Question: “ക്ലോണിംഗ് ദൈവത്തെ അപ്രസക്തമാക്കുന്നില്ലേ? “ക്ലോണിംഗിലൂടെ സൃഷ്ടികർമം നടത്താൻ കരുത്തുനേടിയ ശാസ്ത്രം ദൈവത്തെ അപ്രസക്തമാക്കുകയല്ലേ ചെയ്യുന്നത്?”
Answer: ഇല്ലായ്മയിൽ നിന്ന് ഉണ്ടാക്കലാണ് സൃഷ്ടികർമം. ക്ലോണിംഗ് അതല്ല.ദൈവം ഇവിടെ സൃഷ്ടിച്ച സസ്യത്തിന്റെയോ ജീവിയുടെയോ അംശമെടുത്ത് ദൈവം പ്രപഞ്ചത്തിൽ സംവിധാനിച്ച സൗകര്യങ്ങളുപയോഗിച്ച് നടത്തുന്ന പ്രവൃത്തി മാത്രമാണത്. യഥാർഥത്തിൽ മനുഷ്യനിവിടെ പുതുതായൊന്നും സൃഷ്ടിക്കുന്നില്ല. ഉള്ളവയെ എടുത്ത് കൈകാര്യം ചെയ്ത് രൂപ മാറ്റം വരുത്തുകയോ പരിവർത്തിപ്പിക്കുകയോ മാത്രമേ ചെയ്യുന്നുള്ളൂ. ഭൂമിയിലെ മരമെടുത്ത്, ഇരുമ്പുകൊണ്ടുണ്ടാക്കിയ ആണിയുപയോഗിച്ച്, ഇരുമ്പു കൊണ്ടും മരംകൊണ്ടുമുള്ള ഉളിയുടെ സഹായത്തോടെ മേശയുണ്ടാക്കിയാൽ അതിനെ സൃഷ്ടികർമമായി ആരും വിശേഷിപ്പിക്കുകയില്ലല്ലോ. അതിനാൽ, പുതുതായൊന്നും സൃഷ്ടിക്കാത്ത മനുഷ്യന് ദൈവത്തെ അപ്രസക്തനാക്കുക സാധ്യമേ അല്ല. തീർത്തും വ്യത്യസ്തവും വ്യതിരിക്തവുമായ മുഖഭാവവും കൈവിരലും തലമുടിയും രക്തവുമൊക്കെ നൽകി ദൈവം സൃഷ്ടിച്ച അറുനൂറു കോടി മനുഷ്യരിലൊരാൾ മാത്രമാണല്ലോ ക്ലോണിംഗ് നടത്തുന്ന മനുഷ്യനും.
Question: “മനുഷ്യരിലെ ക്ലോണിംഗിനെക്കുറിച്ച് എന്തു പറയുന്നു?“
Answer: ക്ലോണിംഗിലൂടെ ഉണ്ടാവുന്ന മനുഷ്യന്റെ വികാരവിചാരങ്ങളും സ്വഭാവരീതികളും ആത്മീയാവസ്ഥകളുമൊക്കെ പ്രവചനാതീതവും ഇപ്പോൾ തീർത്തും അജ്ഞാതവുമത്രെ. അതിനാൽ നിലവിലുള്ള സാഹചര്യത്തിൽ വിധിപറയുക സാധ്യമല്ല. എന്നാൽ മനുഷ്യരിലെ ക്ലോണിംഗ് ഉയർത്തിയേക്കാവുന്ന സാമൂഹികവും ധാർമികവും നിയമപരവും മറ്റുമായ പ്രശ്നങ്ങൾ ഊഹിക്കാവുന്നതേയുള്ളു. നമ്മെപ്പോലെത്തന്നെ ഒരാളുണ്ടാവുകയും അയാൾ നമ്മുടെ നാട്ടിൽ തന്നെയാവുകയുമാണെങ്കിൽ നമ്മുടെ ഭാര്യമാരും കുട്ടികളും മാതാപിതാക്കളും ബന്ധുക്കളും സമൂഹവും അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും അതീവ ഗുരുതരമായിരിക്കും. അപ്പോൾ കുറ്റവാളികളെ പിടികൂടുകപോലും അസാധ്യമായേക്കും. ക്ലോണിംഗ് ഇത്തരം അപരിഹാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ മതം അതിനെ അനുകൂലിക്കുകയില്ലെന്നത് സുവിദിതമാണല്ലോ.