അല്ലാഹു പറയുന്നു: ”പ്രവാചകരേ, താങ്കള്‍ക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചു തന്നിരിക്കുന്നു. അത് മുന്‍ വേദഗ്രന്ഥത്തില്‍നിന്ന് അതിന്റെ മുന്നിലുള്ളവയെ സത്യപ്പെടുത്തുന്നു. അതിന്റെ മേല്‍ ഒരു മാനദണ്ഡവുമാണത്” (5:48). ഖുര്‍ആന്‍ മാനദണ്ഡമായി സ്വീകരിച്ചുകൊണ്ട് എല്ലാ വിശുദ്ധ വേദങ്ങളുടെയും ഉള്ളടക്കം വിലയിരുത്താം എന്നര്‍ഥം. വിഷയാധിഷ്ഠിതമായി അത്തരമൊരു ബൈബിള്‍-ഖുര്‍ആന്‍ താരതമ്യമാണ് ചുവടെ
ബൈബിള്‍
”കര്‍ത്താവ് ആറ് ദിവസം കൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ച് ഏഴാം ദിവസം വിശ്രമിച്ചു. ഉന്മേഷം വീണ്ടെടുത്തു” (പുറപ്പാട് 31:17)
”പിന്നീട് കര്‍ത്താവ് നിദ്രയില്‍നിന്നെന്ന പോലെ വീഞ്ഞിന്‍ ലഹരിയാല്‍ അട്ടഹസിക്കുന്ന കരുത്തനെപ്പോലെ എഴുന്നേറ്റു” (സങ്കീര്‍ത്തനങ്ങള്‍ 78:65).
ഉല്‍പത്തിയില്‍ (32:28), യാക്കോബ് ദൈവത്തോട് മല്ലയുദ്ധം നടത്തി അവനെ പരാജയപ്പെടുത്തിയതായി പറയുന്നു.
”കര്‍ത്താവ് യഹൂദയോടൊപ്പം ഉണ്ടായിരുന്നു. അവര്‍ മലമ്പ്രദേശം കൈവശമാക്കി. സമതലവാസികള്‍ക്ക് ഇരുമ്പ് രഥങ്ങളുണ്ടായിരുന്നതിനാല്‍ അവരെ തുരത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല” (ന്യായാധിപര്‍ 1:19).
”ഞാന്‍ അകം നീറുന്ന വ്യഥയോടെ സംസാരിക്കും. ഞാന്‍ ദൈവത്തോട് പറയും: നീ എന്നോട് കലഹിക്കുന്നത് എന്തിനെന്ന് അറിയിച്ചാലും. പീഡിപ്പിക്കുന്നത് നന്നെന്ന് നീ കരുതുന്നുവോ?” (ഇയ്യോബ് 10:1-3).
”എത്രകാലം കര്‍ത്താവേ നീ എന്നെ വിസ്മരിക്കും?” (സങ്കീര്‍ത്തനങ്ങള്‍ 13:1).
”കര്‍ത്താവേ, നീ ചെവിക്കൊള്ളാതിരിക്കെ എത്രകാലം ഞാന്‍ സഹായത്തിന് നിന്നോട് നിലവിളിക്കും?” (ഹബക്കൂക് 1:2)
ദൈവം അവരുമായുള്ള കരാര്‍ ലംഘിക്കുമെന്ന് ആരോപിക്കപ്പെടുന്നു ലേവിയറില്‍ (26:44).
ഉല്‍പത്തി പ്രകാരം (3:9), ആദം എവിടെയായിരുന്നുവെന്നും അദ്ദേഹം മരത്തിന്റെ കനി ഭക്ഷിച്ചോ എന്നും ദൈവത്തിന് അറിയില്ലായിരുന്നു. അതിനാല്‍ ദൈവം ആദമിനെ വിളിച്ച്, ‘നീ എവിടെ’ എന്ന് ചോദിച്ചു.
ഈജിപ്തുകാരുടെ വീടുകളെ ഇസ്രായേല്യരുടെ വീടുകളില്‍നിന്ന് തിരിച്ചറിയുന്നതിന് കര്‍ത്താവിന് ഒരു അടയാളം വേണ്ടിയിരുന്നു (പുറപ്പാട് 12:13).
ഭൂമിയില്‍ എന്തു നടക്കുന്നുവെന്ന് കര്‍ത്താവ് അറിയുന്നില്ല; അറിയണമെങ്കില്‍ കര്‍ത്താവിന് ഭൂമിയിലേക്ക് ഇറങ്ങിവരണം. ”സൊദോമിന്നും ഗോമോറായ്ക്കും എതിരായുള്ള മുറവിളി വലുതും അവരുടെ പാപം ഗുരുതരവുമാകുന്നു. എന്റെ അടുത്ത് എത്തിയിരിക്കുന്ന ആ മുറവിളി അനുസരിച്ചുള്ള പ്രവൃത്തികള്‍ എല്ലാം അവര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഞാന്‍ പോകും. ചെയ്തിട്ടില്ലെങ്കില്‍ ഞാനത് മനസ്സിലാക്കും” (ഉല്‍പത്തി 18:20,21).
കോറിന്തുസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പൗലോസ് (1:25) പറയുന്നു: ”ദൈവത്തിന്റെ ഭോഷത്തം മനുഷ്യരുടെ ജ്ഞാനത്തേക്കാള്‍ വലിയ ജ്ഞാനവും ദൈവത്തിന്റെ ദൗര്‍ബല്യം മനുഷ്യരുടെ ശക്തിയേക്കാള്‍ വലിയ ശക്തിയുമാകുന്നു.”
യെശയ്യാ (7:20) ദൈവത്തിന് ഒട്ടും ചേരാത്ത വിധത്തില്‍, കര്‍ത്താവ് ക്ഷൗരക്കത്തി കൂലിക്കെടുക്കാന്‍ മാത്രം ദരിദ്രനാണെന്ന് ചിത്രീകരിക്കുന്നു: ”അന്ന് കര്‍ത്താവ്, നദിക്ക് അക്കരെ നിന്ന് കൂലിക്കെടുത്ത ക്ഷൗരക്കത്തി കൊണ്ട്, അസീറിയ രാജാവിനെക്കൊണ്ട്, നിങ്ങളുടെ തലയിലെയും കാലുകളിലെയും രോമങ്ങള്‍ വടിച്ചുകളയും; താടിരോമവും വടിച്ചുകളയും.”
സങ്കീര്‍ത്തനത്തില്‍ (18:8) ദൈവത്തിന്റെ മൂക്കില്‍നിന്നും വായില്‍നിന്നും പുക വരുന്നതായി ചിത്രീകരിക്കുന്നുണ്ട്. ”അവന്റെ മൂക്കില്‍നിന്ന് പുക പൊങ്ങി, അവന്റെ വായില്‍നിന്ന് എല്ലാം വിഴുങ്ങുന്ന തീ ആളി.” യിരെമ്യയില്‍ (13:17) കര്‍ത്താവ് കരയുന്നതായും കണ്ണുനീര്‍ ഒഴുക്കുന്നതായും പറയുന്നു. ”എന്റെ ആത്മാവ് കേഴും…. ഞാന്‍ പൊട്ടിക്കരയും…. എന്റെ കണ്ണുകളില്‍നിന്ന് കണ്ണീര്‍ ധാരധാരയായി ഒഴുകും.” മീഖാ(1:8)യില്‍ പറയുന്നത് ദൈവം അലമുറയിടുകയും നഗ്നനായി നടക്കുകയും ചെയ്യുമെന്നാണ്: ”അതുകൊണ്ട് ഞാന്‍ വിലപിച്ച് അലമുറയിടും; ഞാന്‍ ചെരിപ്പില്ലാതെയും നഗ്നനായും നടക്കും. ഞാന്‍ കുറുനരികളെപ്പോലെ മോങ്ങും. ഒട്ടകപ്പക്ഷികളെപ്പോലെ കരയും.” ഈച്ചകള്‍ക്കും തേനീച്ചകള്‍ക്കും വേണ്ടി കര്‍ത്താവ് ചൂളം കുത്തുമെന്നും പറയുന്നു: ”…. ഈച്ചകളെയും … തേനീച്ചകളെയും കര്‍ത്താവ് ചൂളം കുത്തി വിളിക്കും” (യെശയ്യാ 7:18). കര്‍ത്താവ് കൈകൊട്ടുമെന്നും പറഞ്ഞിരിക്കുന്നു (എസെക്കിയേല്‍ 21:17).
ഖുര്‍ആന്‍
”ആകാശഭൂമികളെയും അവക്കിടയിലുള്ളവയെയും നാം
ആറു നാളുകളിലായി സൃഷ്ടിച്ചു. അതുകൊണ്ടൊന്നും
നമുക്കൊട്ടും ക്ഷീണം ബാധിച്ചിട്ടില്ല” (50:38).
”അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യവുമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവന്നൊട്ടും ഭാരമാവുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്” (2:255).
”അല്ലാഹുവെ അവനര്‍ഹിക്കുംവിധം നിങ്ങള്‍ പരിഗണിച്ചിട്ടില്ല. തീര്‍ച്ചയായും അല്ലാഹു കരുത്തനും
പ്രതാപിയുമാണ്” (22:74)
”അല്ലാഹുവെ തോല്‍പ്പിക്കുന്ന ഒന്നുമില്ല. ആകാശത്തുമില്ല, ഭൂമിയിലുമില്ല. തീര്‍ച്ചയായും അവന്‍ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും
കഴിവുറ്റവനും” (35:44).
”നിശ്ചയമായും അല്ലാഹു മനുഷ്യരോട് അക്രമം കാണിക്കുന്നില്ല. മറിച്ച് ജനം തങ്ങളോടുതന്നെ അനീതി കാണിക്കുകയാണ്” (10:44).
”എന്റെ നാഥന്‍ ഒട്ടും പിഴവ് പറ്റാത്തവനാണ്. തീരെ മറവിയില്ലാത്തവനും” (20:52).
”തീര്‍ച്ചയായും എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്” (14:39).
”അല്ലാഹുവിന്റെ വാഗ്ദാനമാണിത്. അല്ലാഹു തന്റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷേ, മനുഷ്യരിലേറെ പേരും ഇതറിയുന്നില്ല” (30:6).
അല്ലാഹു എല്ലാം അറിയുന്നവനാണ്. അതിനാല്‍ ആദമും ഭാര്യയും കനി ഭക്ഷിച്ചപ്പോള്‍, അതിനെക്കുറിച്ച് തനിക്ക് പൂര്‍ണ അറിവുണ്ട് എന്ന മട്ടില്‍ തന്നെയാണ് അല്ലാഹു അവരെ അഭിസംബോധന ചെയ്യുന്നത്: ”അവരുടെ നാഥന്‍ ഇരുവരെയും വിളിച്ച് ചോദിച്ചു: ആ മരം ഞാന്‍ നിങ്ങള്‍ക്ക് വിലക്കിയിരുന്നില്ലേ? പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ?” (7:22).
”സത്യനിഷേധികള്‍ പറയുന്നു: ‘ആ അന്ത്യസമയം ഞങ്ങള്‍ക്ക് വന്നെത്തുകയില്ല’ പറയുക: ”എന്റെ നാഥനാണ് സത്യം. അതു നിങ്ങള്‍ക്കു വന്നെത്തുക തന്നെ ചെയ്യും. അഭൗതിക കാര്യങ്ങളറിയുന്ന എന്റെ നാഥനില്‍നിന്ന് ഒളിഞ്ഞുകിടക്കുന്ന ഒരണുപോലുമില്ല. ആകാശങ്ങളിലില്ല; ഭൂമിയിലുമില്ല. അണുവേക്കാള്‍ ചെറുതുമില്ല; വലുതുമില്ല. എല്ലാം സുവ്യക്തമായ ഒരു ഏടിലുണ്ട്. അതിലില്ലാത്ത ഒന്നുമില്ല” (34:3).
”അവന്‍ ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണ്. മഹാനും ഉന്നതനുമാണ്. നിങ്ങളില്‍ മെല്ലെ സംസാരിക്കുന്നവനും ഉറക്കെ സംസാരിക്കുന്നവനും രാവില്‍ മറഞ്ഞിരിക്കുന്നവനും പകലില്‍ ഇറങ്ങിനടക്കുന്നവനുമെല്ലാം അവനെ സംബന്ധിച്ചേടത്തോളം സമമാണ്” (13:9,10).
”അഭൗതിക കാര്യങ്ങളുടെ താക്കോലുകള്‍ അല്ലാഹുവിന്റെ വശമാണ്. അവനല്ലാതെ അതറിയുകയില്ല. കരയിലും കടലിലുമുള്ളതെല്ലാം അവനറിയുന്നു. അവനറിയാതെ ഒരിലപോലും പൊഴിയുന്നില്ല. ഭൂമിയുടെ ഉള്‍ഭാഗത്ത് ഒരു ധാന്യമണിയോ പച്ചയും ഉണങ്ങിയതുമായ ഏതെങ്കിലും വസ്തുവോ ഒന്നും തന്നെ വ്യക്തമായ മൂലപ്രമാണത്തില്‍ രേഖപ്പെടുത്താത്തതായി ഇല്ല” (6:59).
”എല്ലാ കാര്യങ്ങളെക്കുറിച്ചും സൂക്ഷ്മജ്ഞാനമുള്ളവനാണ് അവന്‍” (5:97).
”മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതരാണ്. അല്ലാഹുവോ സ്വയംപര്യാപ്തനും സ്തുത്യര്‍ഹനും” (35:15).
”അല്ലാഹു ദരിദ്രനും തങ്ങള്‍ ധനികരുമാണെന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു. അവര്‍ അങ്ങനെ പറഞ്ഞതും അന്യായമായി പ്രവാചകന്മാരെ കൊന്നതും നാം രേഖപ്പെടുത്തിവെക്കുന്നുണ്ട്. നാമവരോട് പറയും: ‘കത്തിയെരിയും നരകത്തീ അനുഭവിച്ചുകൊള്ളുക” (3:181).
”പ്രതാപിയായ നിന്റെ നാഥന്‍, അവരാരോപിക്കുന്നതില്‍നിന്നെല്ലാം എത്രയോ പരിശുദ്ധനാണ്” (37:180).
”അല്ലാഹുവിന് തുല്യമായ ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും” (42:11).
”അത്യുന്നതാവസ്ഥ അല്ലാഹുവിനാണ്. അവന്‍ അജയ്യനും യുക്തിമാനുമാണ്” (16:60).
”അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, സമാധാനദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍. എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്.
അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും” (59: 23,24).
യേശുവിനെക്കുറിച്ച്
യേശു തന്റെ മാതാവിനോട് മോശമായി പെരുമാറിയതായി ആരോപിക്കുന്നു. ”യേശു മറിയമിനോട് പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്!” (യോഹന്നാന്‍ 2:4). ക്രൂരതയും സ്വേഛാധിപത്യവും കൂടി ആരോപിക്കപ്പെടുന്നുണ്ട്:
”ഞാന്‍ വന്നത് ഭൂമിയില്‍ സമാധാനം സ്ഥാപിക്കാനാണ് എന്ന് നിങ്ങള്‍ ധരിക്കരുത്. സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്” (മത്തായി 10:34).
ഗലീലയിലെ കാനായില്‍ ഒരു വിവാഹ സല്‍ക്കാരത്തിനിടെ വെള്ളം വീഞ്ഞാക്കി മാറ്റിയതാണ് യേശുവിന്റെ ആദ്യത്തെ അത്ഭുത കൃത്യം.
എല്ലാ തെറ്റായ ആരോപണങ്ങളെയും തള്ളിക്കളഞ്ഞ് യേശുവിനെ പ്രതിരോധിക്കുകയാണ് ഖുര്‍ആന്‍. യേശു പറഞ്ഞു: ”അല്ലാഹു എന്നെ എന്റെ മാതാവിനോട് നന്നായി വര്‍ത്തിക്കുന്നവനാക്കിയിരിക്കുന്നു. അവനെന്നെ ക്രൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല” (19:32).
യേശുവിലെ പ്രകടമായ ആദ്യത്തെ അമാനുഷ ദൃഷ്ടാന്തം, ജനിച്ചയുടനെ തന്നെ അദ്ദേഹം തന്റെ മാതാവിനെതിരെ ജനം ഉന്നയിക്കുന്ന കള്ളാരോപണങ്ങളെ തള്ളിക്കളഞ്ഞു എന്നതാണ് (ഖുര്‍ആന്‍ 19:30-33).
മറിയമിനെക്കുറിച്ച്
”നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികള്‍ നിങ്ങളും ചെയ്യുന്നു. അവര്‍ അവനോട് പറഞ്ഞു: ഞങ്ങള്‍ ജാരസന്തതികളല്ല” (യോഹന്നാന്‍ 8:41).
”യാക്കോബ് മറിയമിന്റെ ഭര്‍ത്താവായ യോസേഫിന്റെ പിതാവ്; മറിയമില്‍നിന്ന് ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന യേശു ജനിച്ചു” (മത്തായി 1:16).
”അവന്‍ യോസേഫിന്റെ പുത്രന്‍ (എന്നു കരുതപ്പെട്ടിരുന്നു). യോസേഫ് ഹേലിയുടെ പുത്രന്‍” (ലൂക്കോസ് 3:23).
മര്‍യമിനെക്കുറിച്ച് ആരോപിക്കപ്പെടുന്നതെല്ലാം കള്ളമാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ”(നാമവരെ ശപിച്ചു) അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും” (4:56).
ലോകത്തെ മുഴുവന്‍ സ്ത്രീകളേക്കാളും മര്‍യമിനെ മഹത്വപ്പെടുത്തിയതായും ഖുര്‍ആന്‍: ”മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: ‘മര്‍യം, അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. വിശുദ്ധയും ലോകത്തിലെ മറ്റേത് സ്ത്രീകളേക്കാളും വിശിഷ്ടയുമാക്കിയിരിക്കുന്നു” (3:42).
ക്രിസ്തുവിന്റെ ശിഷ്യന്മാരെക്കുറിച്ച്
മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ (14:50) ക്രിസ്തുവിന്റെ ശിഷ്യന്മാരെക്കുറിച്ച് പറയുന്നു: ”അപ്പോള്‍ ശിഷ്യന്മാരെല്ലാം അവനെ ഉപേക്ഷിച്ച് ഓടിപ്പോയി.” മിശിഹ തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞെന്നും ബൈബിള്‍ ആരോപിക്കുന്നു: ”അല്‍പ വിശ്വാസികളേ, നിങ്ങള്‍ എന്തിന് ഭയപ്പെടുന്നു?” (മത്തായി 8:26).
യേശു പത്രോസിന്റെ നേരെ തിരിഞ്ഞ് പറഞ്ഞു: ‘സാത്താനേ, എന്റെ പിന്നിലേക്ക് പോകൂ. നീ എന്റെ വഴിയില്‍ ഒരു തടസ്സമാണ്. കാരണം നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്” (മത്തായി 16:23).
യൂദാ യേശുവിന്റെ പണം സൂക്ഷിപ്പുകാരനായിരുന്നിട്ടും മുപ്പത് വെള്ളിക്കാശിന് അദ്ദേഹത്തെ ചതിച്ചു. ”യൂദ ചോദിച്ചു: ഞാന്‍ അവനെ നിങ്ങളുടെ കൈയില്‍ ഏല്‍പിച്ചുതന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും? അവര്‍ അയാള്‍ക്ക് മുപ്പത് വെള്ളി നാണയം കൊടുത്തു” (മത്തായി 26:15).
വിശുദ്ധ ഖുര്‍ആന്‍ യേശുവിന്റെ അനുയായികള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്കെതിരിലുള്ള ആരോപണങ്ങളെ പ്രതിരോധിക്കുകയുമാണ് ചെയ്യുന്നത്. അവര്‍ ചതിയന്മാരോ ദുര്‍ബല വിശ്വാസികളോ ആയിരുന്നില്ല. ”പിന്നീട് ഈസാക്ക് അവരുടെ സത്യനിഷേധഭാവം ബോധ്യമായപ്പോള്‍ ചോദിച്ചു: ‘ദൈവമാര്‍ഗത്തില്‍ എനിക്കു സഹായികളായി ആരുണ്ട്?’ ഹവാരികള്‍ പറഞ്ഞു: ‘ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ അല്ലാഹുവെ അനുസരിക്കുന്നവരാണെന്ന് അങ്ങ് സാക്ഷ്യം വഹിച്ചാലും.’
സത്യനിഷേധികള്‍ ഗൂഢതന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രപ്രയോഗങ്ങളില്‍ മറ്റാരേക്കാളും മികച്ചവന്‍ അല്ലാഹു തന്നെ” (3:52,53).
”വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളാവുക. മര്‍യമിന്റെ മകന്‍ ഈസാ ഹവാരികളോട് ചോദിച്ചപോലെ: ‘ദൈവമാര്‍ഗത്തില്‍ എന്നെ സഹായിക്കാനാരുണ്ട്?’ ഹവാരികള്‍ പറഞ്ഞു: ‘ഞങ്ങളുണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സഹായികളായി.’ അങ്ങനെ ഇസ്രായേല്‍ മക്കളില്‍ ഒരുവിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. പിന്നെ, വിശ്വസിച്ചവര്‍ക്കു നാം അവരുടെ ശത്രുക്കളെ തുരത്താനുള്ള കരുത്ത് നല്‍കി. അങ്ങനെ അവര്‍ വിജയികളാവുകയും ചെയ്തു” (61:14).
ദൈവ പ്രവാചകന്മാരെക്കുറിച്ച്
”നോഹ് വീഞ്ഞു കുടിച്ച് ലഹരി ബാധിച്ച് നഗ്നനായി കൂടാരത്തില്‍ കിടന്നു” (ഉല്‍പത്തി 9:21). അബ്രഹാം തന്റെ അഭിമാനം ബലി കൊടുത്തതായി പറയുന്നു (ഉല്‍പത്തി 12:10-15, 20:2).
ലോത് (ലൂത്വ്) വീഞ്ഞ് കുടിച്ച് തന്റെ രണ്ട് പുത്രിമാരോടൊന്നിച്ച് ശയിച്ചു; അവര്‍ ഗര്‍ഭിണികളായി (ഉല്‍പത്തി 19: 30-36).
യാക്കോബ് പിതാവിനോട് കള്ളം പറഞ്ഞതായും അനുഗ്രഹവും പ്രവാചകത്വവും തന്റെ സഹോദരനില്‍നിന്ന് തട്ടിയെടുത്തതായും പറയുന്നു (ഉല്‍പത്തി 27).
യാക്കോബിന്റെ മൂത്ത പുത്രനായ റുബേന്‍ തന്റെ പിതാവിന്റെ ഉപഭാര്യയുമായി (തന്റെ രണ്ട് സഹോദരന്മാരുടെ മാതാവ്) വ്യഭിചാരത്തിലേര്‍പ്പെടുന്നു (ഉല്‍പത്തി 35:22, 49:3,4).
യാക്കോബിന്റെ നാലാമത്തെ പുത്രനായ യഹൂദാ തന്റെ പുത്രഭാര്യയുമായി ശയിക്കുകയും അവളില്‍നിന്ന് പെറെസ്, സെറഹ് എന്നീ സന്താനങ്ങള്‍ ജനിക്കുകയും ചെയ്തു (ഉല്‍പത്തി 38:15-18).
യേശുവിന്റെ വംശവൃക്ഷം ബൈബിള്‍ ഈ പെറെസില്‍ എത്തിക്കുന്നുണ്ട് (മത്തായി 1-18). ഇത് ‘ആവര്‍ത്തന’ത്തില്‍ വന്ന പരാമര്‍ശങ്ങള്‍ക്ക് (23:2) എതിരാണ്: ”ജാരസന്തതികള്‍ കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്; അവരുടെ പത്താം തലമുറക്കാരായ പിന്മുറക്കാര്‍ പോലും.”
മോസസും അഹറോനും തന്നോട് ചതി ചെയ്തതായി പഴയ നിയമത്തില്‍ കര്‍ത്താവ് ആരോപിക്കുന്നുണ്ട്: ”കാരണം ഇസ്രായേല്‍ ജനങ്ങളുടെ മധ്യത്തില്‍ നിങ്ങള്‍ എന്നോട് അവിശ്വസ്തത കാണിച്ചു” (ആവര്‍ത്തനം 32:51).
മോസസ് ഈജിപ്തുകാരനെ കൊന്നത് മനപ്പൂര്‍വം, കാലേക്കൂട്ടി ആസൂത്രണം ചെയ്തായിരുന്നു (പുറപ്പാട് 2:12).
അഹറോന്‍ (ഹാറൂന്‍) ആണ് സ്വര്‍ണപ്പശുക്കുട്ടിയെ ഉണ്ടാക്കിയതും അതിനെ ആരാധിക്കാന്‍ ഇസ്രായേല്യരോട് കല്‍പിച്ചതും (പുറപ്പാട് 32: 1-6).
ദാവീദ് തന്റെ അയല്‍ക്കാരനും സൈനിക മേധാവിയുമായ ആളെ വഞ്ചിച്ചു. അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തി. കൊല്ലപ്പെടാനായി അയാളെ യുദ്ധമുഖത്തേക്ക് അയച്ചു (2 ശമുവേല്‍ 11:4-15).
സോളമന് ആയിരം സ്ത്രീകളുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ ശ്രദ്ധ ദൈവത്തില്‍നിന്ന് തെറ്റിച്ചു. അവരുടെ ദൈവങ്ങള്‍ക്കു വേണ്ടി ക്ഷേത്രങ്ങള്‍ പണിതുകൊടുത്തു (1 രാജാക്കന്മാര്‍ 11:1-9). ദാവീദിന്റെ പുത്രനായ അമ്‌നോന്‍ തന്റെ സഹോദരിയായ താമാറിനെ ബലാത്സംഗം ചെയ്യുന്നു (2 ശമുവേല്‍ 13:11-14). ദാവീദിന്റെ പുത്രനായ അബ്ശാലോം എല്ലാ ഇസ്രായേല്‍ക്കാരും കാണ്‍കെ തന്റെ പിതാവിന്റെ ഉപഭാര്യമാരുമായി ശയിച്ചു (2 ശമുവേല്‍ 16:21,22). ഇയ്യോബ് അക്ഷമനായിരുന്നു. ദൈവേഛ അംഗീകരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല (ഇയ്യോബ് 10).
യോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള ദൈവത്തിന്റെ അത്ഭുത പ്രവൃത്തിയില്‍ സെഖര്യാക്ക് വിശ്വാസമുണ്ടായിരുന്നില്ല. അതിനാല്‍ ദൈവം അദ്ദേഹത്തെ ഒമ്പതു മാസം ഊമയാക്കി ശിക്ഷിച്ചു. ”നോക്കൂ, യഥാകാലം യാഥാര്‍ഥ്യമാകാനിരിക്കുന്ന എന്റെ വാക്കുകള്‍ നീ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് സംഭവിക്കുന്ന ദിവസം വരെ, നീ നിശ്ശബ്ദനായിരിക്കും, ഊമനായിരിക്കും” (ലൂക്കോസ് 1:20).
തനിക്കു മുമ്പ് വന്ന എല്ലാ പ്രവാചകന്മാരും കള്ളന്മാരായിരുന്നുവെന്ന് യേശു പറഞ്ഞതായി ആരോപിക്കപ്പെടുന്നു. ”കള്ളന്‍ വരുന്നത് മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനും മാത്രമാണ്” (യോഹന്നാന്‍ 10:10).
യഹോവ തന്നെ പ്രവാചകന്മാരെക്കുറിച്ച് ഇങ്ങനെ മോശമായി സംസാരിച്ചതായും ആരോപിക്കുന്നു: ”പ്രവാചകനും പുരോഹിതനും വഷളരാണ്. എന്റെ ആലയത്തില്‍ പോലും ഞാന്‍ അവരുടെ ദുഷ്ടത കണ്ടിരിക്കുന്നു; കര്‍ത്താവാണ് ഇത് അരുള്‍ ചെയ്യുന്നത്. അതിനാല്‍ അവര്‍ക്ക് അവരുടെ പാത, ഇരുളടഞ്ഞ വഴുവഴുപ്പുള്ള പാത പോലെ ആയിരിക്കും. അവരെ അതിലേക്ക് ഓടിക്കും, വീഴ്ത്തും. കാരണം, അവരുടെ ശിക്ഷാവത്സരത്തില്‍ ഞാന്‍ അവര്‍ക്ക് തിന്മ വരുത്തും. കര്‍ത്താവാണ് ഇത് അരുള്‍ ചെയ്യുന്നത്. ശമര്യായിലെ പ്രവാചകനില്‍ അഹിതകരമായ ഒരു കാര്യം ഞാന്‍ കണ്ടു; അവര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ച് എന്റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചു. എന്നാല്‍, യെറൂശലേമിലെ പ്രവാചകരില്‍ ഞാനൊരു ഭയങ്കര കാര്യം കണ്ടിരിക്കുന്നു: അവര്‍ വ്യഭിചരിക്കുന്നു; വ്യാജങ്ങളില്‍ വ്യാപരിക്കുന്നു; അവര്‍ ദുര്‍വൃത്തരുടെ കരങ്ങള്‍ക്ക് കരുത്തേകുന്നു. തന്മൂലം ആരും ദുഷ്ടത വെടിയുന്നില്ല. എനിക്ക് അവരെല്ലാം സൊദോം പോലെ ആയിരിക്കുന്നു; അതിലെ നിവാസികള്‍ ഗോമോറ പോലെയും.’ അതുകൊണ്ട് സൈന്യങ്ങളുടെ കര്‍ത്താവ് പ്രവാചകരെക്കുറിച്ച് അരുള്‍ ചെയ്യുന്നു: ‘കണ്ടാലും, ഞാന്‍ അവരെ കയ്പ് ചീര തീറ്റും. വിഷജലം കുടിപ്പിക്കും. കാരണം, യെറൂശലേമിലെ പ്രവാചകരില്‍നിന്ന് ദേശമെമ്പാടും വഷളത്തം വ്യാപിച്ചിരിക്കുന്നു.’ സൈന്യങ്ങളുടെ കര്‍ത്താവ് അരുള്‍ ചെയ്യുന്നു: ‘നിങ്ങള്‍ക്ക് വ്യര്‍ഥ പ്രതീക്ഷകള്‍ തന്നു പ്രവചിക്കുന്ന പ്രവാചകരുടെ വചനങ്ങള്‍ ശ്രദ്ധിക്കരുത്. കര്‍ത്താവിന്റെ വായില്‍ നിന്നുള്ളവയല്ല, സ്വന്തം മനസ്സിന്റെ ദര്‍ശനങ്ങളാണ് അവര്‍ സംസാരിക്കുന്നത്’ (യിരെമ്യാ 23:11-16).
”ആദം, നൂഹ്, ഇബ്റാഹീംകുടുംബം, ഇംറാന്‍കുടുംബം ഇവരെയൊക്കെ നിശ്ചയമായും ലോകജനതയില്‍നിന്ന് അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു” (3:33)
”അവ്വിധം ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവര്‍ക്കും നാം സന്മാര്‍ഗമേകി. അവരെയെല്ലാം നാം ലോകത്തുള്ള മറ്റാരേക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു” (6:86).
”നമ്മുടെ ദാസന്മാരായ ഇബ്റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെയും ഓര്‍ക്കുക: കൈക്കരുത്തും ദീര്‍ഘദൃഷ്ടിയുമുള്ളവരായിരുന്നു അവര്‍.
പരലോകസ്മരണ എന്ന വിശിഷ്ട ഗുണം കാരണം നാമവരെ പ്രത്യേകം തെരഞ്ഞെടുത്തു.
സംശയമില്ല; അവര്‍ നമ്മുടെ അടുത്ത് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട സച്ചരിതരില്‍പെട്ടവരാണ്” (38:45-47).
”ഇവരാണ് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍. ആദം സന്തതികളില്‍ പെട്ടവര്‍. നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെയും; ഇബ്റാഹീമിന്റെയും ഇസ്രായേലിന്റെയും വംശത്തില്‍ നിന്നുള്ളവരാണിവര്‍. നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരും. പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു ഇവര്‍” (19:58).
”മൂസാക്കും ഹാറൂന്നും സമാധാനം! അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്. അവരിരുവരും സത്യവിശ്വാസികളായ നമ്മുടെ ദാസന്മാരില്‍പെട്ടവരായിരുന്നു” (37:120-122).
മോസസ് മനഃപൂര്‍വമല്ല ഈജിപ്തുകാരനെ കൊന്നത് (ഖുര്‍ആന്‍ 28:15).
ഈ ആരോപണത്തെ ഖുര്‍ആന്‍ ശക്തിയായി നിഷേധിക്കുന്നു്. പശുക്കുട്ടിയെ ആരാധിക്കാന്‍ പ്രേരിപ്പിച്ചത് അഹ്‌റോന്‍ ആയിരുന്നില്ല, സാമിരിയായിരുന്നു (20:85-98).
”ഇവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. നമ്മുടെ കരുത്തനായ ദാസന്‍ ദാവൂദിന്റെ കഥ ഇവര്‍ക്കു പറഞ്ഞുകൊടുക്കുക: തീര്‍ച്ചയായും അദ്ദേഹം ഖേദിച്ചു മടങ്ങിയവനാണ്” (38:17).
”ദാവൂദിനും സുലൈമാന്നും നാം ജ്ഞാനം നല്‍കി. അവരിരുവരും പറഞ്ഞു: വിശ്വാസികളായ തന്റെ ദാസന്മാരില്‍ മറ്റു പലരേക്കാളും ഞങ്ങള്‍ക്കു ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിനാണ് സര്‍വസ്തുതിയും” (27:15).
പ്രവാചകന്‍ ഇയ്യോബിന്റെ പേരിലുള്ള, ഒട്ടും നീതിയുക്തമല്ലാത്ത ആരോപണമാണിത്. ”നാം പറഞ്ഞു: ‘നീ ഒരുപിടി പുല്ല് കൈയിലെടുക്കുക. എന്നിട്ട് അതുകൊണ്ട് അടിക്കുക. അങ്ങനെ ശപഥം പാലിക്കുക.’ സംശയമില്ല; നാം അദ്ദേഹത്തെ അങ്ങേയറ്റം ക്ഷമാശീലനായി കണ്ടു. വളരെ നല്ല അടിമ! തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു’ (38:44).
ഖുര്‍ആന്‍ പറയുന്നത് സെഖര്യായുടെ മൂന്ന് ദിവസത്തെ മൗനം ആ അത്ഭുതവൃത്തി സംഭവിക്കും എന്നതിന്റെ അടയാളമായിരുന്നു എന്നാണ്. അതൊരിക്കലും ശിക്ഷയായിരുന്നില്ല. ”സകരിയ്യാ പറഞ്ഞു: ‘നാഥാ, നീ എനിക്കൊരടയാളം കാണിച്ചുതരേണമേ?’ അല്ലാഹു അറിയിച്ചു: ‘നീ മൂന്നു നാള്‍ തുടര്‍ച്ചയായി ജനങ്ങളോട് മിണ്ടാതിരിക്കും. അതാണ് നിനക്കുള്ള അടയാളം” (19:10).
എല്ലാ പ്രവാചകന്മാര്‍ക്കും വലിയ ആദരവാണ് ഖുര്‍ആന്‍ നല്‍കുന്നത്. അവര്‍ അശ്ലീല, അധാര്‍മിക വൃത്തികള്‍ ചെയ്യുന്നവരായിരുന്നില്ല. എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കുക, അവരെല്ലാവരെയും ആദരിക്കുക എന്നത് ഇസ്‌ലാമിന്റെ മൗലിക വിശ്വാസ പ്രമാണമാണ്. ”നിങ്ങള്‍ പ്രഖ്യാപിക്കുക: ഞങ്ങള്‍ അല്ലാഹുവിലും അവനില്‍നിന്ന് ഞങ്ങള്‍ക്ക് ഇറക്കിക്കിട്ടിയതിലും ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പരകള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തതിലും മൂസാക്കും ഈസാക്കും നല്‍കിയതിലും മറ്റു പ്രവാചകന്മാര്‍ക്ക് തങ്ങളുടെ നാഥനില്‍നിന്ന് അവതരിച്ചവയിലും വിശ്വസിച്ചിരിക്കുന്നു. അവരിലാര്‍ക്കുമിടയില്‍ ഞങ്ങളൊരുവിധ വിവേചനവും കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്പ്പെട്ടു കഴിയുന്നവരത്രെ” (2:136).
അല്ലാഹു തന്റെ പ്രവാചകന്മാരെ പ്രശംസിക്കുകയും ചെയ്തിരിക്കുന്നു: ”നിശ്ചയമായും നാം നമ്മുടെ ദൂതന്മാരെ തെളിഞ്ഞ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസ്സും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ നീതി നിലനിര്‍ത്താന്‍. നാം ഇരുമ്പും ഇറക്കിക്കൊടുത്തിരിക്കുന്നു. അതില്‍ ഏറെ ആയോധനശക്തിയും ജനങ്ങള്‍ക്കുപകാരവുമുണ്ട്. അല്ലാഹുവെ നേരില്‍ കാണാതെ തന്നെ അവനെയും അവന്റെ ദൂതന്മാരെയും സഹായിക്കുന്നവരാരെന്ന് അവന്ന് കണ്ടറിയാനാണിത്. അല്ലാഹു കരുത്തുറ്റവനും അജയ്യനും തന്നെ; തീര്‍ച്ച” (57:25).
വീണ്ടും: ”അവരെ നാം നമ്മുടെ നിര്‍ദേശാനുസരണം നേര്‍വഴി കാണിച്ചുകൊടുക്കുന്ന നേതാക്കന്മാരാക്കി. നാമവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാനും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനും സകാത്ത് നല്‍കാനും നിര്‍ദേശം നല്‍കി. അവരൊക്കെ നമുക്ക് വഴിപ്പെട്ടു ജീവിക്കുന്നവരായിരുന്നു” (21:73).
അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മദ് നബിയോട് പറയുന്നത് മുന്‍കഴിഞ്ഞ എല്ലാ പ്രവാചകന്മാരില്‍നിന്നും മാതൃകകള്‍ കൈക്കൊള്ളാനാണ്: ”അവരെത്തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. അതിനാല്‍ അവരുടെ സത്യപാത നീയും പിന്തുടരുക. പറയുക: ഇതിന്റെ പേരിലൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്ബോധനമല്ലാതൊന്നുമല്ല” (6:90).
ഇതുവഴി മനുഷ്യരാശിയെ വലിയൊരു വിപത്തില്‍നിന്ന് രക്ഷിക്കുകയാണ് ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. എല്ലാ പ്രവാചകന്മാരും വിശുദ്ധ ജീവിതം നയിച്ച പുണ്യാത്മാക്കളായിരുന്നു എന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തി. ഈ ഖുര്‍ആനിക വിവരണമില്ലായിരുന്നെങ്കില്‍ ലോകത്തിന് ബൈബിള്‍ വിവരണമനുസരിച്ച് പ്രവാചകന്മാരെ വിലയിരുത്തേണ്ടിവരുമായിരുന്നു.