പ്രകാശ രേഖ.ഒന്ന്.
-ശൈഖ് മുഹമ്മദ് കാരകുന്ന്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രജ്ഞനായി പരക്കെ അംഗീകരിക്കപ്പെട്ട വ്യക്തിയാണ് ആൽബർട്ട് ഐൻസ്റ്റീൻ. ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിച്ചത് അദ്ദേഹമാണ്. ജനനം ജർമനിയിലാണെങ്കിലും ഇറ്റലി, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ ബെൽജിയം അമേരിക്കൻ ഐക്യനാടുകൾ ബ്രിട്ടൻ എന്നീ നാടുകളിലെല്ലാം താമസിച്ചിട്ടുണ്ട്. പല സർവകലാശാലകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുമുണ്ട്. നോബൽ സമ്മാനം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ ഐസ്റ്റീൻ മുന്നൂറിലേറെ ശാസ്ത്ര പ്രബന്ധങ്ങളും നൂറ്റമ്പതിലേറെ ശാസ്ത്രേതര ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അണു പിളർക്കുമ്പോഴുണ്ടാകുന്ന ഊർജ്ജം ആണവായുധ നിർമാണത്തിന് ഉപയോഗിക്കരുതെന്ന അഭിപ്രായക്കാരനായിരുന്നു ഐസ്റ്റീൻ. എന്നിട്ടും
രണ്ടാം ലോക ഭീകര യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ജർമ്മനി ആണവായുധം വികസിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ അമേരിക്കയും അത്തരം പഠനം നടത്തണമെന്നും പ്രസിഡൻറ് റൂസ്വെൽറ്റിനോട് ആവശ്യപ്പെടുകയുണ്ടായി. തൽഫലമായി രൂപംകൊണ്ട മാൻഹാട്ടൻ പ്രോജക്ടാണ് അമേരിക്കയുടെ ആണവായുധ നിർമാണത്തിന് വഴിയൊരുക്കിയത്. അത് ജനലക്ഷങ്ങളുടെ മരണത്തിന് ഉപയോഗിക്കപ്പെടുകയും ചെയ്തു.
അതുകൊണ്ടുതന്നെയായിരിക്കണം ജീവിതസായാഹ്നത്തിൽ ഐസ്റ്റീൻ അത്യന്തം നിരാശനായി മാറിയത്.
അദ്ദേഹത്തോട് ഒരാൾ ചോദിച്ചു:”ഇനിയൊരു ജന്മമുണ്ടാവുകയാണെങ്കിൽ താങ്കളുടെ ഗവേഷണങ്ങൾ തുടർന്ന് നടത്തുന്ന ശാസ്ത്രജ്ഞനാകാനല്ലേ താങ്കൾ ആഗ്രഹിക്കുക.?”
“ഒരിക്കലുമല്ല.ഒരു ശാസ്ത്രജ്ഞൻ ആകുന്നതിനേക്കാൾ എനിക്കിഷ്ടം ഒരു തൂപ്പുകാരനാകുന്നതാണ്.” ഐസ്റ്റീൻ അറിയിച്ചു.
ഭൗതിക ശാസ്ത്രത്തിൻറെ പരിമിതിയാണ് അദ്ദേഹത്തിൻറെ വാക്കുകൾ വിളംബരം ചെയ്യുന്നത്. പ്രപഞ്ചത്തിലെ വിവിധ പദാർത്ഥങ്ങളെയും പ്രതിഭാസങ്ങളെയും സംബന്ധിച്ച് പഠനം നടത്താൻ ശാസ്ത്രത്തിനു സാധിക്കും. അവയുടെ രഹസ്യങ്ങൾ കണ്ടെത്താനും അതിനു കഴിയും. അവ ഉപയോഗിച്ച് പുതിയ വസ്തുക്കൾ നിർമിക്കാനും. അങ്ങനെ ശാസ്ത്ര ജ്ഞാനത്തെ സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും വളർച്ചയ്ക്കും വികാസത്തിനും ഉപയോഗപ്പെടുത്താം. അതേ ശാസ്ത്ര ജ്ഞാനമുപയോഗിച്ച് മനുഷ്യരാശിക്ക് വൻ വിപത്തുകളും കൊടിയ നാശങ്ങളുമുണ്ടാക്കാനും സാധിക്കും. എന്നാൽ ശാസ്ത്രത്തൻറെ ഈ അപാര സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് പഠിപ്പിക്കാനും പറയാനും ശാസ്ത്രത്തിന് സാധ്യമല്ല. അത് ശാസ്ത്രത്തിൻറെ മേഖലയോ വിഷയമോ അല്ല. അതുകൊണ്ടുതന്നെയാണ് ശാസ്ത്രജ്ഞാനമിന്ന് നിർമ്മാണത്തിനെന്ന പോലെയോ കൂടുതലായോ നശീകരണത്തിനും ഉപയോഗിക്കപ്പെടുന്നത്. ഭൂലോകത്തെ മുഴുവൻ പല തവണ നശിപ്പിക്കാനാവശ്യമായ ആയുധങ്ങൾ നിർമിക്കാൻ വഴിയൊരുക്കിയ ശാസ്ത്രത്തിന് ഓരോ ദിവസവും എണ്ണായിരം പേർ മരിച്ചു വീഴുന്ന കൊടും പട്ടിണിക്ക് പരിഹാരം കാണാൻ കഴിയാതെ പോയത്.
പരമമായ ഈ സത്യം ഉൾക്കൊള്ളാനുള്ള വിനയമാണ് വേണ്ടത്. അങ്ങനെ നന്മ-തിന്മകളെയും ശരി-തെറ്റുകളെയും വേർതിരിച്ചു കാണിക്കുന്ന മതത്തെ അംഗീകരിക്കാൻ തയ്യാറായ്യാറാകണം.നന്മക്ക് മാത്രം കണ്ണും കാതും നൽകുന്ന മാനവിക മൂല്യങ്ങൾ മുറുകെപ്പിടിക്കാനും. അപ്പോൾ മാത്രമേ മനുഷ്യരാശി ഇന്നനുഭവിക്കുന്ന വൻ വിപത്തുകളെയും കൊടും നാശത്തെയും അതിജയിക്കാനും അതിജീവിക്കാനും സാധിക്കുകയുള്ളൂ.