കരോള്‍ ഗാനം പാടി പെണ്‍കുട്ടികള്‍ ഹിജാബും ആണ്‍കുട്ടികള്‍ തൊപ്പിയും ധരിച്ച് പ്രതിഷേധം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രധാരണം കൊണ്ട് തന്നെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിന് പ്രതിഷേധത്തിന്റെ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് കോഴഞ്ചേരി പള്ളിയിലെ ക്രൈസ്തവ വിശ്വാസികള്‍. പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ പള്ളിയിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെയാണ് വിശ്വാസികള്‍ വ്യത്യസ്ത പ്രതിഷേധം ഉയര്‍ത്തിയത്.
പെണ്‍കുട്ടികള്‍ ഹിജാബും ആണ്‍കുട്ടികള്‍ തൊപ്പിയും ധരിച്ച് കരോള്‍ ഗാനം പാടിയാണ് പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മാപ്പിളപ്പാട്ടിന്റെ ഈണത്തിലൊരുക്കിയ കരോള്‍ ഗാനമായിരുന്നു സംഘം ആലപിച്ചത്. അഭയാര്‍ഥികളുടെ ക്രിസ്തുമസ് ആഘോഷം എന്ന പേരിലാണ് വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
”ഒരു രാജാവ് കാരണം യേശുവിനും മാതാപിതാക്കള്‍ക്കും പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതിന് ഇന്നത്തെ സാഹചര്യവുമായി ഒട്ടേറെ സാമ്യതകളുണ്ട്. ജനങ്ങള്‍ക്ക് പൗരത്വം നിഷേധിക്കപ്പെടുകയാണ്. അവരുടെ വ്യക്തിത്വം നഷ്ടമാകുന്നു. അവര്‍ക്ക് അഭയാര്‍ഥികളെ പോലെ പലായനം ചെയ്യേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഇരയാക്കപ്പെടുന്നവരോടുള്ള ഐക്യപ്പെടലാണ് ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം.” – സഹവികാരി ഫാ. ഡാനിയേല്‍ ടി ഫിലിപ്പ് പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രധാരണം കൊണ്ട് തന്നെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരായ പ്രതീകാത്മക പ്രതിഷേധം കൂടിയാണിതെന്നും ഫാ. ഡാനിയേല്‍ പറഞ്ഞു.