അരീക്കോട്: അരീക്കോട് സൗത്ത് പുത്തലത്ത് മതസൗഹാർദത്തിന് മാതൃകയായി വീടിന്റെ തറക്കല്ലിടൽ. സൗത്ത് പുത്തലം വേലായുധന്റെ മകൻ വിജേഷിന്റെ പുതിയ വീടിന്റെ തറക്കല്ലിടലാണ് മാതൃകയായത്.
മഹല്ല് ഖാദി കബീർ ദാരിമിയാണ് തറക്കല്ലിടൽ നിർവഹിച്ചത്. എല്ലാവരുടെയും പ്രാർഥനയോടെ തറക്കല്ലിടൽ നിർവഹിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും അതിന്റെ ഭാഗമായാണ് താൻ ഏറെ സ്നേഹിക്കുന്ന പള്ളിയിലെ ഖാദിയെ ആ കർമ്മം നിർവഹിക്കാൻ ക്ഷണിച്ചതെന്നും വിജീഷ് പറഞ്ഞു.
തറക്കല്ല് സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് വീട്ടുടമയുടെ മതാചാരങ്ങൾ പ്രകാരമുള്ള എല്ലാ കർമങ്ങളും ആദ്യം പൂർത്തിയാക്കി. തുടർന്നാണ് മഹല്ല് ഖാദി തറക്കല്ലിട്ടത്. മതത്തിന്റെ പേരിൽ വ്യക്തികൾ തമ്മിൽ ഒരു അകൽച്ചയും ഉണ്ടാകാൻ പാടില്ലെന്നും അതിനാലാണ് താൻ ഇത്തരത്തിലുള്ള രീതി സ്വീകരിച്ചതെന്നും വിജേഷ് പറഞ്ഞു.
നിരവധി പേരാണ് വിജേഷിനെയും കുടുംബത്തെയും അഭിനന്ദിച്ച് രംഗത്തെത്തിത്. തറക്കല്ലിടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 25 വർഷമായി താൻ മഹലിന്റെ ഖാദിയായി പ്രവർത്തിക്കുന്നുണ്ടെന്നും ആദ്യമായാണ് ഇത്തരത്തിലൊരു തറക്കല്ലിടൽ നിർവഹിക്കുന്നതെന്നും പുത്തലം മഹല്ല് ഖാദി കബീർ ദാരിമി പറഞ്ഞു.
(കടപ്പാട് :മീഡിയ വൺ)