സ്ത്രീ എക്കാലത്തും സമൂഹത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ആറാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ക്ക് ആത്മാവില്ല എന്ന് വാദിച്ചിരുന്നുവത്രെ! സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു.
‘അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും. തനിക്കു ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്‌നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ! ‘(16 : 58, 59)
അതൊരു ഇരുണ്ട കാലമായിരുന്നു. എന്നാല്‍ ഇന്നും സ്ഥിതി വ്യത്യസ്ഥമാണോ? പരിഷ്‌കൃത സമൂഹത്തില്‍ ജനിക്കാന്‍ പോലും അനുവാദമില്ലാതെ പെണ്‍ ബ്രൂണഹത്യകള്‍ നടക്കുന്നു. സ്ത്രീ പീഢനങ്ങള്‍ പെരുകുന്നു. ബലാല്‍സംഗങ്ങളും തട്ടിക്കൊണ്ട് പോകലുകളും കുറേയേറെ വാര്‍ത്തകളിലൂടെ പുറം ലോകമറിയുന്നു. പുറത്ത് വരാത്ത പീഢന കഥകള്‍ എത്രയുണ്ടെന്നാര്‍ക്കറിയാം!
പെണ്ണിനെ കേവല ശരീരമായി കാണുന്നു. സ്ത്രീ ശരീരത്തെ വില്‍പന ചരക്കാക്കിയിരിക്കുന്നു. നഗ്‌നതാ പ്രദര്‍ശനം പരസ്യങ്ങള്‍ക്കും സിനിമകള്‍ക്കും അനിവാര്യമാണെന്ന രീതിയാണ്. വ്യഭിചാരത്തിനും സ്ത്രീ പീഢനങ്ങള്‍ക്കും ബലാല്‍ക്കാരങ്ങള്‍ക്കും പ്രേരണ നല്‍കും വിധം വസ്ത്രധാരണരീതിയും ദൃശ്യമാധ്യമങ്ങളും ശരീര പ്രദര്‍ശനങ്ങളില്‍ മല്‍സരിക്കുകയാണ്. നമ്മുടെ തലസ്ഥാന നഗരിയിലുള്‍പ്പടെ വന്‍നഗരങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് നേരെയുള്ള ബലാല്‍ക്കാരങ്ങളുടെ വാര്‍ത്തകള്‍ നാമറിയുന്നു.
വിശ്വാസമാര്‍ഗത്തില്‍ മര്‍ദ്ദന പീഢനങ്ങള്‍ സഹിക്കാനാവാതെ സങ്കടവുമായി വന്ന അനുയായിയോട് പ്രവാചകന്‍ പറയുന്നുണ്ട്; ക്ഷമിക്കുക, സ്വന്‍ആ മുതല്‍ ഹദറമൗത്ത് വരെ ഒരു പെണ്‍കുട്ടിക്ക് നിര്‍ഭയയായി നടക്കാന്‍ കഴിയുന്ന ഒരു കാലം വരും എന്ന്. അഥവാ രാജ്യം സമാധാനപൂര്‍ണ്ണമാവുന്നതും സല്‍ഭരണമാവുന്നതും സ്ത്രീ സുരക്ഷയിലൂടെയാണെന്ന് നബി പഠിപ്പിക്കുന്നു.
മര്‍ദ്ദക ഭരണാധികാരിയായിരുന്ന ഫറോവ ഇസ്രായീല്യരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്യുകയും സ്ത്രീകളെ പീഢിപ്പിക്കാന്‍ ജീവിക്കാന്‍ വിടുകയുമാണ് ചെയ്തിരുന്നത്. കാരണം അവനും അവന്റെ പടയാളികളും ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു. നമ്മിലേക്ക് മടങ്ങിവരില്ലെന്നാണവര്‍ വിചാരിച്ചത്. (28 :39) സ്ത്രീ സുരക്ഷക്ക് ശക്തമായ നിയമങ്ങളും പ്രാപ്തരായ ഭരണാധികാരികളും വേണം. അതിനൊക്കെ മുമ്പ് സ്ത്രീ ആരാണെന്ന് മനസ്സിലാക്കപ്പെടണം.
ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്. ( 4 :1)
മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. ( 49 : 13) അഥവാ ആണും പെണ്ണും ഒറ്റ സത്തയില്‍ നിന്നുള്ളതാണ്.ആണില്ലാതെ പെണ്ണോ പെണ്ണില്ലാതെ ആണോ ഇല്ല.
പുരുഷനോ സ്ത്രീയോ ആരാവട്ടെ. സത്യവിശ്വാസിയായിരിക്കെ സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചയമായും നാം മെച്ചപ്പെട്ട ജീവിതം നല്‍കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റം ഉത്തമമായതിന് അനുസൃതമായ പ്രതിഫലവും നാമവര്‍ക്ക് കൊടുക്കും. (16 : 97) സ്ത്രീ സ്വാതന്ത്ര്യമെന്നാല്‍ സ്ത്രീ പുരുഷനാകലോ പുരുഷന്‍ സ്ത്രീയാകലോ അല്ല. സ്ത്രീ പൂര്‍ണ്ണമായും സ്ത്രീയാകലാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ആധുനികലോകത്തിന് ഈവിഷയകമായ ഒരു കൃത്യമായ കാഴ്ചപ്പാട് പോലും രൂപപ്പെടുത്തയെടുക്കാന്‍ സാധിച്ചിട്ടില്ല.
ഒരു വശത്ത് സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും പുരോഗതിയുടെയും പരിഷ്‌കാരത്തിന്റെയും പേരില്‍ സ്ത്രീയുടെ നഗ്‌നത വെളിപ്പെടുത്തുകയും സ്ത്രീ പുരുഷ ഇടകലരലുകള്‍ക്ക് അവസരമൊരുക്കുകയും, മറുവശത്ത് സ്ത്രീകള്‍ അക്രമിക്കപ്പെടുന്നേയെന്ന് വിലപിക്കുകയുമാണ് ആധുനിക ലോകം ചെയ്യുന്നത്.
സ്ത്രീ സ്വാതന്ത്ര്യത്തിന് സദാചാരവുമായി വലിയ ബന്ധമുണ്ട്. സദാചാരബോധമുള്ള സമൂഹത്തിലേ സ്ത്രീക്ക് അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ. സദാചാരം ഇല്ലാതെ നിയമ വ്യവസ്ഥ നിലനിര്‍ത്താനാവില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടിലെ ഒരു ജഡ്ജി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധപിടിച്ചുപറ്റി. കുപ്രസിദ്ധമായ പ്രൊഫ്യൂമോ സംഭവത്തില്‍ വിധി പ്രസ്താവിച്ച ജഡ്ജി. ലണ്ടനിലെ തന്റെ ലളിതമായ ഫ്‌ലാറ്റില്‍ മൂന്ന് മാസക്കാലം ചടഞ്ഞിരുന്ന് അദ്ദേഹം കേസ് പഠിച്ചു. കേസന്വേഷണവേളയില്‍ 280 ഓളം സ്ത്രീപുരുഷന്‍മാരേയും പത്രപ്രവര്‍ത്തകരേയും പാര്‍ലമെന്റ് അംഗങ്ങളേയും അദ്ദേഹം വിചാരണ ചെയ്തിരുന്നു. ഏഴു ലക്ഷത്തി അമ്പതിനായിരം പദങ്ങളുള്ള വിധിന്യായത്തിന്റെ അവസാനഭാഗത്ത് വെട്ടിത്തിളങ്ങുന്ന അക്ഷരങ്ങളില്‍ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തി: ‘മതത്തെ ഒഴിച്ചുനിറുത്തിക്കൊണ്ട് സദാചാരം ഉണ്ടാവുകയില്ല. സദാചാരമില്ലാതെ നിയമ വ്യവസ്ഥ നില നിര്‍ത്താനും കഴിയില്ല.'(വിശ്വാസവും ജീവിതവും. യൂസുഫുല്‍ ഖറദാവി)
മനുഷ്യന്‍ നിയന്ത്രിക്കപ്പെടുന്നത് അവന്റെ അകത്തുനിന്നാണ്. അകത്തുനിന്ന് നയിക്കുന്നത് നന്മയിലേക്കാണെങ്കില്‍ തിന്മ നിറഞ്ഞ ചുറ്റുപാടിലും പിടിച്ചു നില്‍ക്കാന്‍ സാധിക്കും. അകത്ത് നിന്ന് നയിക്കപ്പെടുന്നത് തിന്‍മയിലേക്കാണെങ്കില്‍ എല്ലാ നിയമങ്ങളുടെയും വേലിബന്ധനങ്ങളെ തകര്‍ത്ത് തിന്‍മയിലേക്ക് തന്നെ മുന്നേറും. മനുഷ്യന് അവനെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു ധാര്‍മ്മിക മേല്‍നോട്ടക്കാരന്‍ വേണം അതാണ് ശരിയായ വിശ്വാസം.
നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്. (24 : 30)
വിശ്വാസികളില്‍ പുരുഷന്‍ കൂടുതല്‍ ഉയര്‍ന്ന സ്ഥാനത്തും സ്ത്രീ അതിനു താഴെയും എന്നല്ല. സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച. ( 9 :71)
ഭരിക്കപ്പെടുന്ന ‘ഭാര്യ’ ഭരിക്കുന്ന ‘ഭര്‍ത്താവ്’ എന്ന പ്രയോഗം പോലും ദൈവവചനത്തിലില്ല. ഇണതുണകള്‍ എന്നാണ്. പരസ്പരം വസ്ത്രങ്ങളാണ്( അല്‍ ബഖറ 187)
നബി സ്ത്രീകളെ ആദരിച്ചു. അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കി. സ്വത്തവകാശം നല്‍കി. ചെലവഴിക്കേണ്ട ബാധ്യത പുരുഷന് നല്‍കി. സ്ത്രീകളെ ആദരിക്കുന്നവരാണ് ഉത്തമരെന്ന് പഠിപ്പിച്ചു.
പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍, സ്ത്രീകളോട് മാന്യമായി പെരുമാറുകയും അവരുടെ അവകാശങ്ങള്‍ വക വെച്ചു കൊടുക്കുകയും വേണമെന്ന് വസിയത്ത് ചെയ്തു. ഒരാള്‍ പ്രവാചക സന്നിധിയില്‍ വ്യഭിചാരത്തിന് അനുവാദം ചോദിച്ചു വന്നു. നബി, അവരോട് ചില ചോദ്യങ്ങള്‍ തിരിച്ചു ചോദിച്ചു. താങ്കള്‍ക്ക് മാതാവുണ്ടോ മകളുണ്ടോ ഭാര്യയുണ്ടോ സഹോദരിയുണ്ടോ? അതെ, അവരെ ആരെങ്കിലും വ്യഭിചരിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം? അതെല്ലാം അസഹനീയമാണെന്ന് അയാള്‍ മറുപടി പറഞ്ഞു. എങ്കില്‍ താങ്കള്‍ വ്യഭിചരിക്കുന്നവള്‍ ആരുടെയെങ്കിലും മാതാവോ മകളോ സഹോദരിയോ ഭാര്യയോ ആയിരിക്കമല്ലോ എന്നായി നബി. വന്നയാള്‍ക്ക് തന്റെ തെറ്റ് ബോധ്യമായി. അദ്ദേഹം പിന്നീട് പറഞ്ഞത് പ്രവാചകന്റെ സന്നിധിയിലേക്ക് വരുമ്പോള്‍ എനിക്കേറെ ഇഷ്ടം വ്യഭിചാരമായിരുന്നു. നബി സന്നിധിയില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ ഞാനേറെ വെറുക്കുന്ന കാര്യം വ്യഭിചാരമാണ് എന്നാണ്.
സ്ത്രീയെ ശരീരമായല്ല, ചരക്കായല്ല ഉമ്മയായി മകളായി ഭാര്യയായി സഹോദരിയായി കാണണമെന്ന് നബി പഠിപ്പിച്ചു. കുടുംബത്തിലും നബി അതുല്യ മാതൃക കാണിച്ചു. വീട്ടു കാര്യങ്ങളില്‍ സഹായിച്ചു. അവരുമായി കൂടിയാലോചിച്ചു. അവരുമായി കളിതമാശകളിലും വിനോദങ്ങളിലും ഏര്‍പ്പെട്ടു. അവരെ അഭിനന്ദിച്ചു. അവര്‍ക്കായി പ്രാര്‍ത്ഥിച്ചു.
സ്ത്രീകളുടെ സുരക്ഷിതത്വം, അവരുടെ സന്മാര്‍ഗം, അവരുടെ മനഃശാന്തി തുടങ്ങിയവയില്‍ സമൂഹത്തിന് വലിയ ബാധ്യതയുണ്ട്. ബാധ്യതകള്‍ മറന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. മനുഷ്യജീവിതത്തില്‍ ബാധ്യതകളും അവകാശങ്ങളുമുണ്ട്. എല്ലാവരും അവരവരുടെ ബാധ്യതകള്‍ നിറവേറ്റിയാല്‍ എല്ലാവര്‍ക്കും അവകാശങ്ങള്‍ ലഭിക്കും. സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെ അവകാശങ്ങളുമുണ്ട്(അല്‍ ബഖറ: 228)
നീ ആഹരിച്ചാല്‍ അവളെയും ആഹരിപ്പിക്കുക നീ വസ്ത്രം ധരിച്ചാല്‍ അവളെയും ധരിപ്പിക്കുക. പുരുഷന്‍മാര്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കും തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിമര്‍ശിക്കാനും തിരുത്താനുമുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും പാഠങ്ങള്‍ കൊണ്ട് സമ്പന്നമാണ് പ്രവാചക പാഠശാല.
സ്ത്രീ വിമോചനം മൊത്തം മനുഷ്യവിമോചനത്തിന്റെ ഭാഗം മാത്രമല്ല അനിവാര്യതയുമാണ്.മനുഷ്യവിമോചനമാവട്ടെ, സൃഷ്ടാവിന്റെ പക്കല്‍ നിന്നുള്ള സന്മാര്‍ഗം സ്വീകരിക്കുന്നതിലൂടെ മാത്രം സാധ്യമാവുന്നതും.
(കടപ്പാട് :islamonlive)