– ശൈഖ് മുഹമ്മദ് കാരകുന്ന്
അക്ബർ ചക്രവർത്തിക്ക് സ്വൂഫി ഫരീദിനെ വലിയ ഇഷ്ടമായിരുന്നു. അങ്ങേയറ്റത്തെ ആദരവും. ഒരു ദിവസം ചക്രവർത്തി ഫരീദിനെ രാജ സദസ്സിലേക്ക് വിളിച്ചുവരുത്തി. എല്ലാവരും നോക്കി നിൽക്കെ ആദരസൂചകമായി ആയി സ്വർണ്ണ നിർമ്മിതമായ കത്രിക നൽകി. അത്രയും വിലപിടിച്ച സമ്മാനം നൽകിയത് കണ്ട് സദസ്സിലുള്ളവരെല്ലാം വിസ്മയ ഭരിതരായി. എന്നാൽ അവരെ കൂടുതൽ അത്ഭുതപ്പെടുത്തിയത് സൂഫി ഫരീദിൻറെ സമീപനമാണ്. അദ്ദേഹം സ്വർണക്കത്രിക തിരിച്ചുനൽകി. തനിക്ക് സൂചിയും നൂലും മതിയെന്ന് പറഞ്ഞു.
ഇത് കേട്ട് വിസ്മയ ഭരിതനായ ചക്രവർത്തി ചോദിച്ചു: “സ്വർണ്ണത്തിൻറെ കത്രിക വേണ്ടെന്നുവച്ച എന്തിനാണ് സൂചിയും നൂലും ചോദിക്കുന്നത്?”
കത്രിക കൊണ്ട് എല്ലാം വെട്ടി മാറ്റാനേ കഴിയൂ. സൂചി കൊണ്ട് എല്ലാം തുന്നിച്ചേർക്കാൻ സാധിക്കും. വെട്ടിമാറ്റിയത് പോലും.
ഇതിലൂടെ സ്വൂഫി ഫരീദ് വളരെ മഹത്തായ സന്ദേശം നൽകുകയായിരുന്നു. മനുഷ്യബന്ധങ്ങൾ വെട്ടി മാറ്റാൻ പ്രയാസമില്ല. സമൂഹത്തിൽ അകൽച്ചയും ശത്രുതയുമുണ്ടാക്കാൻ ആർക്കും അനായാസം സാധിക്കും. എന്നാൽ സ്നേഹവും സൗഹൃദവും ഐക്യവും അടുപ്പവും വളർത്തിയെടുക്കണമെങ്കിൽ ബോധപൂർവമായ ശ്രമം വേണം. നല്ല മനുഷ്യരൊക്കെയും ശ്രമിക്കേണ്ടത് ശത്രുക്കൾക്കിടയിൽ മൈത്രിയുണ്ടാക്കാനും ബന്ധങ്ങൾ തുന്നിച്ചേർക്കാനുമാണ്. അകറ്റാനും വെറുപ്പിക്കാനുല്ല.