പ്രകാശ രേഖ: ഏഴ്
ഒരാൾ ഗുരുവിനെ സമീപിച്ച് തന്നിൽ നിന്ന് സംഭവിച്ച തെറ്റ് ഏറ്റു പറഞ്ഞ് അതിനു പരിഹാരം തേടി. അയാൾ ഒരിക്കൽ കോപാധിക്യത്താൽ തൻറെ കൂട്ടുകാരനെ രൂക്ഷമായി ആക്ഷേപിച്ചു. ക്രൂരമായി പരിഹസിക്കുകയും ചെയ്തു. അയാളുടെ വികാരം വ്രണപ്പെടുത്തുകയും അഭിമാനം ക്ഷതപ്പെടുത്തുകയും ചെയ്തു. പിന്നീട് ഖേദം തോന്നിയ അയാൾ അതിന് പരിഹാരം തേടുകയായിരുന്നു.
ഗുരു അദ്ദേഹത്തോട് ഒരു സഞ്ചി നിറയെ തൂവൽ കൊണ്ടുവരാൻ കൽപ്പിച്ചു. അതുമായി വന്നപ്പോൾ അത് അങ്ങാടിയിൽ കൊണ്ടുപോയി വാരി വിതറാൻ നിർദ്ദേശിച്ചു. അയാൾ അതൊക്കെയും പട്ടണത്തിലൊരിടത്ത് വാരി വിതറി. അങ്ങനെ തിരിച്ചുവന്നപ്പോൾ ഗുരു അതൊക്കെയും പെറുക്കി കൊണ്ടുവരാൻ കൽപ്പിച്ചു. അയാൾ അങ്ങാടിയിൽ ചെന്ന് നോക്കുമ്പോൾ തൂവലുകളൊക്കെയും കാറ്റിൽ പാറിപ്പോയിരുന്നു.
നമ്മൾ പറയുന്ന വാക്കുകളും ഇവ്വിധമാണ്.പറഞ്ഞു പോയ വാക്കുകളൊരിക്കലും തിരിച്ചെടുക്കാനാവില്ല. എത്ര പശ്ചാത്തപിച്ചാലും മാപ്പ് ചോദിച്ചാലും അതുണ്ടാക്കുന്ന മുറിവുകളുണങ്ങുകയില്ല. ക്ഷതപ്പെട്ട അഭിമാനം എങ്ങനെ തിരിച്ചു കിട്ടാനാണ്! പറയുന്ന വാക്കുകൾ ജനങ്ങളിലുണ്ടാക്കുന്ന തെറ്റിദ്ധാരണകളും പരിഹാസം ഉണ്ടാക്കുന്ന അപമാനവും ആർക്കും ഒരിക്കലും പരിഹരിക്കാനാവില്ല.
പറയുന്നതുവരെ നാം വാക്കുകളുടെ ഉടമകളാണ്. പറഞ്ഞു കഴിഞ്ഞാൽ അവയുടെ അടിമകളും. അവ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.
കലിയിളകി കൊലവിളി നടത്തുന്നവരുടെ പോലും കോപത്തിൻറെ ആയുസ്സ് ഏതാനും മിനുറ്റുകളായിരിക്കും. അത്രയും സമയം ക്ഷമയവലംബിച്ച് മൗനം പാലിക്കാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു. ഇല്ലെങ്കിലോ അപരിഹാര്യമായ നഷ്ടവും. അതിനാലാണ് കോപ പ്രകൃതനായ ഒരാൾ പ്രവാചകനെ സമീപിച്ച് മൂന്ന് തവണ ഉപദേശം തേടിയപ്പോൾ മൂന്നു പ്രാവശ്യവും നീ കോപിക്കരുതെന്ന് കൽപ്പിച്ചത്.കോപമുണ്ടാവുമ്പോൾ അംഗ ശുദ്ധി വരുത്താൻ ആജ്ഞാപിച്ചതും അതുകൊണ്ടുതന്നെ.