Question: “ഒരാൾ ദൈവത്തിലും മരണാനന്തര ജീവിതത്തിലുമൊന്നും വിശ്വസിക്കുന്നില്ല. അതേസമയം മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്നില്ല. ആരെയും ദ്രോഹിക്കുന്നില്ല. എല്ലാവർക്കും സാധ്യമാവുന്നത് ഉപകാരം ചെയ്ത് ജീവിക്കുന്നു. അയാൾക്ക് സ്വർഗം ലഭിക്കുമോ?”
Answer: ഏതൊരാൾക്കും ഏതു കാര്യത്തിലും പരമാവധി ശ്രമിച്ച് ഫല പ്രാപ്തിയിലെത്തിയാൽ പോലും അയാൾ ഉദ്ദേശിച്ചതും ലക്ഷ്യം വച്ചതുമല്ലേ ലഭിക്കുകയുള്ളൂ. ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വാസമില്ലാത്ത വ്യക്തി തിന്മയുപേക്ഷിക്കുന്നതും നന്മ പ്രവർത്തിക്കുന്നതും സ്വർഗം ലക്ഷ്യം വച്ചായിരിക്കില്ലെന്നതിൽ സംശയമില്ല. അയാളങ്ങനെ ചെയ്യുന്നത് സമൂഹത്തിൽ സൽപ്പേരും പ്രശസ്തിയും ലഭിക്കാനായിരിക്കാം. എങ്കിൽ അതാണയാൾക്ക് ലഭിക്കുക. അഥവാ മനസ്സംതൃപതിക്കും ആത്മനിർവൃതിക്കും വേണ്ടിയാണെങ്കിൽ അതാണുണ്ടാവുക. ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലക്ഷ്യം വച്ചും ജീവിക്കുന്നവർക്കേ അത് ലഭിക്കുകയുള്ളൂ. അതിനാൽ നേരത്തെ വ്യക്തമാക്കിയ പോലെ സ്വർഗമാഗ്രഹിച്ച് അതിന് നിശ്ചയിക്കപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുന്നവരെ അവിടെ എത്തിച്ചേരുകയുള്ളൂ.
എന്നാൽ ഇന്ന വ്യക്തി സ്വർഗത്തിലായിരിക്കും അല്ലെങ്കിൽ നരകത്തിലായിരിക്കും എന്ന് നമുക്ക് തീരുമാനിക്കാനോ പറയാനോ സാധ്യമല്ല. അത് ദൈവനിശ്ചയമാണ്. അവന്നും അവൻ നിശ്ചയിച്ചു കൊടുക്കുന്ന ദൂതന്മാർക്കും മാത്രമേ അതറിയുകയുള്ളൂ.