ചോദ്യം: “മതങ്ങളെല്ലാം അടിസ്ഥാനപരമായി ഒന്നായിരുന്നുവെന്നും പിന്നീട് സ്വാർഥികളായ പുരോഹിതന്മാരുടെ കൈകടത്തലുകളാൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടങ്ങുന്ന പുതിയ മതങ്ങളുണ്ടായതാണെന്നും ഹിന്ദു മുസ്‌ലിം സംവാദവേദിയിൽ നിന്നും കേൾക്കുകയുണ്ടായി. എങ്കിൽ നന്മ ചെയ്ത് തെറ്റുകളിൽ നിന്നും വിട്ടുനിന്ന് ചെയ്ത തെറ്റുകൾക്ക് പശ്ചാത്തപിച്ച് ജീവിച്ചാൽ പോരേ? ഒരു പ്രത്യേക മതത്തിന്റെ അനുയായിയായി ജീവിക്കേണ്ടതുണ്ടോ?
ഉത്തരം: ശരിയും തെറ്റും അഥവാ നന്മയും തിന്മയും വേർതിരിച്ചു മനസ്സിലാക്കാനുള്ള മാനദണ്ഡമേത് എന്നതാണ് മൗലികമായ പ്രശ്നം. അത് മനുഷ്യബുദ്ധിക്ക് സ്വയം തീരുമാനിക്കാൻ കഴിയുന്നതല്ല. ബുദ്ധിയുടെ പരിമിതിയും മനുഷ്യന്റെ സ്വതവേയുള്ള ബലഹീനതകളും അതിന് തടസ്സമാണ്. ദിവ്യബോധനത്തിലൂടെ മാത്രമേ സത്യവും അസത്യവും ശരിയും തെറ്റും വേർതിരിക്കാൻ സാധിക്കൂ. ദിവ്യബോധനം പ്രവാചകന്മാർക്കേ ലഭിച്ചിട്ടുള്ളൂ. ദിവ്യബോധനത്തിലൂടെ വ്യക്തമാക്കിത്തന്നതാണ് യഥാർഥ ശരി; നന്മ. അതു തന്നെയാണ് സത്യമതവും. ഒരു മതത്തിലും വിശ്വസിക്കാത്തവന് താൻ വിചാരിക്കുന്നതൊക്കെ ശരിയെന്ന് തോന്നും. വ്യാജമതങ്ങളിൽ വിശ്വസിക്കുന്നവന്റെ സ്ഥിതിയും അതുതന്നെ. ജപ്പാനിലെ ഓഷിന്റിക്കോ, ഇന്ത്യയിലെ രജനീഷ്, ഈജിപ്തിലെ പിശാചിന്റെ ആരാധകർ തുടങ്ങിയവർ ഉദാഹരണം. തെറ്റ് ഉപേക്ഷിച്ചും ശരി ചെയ്തും ജീവിക്കാൻ സത്യമതത്തിൽ വിശ്വസിക്കുകതന്നെ വേണം.