കാരുണ്യത്തെക്കുറിച്ച് ഏറെ പറയുന്ന ഇസ്ലാം മൃഗങ്ങളോടും മറ്റു ജീവികളോടും കാണിക്കാറുള്ളത്…

Question: കാരുണ്യത്തെക്കുറിച്ച് ഏറെ പറയുന്ന ഇസ്ലാം മൃഗങ്ങളോടും മറ്റു ജീവികളോടും കാണിക്കാറുള്ളത് ക്രൂരതയല്ലേ? അവയെ അറുക്കുന്നത് ശരിയാണോ?
Answer: ഭൂമിയിലെ എല്ലാറ്റിനോടും കാരുണ്യം കാണിക്കണമെന്ന് ഇസ്ലാം കല്പ്പിക്കുന്നു. പ്രവാചകൻ പറഞ്ഞു: ” ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ഉപരിലോകത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും.”(ത്വബ്റാനി)
കരുണയില്ലാത്തവന് കാരുണ്യം കിട്ടുകയില്ല.”(ബുഖാരി, മുസ്ലിം)
“നിർഭാഗ്യവാനല്ലാതെ കരുണയില്ലാത്തവനാവതേയില്ല.”(അബൂദാവൂദ്)
ഭൂമിയിലെ ജീവികളെയെല്ലാം ഇസ്ലാം മനുഷ്യരെപ്പോലുള്ള സമുദായമായാണ് കാണുന്നത്. അല്ലാഹു പറയുന്നു: “ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകളാൽ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെ പോലുള്ള ചില സമുദായങ്ങൾ മാത്രമാകുന്നു.”(ഖുർആൻ 6: 38)
മനുഷ്യർ ധിക്കാരികളാകുമ്പോഴും മഴവർഷിക്കുന്നത് ഇതര ജീവികളെ പരിഗണിച്ചാണെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. “ജനം സകാത്ത് നല്കാതിരുന്നാൽ മഴ നിലക്കുമായിരുന്നു. ജന്തുക്കൾ കാരണമായാണ് എന്നിട്ടും മഴ വർഷിക്കുന്നത്.”(ഇബ്നുമാജ)
ജീവനുള്ള ഏതിനെ സഹായിക്കുന്നതും സേവിക്കുന്നതും പുണ്യകർമമത്രെ. പ്രവാചകൻ പറയുന്നു: “പച്ചക്കരളുള്ള ഏതൊരു ജീവിയുടെ കാര്യത്തിലും നിങ്ങൾക്കു പുണ്യമുണ്ട്.”(ബുഖാരി)
നബിതിരുമേനി അരുൾ ചെയ്യുന്നു: “ഒരാൾ ഒരു വഴിയിലൂടെ നടന്നു പോകവേ ദാഹിച്ചു വലഞ്ഞു. അയാൾ അവിടെ ഒരു കിണർ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോൾ ഒരു നായ ദാഹാധിക്യത്താൽ മണ്ണ് കപ്പുന്നതു കണ്ടു. “ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ!’ എന്ന് ആത്മഗതം ചെയ്ത് അയാൾ കിണറ്റിലിറങ്ങി. ഷൂവിൽ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരിൽ അല്ലാഹു അയാളോട് നന്ദി കാണിച്ചു. അയാൾക്കു പൊറുത്തു കൊടുത്തു.” ഇതുകേട്ട് അവിടത്തെ അനുചരന്മാർ ചോദിച്ചു. മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങൾക്കു പ്രതിഫലമുണ്ടോ? പ്രവാപകൻ പ്രതിവചിച്ചു. പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങൾക്ക് പ്രതിഫലമുണ്ട്.” (ബുഖാരി, മുസ്ലിം)
മറ്റൊരു സംഭവം പ്രവാചകൻ ഇങ്ങനെ വിവരിക്കുന്നു. ഒരു നായ കിണറ്റിനുചുറ്റും ഓടിനടക്കുകയായിരുന്നു. കഠിനമായ ദാഹം കാരണം അത് ചാവാറായിരുന്നു. അതുകണ്ട ഇസ്രായീല്യരിൽപെട്ട ഒരു വ്യഭിചാരിണി തന്റെ ഷൂ അഴിച്ച് അതിൽ വെള്ളമെടുത്ത് അതിനെ കുടിപ്പിക്കുകയും സ്വയം കുടിക്കുകയും ചെയ്തു. അതിന്റെ പേരിൽ അല്ലാഹു അവർക്ക് പൊറുത്തുകൊടുത്തു.”(ബുഖാരി)
ഏതു ജീവിയേയും ദ്രോഹിക്കുന്നത് പാപമാകുന്നു. പ്രവാചകനത് ശക്തമായി വിലക്കുന്നു. നബിതിരുമേനി അരുൾ ചെയ്യുന്നു: “പൂച്ച കാരണം ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അവളതിനെ വിശന്നുചാകുവോളം കെട്ടിയിട്ടു. അങ്ങനെ അവർ നരകാവകാശിയായി,” (ബുഖാരി, മുസ്ലിം)
“ഒരു കുരുവിയെയോ അതിനെക്കാൾ ചെറിയ ജീവിയെയോ അന്യായമായി വധിക്കുന്നത് അല്ലാഹുവോട് ഉത്തരം പറയേണ്ട കാര്യമാണ്, ‘ന്യായമായ ആവശ്യമെന്തെന്ന് ചോദിച്ചപ്പോൾ അവിടന്ന് പറഞ്ഞു. ഭക്ഷണമുണ്ടാക്കലും ബലിയറുക്കലും കൊന്നശേഷം വെറുതെ ഉപേക്ഷിക്കാതിരിക്കലും.” (അഹ്മദ്)
വിനോദത്തിന് ജീവികളെ കൊല്ലുന്നതും പരസ്പരം പോരടിപ്പിച്ച് മത്സരിപ്പിക്കുന്നതും പ്രവാചകൻ നിരോധിച്ചിരിക്കുന്നു. (മുസ്ലിം, തിർമുദി)
ഇപ്രകാരം തന്നെ മൃഗങ്ങളെ കല്ലെറിയുന്നതും തേനീച്ച, ഉറുമ്പ്, കുരുവി പോലുള്ളവയെ കൊല്ലുന്നതും അവിടന്ന് വിലക്കിയിരിക്കുന്നു. (മുസ്ലിം, അബൂദാവൂദ്)
നബിതിരുമേനി അരുൾ ചെയ്യുന്നു: “ആരെങ്കിലും ഒരു പക്ഷിയെ അനാവശ്യമായി വധിച്ചാൽ അന്ത്യദിനത്തിൽ അത് അലമുറയിട്ടുകൊണ്ട് അല്ലാഹുവോട് പറയും. എന്റെ നാഥാ! ഇന്നയാൾ എന്നെ അനാവശ്യമായി കൊന്നിരിക്കുന്നു. ഉപയോഗത്തിനു വേണ്ടിയല്ല അയാളെന്നെ വധിച്ചത്.”(നസാഈ, ഇബ്നുഹിബ്ബാൻ)

