ദുബയ്: ഇന്ത്യയിൽ ഹിജാബ് വിവാദം കൊഴുക്കുമ്പോൾ ഹിജാബ് ധരിച്ച് ബഹിരാകാശ യാത്രക്ക് തയാറെടുക്കുകയാണ് ഒരു പത്തൊമ്പതുകാരി. ആദ്യ ഹിജാബി സ്‌പേസ് ടൂറിസ്റ്റാകാൻ തയാറെടുക്കുന്ന കനേഡിയൻ പെൺകുട്ടി സൈനബ് ആസിം കഴിഞ്ഞദിവസം ദുബൈ എക്‌സ്‌പോയിലെത്തി. അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണത്തിൽ പങ്കെടുക്കാനാണ് സൈനബ് എത്തിയത്.
വനിതകളും പെൺകുട്ടികളും ശാസ്ത്രരംഗത്ത് എന്ന വിഷയത്തിൽ സംസാരിക്കാനാണ് സൈനബ് ആസിം ദുബൈ എക്‌സ്‌പോയിലെത്തിയത്. പാകിസ്താൻ വംശജയായ സൈനബും കുടുംബവും ഇപ്പോൾ കനേഡിയൻ പൗരൻമാരാണ്. 11 വയസ് തികഞ്ഞപ്പോൾ പിതാവ് സമ്മാനമായി നൽകിയ തുക ഉപയോഗിച്ചാണ് സൈനബ് ബഹിരാകാശയാത്രക്ക് ഒരുങ്ങുന്നത്. രണ്ടരലക്ഷം ഡോളർ ചെലവിട്ട് ബഹിരാകാശത്തേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്ന വെർജിൻ ഗലാക്ടിക്കിൽ സൈനബ് സീറ്റ് തരപ്പെടുത്തി. തന്റെ യാത്ര നിരവധി വനിതകൾക്ക് പ്രചോദനമാകുമെന്ന് സൈനബ് ആസിം വിശ്വസിക്കുന്നു.
കുഞ്ഞുനാളിൽ ബഹിരാകാശ ഗവേഷത്തിൽ കാണിച്ചിരുന്ന താൽപര്യം കണ്ടാണ് മാതാപിതാക്കൾ സൈനബിന് വേറിട്ട പിറന്നാൾ സമ്മാനം നൽകിയത്. ടൊറന്റോ സർവകലാശാലയിൽ ന്യൂറോ സയൻസ് വിദ്യാർഥിയാണ് ഇവരിപ്പോൾ. ബഹിരാകാശയാത്രക്കുള്ള തീയതി കാത്തിരിക്കുകയാണ് സൈനബ്. ഹിജാബ് ധരിച്ച് ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ വനിത താനായിരിക്കുമെങ്കിലും ഈ നേട്ടം കൊയ്യുന്ന ആദ്യ മുസ്ലിം വനിത താനല്ലെന്ന് സൈനബ് ചൂണ്ടിക്കാട്ടുന്നു. 2006 ൽ അമേരിക്കയിലെ ഇറാൻ വംശജയായ അനുഷേ അൻസാരി സ്‌പേസ് സ്റ്റേഷനിലേക്ക് യാത്ര നടത്തിയിട്ടുണ്ട്. യുഎഇയുടെ വനിതാ ആസ്ട്രനോട്ട് നൂറ അൽ മത്‌റൂഷിയാകട്ടെ ബഹിരാകാശത്ത് എത്തുന്ന ആദ്യ അറബ് വനിതയാകാനുള്ള തയാറെടുപ്പിലുമാണ്.
ഹിജാബ് ധരിച്ച് ബഹിരാകാശ യാത്ര നടത്താൻ കനേഡിയൻ പെൺകുട്ടി
previous post