ദൈവത്തിൽ നിന്നുള്ള സഹായം സുനിശ്ചിതമാണ് എന്ന മുന്നറിയിപ്പാണ് ഒരർത്ഥത്തിൽ മുഹർറം. വിശ്വാസികൾക്ക് പ്രതീക്ഷയുടെ ദിവസമാണ് മുഹർറം പത്ത്. തിന്മയുടെ ഫറോവമാർ നിലംപരിശാവുമെന്നും നന്മയുടെ മൂസമാരുടെ വടികൾ ഇനിയും നിലത്തടിക്കാനുണ്ടാവുമെന്നുമുള്ള വിജയപ്രതീക്ഷയുടെ സുദിനം.
ഇസ്‌ലാമിക ചരിത്രത്തിലെ നാഴികക്കല്ലാണ്, വിശുദ്ധഖുർആനിലെ വലിയൊരു പ്രമേയമാണ് മൂസാനബിയുടെയും ഫിർഔനിന്റെയും ജീവിതം. പ്രവാചകനെന്നതിലുപരി ഒരു വിപ്ലവകാരിയും പോരാളിയും കൂടിയായിരുന്നു മൂസാ. ഇസ്രായേൽ വംശത്തിൽ ജനിക്കുന്ന ആൺസന്തതികളെയെല്ലാം കൊല ചെയ്തിരുന്ന ഭീതിതമായ അന്തരീക്ഷത്തിലാണ് മൂസാ പ്രവാചകൻ ജനിക്കുന്നത്, എങ്കിലും ജനിച്ച് മൂന്ന് മാസത്തോളം മൂസയുടെ മാതാവ് അദ്ദേഹത്തെ രഹസ്യമായി വളർത്തി എന്ന് ബൈബിൾ പറയുന്നു. ശേഷം ‘കുഞ്ഞിന്റെ ജീവനിൽ ആശങ്കയുണ്ടായാൽ അവനെ പുഴയിലെറിഞ്ഞേക്കുക’എന്ന ദൈവത്തിന്റെ ആജ്ഞ അംഗീകരിക്കുകയും കുട്ടയിലാക്കി നൈൽ നദിയിലൊഴുക്കുകയും ചെയ്തു. പുഴയിലൂടെ ഒഴുകി വന്ന പെട്ടി കൊട്ടാരസേവകർ എടുക്കുകയും രാജാവിന്റെയും രാജ്ഞിയുടെയും മുന്നിൽ സമർപ്പിക്കുകയും ചെയ്തപ്പോൾ ഫറോവയുടെ ഭാര്യയുടെ ഹൃദയം അലിഞ്ഞതും ഈ തീരുമാനത്തോട് ഫറവോൻ യോജിച്ചതും ഒരു ദൈവനിയോഗമാണ്. ‘എന്നിൽ നിന്നുള്ള സ്നേഹം ഞാൻ നിന്നിൽ നിക്ഷേപിച്ചു’ എന്ന് ദൈവം മൂസായോട് പറഞ്ഞതിന്റെ നേർസാക്ഷ്യം. പിന്നീടുള്ള സംഭവങ്ങളെല്ലാം നമുക്ക് സുപരിചിതമാണ്. ഖുർആൻ അത് വ്യക്തമായി പരാമർശിക്കുകയും ചെയ്യുന്നുണ്ട്. എടുത്ത് പോറ്റിവളർത്തിയ കുഞ്ഞിന്റെ കരങ്ങളാൽ ഫിർഔൻ നശിപ്പിക്കപ്പെടുക എന്നത്, ദൈവത്തിന്റെ നടപടിക്രമത്തിൽ പെട്ടതായിരുന്നു. ദൈവം തനിക്കുവേണ്ടി മാത്രമാക്കിയ ഒരാളായിരുന്നു മൂസാ. സൈന്യബലവും ആയുധശക്തിയുമില്ലാതെയാണ് ദൈവം മൂസായെ അയച്ചത്, അതും കാലഘട്ടത്തിന്റെ ഏറ്റവും വലിയ സ്വേച്ഛാധിപതിയുടെ അടുത്തേക്ക്.
അതിഗംഭീരമായ ഒരു സംരംഭത്തിനാവശ്യമായ സജ്ജീകരണങ്ങളൊന്നും തന്നെ ഇല്ലാതിരുന്നിട്ടും അവസാനം മൂസാ വിജയിച്ചത്, ശത്രുക്കളുടെ മാർഗ്ഗതടസ്സങ്ങൾക്ക് വിധേയനാകാതിരുന്നതിനാലാണ്. വിപ്ലവകാരിയായ പ്രബോധകൻ കൈമുതലാക്കേണ്ട ഏറ്റവും വലിയ സ്വഭാവംകൂടിയാണിത്. ആയിരക്കണക്കിനാളുകളുടെ മുന്നിൽ വെച്ച് ഫറവോന്റെ വെല്ലുവിളി സ്വീകരിച്ച് ജാലവിദ്യക്കാരെ പരസ്യമായി നേരിട്ടപ്പോൾ ദിവ്യാത്ഭുതവും പ്രവാചകത്വവും കൊട്ടാരാഭിചാരകന്മാർ അംഗീകരിക്കുകയായിരുന്നു, ഒപ്പം രാജപത്നിയും.
കാലത്തിന്റെ കൈപിടിയിലൊളിഞ്ഞിരിക്കുന്ന ദൈവികാസൂത്രണങ്ങളെ തിരിച്ചറിയാൻ സമയമെടുക്കും. യൂസുഫ് തടവറയിൽ നിന്ന് അധികാരത്തിലേറിയതും രാജകൊട്ടാരത്തിൽ വളർന്ന് രാജാവിന്നെതിരെ വിപ്ലവം നയിച്ച മൂസായുടെയും അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ മദീനാപലായനവും ഇതാണ് നമ്മെ പഠിപ്പിക്കുന്നത്. ഇരുട്ടിനു ശേഷം വെളിച്ചമുണ്ടെന്നുള്ള പ്രതീക്ഷയുടെ പാഠം.
ഹിബ ഹമീദ്
കടപ്പാട്:www.Ocha.in