Question: “ഇസ്‌ലാമിൽ സ്ത്രീ-പുരുഷ സമത്വമുണ്ടോ? സ്ത്രീയുടെ പദവി പുരുഷനേതിനേക്കാൾ വളരെ താഴെയല്ലേ?”
Answer: മനുഷ്യർ പല തരക്കാരാണ്. മനുഷ്യരിലെ അവസ്ഥാവ്യത്യാസമനുസരിച്ച് അവരുടെ സ്ഥാനപദവികളിലും അവകാശ-ബാധ്യതകളിലും അന്തരമുണ്ടാവുക സ്വാഭാവികവും അനിവാര്യവുമത്. അതുപോലെ സ്ത്രീ പുരുഷന്മാർക്കിടയിലും ശാരീരികവും മാനസികവുമായ അന്തരമുണ്ട്. പുരുഷൻ എത്രതന്നെ ആഗ്രഹിച്ചാലും ശ്രമിച്ചാലും ഗർഭം ധരിക്കാനും പ്രസവിക്കാനും മുലയൂട്ടാനും സാധ്യമല്ലല്ലോ. സ്ത്രീ പുരുഷനിൽ നിന്ന് വ്യത്യസ്തമായി മാസത്തിൽ നിശ്ചിത ദിവസങ്ങളിൽ ആർത്തവവും അതിന്റെ അനിവാര്യതയായ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും അനുഭവിക്കുന്നു. കായികമായി പുരുഷൻ സ്ത്രീയേക്കാൾ കരുത്തനും ഭാരിച്ച ജോലികൾ ചെയ്യാൻ കഴിവുറ്റവനുമാണ്.
പുരുഷന്റെ ഏതാണ്ട് എല്ലാ ശാരീരികാവയവങ്ങളും സ്ത്രീയുടേതിൽനിന്ന് തീർത്തും വ്യത്യസ്തമാണ്. പ്രമുഖ ശരീര ശാസ്ത്രജ്ഞനായ ഹാവ് ലോക് എല്ലിസ് പറയുന്നു: “പുരുഷൻ അവന്റെ കൈവിരൽത്തുമ്പുവരെ പുരുഷൻ തന്നെയാണ്. സ്ത്രീ കാൽവിരൽത്തുമ്പുവരെ സ്ത്രീയും.”
ശരീരഘടനയിലെ അന്തരം മാനസികവും വൈകാരികവുമായ അവസ്ഥയിലും പ്രകടമത്രെ. അതിനാൽ സ്ത്രീപുരുഷന്മാർക്കിടയിൽ ശാരീരികമോ മാനസികമോ ആയ സമത്വമോ തുല്യതയോ ഇല്ല. അതുകൊണ്ടു തന്നെ അവർക്കിടയിലെ സമ്പൂർണ സമത്വം അപ്രായോഗികമാണ്. പ്രകൃതിവിരുദ്ധവും.
മനുഷ്യരാശിയുടെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം നല്കിയ ജീവിതവ്യവസ്ഥയാണ് ഇസ്‌ലാം. അതിനാലത് മനുഷ്യപ്രകൃതിയോട് പൂർണമായും ഇണങ്ങുന്നതും പൊരുത്തപ്പെടുന്നതുമത്രെ. ഇസ്‌ലാം സ്ത്രീയെയും പുരുഷനെയും അവകാശ ബാധ്യതകളുടെ പേരിൽ പരസ്പരം കലഹിക്കുന്ന രണ്ടു ശത്രുവർഗമായല്ല കാണുന്നത്. ഒരേ വർഗത്തിലെ അന്യോന്യം സഹകരിച്ചും ഇണങ്ങിയും കഴിയുന്ന, കഴിയേണ്ട രണ്ട് അംഗങ്ങളായാണ്. അല്ലാഹു അറിയിക്കുന്നു. “നിങ്ങളെല്ലാവരും ഒരേ വർഗത്തിൽപെട്ടവരാണ്”(ഖുർആൻ 4:25) പ്രവാചകൻ പറഞ്ഞു “സ്ത്രീകൾ പുരുഷന്മാരുടെ ഭാഗം തന്നെയാണ്” (അബൂദാവൂദ്).
അതിനാൽ സ്ത്രീപുരുഷന്മാരുടെ പദവികളെ ഗണിത ശാസ്ത്രപരമായി വിശകലനം ചെയ്യുക സാധ്യമല്ല. ചില കാര്യങ്ങളിൽ പുരുഷന്മാർക്കാണ് മുൻഗണനയെങ്കിൽ മറ്റു ചിലതിൽ സ്ത്രീകൾക്കാണ്. തദ്സംബസമായ ഇസ്‌ലാമിന്റെ സമീപനം ഇങ്ങനെ സംഗ്രഹിക്കാം.
1. അല്ലാഹുവിങ്കൽ സ്ത്രീപുരുഷന്മാർക്കിടയിൽ എന്തെങ്കിലും അന്തരമോ വിവേചനമോ ഇല്ല. അവന്റെയടുക്കൽ സമ്പൂർണ സമത്വവും തുല്യതയും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.
“പുരുഷനാവട്ടെ സ്ത്രീയാവട്ടെ, ആരു സത്യവിശ്വാസമുൾക്കൊണ്ട് സൽക്കർമമനുഷ്ഠിക്കുന്നുവോ, ഈ ലോകത്ത് അവർക്ക് നാം വിശുദ്ധജീവിതം നൽകും. പരലോകത്ത് അവരുടെ ശ്രേഷ്ഠവൃത്തികളുടെ അടിസ്ഥാനത്തിൽ നാമവർക്ക് പ്രതിഫലം നൽകുകയും ചെയ്യും”(16: 97), “പുരുഷനാവട്ടെ സ്ത്രീയാവട്ടെ, സത്യവിശ്വാസമുൾക്കൊണ്ട് സൽക്കർമമനുഷ്ഠിക്കുന്നതാരോ, അവർ സ്വർഗാവകാശികളായിരിക്കും”(40: 40). “അവരുടെ നാഥൻ അവരോട് ഉത്തരമേകി; സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, നിങ്ങളിലാരുടെയും കർമത്തെ നാം നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വർഗത്തിൽ പെട്ടവരാണല്ലോ”(3:195).
2. ഭൂമിയിൽ ഏറ്റവുമധികം ആദരവ് അർഹിക്കുന്നത് സ്ത്രീയാണ്. മാതൃത്വത്തോളം മഹിതമായി മറ്റൊന്നും ലോകത്തില്ല. തലമുറകൾക്ക് ജന്മം നൽകുന്നത് അവരാണ്. ആദ്യ ഗുരുക്കന്മാരും അവർ തന്നെ. മനുഷ്യന്റെ ജനനത്തിലും വളർച്ചയിലും ഏറ്റവുമധികം പങ്കുവഹിക്കുന്നതും പ്രയാസമനുഭവിക്കുന്നതും മാതാവാണ്. അതുകൊണ്ടുതന്നെ മനുഷ്യൻ ഭൂമിയിൽ ഏറ്റവുമധികം അനുസരിക്കുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് മാതാവിനെയാണ്.
ഒരാൾ പ്രവാചകസന്നിധിയിൽ വന്ന് ചോദിച്ചു: “ദൈവദൂതരേ, എന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അർഹൻ ആരാണ്?” അവിടന്ന് അരുൾ ചെയ്തു: “നിന്റെ മാതാവ്”. അയാൾ ചോദിച്ചു: “പിന്നെ ആരാണ്?” പ്രവാചകൻ പ്രതിവചിച്ചു: “നിന്റെ മാതാവ്”. അയാൾ വീണ്ടും ചോദിച്ചു: “പിന്നെ ആരാണ്” നബി അറിയിച്ചു. “നിന്റെ മാതാവ് തന്നെ” അയാൾ ചോദിച്ചു: “പിന്നെ ആരാണ്?” പ്രവാചകൻ പറഞ്ഞു: “നിന്റെ പിതാവ്”(ബുഖാരി, മുസ്‌ലിം).
വിശുദ്ധ ഖുർആൻ മാതാപിതാക്കളെ ഒരുമിച്ച് പരാമർശിച്ച ഒന്നിലേറെ സ്ഥലങ്ങളിൽ എടുത്തുപറഞ്ഞത് മാതാവിന്റെ സേവനമാണ്. “മനുഷ്യനോട് അവന്റെ മാതാപിതാക്കളുടെ കാര്യം നാം ഉപദേശിച്ചിരിക്കുന്നു. കടുത്ത ക്ഷീണത്തോടെയാണ് മാതാവ് അവനെ ഗർഭം ചുമക്കുന്നത്. അവന്റെ മുല കുടി നിർത്താൻ രണ്ടു വർഷം വേണം. അതിനാൽ നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദികാണിക്കണം”(31:14). “മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്ന് മനുഷ്യനോട് നാം കൽപിച്ചിരിക്കുന്നു. ഏറെ പ്രയാസത്തോടെയാണ് മാതാവ് അവനെ ഗർഭം ചുമന്നത്. കടുത്ത പാരവശ്യത്തോടെയാണ് പ്രസവിച്ചത് (46:15). അതിനാൽ ഇസ്‌ലാമിക വീക്ഷണത്തിൽ പ്രഥമസ്ഥാനവും പരിഗണനയും മാതാവെന്ന സ്ത്രീക്കാണ്.
3. പുരുഷന്മാരേക്കാൾ വിവേകപൂർവവും ഉചിതവുമായ സമീപനം സ്വീകരിക്കാൻ സാധിക്കുന്ന സ്ത്രീകളുണ്ടെന്ന് ഖുർആൻ ഉദ്ധരിക്കുന്ന ശേബാ രാജ്ഞിയുടെ ചരിത്രം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. സുലൈമാൻ നബിയുടെ സന്ദേശം ലഭിച്ചപ്പോൾ അവർ തന്റെ കൊട്ടാരത്തിലുള്ള വരുമായി എന്തുവേണമെന്ന് കൂടിയാലോചിച്ചു. വ്യക്തവും യുക്തവുമായ നിലപാട് സ്വീകരിക്കാനവർക്ക് സാധിച്ചില്ല. പക്വമായ അഭിപ്രായവും സമീപനവുമുണ്ടായത് ശേബാ രാജ്ഞിയുടെ ഭാഗത്തുനിന്നു തന്നെയായിരുന്നുവെന്ന് ഖുർആൻ വ്യക്തമാക്കുന്നു. (27: 29,44).
4. ആദ്യപാപത്തിന്റെ കാരണക്കാരി സ്ത്രീയാണെന്ന് ജൂത-ക്രൈസ്തവ സങ്കൽപത്തെ ഇസ്‌ലാം തീർത്തും നിരാകരിക്കുന്നു. ദൈവശാസ ലംഘിച്ച് ആദമും ഹവ്വായും വിലക്കപ്പെട്ട കനി ഭക്ഷിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഖുർആൻ ഇതിന്റെ കുറ്റം പ്രധാനമായും ചുമത്തുന്നത് ആദമിലാണ്, ഹവ്വയിലല്ല. “അങ്ങനെ ആദമും പത്നിയും ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. തദ്ഫലമായി അപ്പോൾ തന്നെ അവരുടെ നഗ്നത പരസ്പരം വെളിവായി. ഇരുവരും തോട്ടത്തിലെ ഇലകൾ കൊണ്ട് തങ്ങളെ മറയ്ക്കാൻ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. നേർവഴിയിൽ നിന്ന് വ്യതിചലിച്ചു. പിന്നീട് ആദമിനെ തന്റെ നാഥൻ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും സന്മാർഗമേകുകയും ചെയ്തു (20:121-122).
“നാം ഇതിനു മുമ്പ് ആദമിന് കൽപന കൊടുത്തിരുന്നു. പക്ഷേ, ആദം അത് മറന്നു. നാം അയാളിൽ നിശ്ചയദാർഢ്യം കണ്ടില്ല”(20:115). ആദിപാപത്തിന്റെ കാരണക്കാരി പെണ്ണാണെന്ന പരമ്പരാഗതധാരണയെ ഖുർആനിവിടെ പൂർണമായും തിരുത്തുന്നു.
5. ഭോഗാസക്തിക്കടിപ്പെട്ട ഭൗതിക സമൂഹങ്ങൾ പലപ്പോഴും സ്ത്രീകളെ കൊടിയ പീഡനങ്ങൾക്കിരയാക്കുക മാത്രമല്ല, പെൺകുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്താറുമുണ്ട്. സമകാലീന സമൂഹത്തിലെ സ്ഥിതിയും ഭിന്നമല്ല. ഇക്കാര്യത്തിൽ ഇന്ത്യയിൽ പ്രഥമസ്ഥാനം തമിഴ്നാടിനാണ്. അവിടത്തെ സേലം ജില്ലയിലെ ഉശിലാംപെട്ടി ശിശുഹത്യക്ക് കുപ്രസിദ്ധിയാർജിച്ച സ്ഥലമാണ്. അവിടെ പ്രസവിച്ചത് പെണ്ണിനെയാണെന്നറിഞ്ഞാൽ ഭർത്താവ് കാണാൻ പോലും വരില്ല. കൊന്നുകളഞ്ഞിട്ടു വാ എന്ന അറിയിപ്പാണ് കിട്ടുക. അതിനാൽ വീട്ടുകാർ കുട്ടിയുടെ കഥ കഴിച്ചശേഷം തള്ളയെ ഭർതൃഭവനത്തിലേക്കയക്കുന്നു
പെൺകുഞ്ഞുങ്ങൾ പിറക്കാതിരിക്കാൻ അവരെ ഗർഭപാത്രത്തിൽ വെച്ച് കൊലപ്പെടുത്തുന്ന രീതി ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും വ്യാപകമത്രെ. “ഇന്ത്യയിൽ ഭ്രൂണഹത്യക്കിരയായി ഒരു വർഷം അമ്പത് ലക്ഷം പെൺകുഞ്ഞുങ്ങൾ മരിക്കുന്നുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇത് ഇരുപത് ലക്ഷമാണ്.
ഈ ക്രൂരകൃത്യം നബിതിരുമേനിയുടെ ആഗമന കാലത്ത് അറേബ്യയിലെ ചില ഗോത്രങ്ങളിലും നിലനിന്നിരുന്നു. ഖുർആൻ പറയുന്നു: “അവരിലൊരാൾക്ക് പെൺകുട്ടി പിറന്നതായി സുവാർത്ത ലഭിച്ചാൽ കൊടിയ ദുഃഖം കടിച്ചിറക്കി അവന്റെ മുഖം കറുത്തിരുളുന്നു. അവൻ ജനങ്ങളിൽ നിന്ന് ഒളിച്ചു നടക്കുന്നു; ഈ ചീത്ത വാർത്ത അറിഞ്ഞശേഷം ആരെയും അഭിമുഖീകരിക്കാതിരിക്കാൻ. മാനഹാനി സഹിച്ച് അതിനെ വളർത്തണമോ അതോ അവളെ ജീവനോടെ കുഴിച്ചുമൂടേണമോ എന്ന് അയാൾ ആലോചിച്ചുകൊണ്ടിരിക്കുന്നു'(16: 58, 59).
ഇസ്‌ലാം ഇതിനെ കഠിനമായി വിലക്കുകയും ഗുരുതരമായ കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്തു. ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെൺകുഞ്ഞിനോട്, അവളെന്ത് അപരാധത്തിന്റെ പേരിലാണ് വധിക്കപ്പെട്ടതെന്ന് ചോദിക്കപ്പെടുന്ന വിചാരണനാളിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന താക്കീത് നൽകുകയും ചെയ്തു (81: 8,9).
ഇങ്ങനെ ഇസ്‌ലാം സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തി. പെൺകുഞ്ഞുങ്ങളെ ഹനിക്കുന്ന ഹീനവൃത്തിക്ക് അറുതി വരുത്തി.
6. എക്കാലത്തും എവിടെയും അവഗണിക്കപ്പെടുന്ന വിഭാഗമാണ് സ്ത്രീകളെന്നതിനാൽ ഇസ്‌ലാം അവർക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നൽകി. പ്രവാചകൻ പറഞ്ഞു: “ഒരാൾക്ക് രണ്ടു പെൺകുട്ടികളുണ്ടാവുകയും അയാളവരെ നല്ലനിലയിൽ പരിപാലിക്കുകയും ചെയ്താൽ അവർ കാരണമായി അയാൾ സ്വർഗാവകാശിയായിത്തീരും”(ബുഖാരി).
“മൂന്നു പെൺമക്കളോ സഹോദരിമാരോ കാരണമായി പ്രാരാബ്ധമനുഭവിക്കുന്നവന് സ്വർഗം ലഭിക്കാതിരിക്കില്ല” (ത്വഹാവി). “നിങ്ങൾ നിങ്ങളുടെ മക്കൾക്കിടയിൽ ദാനത്തിൽ തുല്യത പുലർത്തുക. ഞാൻ ആർക്കെങ്കിലും പ്രത്യേകത കൽപിക്കുന്നവനായിരുന്നുവെങ്കിൽ സ്ത്രീകൾക്ക് മുൻഗണന നൽകുമായിരുന്നു” (ത്വബ്റാനി).
ഈ വിധം പ്രകൃതിപരമായ പ്രത്യേകതകൾ പൂർണമായും പരിഗണിച്ചുള്ള സ്ഥാനപദവികളും അവകാശ-ബാധ്യതകളുമാണ് ഇസ്‌ലാം സ്ത്രീപുരുഷന്മാർക്ക് കൽപിക്കുന്നത്. അതുകൊണ്ടുതന്നെ മാതൃത്വത്തിന് മഹത്വ മേകുകയും അതിനെ അത്യധികം ആദരിക്കുകയും ചെയ്യുന്നു. സ്ത്രീയുടെ ഏറ്റവും വലിയ സവിശേഷതയും മാതൃത്വമത്രെ. അമേരിക്കൻ മനശ്ശാസ്ത്ര വിദഗ്ധനായ തിയോഡർ റൈക്ക് ‘സ്ത്രീ പുരുഷന്മാർക്കിടയിലെ വൈകാരിക വൈജാത്യങ്ങൾ’ എന്ന ഗ്രന്ഥത്തിൽ മാതൃത്വത്തിലഭിമാനിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകൾ ഇങ്ങനെ ഉദ്ധരിക്കുന്നു: “ധൈഷണികരംഗത്തും ഇതര മേഖലകളിലുമുള്ള പുരുഷന്റെ പ്രത്യേകത സങ്കോചലേശമന്യേ ഞങ്ങളംഗീകരിക്കുന്നു. പക്ഷേ, ഞങ്ങൾ സ്ത്രീകൾ അതിനേക്കാൾ എത്രയോ പ്രധാനപ്പെട്ട ഒന്നുകൊണ്ട് അനുഗൃഹീതരാണ്. ഞങ്ങളില്ലെങ്കിൽ മനുഷ്യരാശി വേരറ്റുപോകും. മക്കൾക്ക് ജന്മം നൽകുന്നത് ഞങ്ങളാണ്. വരും തലമുറകളുടെ സാന്നിധ്യം അതുവഴി ഞങ്ങൾ ഉറപ്പുവരുത്തുന്നു.”).
എന്നാൽ പെണ്ണ് പോലും ഇന്ന് മാതൃത്വത്തിന്റെ മഹത്വത്തെപ്പറ്റി ബോധവതിയല്ല. താൻ ഇത് കുട്ടികളെ ഗർഭം ചുമക്കുകയും പ്രസവിക്കുകയും പോറ്റി വളർത്തുകയും ചെയ്തിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുന്ന സ്ത്രീകളിന്ന് വളരെ വിരളമാണ്. മനുഷ്യന്റെ വിലയിടിവാണിതിനു കാരണം. മനുഷ്യൻ ഈ വിധം തീരേ വില കുറഞ്ഞ വസ്തുവായി മാറിയതിനാൽ അവനെ ഗർഭം ചുമക്കുന്നതും പ്രസവിക്കുന്നതും ഹോട്ടലിലെ റിസപ്ഷനിസ്റ്റിന്റെ ജോലിയേക്കാൾ തരംതാണതായി സ്ത്രീകൾക്ക് തോന്നി. അതിനാൽ പലർക്കുമിന്ന് ഗർഭം ചുമക്കാനും പ്രസവിക്കാനും മടിയാണ്. അഥവാ ഒന്നോ രണ്ടോ കുഞ്ഞിന് ജന്മം നൽകിയാൽ തന്നെ വേണ്ട രീതിയിൽ വളർത്താനവർ ഒരുക്കമല്ല. അവരുടെ സംരക്ഷണം ആയമാരെ ഏൽപിക്കുന്നു. അവർ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് മാസം തോറും ലഭിക്കുന്ന വേതനം പ്രതീക്ഷിച്ചാണ്. അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് പറഞ്ഞപോലെ മാതാപിതാക്കൾക്ക് മക്കൾ വ്യക്തിത്വമുള്ള അസ്തിത്വമാണ്; ആയമാർക്ക് സാധനങ്ങളിൽ ഒരു സാധനവും. അതിനാൽ ആയമാർ അവരെ കളിപ്പിക്കുന്നത് യന്ത്രങ്ങളുടെ ചിത്രങ്ങൾ തിരിക്കുന്നതുപോലെയും കുളിപ്പിക്കുന്നത് യന്ത്രങ്ങൾ തേച്ചുമിനുക്കുന്നതുപോലെയും തീർത്തും നിർവികാരമായിരിക്കും.
മാതൃത്വം അവഗണിക്കപ്പെട്ടതിന്റെ അനിവാര്യമായ ദുരന്തം ലോകമെങ്ങുമിന്ന് പ്രകടമാണ്. സോവിയറ്റ് ഭരണാധികാരിയായിരുന്ന മിഖായേൽ ഗോർബച്ചേവ് തന്റെ വിശ്വവിഖ്യാതമായ പെരിസ്ത്രോയിക്കയിൽ എഴുതുന്നു: “ഞങ്ങളുടെ വിഷമകരവും വീരോചിതവുമായ ചരിത്രത്തിന്റെ വർഷങ്ങളിൽ അമ്മയെന്ന നിലയിലും ഗൃഹനായികയെന്ന നിലയിലും സ്വന്തം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുകയെന്ന ഒഴിച്ചുകൂടാനാവാത്ത ജോലിയും സ്ത്രീകൾക്കുള്ള സ്ഥാനത്തുനിന്ന് ഉയർന്നുവരുന്ന സ്ത്രീകളുടെ പ്രത്യേകാവകാശങ്ങൾക്കും ആവശ്യങ്ങൾക്കും പരിഗണന നൽകുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ശാസ്ത്രീയ ഗവേഷണങ്ങളിലേർപ്പെടുകയും നിർമാണ സ്ഥലങ്ങളിലും ഉൽപാദനങ്ങളിലും സേവനതുറകളിലും പണിയെടുക്കുകയും സർഗാത്മക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതിനാൽ സ്ത്രീകൾക്ക് വീട്ടിൽ അവരുടെ ദൈനംദിന കടമകൾ നിർവഹിക്കുന്നതിന് -വീട്ടു ജോലി, കുട്ടികളെ വളർത്തൽ, നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കൽ- മതിയായ സമയം കിട്ടാതെ വരുന്നു. ഞങ്ങളുടെ പല പ്രശ്നങ്ങൾക്കും -കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റങ്ങളുടെ ധാർമിക മൂല്യങ്ങളിലും സംസ്കാരത്തിലും ഉൽപാദനത്തിലുമുള്ള പ്രശ്നങ്ങൾക്ക്- ഭാഗികമായ കാരണം ദുർബലമാകുന്ന കുടുംബബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണെന്ന് ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷനു തുല്യമാക്കണമെന്ന് ഞങ്ങളുടെ ആത്മാർഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോൾ പെരിസ്ത്രോയിക്കയുടെ പ്രക്രിയയിൽ ഈ കുറവ് ഞങ്ങൾ തരണം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. സ്ത്രീകൾക്ക് സ്ത്രീകളെന്ന നിലയ്ക്കുള്ള അവരുടെ തനിയായ ദൗത്യത്തിലേക്ക് മടങ്ങാൻ സാധ്യമാക്കുന്നതിന് എന്തു ചെയ്യണമെന്ന പ്രശ്നത്തെപ്പറ്റി, പത്രങ്ങളിലും പൊതു സംഘടനകളിലും തൊഴിൽ സ്ഥലത്തും വീട്ടിലും ഇപ്പോൾ ചൂടുപിടിച്ച വാദപ്രതിവാദങ്ങൾ നടക്കുന്നത് അതിനാലാണ്.
സ്ത്രീയുടെ ശാരീരിക സവിശേഷതകൾ പരിഗണിക്കുകയോ മാതൃത്വത്തിന്റെ മഹത്വം അംഗീകരിക്കുകയോ ചെയ്യാത്ത പ്രകൃതിവിരുദ്ധമായ ഏതു വ്യവസ്ഥിതിയിലും മനുഷ്യന്റെ വിലയിടിയുകയും മനസ്സിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുകയും കുടുംബഘടന ശിഥിലമാവുകയും സമൂഹത്തിൽനിന്ന് സമാധാനം വിടപറയുകയും വ്യക്തികൾ ആൾക്കൂട്ടത്തിലും ഒറ്റപ്പെട്ട് ഏകാന്തതയുടെ കൊടിയ വ്യഥക്ക് വിധേയരാവുകയും ചെയ്യുക അനിവാര്യമാണ്. പ്രകൃതിപരമായ പ്രത്യേകതകൾ പൂർണമായും പരിഗണിക്കുന്ന ഇസ്‌ലാമിക വ്യവസ്ഥ ഇത്തരം ന്യൂനതകളിൽനിന്ന് തീർത്തും മുക്തവും പ്രതിസന്ധികൾക്കിടവരുത്താത്തതുമത്രെ.