപ്പെടുന്നു. കലക്ടർ എ അലക്സാണ്ടർ, എസ്പി ജി ജയ്ദേവ്, എംഎൽഎമാർ, സാംസ്കാരികനായകർ, രാഷ്ട്രീയനേതാക്കൾ, ആലപ്പുഴ ബിഷപ്പ്, ക്ഷേത്രപുരോഹിതർ അടക്കമുള്ളവർക്ക് ക്ഷണക്കത്ത് നൽകിയിട്ടുണ്ട്.
പള്ളിയുടെ അകത്തുകയറി പ്രാർഥനയും നിസ്കാരവും കാണാനും ഖുതുബ (പ്രസംഗം) കേൾക്കാനും ഇവർക്ക് അവസരമൊരുക്കിയിട്ടുണ്ട്. അതിഥികൾക്ക് അഭിപ്രായം പറയാനും അവസരമുണ്ട്. മുസ്ലീം പള്ളികളിൽ എന്ത് നടക്കുന്നുവെന്നും എന്താണ് ചെയ്യുന്നതെന്നും മറ്റുള്ളവർക്ക് മനസിലാക്കിക്കൊടുത്ത് പരസ്പരമുള്ള അകലം കറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് മർക്കസ് മസ്ജിദ് ട്രസ്റ്റ് അംഗം കെ എസ് അഷ്റഫ് പറഞ്ഞു. നൂതനമായ ഈ ഉദ്യമത്തിന് വിവിധ തുറകളിൽനിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ഇതിൽ അതിയായ സന്തോഷമുണ്ടെന്നും പള്ളി അധികൃതർ പറഞ്ഞു. ഇമാം അബ്ദുൾ ഹക്കീം പാണാവള്ളി ജുമുഅ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.
നിലവിൽ പള്ളിയുടെ സക്കാത്ത് കമ്മിറ്റിയായ മർകസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ദരിദ്രർക്കും രോഗികൾക്കും വിധവകൾക്കും വീടിന്റെ അറ്റകുറ്റപ്പണിക്കും വിദ്യാഭ്യാസത്തിനും സഹായവും ആവശ്യക്കാർക്ക് തൊഴിൽ ഉപകരണങ്ങളും നൽകിവരുന്നു.