ഏത് മതവും എനിക്ക് സംസ്കാരത്തിന്റെ പേരാണ്. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവരുന്ന ജീവിതചിന്തക്കും വിശ്വാസങ്ങള്‍ക്കും ഒരു സംജ്ഞ കിട്ടുന്നു. അതിന്റെയുള്ളില്‍ മനുഷ്യനെയും പ്രകൃതിയെയും കാലത്തെയും തമ്മിലിണക്കുന്ന അദൃശ്യമായ ഒരു സുവര്‍ണ ശൃംഖല സങ്കല്‍പിക്കാം. അങ്ങനെ രൂപപ്പെട്ട സംസ്കാരങ്ങളില്‍ ഏറ്റവും പുതിയതിന്റെ പേരാണ് എനിക്ക് ഇസ്‌ലാം. സാംസ്കാരിക പൈതൃകത്തിന്റെ മുഗ്ധവിചാരങ്ങള്‍ക്കിടയില്‍ ഇസ്‌ലാം ഉയര്‍ത്തുന്ന മാനവികതയാണ് എന്നെ ഏറെ ആകര്‍ഷിക്കുന്നത്. സ്നേഹത്തെയും സാഹോദര്യത്തെയും കാരുണ്യത്തെയും സംബന്ധിച്ച ഒരു ധ്യാനമുണ്ട് അതിന്. ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് മനുഷ്യരെയാണ്. ഖുര്‍ആന്റെ ദര്‍ശനം വെളിവാക്കപ്പെടുന്നിടത്തൊക്കെ അത് മനുഷ്യരേ എന്നു വിളിക്കുന്നു. അത് മുസ്‌ലിംകള്‍ക്ക് മാത്രമുള്ള ഒന്നല്ല. എല്ലാ മനുഷ്യരെയും ഖുര്‍ആന്‍ ഒറ്റ ഗോത്രമായി കാണുന്നു. മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ വ്യഥകളെയും വിശ്വാസങ്ങളെയും അത് ലക്ഷ്യം വെക്കുന്നു. ആ അര്‍ഥത്തില്‍ എന്നെ സംബന്ധിച്ചേടത്തോളം ഇസ്‌ലാം സമ്പൂര്‍ണമായ ഒരു മാനവിക ദര്‍ശനമാണ്. അതുകൊണ്ടുതന്നെ അത് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും വേദാന്തമായിരിക്കുന്നു. ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചിട്ടുള്ള വാക്ക് കാരുണ്യം എന്ന അര്‍ഥത്തിലുള്ള റഹ്‌മത്ത് തന്നെയല്ലേ?
‘വായിക്കുക, സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ പേരില്‍’ എന്നു തുടങ്ങുന്ന ഖുര്‍ആന്‍ അറിവിന്റെ അമൂല്യതയെയും അനശ്വരതയെയും ഓര്‍മിപ്പിക്കുന്നു. ചൈനയില്‍ പോയിട്ടാണെങ്കിലും പഠിക്കണമെന്നായിരുന്നു മുഹമ്മദ് നബിയുടെ കല്‍പന.
സ്നേഹത്തെയും സാഹോദര്യത്തെയും കുറിച്ചുള്ള ഇസ്‌ലാമിന്റെ ധ്യാനം ധാര്‍മികതയുടെ പരമ സീമയോളം നീളുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.
ഖുര്‍ആനില്‍ നിന്ന് ഒരു ചോദ്യം ഉയര്‍ന്നു വരുന്നു. നിങ്ങളില്‍ ആരാണ് ഏറ്റവും ആദരണീയന്‍?
ഖുര്‍ആനില്‍ തന്നെ അതിന്റെ ഉത്തരവുമുണ്ട്. “മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരുപുരുഷനില്‍നിന്നും ഒരു സ്ത്രീയില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. അന്യോന്യം അറിയുന്നതിനു വേണ്ടിയാണ് നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയിരിക്കുന്നത്. തീര്‍ച്ചയായും ദൈവത്തിന് നിങ്ങളില്‍ വെച്ച് ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു.”
ഏതൊക്കെ പേരുകളില്‍ വേര്‍തിരിഞ്ഞുനിന്നാലും ഒരേ ഉല്‍പത്തിയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവരെന്ന നിലയില്‍ എവിടെയും എക്കാലത്തും മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന യാഥാര്‍ഥ്യം അവര്‍ക്കിടയിലെ സാഹോദര്യമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മനുഷ്യര്‍ക്കിടയിലെ വേര്‍തിരിവുകള്‍ അത് അംഗീകരിക്കുന്നില്ല! മനുഷ്യവര്‍ഗത്തിന്റെ അദ്വൈത സങ്കല്‍പത്തെയാണ് അത് വിളംബരം ചെയ്യുന്നത്. മനുഷ്യ സാഹോദര്യത്തിന് വിരുദ്ധമായി നില്‍ക്കുന്ന എന്തിനും അവിടെ വിലക്കുണ്ട്. അയല്‍ക്കാരന്റെ മതം ഏതെന്ന് അത് അന്വേഷിക്കുന്നില്ല. മനുഷ്യന്‍ എന്ന നിലക്ക് ഇസ്‌ലാമിന് അയല്‍ക്കാരന്‍ സഹോദരനാണ്, ആയിരിക്കണം. അങ്ങനെയല്ലാത്തതിനെ അനിസ്‌ലാമികമെന്ന് വിളിക്കണം.
ഒരാള്‍ അയാള്‍ക്ക് മാത്രമുള്ളതാണോ? അല്ലെന്ന് ഇസ്‌ലാമിന് ഉറപ്പുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി തന്റെ നന്മ പങ്കുവെക്കുന്ന ഒരാളെയാണ് ഇസ്‌ലാം മനുഷ്യനെന്ന് വിളിക്കുന്നത്. ഇസ്‌ലാം പഠിപ്പിക്കുന്ന സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും അടിയില്‍ ത്യാഗത്തിന്റെ ഒരു ഘനസാന്ദ്രതയുണ്ട്. അന്യജീവന് ഉതകിയതല്ലാതെ സ്വജീവിതം ധന്യമാക്കുന്നതെങ്ങെനെയെന്ന ആകുലത അതിന്റെ ധാര്‍മിക മനസ്സിനെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നു. ഞാനറിഞ്ഞിടത്തോളം ഒരു സ്വാര്‍ഥന്‍ ഇസ്‌ലാമില്‍ അസാധ്യമാണ്.
മനുഷ്യരെല്ലാവരും ഒരു ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണെന്ന നബിദര്‍ശനം മനുഷ്യര്‍ അന്യോന്യം ഭിന്നിച്ചു വേര്‍തിരിയുന്ന ഇക്കാലത്ത് ഓര്‍മിക്കപ്പെടേണ്ടതാണ്.
അറബിക്ക് അറബിയല്ലാത്ത് ഒരാളേക്കാള്‍ മേന്മയൊന്നുമില്ലെന്ന് ഓര്‍മിപ്പിക്കുമ്പോഴും, മനുഷ്യന്റെ മഹത്വം അവന്റെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ധാര്‍മികതയുടെ പേരിലാണ് നബി തിരുമേനി വിലമതിക്കുന്നതെന്ന് സ്പഷ്ടമാണ്. ജാതിനാമാദികള്‍ക്കല്ല ഗുണഗണങ്ങളെന്ന് നബിവചലം ധ്വനിപ്പിക്കുന്നു. ഒരു മനുഷ്യന്റെ മഹത്വം അവന്‍ പിറന്ന ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ല. അവന്‍ ഉള്‍ക്കൊള്ളുന്ന നന്മയുടെയും സ്നേഹത്തിന്റയും കാരുണ്യത്തിന്റെയും ധാര്‍മികതയുടെയും അളവുതൂക്കങ്ങളിലാണ്.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും ആശയങ്ങള്‍ കൊണ്ട് നിര്‍ഭരമായ ഒരു ദര്‍ശനമെന്ന നിലക്ക് ഇസ്‌ലാമിന്റെ ധാര്‍മികലാവണ്യമാണ് എന്നെ ആകര്‍ഷിക്കുന്നത്. ആ അര്‍ഥത്തില്‍ നല്ല മനുഷ്യരൊക്കെയും ഇസ്‌ലാമാണെന്ന് എന്റെ ഒരാത്മ സുഹൃത്ത് പറഞ്ഞത് ഞാനോര്‍ക്കുന്നു. പക്ഷേ, ലോകം പൊതുവെ ആ വഴിക്കാണോ സഞ്ചരിക്കുന്നത്? ആപത്കരമായ അഭിനിവേശങ്ങളെ പ്രതിരോധിക്കാന്‍ എന്താണ് ഒരു വഴി? ഇങ്ങനെപറയാന്‍ തോന്നുന്നു വായിക്കുക, ഖുര്‍അന്റെ ഹൃദയത്തില്‍ കടക്കുംവരെ, ഖുര്‍ആന്‍ നമ്മുടെ ഹൃദയത്തില്‍ കടക്കുംവരെ.
വ്യഥിതനും ഏകാകിയുമായ ഒരു മനുഷ്യന്റെ മേല്‍ പെയ്യുന്ന സ്നേഹത്തിന്റയും കാരുണ്യത്തിന്റെയും നിലാവാണ് എനിക്ക് ഇസ്‌ലാം.