എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). അല്‍ബഖറ 286.
(അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനുമാണിത്). അല്‍ബഖറഃ 185.
ഇസ്ലാമിക ദര്‍ശനം അതിന്റെ വിശ്വാസ-നിയമ, കല്‍പനാ-നിരോധന കാര്യങ്ങളിലെല്ലാം എളുപ്പമാണ്. ഏറ്റവും സത്യസന്ധവും, ശരിയുമായ വിശ്വാസമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ഏറ്റവും മനോഹരവും ഉത്തമവുമായ സ്വഭാവമാണ് അത് പകര്‍ന്ന് നല്‍കുന്നത്. ഇസ്ലാമിന്റെ നിയമങ്ങളും വിധികളും ഏറ്റവും നീതിപൂര്‍വകവും, ചൊവ്വായതുമാണ്.
ഈ ഇസ്ലാമിക ദര്‍ശനത്തിന്റെ സൗന്ദര്യത്തെയും, തെളിമയെയും, ശോഭയെയും തിരിച്ചറിഞ്ഞ വ്യക്തി അതിനെ സ്തുതിക്കുകയും, പ്രകീര്‍ത്തിക്കുകയും, മുറുകെ പിടിക്കുകയുമാണ് ചെയ്യുക. ഇസ്ലാമിക വിശ്വാസം അവനില്‍ കൂടുകെട്ടുകയും, ശരീഅത്ത് നിയമങ്ങള്‍ അവന്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്നു. തിരുദൂതര്‍(സ) അരുള്‍ ചെയ്തത് ഇപ്രകാരമാണ് (തീര്‍ച്ചയായും ഈ ദര്‍ശനം എളുപ്പമുള്ളതാണ്).
ഇസ്ലാമിക വിശ്വാസവും, സ്വഭാവവും, നിയമങ്ങളുമെല്ലാം എളുപ്പമാണ് എന്നതാണ് ഇതിന്റെ വിവക്ഷ. അല്ലാഹു, മാലാഖമാര്‍, വേദഗ്രന്ഥം, പ്രവാചകന്മാര്‍, പരലോകം, വിധി തുടങ്ങിയവയിലുള്ള വിശ്വാസം ഹൃദയത്തിന് സമാധാനം സമ്മാനിക്കുകയും, വിശ്വാസിയെ ഏറ്റവും ഉത്തമമായ വഴിലേക്ക് നയിക്കുകയും ചെയ്യുന്നു.
വിശ്വാസിയുടെ സ്വഭാവവും, കര്‍മവും ഏറ്റവും ഉത്തമവും ശ്രേഷ്ഠവുമായിരിക്കും. അതുവഴി അവന് ഇഹ-പര ലോകങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. അവയെല്ലാം അവന് എളുപ്പവും സുഗമവുമാണ്. ഓരോ വ്യക്തിക്കും ക്ലേശമൊന്നുമില്ലാതെ അവ എളുപ്പത്തില്‍ നിര്‍വഹിക്കാനും നടപ്പാക്കാനും സാധിക്കുന്നു.
തീര്‍ത്തും ലളിതവും സരളവുമായ വിശ്വാസ സംഹിതകളാണ് ഇസ്ലാം മുന്നോട്ട് വെച്ചിട്ടുള്ളത്. നേരെ ചൊവ്വെ ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും അവ വേഗത്തില്‍ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും സാധിക്കുന്നതാണ്. അതിതീവ്രവും, കഠിനവുമായ ചടങ്ങുകളോ ആചാരങ്ങളോ ഇസ്ലാം ഒരിക്കലും വിശ്വാസികള്‍ക്ക് മേല്‍ നിര്‍ബന്ധമാക്കിയിട്ടില്ല.
ദിനേനെ അഞ്ചുതവണ ആവര്‍ത്തിക്കുന്ന നമസ്‌കാരമാണ് അവയില്‍ ഏറ്റവും സുപ്രധാനം. അവയ്ക്ക് നിര്‍ണിതമായ സമയവും രൂപവുമുണ്ട്. സംഘം ചേര്‍ന്ന് അവ നിര്‍വഹിക്കണമെന്നും ഇസ്ലാം കല്‍പിച്ചിരിക്കുന്നു. നമസ്‌കാരത്തിനായി ഒരുമിക്കുകയും അവ നിര്‍വഹിക്കുകയും ചെയ്യുകയെന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. അതുവഴി വിശ്വാസികള്‍ക്കിടയിലെ ബന്ധം സുദൃഢമാവുകയും, പരസ്പരം സ്‌നേഹം പുലര്‍ത്താന്‍ ഇതുവഴി വെക്കുന്നു.
പിന്നീടുള്ളത് സകാത് അഥവാ നിര്‍ബന്ധ ദാനമാണ്. ദരിദ്രരായവര്‍ക്ക് അവ ബാധകമല്ലെന്ന് മാത്രമല്ല, അവര്‍ക്കതില്‍ ചെറുതല്ലാത്ത ഓഹരിയുമുണ്ട്. സമ്പന്നര്‍ക്ക് മേലാണ് സകാത് നിര്‍ബന്ധമുള്ളത്. അവരുടെ ധനത്തിന്റെയും ഹൃദയത്തിന്റെയും ശുദ്ധീകരണം അതുവഴി നടക്കുന്നു. അവരുടെ സ്വഭാവം സംസ്‌കരിക്കുന്നതിനും, പാപങ്ങളില്‍ നിന്ന് കഴുകി ശുദ്ധിയാക്കുന്നതിനും അത് സഹായിക്കുന്നു. അവശതയനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസവും, പാവങ്ങളുടെ അത്താണിയുമായി അത് നിലകൊള്ളുന്നു.
ഇസ്ലാമിലെ ആരാധനകള്‍ വിശ്വാസികള്‍ക്ക് ലളിതവും, ആയാസകരവുമായി നിര്‍വഹിക്കാന്‍ സാധിക്കുന്നവയാണ്. നമസ്‌കാരവും സകാതും മാത്രമല്ല, വര്‍ഷത്തില്‍ ഒരു മാസം വരുന്ന റമദാന്‍ നോമ്പും ഇതില്‍ ഉള്‍പെടുന്നു. വിശ്വാസി സമൂഹം ഒന്നടങ്കം അന്നപാനീയങ്ങളും, വികാരങ്ങളും നിശ്ചിത സമയത്തേക്ക് മാറ്റി നിര്‍ത്തുന്നു. നന്മയും, സുകൃതങ്ങളും അധികരിപ്പിക്കുകയും വിശ്വാസവും, ദീനും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. അല്ലാഹുവിങ്കല്‍ നിന്ന് കൂടുതല്‍ പ്രതിഫലം സമ്പാദിക്കുകയും, നന്മകളില്‍ പരസ്പരം മത്സരിക്കുകയും ചെയ്യുന്നു. ദൈവഭക്തി കൈവരിക്കുന്നതിനും, ദൈവത്തിലേക്ക് മടങ്ങുന്നതിനും വിശ്വാസിക്ക് വഴിയൊരുക്കുന്ന മഹത്തായ കര്‍മങ്ങളിലൊന്നാണ് നോമ്പ്.
ജീവിതത്തില്‍ കഴിവും, പ്രാപ്തിയുമുള്ളവന് മേല്‍ ഒരു തവണ മാത്രം നിര്‍ബന്ധമാക്കപ്പെട്ട ആരാധനയാണ് ഹജ്ജ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം മതപരവും, ഭൗതികവുമായ ധാരാളം നേട്ടങ്ങളുള്ള കര്‍മമാണത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രസ്തുത യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയിട്ടുണ്ട് (അവിടെ അവര്‍ തങ്ങള്‍ക്കുപകരിക്കുന്ന രംഗങ്ങളില്‍ സന്നിഹിതരാകാന്‍). അല്‍ഹജ്ജ് 28.
ഇതുപോലെ തന്നെയാണ് ഇസ്ലാം സമര്‍പിക്കുന്ന മറ്റ് നിയമങ്ങളും. അവ വളരെ ലളിതവും, എളുപ്പവുമാണ്. അല്ലാഹുവിന്റെയും, ഭൂമിയിലെ മറ്റ് മനുഷ്യരുടെയും അവകാശങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് അവയുടെ ആകത്തുക. ജനങ്ങള്‍ക്ക് പ്രയാസമോ, വിഷമമോ ഉണ്ടാക്കുന്ന ഒന്നും തന്നെ അവയിലില്ല. അല്ലാഹു പറയുന്നു (നിങ്ങളെ പ്രയാസപ്പെടുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങള്‍ക്ക് അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരാനും അവനുദ്ദേശിക്കുന്നു). അല്‍മാഇദഃ 6.
മനുഷ്യര്‍ക്ക് ഉപകാരപ്രദവും, പ്രയോജനമുണ്ടാക്കുന്നതുമായ നിയമങ്ങള്‍ അവ സ്വീകരിക്കാനും പാലിക്കാനുമുള്ള ആഗ്രഹം ജനിപ്പിക്കുകയാണ് ചെയ്യുക. മാത്രവുമല്ല, അവനെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് താക്കീത് നല്‍കുക കൂടി ഇസ്ലാമിക ശരീഅത്ത് ചെയ്യുന്നുണ്ട്.
പരിപൂര്‍ണമെന്നും ആധികാരികമെന്നും സാക്ഷാല്‍ ദൈവം വിധിയെഴുതിയ ദര്‍ശനമാണിത് ( അവനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സ്വയം സാക്ഷിയാകുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവന്‍ നീതി സ്ഥാപിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമാണവന്‍. ഉറപ്പായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്‌ലാംതന്നെ വേദപുസ്തകം ലഭിച്ചവര്‍ ഇതില്‍ വ്യത്യസ്താഭിപ്രായക്കാരായി ഭിന്നവഴികളിലായത് അവര്‍ക്ക് അറിവ് വന്നെത്തിയശേഷം മാത്രമാണ്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. ആരെങ്കിലും അല്ലാഹുവിന്റെ തെളിവുകളെ തള്ളിക്കളയുന്നുവെങ്കില്‍ അറിയുക: അല്ലാഹു അതിവേഗം വിചാരണ നടത്തുന്നവനാണ്). ആലുഇംറാന്‍ 18-19.
ദൈവം നല്‍കിയ ഈ അനുഗ്രഹത്തിന് നന്ദി കാണിക്കാനുള്ള ബാധ്യത ഓരോ മനുഷ്യനുമുണ്ട്. അവന്‍ കല്‍പിച്ച മുറക്ക്, അവനോടുള്ള ബാധ്യതകള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുകയെന്നതാണ് അതിന്റെ പ്രായോഗിക രീതി. ഇസ്ലാമിക വിശ്വാസത്തെയും, നിയമങ്ങളെയും, മര്യാദകളെയും കുറിച്ച് ശരിയായ ധാരണയുള്ളവര്‍ക്കേ പ്രസ്തുത ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കാനാവൂ