ഏകകോശജീവിയായ അമീബ മുതല്‍ ‘ബുദ്ധിജീവി’ യായ മനുഷ്യനടക്കം കോടാനുകോടി ജീവ ജാലങ്ങളുണ്ട് ഭൂമിയില്‍. അതില്‍ ആന മുതല്‍ തിമിംഗലം വരെയുള്ള വന്‍ജീവികളെ അടക്കിഭരിക്കുന്ന ‘ഭൂമിയിലെ രാജാക്കന്മാര്‍’ ആണ് മനുഷ്യര്‍ എന്ന് പറയാം.മനുഷ്യര്‍ക്ക് ഇങ്ങനെ വാഴാന്‍ കഴിയുന്നത് ‘ബുദ്ധിജീവികള്‍’ ആയതുകൊണ്ടാണ്. ഇവ്വിധം ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ക്കിടയില്‍ പ്രവാചകന്‍മാരും വേദങ്ങളും എന്തിനാണ്?മറ്റു ജീവജാലങ്ങള്‍ക്കിടയില്‍ പ്രവാചകന്മാരില്ല,വേദങ്ങളുമില്ല എന്നിരിക്കെ?
മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യന് ഒരുപാട് സവിശേഷതകളുണ്ട് അതോടൊപ്പം പരിമിതികളും. ഈ പരിമിതികളെ മനസ്സിലാവുമ്പോഴാണ് മറ്റു ജീവജാലങ്ങള്‍ക്കിടയില്‍ ആവശ്യമില്ലാത്ത, പ്രവാചകന്‍മാരും വേദങ്ങളും മനുഷ്യര്‍ക്കാവശ്യമാണെന്ന് ബോധ്യപ്പെടുക
ഒരു ആട് പ്രസവിച്ചാല്‍, അല്ലെങ്കില്‍ ഒരു പശു പ്രസവിച്ചാല്‍, അതിന്റെ കുഞ്ഞ് അല്‍പം കഴിയുമ്പോള്‍ അന്നം തേടി അതിന്റെ മാതാവിന്റെ അകിട്ടിലേക്ക് സ്വയം പോകുന്നതായി കാണാം. എന്നാല്‍ ഒരു മനുഷ്യകുഞ്ഞിനെ സംബന്ധിച്ചിടത്തോളം വാവിട്ടു കരയാനേ ആ സന്ദര്‍ഭത്തില്‍ കഴിയൂ. മാതാവ് വാരിയെടുത്ത് മാറോട് ചേര്‍ക്കുമ്പോഴാണ് മനുഷ്യകുഞ്ഞിന് അന്നം നുകരാനാവുന്നത്. ഇത് സൂചിപ്പിക്കുന്നത് തുടക്കം മുതല്‍ തന്നെ ഒരു ‘കൈതാങ്ങ്’ ആവശ്യമാണ് മനുഷ്യന് എന്ന കാര്യമാണ്. ഒരു പൂച്ചക്കുട്ടിക്ക് പോലുമില്ലാത്ത പരിമിതികള്‍ മനുഷ്യകുട്ടിക്കുണ്ട് എന്നര്‍ഥം
ഇത് മാത്രമല്ല മുട്ട വിരിഞ്ഞ് പുറത്തുവരുന്ന കോഴികുഞ്ഞ് ധാന്യമണിയും മണല്‍ത്തരിയും തിരിച്ചറിയും. പട്ടിക്കും പൂച്ചക്കും കോഴിക്കും കഴുതക്കുമെല്ലാം അവയുടെ അന്നമേതെന്നറിയാം. അവക്ക് ‘ഹറാമും ഹലാലും’ (അനുവദനീയവും നിഷിദ്ധവും) എന്തൊക്കെയെന്ന് അവയെ സൃഷ്ടിക്കുമ്പോള്‍ തന്നെ അവയുടെ പ്രകൃതിയില്‍ ദൈവം നിര്‍ണയിച്ചു വച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ കാര്യം അങ്ങനെയല്ല. കുട്ടി മുട്ടിലിഴഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോള്‍ രക്ഷിതാക്കളുടെ കണ്ണ് തെറ്റിയാല്‍ സ്വന്തം മലവും വാരി വിഴുങ്ങും. ഒരു പട്ടിക്കുട്ടി ചെയ്യാത്തത് മനുഷ്യക്കുട്ടി ചെയ്യുമെന്നര്‍ഥം. ആ സന്ദര്‍ഭത്തില്‍ ‘അരുത്’ എന്ന് ആ മനുഷ്യക്കുട്ടിയെ പഠിപ്പിക്കേണ്ടത് ഒരു അനിവാര്യതയാണ്. ഇങ്ങനെ ജീവിതത്തിലുടനീളം പാടുള്ളതും പാടില്ലാത്തതും പഠിപ്പിക്കണം മനുഷ്യനെ. മറ്റു ജീവജാലങ്ങളെ സൃഷ്ടിച്ചപ്പോള്‍ തന്നെ ദൈവം അത് അവയുടെ പ്രകൃതില്‍ നിക്ഷേപിച്ചിരിക്കുന്നു
