Question : “ദൈവം സർവശക്തനും സർവജ്ഞനുമാണല്ലോ. എങ്കിൽ ലോകത്തിലെ മനുഷ്യരെല്ലാം എവ്വിധമായിരിക്കുമെന്നും എങ്ങനെയാണ് ജീവിക്കുകയെന്നും ദൈവത്തിന് മുൻകൂട്ടി അറിയില്ലേ? ദിവ്യജ്ഞാനത്തിന് തെറ്റുപറ്റാനിടയില്ലാത്തതിനാൽ എല്ലാം മുൻകൂട്ടി ദൈവം തീരുമാനിച്ചു വച്ചിട്ടുണ്ടെന്നും അതിലൊട്ടും മാറ്റം വരുത്താനാർക്കും സാധ്യമല്ലെന്നുമല്ലേ ഇതിനർഥം? ദൈവവിധിക്കനുസൃതമായി ചരിക്കുന്ന മനുഷ്യൻ തീർത്തും അസ്വതന്ത്രനല്ലേ? പിന്നെ, നിർബന്ധിതമായി ചെയ്യുന്ന കർമങ്ങളുടെ പേരിൽ അവനെ ശിക്ഷിക്കുന്നത് നീതിയാണോ?”
Answer : മതവിശ്വാസികളും നിഷേധികളും ഈ വിഷയകമായി നിരന്തരം സംശയങ്ങളുന്നയിക്കുക പതിവാണ്. അതിനാൽ ഈ വിഷയം അൽപം വിശദമായി തന്നെ പരാമർശിക്കുന്നത് ഫലപ്രദമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദൈവവിധിയെയും മനുഷ്യസ്വാതന്ത്ര്യത്തെയും സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണം വിശദീകരിക്കുന്നതിനു മുമ്പ് മനുഷ്യാവസ്ഥയെ സംബന്ധിച്ച ഭൗതിക സങ്കൽപം പരിശോധിക്കുന്നത് നന്നായിരിക്കും.
1. ഭൗതികവാദികൾ അപ്രമാദിത്വം കൽപിച്ച ജനിതകശാസ്ത്രമനുസരിച്ച് മനുഷ്യൻ തീർത്തും അസ്വതന്ത്രനാണ്. അവന്റെ വികാര വിചാരങ്ങളും തീരുമാനങ്ങളും കർമങ്ങളുമെല്ലാം ശരീരഘടനയുടെ സൃഷ്ടിയാണ്. ജൈവവസ്തുക്കൾ രൂപംകൊള്ളുന്നത് ജീവകോശങ്ങളിൽ നിന്നാണ്. അവയ്ക്കുള്ളിലെ ക്രോമസോമുകളിലെ ജീനുകളിലുള്ള ജനിതക കോഡുകളാണ് ജീവികളുടെ സ്വഭാവം നിർണയിക്കുന്നത്. മനുഷ്യന്റെ സ്ഥിതിയും ഇതു തന്നെ. അതിനാൽ കരുണയും ക്രൂരതയും സൽസ്വഭാവവും ദുഃസ്വഭാവവും സത്കർമങ്ങളും ദുഷ്കർമങ്ങളുമെല്ലാം ജനിതക കോഡുകൾക്കനുസരിച്ചാണുണ്ടാകുന്നത്. മനുഷ്യന്റെ ശരീരപ്രകൃതം മുതൽ വികാര വിചാരങ്ങൾ വരെ അവയെ അന്ധമായി അനുധാവനം ചെയ്യുകയാണ്. ജീവിതത്തിലെ മുഴുവൻ കാര്യങ്ങളും കർമങ്ങളും ഈ വിധം ജനിതക കോഡുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് അതുസംബന്ധമായ ശാസ്ത്രം അവകാശപ്പെടുന്നു. അവയിൽനിന്ന് അണുഅളവ് തെറ്റാനോ അവയെ ലംഘിക്കാനോ ആർക്കും സാധ്യമല്ല. അഥവാ മനുഷ്യൻ തീർത്തും തന്റെ ശരീരഘടനക്ക് വിധേയനാണ്. മസ്തിഷ്കത്തിന്റെയും നാഡീവ്യൂഹങ്ങളുടെയും പദാർഥപരമായ ഘടനയാണ് അവന്റെ ഭാഗധേയം പരിപൂർണമായും തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും. അതിൽ ആർക്കും ഇടപെടാനോ ഏതെങ്കിലും വിധത്തിൽ പങ്കുവഹിക്കാനോ സാധ്യമല്ല. അതിനാൽ ആധുനിക ഭൗതിക ജനിതക ശാസ്ത്രമനുസരിച്ച് മനുഷ്യൻ പ്രകൃതിവിധിക്ക് വിധേയനാണ്. അതിൽനിന്ന് പുറത്തുകടക്കാനാകാത്തവിധം പൂർണമായും അസ്വതന്ത്രനും. നാം ശരി, തെറ്റ്, നന്മ, തിന്മ, ധർമം, അധർമം, വിനയം, അഹങ്കാരം, കനിവ്, ക്രൂരത എന്നൊക്കെ പറയുന്നത് ജീനുകളിലെ ജനിതകകോഡുകളുടെ ഫലമായുണ്ടാകുന്നവയാണ്. ശാരീരികാരോഗ്യം പോലെ തന്നെയാണ് ജീവിത വിശുദ്ധിയും, ക്ലേഛത അനാരോഗ്യം പോലെയും. അതിനാൽ മഹൽകൃത്യങ്ങളുടെ പേരിൽ ആളുകളെ വാഴ്ത്തുന്നത്. ശാരീരികാരോഗ്യത്തിന്റെ പേരിൽ അഭിനന്ദിക്കുന്നതുപോലെ അർഥശൂന്യമത്രെ. ഹീനകൃത്യങ്ങളുടെ പേരിൽ ഇകഴ്ത്തുന്നത് അനാരോഗ്യത്തിന്റെ പേരിൽ അപലപിക്കുന്നതു പോലെയും,
2. ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന ശക്തമായ ഒരാശയമാണ് ‘പാരമ്പര്യനിയമം’. അതനുസരിച്ച് മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും ജീവിതരീതിയുമെല്ലാം യുഗാന്തരങ്ങളിലൂടെ തലമുറ തലമുറകളായി തുടർന്നു വരുന്നവയാണ്. പൈതൃകത്തിന്റെ പിടിയിൽ നിന്ന് കുതറിമാറാനാർക്കും സാധ്യമല്ല. മനുഷ്യൻ ചെയ്യുന്ന നന്മയുടെയും തിന്മയുടെയും ബീജങ്ങൾ തന്റെ പൂർവപരമ്പരയിലെ ഏതോ പ്രപിതാവിനാൽ നിക്ഷേപിക്കപ്പെട്ടതായിരിക്കും. അയാളിലതുണ്ടായത് മുൻഗാമികളിലെ മുതുമുത്തച്ഛൻ നിക്ഷേപിച്ചതിന്റെ ഫലവും. അതിനാൽ അണ്ടിയിൽ നിന്ന് മാവുണ്ടാവുന്നതുപോലെ അനിവാര്യമായും പാരമ്പര്യത്തിൽ നിന്നവ പിറവിയെടുക്കും. അതുകൊണ്ടുതന്നെ ആർക്കും തങ്ങളുടെ സ്വഭാവരീതികളും പെരുമാറ്റ സമ്പ്രദായങ്ങളും കർമപരിപാടികളും തീരുമാനിക്കുന്നതിലൊരു പങ്കുമില്ല. എല്ലാം അലംഘനീയമായ പൈതൃകത്തിനും പാരമ്പര്യത്തിനും വിധേയമാണ്. മനുഷ്യൻ കാലത്തിന്റെ കൈകളിലെ കളിപ്പാവ മാത്രം.
3. കാറൽമാർക്സും ഫ്രെഡറിക് ഏംഗൽസുമുൾപ്പെടെയുള്ള ഭൗതിക ദാർശനികരുടെ വീക്ഷണത്തിൽ, മനുഷ്യൻ സാമൂഹികാവസ്ഥകളുടെയും സാമ്പത്തിക ഘടനയുടെയും സാംസ്കാരിക സാഹചര്യത്തിന്റെയും സൃഷ്ടിയാണ്. കേവല ഭൗതിക തലത്തിൽനിന്ന് ചരിത്രത്തെ വ്യാഖ്യാനിച്ചവർ ഈ വീക്ഷണം സമർഥിക്കാനായി സമാനമായ സാഹചര്യത്തിൽ സമൂഹത്തിൽ കാണപ്പെട്ട വിദൂര സാദൃശ്യങ്ങളെ പോലും തേടിപ്പിടിക്കുകയുണ്ടായി. മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും വികാര വിചാരങ്ങളും കർമ സമ്പ്രദായങ്ങളും ജീവിത സമീപനങ്ങളുമെല്ലാം ബാഹ്യമായ കാരണങ്ങളാൽ സംഭവിക്കുന്നതാണെന്ന് അവരവകാശപ്പെടുന്നു. ജനങ്ങളിലെ നന്മതിന്മകൾ അവർ ജീവിക്കുന്ന സാഹചര്യങ്ങളുടെ സ്വാധീനതയാൽ സംഭവിക്കുന്നതാണെന്ന വീക്ഷണമംഗീകരിച്ച ഈ വിഭാഗം ശരിയും തെറ്റും ധർമവും അധർമവും ന്യായവും അന്യായവുമൊക്കെ സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന് വാദിക്കുന്നു. ഇവിടെയും വ്യക്തി തീർത്തും അസ്വതന്ത്രനാണ്. സാഹചര്യങ്ങളുടെ വിധിക്ക് പൂർണവിധേയനും.
മതനിരാസത്തിന്റെ മുഖമുദ്രയണിഞ്ഞ ഭൗതികവാദം അനിഷേധ്യമായി കരുതുന്ന ഉപര്യുക്ത വീക്ഷണങ്ങളെല്ലാം മനുഷ്യൻ തീർത്തും അസ്വതന്ത്രനാണെന്ന് വിളംബരം ചെയ്യുന്നു. സ്വന്തവും സ്വതന്ത്രവുമായ ഇഛയോ തീരുമാനശേഷിയോ ആർക്കുമില്ല. പ്രകൃതിനിയമങ്ങളാൽ ബന്ധിതനാണവൻ. അലംഘനീയമായ വിധിയുടെ ഇര. ഇവാൻ പാവ് ലോവ് എഴുതുന്നു. “പ്രകൃതിയിലുള്ള മറ്റെല്ലാ വ്യവസ്ഥകളെയും പോലെ മനുഷ്യൻ ഒരു വ്യവസ്ഥയാണ്. പ്രകൃതിയുടെ അലംഘനീയവും സാമാന്യവുമായ നിയമങ്ങൾക്ക് മനുഷ്യൻ കീഴ്പെട്ടിരിക്കുന്നു” (Psychologic Experimental, ഉദ്ധരണം: അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്- ‘ഇസ്‌ലാം രാജമാർഗം’, പുറം 39).
ഫ്രെഡറിക് ഏംഗൽസ് പറയുന്നു: “മനുഷ്യൻ അവന്റെ പരിതോവസ്ഥയുടെയും ജോലിയുടെയും ഉൽപന്നമാണ്”(ഉദ്ധരണം Ibid, പുറം 39).
മനുഷ്യനൊഴിച്ചുള്ള ജീവജാലങ്ങളെ സംബന്ധിച്ചേടത്തോളം ഇതെല്ലാം ശരിയാണ്. എന്നാൽ മനുഷ്യൻ തീർത്തും അസ്വതന്ത്രനോ പ്രകൃതി നിയമങ്ങളാൽ ബന്ധിതനോ അല്ല.
1. പക്ഷികളും മൃഗങ്ങളും ഇഴജീവികളും ജലജീവികളുമെല്ലാം അവയുടെ ജന്മവാസനകൾക്കനുസൃതമായാണ് നിലകൊള്ളുന്നത്. അവയെ ലംഘിക്കാനോ മറികടക്കാനോ അവയ്ക്ക് സാധ്യമല്ല. ജന്മവാസനകളുടെ കാര്യത്തിൽ മനുഷ്യനേക്കാൾ മികച്ചുനിൽക്കുന്ന നിരവധി ജീവജാലങ്ങളുണ്ട്. ആ ജന്മവാസനകളാണ് അവയുടെ നിലനിൽപും സുരക്ഷയും ഉറ പ്പുവരുത്തുന്നത്. എന്നാൽ ജന്മവാസനകൾ നിയന്ത്രിക്കാനവയ്ക്കാവില്ല. വിശന്നുവലഞ്ഞ പശുവിന് പുല്ല് കിട്ടിയാൽ തിന്നാതിരിക്കാൻ സാധ്യമല്ല. ദാഹിച്ചു വിവശയായ പട്ടിക്ക് വെള്ളം കിട്ടിയാൽ കുടിക്കാതിരിക്കാൻ കഴിയില്ല. കൊത്താൻ വരുന്ന കോഴിയുടെ മുമ്പിലകപ്പെട്ട പൂവൻ കോഴി ക്ഷമിക്കുകയോ മാപ്പു പറയുകയോ ചെയ്യാറില്ല. തേനീച്ചക്ക് നിർണിതമായ രൂപത്തിലല്ലാതെ അതിന്റെ കൂട് നിർമിക്കാനാവില്ല. ദേശാടനപക്ഷികൾക്ക് വിദൂരദേശങ്ങളെ പ്രാപിക്കാതിരിക്കാൻ സാധ്യമല്ല. എന്നാൽ മനുഷ്യന്റെ സ്ഥിതി മറിച്ചാണ്. കഠിനമായ ദാഹമുള്ളപ്പോൾ വെള്ളം കിട്ടിയാൽ കുടിക്കാൻ കൊതിയുണ്ടെങ്കിലും കുടിക്കാതിരിക്കാനവന് കഴിയും. അതിശക്തമായ വിശപ്പുള്ളപ്പോൾ ആഹാരം കിട്ടിയാൽ അത് കഴിക്കാനാഗ്രഹമുണ്ടെങ്കിലും തിന്നാതിരിക്കാനവന് സാധിക്കും. “എടാ’ എന്നു വിളിക്കുന്നവനോട് “പോടാ എന്നു പറയാൻ പൂതിയുണ്ടെങ്കിലും പ്രതിയോഗിയെ പേടിച്ചോ ആർജിതമായ സംസ്കാരം കൊണ്ടോ അങ്ങനെ പറയാതിരിക്കാനവന് ഒട്ടും പ്രയാസമില്ല. സ്വന്തം ജീവിതരീതി നിർണയിക്കാനും തീരുമാനിക്കാനുമവന് സാധിക്കും. മഹിതമായ ആദർശങ്ങൾക്കായി ആത്മാർപ്പണം നടത്തുന്ന വിപ്ലവകാരി തികഞ്ഞ ഇഛാശക്തി കൊണ്ടാണത് ചെയ്യുന്നത്. മോഹങ്ങളെ മെരുക്കിയെടുക്കാനും ആഗ്രഹങ്ങളെ നിയന്ത്രിക്കാനും ഇഛകളുടെ മേൽ മേധാവിത്വം പുലർത്താനും സാധിക്കുന്ന മനുഷ്യൻ ജന്മവാസനകളുടെ അടിമയല്ല; അവയുടെ യജമാനനാണ്. ശരീരഘടനയുടെയോ പാരമ്പര്യത്തിന്റെയോ സാഹചര്യത്തിന്റെയോ സൃഷ്ടിയുമല്ല. മറിച്ച്, സ്വന്തം ഭാഗധേയം തീരുമാനിക്കാൻ സാധിക്കുന്ന സ്വതന്ത്രമായ അസ്തിത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും ഉടമയാണ്.
2. നിർബന്ധിതമായി ചെയ്യുന്ന കർമങ്ങളുടെ പേരിൽ ആരും വാഴ്ത്തപ്പെടുകയോ ഇകഴ്ത്തപ്പെടുകയോ ഇല്ല. സമ്മാനാർഹനോ ശിക്ഷാർഹനോ ആവുകയില്ല. യജമാനന്റെ നിർബന്ധത്തിനു വഴങ്ങി മോഷണം നടത്തുന്ന അടിമയോ വഴിയാത്രക്കാരെ കല്ലെറിയുന്ന മനോരോഗിയോ കുറ്റക്കാരനായി ഗണിക്കപ്പെടുകയില്ല. എന്നാൽ മറ്റാരെങ്കിലുമത് ചെയ്താൽ പാപം ചുമത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും. അതിനാൽ ഭൂമിയിൽ പ്രശംസയും ആക്ഷേപവും ശിക്ഷയും രക്ഷയുമൊക്കെ നൽകപ്പെടുന്നുവെന്നത് തന്നെ മനുഷ്യൻ നിർബന്ധിതാവസ്ഥയാൽ ബന്ധിതനല്ലെന്നതിനും ട്ടൊക്കെ സ്വതന്ത്രനാണെന്നതിനും മതിയായ തെളിവാണ്. അവൻ തീർത്തും അസ്വതന്ത്രനും പ്രകൃതിനിയമങ്ങളാൽ വരിഞ്ഞുമുറുക്കപ്പെട്ടവനുമാണെങ്കിൽ ഹീനകൃത്യങ്ങളുടെ പേരിൽ ആക്ഷേപിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിലർഥമില്ല. മഹൽകൃത്യങ്ങളുടെ പേരിലുള്ള പ്രശംസയും പ്രതിഫലം നൽകലും ആ വിധം തന്നെ.
3. ഭൗതികവാദികൾ വിശ്വസിക്കുന്ന പോലെ മനുഷ്യൻ തീർത്തും പ്രകൃതിയുടെ വിധിക്കു വിധേയനെങ്കിൽ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും ചിട്ടകൾക്കും ഒട്ടും പ്രസക്തി ഇല്ല. മസ്തിഷ്കത്തിലെയും നാഡീവ്യൂഹത്തിലെയും ജീനുകളിലെ ജനിതക കോഡുകൾക്കും പാരമ്പര്യത്തിനും സാമൂഹികാവസ്ഥക്കുമൊത്തവൻ ചരിച്ചു കൊള്ളുമല്ലോ. എന്നാൽ നിയമവും വ്യവസ്ഥയും ഭരണഘടനയും നീതിന്യായ സംവിധാനങ്ങളുമില്ലാത്ത സമൂഹങ്ങളോ രാഷ്ട്രങ്ങളോ ഇല്ല. മനുഷ്യന് പരിമിതമായ സ്വാതന്ത്ര്യമെങ്കിലുമുണ്ടെന്നും സ്വന്തം കർമങ്ങൾക്ക് ഓരോരുത്തരും ഉത്തരവാദികളാണെന്നും പ്രയോഗതലത്തിൽ എല്ലാവരും അംഗീകരിക്കുന്നുണ്ടെന്നാണിത് വ്യക്തമാക്കുന്നത്.
ചുരുക്കത്തിൽ, ഏതു മതവിശ്വാസിയേക്കാളും കടുത്ത വിധിവിശ്വാസികളാണ് ഭൗതിക വാദികൾ. അതോടൊപ്പം പ്രകൃതി നിയമങ്ങളുടെ പിടിയിൽ നിന്ന് കുതറിമാറാനാവാതെ തീർത്തും അസ്വതന്ത്രനായി കഴിയുന്ന യന്ത്രസമാനമായ ജന്തുവാണ് മനുഷ്യനെന്ന അവരുടെ വീക്ഷണം വസ്തു നിഷ്ഠമല്ല. ഇതര ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായ അസ്തിത്വവും വ്യക്തിത്വവും അവന് അംഗീകരിച്ചുകൊടുക്കാത്ത ഏതു ദർശനവും പ്രത്യയശാസ്ത്രവും അബദ്ധപൂർണമത്രെ.
വിധിവിശ്വാസം ഇസ്ലാമിക വീക്ഷണത്തിൽ
നാം ആരായിരിക്കണം. വെളുത്തവരോ, കറുത്തവരോ, സുന്ദരരോ, വിരൂപരോ, പുരുഷന്മാരോ, സ്ത്രീകളോ, കുറിയവരോ, നീണ്ടവരോ? എവിടെ ജനിക്കണം? ഇന്ത്യയിലോ ഇന്തോനേഷ്യയിലോ? മരുഭൂമിയിലോ മലമ്പ്രദേശത്തോ? പട്ടിണിക്കാരന്റെ കൂരയിലോ പണക്കാരന്റെ കൊട്ടാരത്തിലോ? ഏകാധിപത്യ വ്യവസ്ഥയിലോ ജനാധിപത്യ സംവിധാനത്തിലോ? കാലമേതായിരിക്കണം? പതിനൊന്നാം നൂറ്റാണ്ടിലോ ഇരുപത്തൊന്നാം നൂറ്റാണ്ടിലോ?
വർഗം, വർണം, ദേശം, ഭാഷ, കാലം, കോലം, കുലം, ലിംഗം പോലുള്ള ഇത്തരം കാര്യങ്ങളൊന്നും തീരുമാനിക്കുന്നത് നാമാരുമല്ല. നമ്മോട് ആലോചിക്കാതെയാണ് എല്ലാം നിശ്ചയിക്കപ്പെട്ടത്. അപ്രകാരം തന്നെയാണ് നമ്മുടെ മരണവും. അതെപ്പോൾ, എവിടെവച്ച് എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നതും നാമല്ല. എല്ലാം ദൈവനിശ്ചിതം. അവന്റെ വിധിയോ, നിർണിതം; അലംഘനീയവും. ഇത്തരം കാര്യങ്ങളിലൊക്കെയും നാം ദൈവത്തിന്റെ വിധിനിഷേധങ്ങൾക്ക് നിന്നുകൊടുക്കാൻ നിർബന്ധിതരാണ്. നമ്മുടെ ആഗ്രഹാഭിലാഷങ്ങളും ഇഛകളും വെറും നോക്കുകുത്തികൾ മാത്രം. അല്ലാഹു അറിയിക്കുന്നു: “ഗർഭാശയങ്ങളിൽ താനുദ്ദേശിക്കുന്നവിധം നിങ്ങളെ രൂപപ്പെടുത്തുന്നത് അല്ലാഹുവാണ്. അജയ്യനും യുക്തിജ്ഞനുമായ അവനല്ലാതെ ദൈവമില്ല” (ഖുർആൻ 3:6). “അവൻ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട് രൂപപ്പെടുത്തുകയും ചെയ്തു” (7:11). “മനുഷ്യാ, ഉദാരനായ നിന്റെ നാഥനെക്കുറിച്ച് നിന്നെ വഞ്ചിതനാക്കിയത് എന്തൊന്നാണ്? ഉദ്ദിഷ്ടരൂപത്തിൽ നിന്റെ ഘടകങ്ങളവൻ കൂട്ടിയിണക്കി. സന്തുലിതമായ ആകാരവടിവ് നൽകി നിന്നെ സൃഷ്ടിച്ച നിന്റെ നാഥനാണവൻ (82: 6-8).
പുരുഷന്റെ ഏതു ബീജമാണ് സ്ത്രീയുടെ അണ്ഡവുമായി സംയോജിക്കുന്നതെന്ന് തീരുമാനിക്കുന്നത് മനുഷ്യനല്ല, ദൈവമാണ്. സംയോജിക്കുന്ന ബീജത്തിന്റെ മാറ്റത്തിനനുസരിച്ച് മനുഷ്യന്റെ പ്രകൃതത്തിലും രൂപത്തിലും സ്വഭാവത്തിലുമെല്ലാം വ്യത്യാസം സംഭവിക്കുന്നുവെന്നറിയുമ്പോഴാണ് ദൈവനിശ്ചയത്തിന്റെ പ്രാധാന്യം മനസ്സിലാവുക. അല്ലാഹു ചോദിക്കുന്നു. “നിങ്ങൾ നിക്ഷേപിക്കുന്ന ബീജത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്; അതോ നാമോ?”(56: 58, 59).
ലക്ഷക്കണക്കിൽ പുരുഷബീജങ്ങളിൽ അല്ലാഹു തനിക്കിഷ്ടമുള്ള ഒന്നിനെ ഗർഭാശയത്തിലെ അണ്ഡവുമായി ബന്ധിപ്പിക്കുന്നു. അതിന്റെ സ്വഭാവമനുസരിച്ച് കുഞ്ഞ് ആണോ പെണ്ണോ ആയിത്തീരുന്നു. അല്ലാഹു അറിയിക്കുന്നു: “ആകാശങ്ങളുടെ ആധിപത്യം അല്ലാഹുവിന്നാണ്. താനുദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. താനുദ്ദേശിക്കുന്നവർക്ക് അവൻ പെൺമക്കളെ പ്രദാനം ചെയ്യുന്നു. താനുദ്ദേശിക്കുന്ന മറ്റു ചിലർക്ക് ആൺമക്കളെയും. അല്ലെങ്കിൽ ആ സന്താനങ്ങളെ ആണും പെണ്ണുമായി ഇടകലർത്തുന്നു. അപ്രകാരം തന്നെ താനുദ്ദേശിക്കുന്നവനെ അവൻ സന്താനരഹിതനാക്കുന്നു. അവൻ അഗാധജ്ഞനും സർവജ്ഞനുമത്രെ. (42: 49,50). “അല്ലാഹു അവനെ ബീജത്തിൽ നിന്ന് സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തു”(80:19).
മനുഷ്യന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിൽ നമ്മുടെ ജീവിതപശ്ചാലത്തിനും കുടുംബപാരമ്പര്യത്തിനും ശാരീരിക പ്രകൃതത്തിനും അനൽപമായ പങ്കുണ്ട്. ആ അർഥത്തിൽ നമ്മുടെ ഭാഗധേയം നിർണിതമതിത്രെ; ദൈവനിശ്ചിതവും. ദൈവഹിതത്തെ മറികടക്കാനാർക്കുമാവില്ല. അല്ലാഹു പറയുന്നു: “നിങ്ങളെയും നിങ്ങൾ ഉണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത് അല്ലാഹുവാകുന്നു (37: 96). “അല്ലാഹു താനിഛിക്കുന്നവരെ ദുർമാർഗത്തിലും താനിഛിക്കുന്നവരെ നേർമാർഗത്തിലുമാക്കുന്നു” (6: 39). “അല്ലാഹു വഴിതെറ്റിച്ചവരെ നേർവഴിയിലാക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവോ? ആരെ അല്ലാഹു വഴിതെറ്റിച്ചുവോ അവന് നീ ഒരു വഴിയും കണ്ടെത്തുകയില്ല”( 4:88). “നിന്റെ നാഥൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂതലത്തിലുള്ളവർ മുഴുക്കെ വിശ്വാസികളാകുമായിരുന്നു. എന്നിട്ടും ജനങ്ങളെ വിശ്വാസികളാക്കാൻ നീ നിർബന്ധിക്കുകയാണോ? എന്നാൽ ദൈവത്തിന്റെ അനുമതിയില്ലാതെ ആർക്കും വിശ്വാസിയാവുക സാധ്യമല്ല”(10: 99). “അവിശ്വസിച്ചവരോ യഥാർഥത്തിൽ നീ അവരെ താക്കീതു ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും സമമാണ്. അവരുടെ ഹൃദയങ്ങളും ശ്രവണേന്ദ്രിയങ്ങളും അല്ലാഹു മുദ്രവച്ചിരിക്കുന്നു. അവരുടെ ദൃഷ്ടികളുടെ മേൽ ആവരണം വീണിരിക്കുന്നു. അവർക്ക് കഠിനമായ ശിക്ഷയുണ്ട്”(2: 6-7). “ഭൂമിയിലോ, നിങ്ങൾക്കുതന്നെയോ ഭവിക്കുന്ന ഒരാപത്തുമില്ല, നാമത് സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തി വച്ചിട്ടല്ലാതെ അവിധം ചെയ്യുക അല്ലാഹുവിന് അതിലളിതമാകുന്നു (57: 22).
എന്നാൽ എല്ലാം ദൈവനിശ്ചയമനുസരിച്ചാണ് സംഭവിക്കുകയെന്ന് പ്രഖ്യാപിക്കുന്ന വിശുദ്ധ ഖുർആൻ മനുഷ്യനു നൽകപ്പെട്ട സ്വാതന്ത്ര്യത്തെ എടുത്തു കാണിക്കുകയും ഊന്നിപ്പറയുകയും ചെയ്യുന്നു. ജന്മനാ തന്നെ മനുഷ്യനിൽ നന്മ-തിന്മാവിവേചനശേഷി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: “അല്ലാഹു ആത്മാവിനെ സന്തുലിതമാക്കി അതിന് ധർമാധർമ ബോധനം നൽകി”(91: 7,8). “നാമവന് കണ്ണിണകളും നാവും രണ്ടു ചുണ്ടുകളും നൽകിയില്ലേ? വ്യക്തമായ രണ്ടു വഴികൾ കാണിച്ചു കൊടുക്കുകയും ചെയ്തില്ലയോ? (90: 8-10),
അതിനാൽ മനുഷ്യർക്കെല്ലാം നന്മയും തിന്മയും തെറ്റും ശരിയും ധർമവും അധർമവും തെരഞ്ഞെടുത്ത് സന്മാർഗിയും ദുർമാർഗിയുമാകാനുള്ള സ്വാതന്ത്ര്യമുണ്ട്. അവിധം സ്വയം തീരുമാനിച്ച് ജീവിക്കുന്നതിനനു സരിച്ചായിരിക്കും മരണാനന്തരമുള്ള രക്ഷാശിക്ഷകൾ, വിശുദ്ധ ഖുർആൻ പറയുന്നു: “ആർ സന്മാർഗം സ്വീകരിക്കുന്നുവോ, അത് അവന്റെ തന്നെ ഗുണത്തിനുവേണ്ടിയാണ്. ആർ ദുർമാർഗമവലംബിക്കുന്നുവോ അതിന്റെ ദോഷവും അവനുതന്നെ. ഭാരം വഹിക്കുന്നവരാരും മറ്റാരുടെയും ഭാരം ചുമക്കുകയില്ല” (17:15). “മതത്തിൽ ഒരുവിധ ബലപ്രയോഗവുമില്ല. സന്മാർഗം മിഥ്യാധാരണകളിൽനിന്ന് വേർതിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. അതിനാൽ ആർ ദൈവേതര ശക്തികളെ നിഷേധിച്ച് അല്ലാഹുവിൽ വിശ്വസിക്കുന്നുവോ അവൻ ബലിഷ്ഠമായ അവലംബപാശത്തെ മുറുകെ പിടിച്ചിരിക്കുന്നു. അത് ഒരിക്കലും അറ്റുപോകുന്നതല്ല”(2: 256), “പറയുക, ഇത് നിന്റെ നാഥനിൽനിന്നുള്ള സത്യമാണ്. ഇഷ്ടമുള്ളവർക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവർക്ക് നിഷേധിക്കാം. അക്രമികൾക്ക് നാം നരകം സജ്ജമാക്കിവച്ചിട്ടുണ്ട് (18: 29). “ഒരു ജനതയെയും അവർ സ്വയം മാറ്റുന്നതുവരെ അല്ലാഹു പരിവർത്തിപ്പിക്കുന്നില്ല.”(13: 11). “ആർ തെറ്റ് ചെയ്യുന്നുവോ അവനതിന്റെ ഫലമനുഭവിക്കും”(4: 123), “ഓരോ വ്യക്തിയും തന്റെ പ്രവർത്തനത്തിന് കടപ്പെട്ടിരിക്കുന്നു”(52:21). “ഇന്ന് നിങ്ങൾ പ്രവർത്തിച്ചതിന് പ്രതിഫലം നൽകപ്പെടും”(45: 28). “നിങ്ങൾ പ്രവർത്തിച്ചതല്ലാതെ നിങ്ങൾക്ക് പകരം നൽകപ്പെടുമോ?”(27: 90). “നിന്റെ നാഥൻ ദാസൻമാരോട് ഒരിക്കലും അക്രമം പ്രവർത്തിക്കുന്നതല്ല” (41: 46). “ജനങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും കുഴപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. (30:41) “നിങ്ങൾക്ക് വല്ല വിപത്തും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചതിന്റെ ഫലമാണ് (42: 30), നിശ്ചയം, അല്ലാഹ മനുഷ്യരോട് ഒട്ടും അക്രമം പ്രവർത്തിക്കുന്നില്ല. പ്രത്യുത, മനുഷ്യർ സ്വയം തന്നെ അക്രമം പ്രവർത്തിക്കുകയാണ്”(10: 44). വല്ലവനും നേർവഴി സ്വീക രിച്ചാൽ അവൻ തനിക്കുവേണ്ടി തന്നെയാണ് സന്മാർഗം സ്വീകരിക്കുന്നത് (10:108) “ഒരു നാടിനെയും അതിലെ നിവാസികൾ അക്രമികളായെങ്കിലല്ലാതെ നാം നശിപ്പിക്കുന്നില്ല”(28: 59), “ആർ നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നുവോ അവർക്കു നാം നമ്മുടെ മാർഗങ്ങൾ കാണിച്ചുകൊടുക്കും (29: 69). “എന്റെ ഉദ്ബോധനത്തിൽനിന്ന് മുഖം തിരിക്കുന്നതാരാണോ അവന് ഈ ലോകത്ത് കുടുസ്സായ ജീവിതമാണുള്ളത്. പുനരുത്ഥാന നാളിലോ, അവനെ നാം അന്ധനായി എഴുന്നേൽപ്പിക്കും. അപ്പോൾ അവൻ പറയും: നാഥാ, നീ എന്നെ അന്ധനായി എഴുന്നേൽപിച്ചതെന്ത്? ഭൂമിയിൽ ഞാൻ കാഴ്ചയുള്ളവനായിരുന്നല്ലോ. അല്ലാഹു അരുൾ ചെയ്യും; ശരിയാണ്, നമ്മുടെ ദൃഷ്ടാന്തങ്ങൾ നിന്റെയടുക്കൽ വന്നപ്പോൾ നീ അവയെ മറന്നല്ലോ. അതേവിധം ഇന്ന് നീയും വിസ്മരിക്കപ്പെടുകയാകുന്നു. ഇപ്രകാരമത്രെ തങ്ങളുടെ നാഥന്റെ സൂക്തങ്ങളംഗീകരിക്കാതെ അതിരുകവിഞ്ഞവർക്ക് നാം ഈ ലോകത്ത് പ്രതിഫലം നൽകുന്നത്. പരലോക ശിക്ഷയോ അതികഠിനവും ഏറെ ദീർഘവുമത്രെ”(20: 124-127), “ഭാരം ചുമക്കുന്ന ആരും മറ്റൊ രുവന്റെ ഭാരം പേറുകയില്ല. മനുഷ്യന് താൻ പ്രയത്നിച്ചതല്ലാതെ യാതൊന്നുമില്ല. താൻ പ്രയത്നിച്ചത് താമസിയാതെ അവന് കാണിക്കപ്പെടുന്നതാണ്. അനന്തരം അവന് തികവോടെ പ്രതിഫലം നൽകപ്പെടുകയും ചെയ്യും”(53: 38-41). “ആർ അണുമണിത്തൂക്കം നന്മ ചെയ്തുവോ അവനത് കണ്ടെത്തുക തന്നെ ചെയ്യും. ആർ അണുമണിത്തൂക്കം തിന്മ ചെയ്തോ അവനുമത് കണ്ടെത്തും”(99: 7,8).
ഇസ്ലാമിക വീക്ഷണത്തിൽ മനുഷ്യൻ തീർത്തും അസ്വതന്ത്രനോ കേവലം വിധിയുടെ കൈയിലെ പാവയോ ഉപകരണമോ അല്ലെന്ന് ഇവിടെ ഉദ്ധരിച്ചവയും അതുപോലുള്ളവയുമായ നിരവധി വിശുദ്ധ വാക്യങ്ങൾ അസ ന്ദിഗ്ധമായി വ്യക്തമാക്കുന്നു. തന്റെ ജീവിത മാർഗം തീരുമാനിക്കാനും തെരഞ്ഞെടുക്കാനും ഓരോരുത്തർക്കും അനുവാദവും സ്വാതന്ത്ര്യവും നൽകപ്പെട്ടിട്ടുണ്ട്. അതിനാൽ മനുഷ്യജീവിതത്തിന് രണ്ടു വശമുണ്ട്. നാട്, തറവാട്, ദേശം, ഭാഷ, കാലം, കോലം, ലിംഗം, ജനനം, മരണം പോലുള്ളവയെല്ലാം അവന്റെ നിയന്ത്രണത്തിലോ പരിധിയിലോ അല്ല. ഇതാണ് ഒരു വശം. മറുവശത്ത് താൻ എന്ത് കുടിക്കണം, കുടിക്കരുത്, തിന്നണം, തിന്നരുത്, എന്ത് കാണണം, കാണരുത്, കേൾക്കണം, കേൾക്കരുത്, എന്ത് പറയണം, പറയരുത്, എന്ത് ചെയ്യണം, എന്ത് ചെയ്യരുത്, എങ്ങനെ ജീവിക്കണം, ജീവിക്കരുത് തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാനും അതനുസരിച്ച് ചരിക്കാനും മനുഷ്യന് ബാധ്യതയും സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ ഈ സ്വാതന്ത്ര്യം അപരിമിതമോ തീർത്തും അനിയന്ത്രിതമോ അല്ല. അതിനുപയോഗിക്കുന്ന കണ്ണും കാതും നാക്കും മൂക്കും കൈയും കാലും ശരീരവും ജീവനും പൂർണമായും മനുഷ്യനിയന്ത്രണത്തിലല്ലല്ലോ. അവയൊക്കെയും ദൈവാധീനത്തിലും നിയന്ത്രണത്തിലുമാണ്. അതോടൊപ്പം അവ ഇഷ്ടാനുസൃതം ഉപയോഗിക്കാനുള്ള സാധ്യതയും സ്വാതന്ത്ര്യവും മനുഷ്യന് ദൈവം തന്നെ നൽകിയിട്ടുണ്ട്. ഇവ്വിധം ലഭ്യമായ സ്വാതന്ത്ര്യത്തിന്റെ തോതനുസരിച്ചാണ് മനുഷ്യന്റെ മേൽ ബാധ്യത ചുമത്തപ്പെട്ടിട്ടുള്ളത്. അഥവാ ഓരോ മനുഷ്യനും തനിക്ക് സ്വാതന്ത്ര്യം ലഭിച്ച മേഖലയെ എവ്വിധം ഉപയോഗിക്കുന്നുവെന്നതിനനുസരിച്ചായിരിക്കും ജീവിത വിജയവും പരാജയവും രക്ഷയും ശിക്ഷയുമുണ്ടാകുക. ഈ സ്വാതന്ത്ര്യം കിട്ടിയ വശങ്ങളിൽ സ്വയം സ്വീകരിക്കാനും നടപ്പാക്കാനുമുള്ള ജീവിത പദ്ധതിയാണ് ദൈവം പ്രവാചകന്മാരിലൂടെ നൽകിയത്. ഉള്ള സാധ്യതയും സ്വാതന്ത്ര്യവും ഉപയോഗിച്ച് അതനുസരിച്ച് ജീവിക്കുന്നവർ വിജയികളായി സ്വർഗാവകാശികളായിത്തീരും. അതിനെ ധിക്കരിച്ചും നിഷേധിച്ചും താന്തോന്നികളായി ജീവിക്കുന്നവർ പരാജിതരായി നരകശിക്ഷക്ക് അർഹരാവുകയും ചെയ്യും. സന്മാർഗം സ്വീകരിച്ച് നല്ലവരായി ജീവിക്കാൻ തീരുമാനിച്ച് അതിനായി ശ്രമിക്കുന്ന ആരെയും അല്ലാഹു നിർബന്ധിച്ച് ദുർമാർഗികളാക്കുകയില്ല. മറിച്ചും അവ്വിധം തന്നെ.
മനുഷ്യന് നൽകപ്പെട്ട സ്വാതന്ത്ര്യത്തിനും സാധ്യതക്കുമപ്പുറമൊരു കാര്യവും ദൈവം അവനോടാവശ്യപ്പെടുകയോ ആജ്ഞാപിക്കുകയോ ചെയ്യുന്നില്ല. അല്ലാഹു അറിയിക്കുന്നു: “അല്ലാഹു ആരോടും അവന്റെ കഴിവിന്നതീതമായത് കല്പിക്കുകയില്ല. ഓരോരുത്തരും പ്രവർത്തിച്ചതിനനുസരിച്ചുള്ള രക്ഷയും ശിക്ഷയും അവർക്കുണ്ട്”(2: 286).
അതിനാൽ ദൈവം ആരോടും അനീതി കാണിക്കുന്നില്ല. “നിന്റെ നാഥൻ തന്റെ ദാസന്മാരോട് ഒട്ടും അനീതി കാണിക്കുന്നവനല്ല (41: 46).
മനുഷ്യന്റെ തീരുമാനങ്ങളും കർമങ്ങളും ദൈവത്തിന്റെ അറിവിനും വിധിക്കും വിധേയമല്ലേ? മനുഷ്യസ്വാതന്ത്ര്യത്തെയും ദൈവനിശ്ചയത്തെയും ബന്ധിപ്പിക്കുന്ന കണ്ണി ഏത്? എങ്ങനെ? തുടങ്ങിയ ചോദ്യങ്ങളുന്നയിക്കപ്പെടാവുന്നതാണ്. എന്നാൽ മനുഷ്യനിവിടെ തന്റെ പരിധിയും പരിമിതിയും നന്നായി മനസ്സിലാക്കുക തന്നെ വേണം. അനന്ത വിസ്തൃതമായ ഈ മഹാപ്രപഞ്ചത്തിലെ ഒരു കൊച്ചു ഗോളമാണ് ഭൂമി. അതിലെ പരകോടി സൃഷ്ടികളിലൊന്നു മാത്രമാണ് മനുഷ്യൻ. അവനിന്നോളം സ്വന്തത്തെക്കുറിച്ചുപോലും പൂർണവും കണിശവുമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ജീവൻ, ബുദ്ധി, ഓർമശക്തി, ആത്മാവ് തുടങ്ങിയവയെക്കുറിച്ചൊന്നും സൂക്ഷ്മവും ഖണ്ഡിതവുമായ അറിവ് ആർക്കുമില്ല. താൻ ജീവിക്കുന്ന ഭൂമിയെയും അതുൾക്കൊള്ളുന്ന പ്രപഞ്ചത്തെയും സംബന്ധിച്ച അറിവോ, നന്നെ പരിമിതവും. ആ വിജ്ഞാന സാമ്രാജ്യത്തെ സമുദ്രത്തോട് തുലനം ചെയ്താൽ അതിലെ ഒരു തുള്ളിപോലും സ്വായത്തമാക്കാൻ മനുഷ്യനിന്നോളം സാധിച്ചിട്ടില്ല. നമ്മുടെ അറിവിന്റെ പരിമിതിയാണിതിനു കാരണം. അതിനാൽ നാം പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തെയും അവന്റെ കർമങ്ങളെയും സംബന്ധിച്ച് അറിയണമെന്ന് ശഠിക്കുന്നതിലൊട്ടും അർഥമില്ല. ദൈവവുമായി ബന്ധപ്പെട്ട എല്ലാം പഞ്ചേന്ദ്രിയങ്ങൾക്കും അവയുടെ പരിമിതികൾക്കും വിധേയമായ മനുഷ്യബുദ്ധിക്കും ചിന്തക്കും അപ്രാപ്യമായ അഭൗതിക ജ്ഞാനത്തിൽ പെട്ടവയാണ്. അല്ലാഹു തന്റെ ദൂതന്മാരിലൂടെ അറിയിച്ചു കൊടുത്തതിനപ്പുറം അതിനെക്കുറിച്ച് ആർക്കും ഒന്നുമറിയില്ല. അതിനാൽ ദൈവവിധിയെക്കുറിച്ച് ദിവ്യബോധനങ്ങളിലൂടെ ലഭ്യമായതല്ലാതെ മനസ്സിലാക്കാൻ നമുക്ക് സാധ്യമല്ല. വേദഗ്രന്ഥത്തിലൂടെ ലഭ്യമായ ജ്ഞാനമനുസരിച്ച് ദൈവവിധിയും ജ്ഞാനവും പ്രപഞ്ചത്തെയും അതിലുള്ള സകലതിനെയും ചൂഴ്ന്നുനിൽക്കുന്നു. മനുഷ്യനും അതിന്നതീതനല്ല. അതേസമയം സ്വയം തീരുമാനമെടുക്കാനും അതനുസരിച്ച് ജീവിക്കാനും അവന് സ്വാതന്ത്ര്യവും സാധ്യതയും നൽകപ്പെട്ടിട്ടുണ്ട്. അത് അപരിമിതമോ അനിയന്ത്രിതമോ അല്ല. സ്വാതന്ത്ര്യം ലഭിച്ച മേഖലകളിൽ ദൈവത്തെ അനുസരിച്ച് അവൻ നിശ്ചയിച്ച ജീവിതപാത പിന്തുടരണമെന്ന് അല്ലാഹു അനുശാസിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുന്നവർക്ക് ജീവിതവിജയവും പരലോകരക്ഷയും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ദൈവത്തെ ധിക്കരിക്കാനുള്ള സാധ്യതയും സ്വാതന്ത്ര്യവും മനുഷ്യന് നൽകപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യുന്നവർക്ക് പരാജയവും പരലോകത്ത് കടുത്ത ശിക്ഷയുമാണുണ്ടാവുകയെന്ന് താക്കീത് നൽകുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തിൽ, ഓരോരുത്തർക്കും നൽകപ്പെട്ട കഴിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും തോതനുസരിച്ചാണ് അവരവരുടെ ബാധ്യത. അതിന്റെ നിർവഹണത്തിന്റെയും ലംഘനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും മരണാനന്തരം മറുലോകത്തെ രക്ഷാ-ശിക്ഷകൾ. അതിനാൽ നമ്മുടെ സ്വർഗവും നരകവും നേടുന്നത് നാം തന്നെയാണ്. സ്വന്തം തീരുമാനങ്ങളിലൂടെയും കർമങ്ങളിലൂടെയും രണ്ടിലൊന്നിന്റെ അവകാശിയായിത്തീരുന്നു. അതിനാൽ ആരും തീരെ അനീതിക്കിരയാവുന്നില്ല. സത്യം കവിവാക്യം തന്നെ
‘നമിക്കിലുയരാം, നടുകിൽ തിന്നാം
നൽകുകിൽ നേടിടാം
നമുക്കു നാമേ പണിവതുനാകം
നരകവുമതുപോലെ.’
വിധിവിശ്വാസവും മനഃശാന്തിയും
കർമങ്ങൾക്ക് അവയിലേർപ്പെടുന്നവർ ലക്ഷ്യം വച്ച ഫലം തന്നെ ഉണ്ടാവണമെന്നില്ല. ലാഭമഭിലഷിച്ച് വ്യാപാരത്തിലേർപ്പെടുന്നവർ നഷ്ടം സഹിക്കേണ്ടിവരുന്നു. വരുമാനം പ്രതീക്ഷിച്ച് വയലേലകളിൽ വേല ചെയ്യുന്നവർ വിളനഷ്ടത്തിന്നിരയാവുന്നു. നാം നമ്മുടെ അറിവിന്റെയും പരിചയത്തിന്റെയും കഴിവിന്റെയും പരിമിതികളിൽ നിന്നുകൊണ്ട് കാര്യങ്ങൾ കണക്കുകൂട്ടി അതിനനുസരിച്ച് പ്രവർത്തിക്കുന്നു. ചിലപ്പോൾ നമ്മുടെ സ്വപ്നങ്ങളും സങ്കൽപങ്ങളും നിമിഷനേരം കൊണ്ട് നിലംപൊത്തുന്നു. അപ്രതീക്ഷിതമായ ആഘാതങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. എങ്കിലും അത്തരം വിപത്സാധ്യതകൾ ആരെയും നിഷ്ക്രിയരാക്കാറില്ല. ആക്കാവുന്നതുമല്ല. വിജയവും നേട്ടവും പ്രതീക്ഷിച്ച് കർമങ്ങളിലേർപ്പെടാറാണ് പതിവ്. മോഹങ്ങളൊക്കെയും പൂവണിയാറില്ലെന്നതുകൊണ്ടു മാത്രം ആരും ഒന്നും ആഗ്രഹിക്കാതിരിക്കാറില്ല. മനുഷ്യൻ കൊതിച്ചതല്ല കിട്ടുക; ദൈവം വിധിച്ചതാണ്.
“ആകാശഭൂമികളുടെ താക്കോൽ അല്ലാഹുവിൽ നിക്ഷിപ്തമത്രെ! അവനിഛിക്കുന്നവർക്ക് അവൻ വിഭവസമൃദ്ധി നൽകുന്നു. ഇഛിക്കുന്നവർക്ക് ക്ലിപ്തപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. നിശ്ചയം, എല്ലാം അറിയുന്നവനത്രെ അവൻ” (ഖുർആൻ 42: 12).
“നിങ്ങൾ ചിന്തിക്കുന്നില്ലേ? നിങ്ങൾ വിതയ്ക്കുന്ന വിത്ത്, അതിൽ നിന്ന് വിള മുളപ്പിക്കുന്നത് നിങ്ങളോ? അതോ നാമോ? നാം ഇഛിക്കുകയാണെങ്കിൽ ഈ വിളകളെ ഉണങ്ങിയ താളുകളാക്കുക തന്നെ ചെയ്യും! അപ്പോഴോ നിങ്ങൾ പലതും പറഞ്ഞുകൊണ്ടിരിക്കും. നമ്മുടെ മേൽ കടം കുടുങ്ങിയല്ലോ, നാം നിർഭാഗ്യവാന്മാരായിപ്പോയല്ലോ എന്നിങ്ങനെ” (56: 63-67).
നമ്മുടെ മരണം എവിടെ വച്ച്; എങ്ങനെ എന്ന് ആർക്കുമറിയില്ല. എല്ലാം അലംഘനീയമായ ദൈവവിധിക്കു വിധേയം. അതിനെ തട്ടി മാറ്റാനാർക്കും സാധ്യമല്ല. ആയുസ്സിന്റെ ഹ്രസ്വ-ദൈർഘ്യതയൊക്കെയും അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ്.
“ആരും അറിയുന്നില്ല; നാളെ താൻ എന്തൊക്കെ നേടുമെന്ന് ഏതു മണ്ണിലാണ് തന്റെ മരണമെന്നറിയുന്നവരുമില്ല”(31: 34). “ജീവനുള്ളവയ്ക്കൊന്നും ദൈവഹിതമന്യേ മരിക്കുക സാധ്യമല്ല. മരണസമയമാകട്ടെ ലിഖിതവും”(31: 145). “യഥാർഥത്തിൽ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് അല്ലാഹു മാത്രമാകുന്നു”(3:156), “മരണമാകട്ടെ, നിങ്ങൾ എവിടെയായിരുന്നാലും അത് നിങ്ങളെ പിടികൂടുകതന്നെ ചെയ്യും. നിങ്ങൾ എത്ര ഭദ്രമായ കോട്ടകളിലായിരുന്നാലും”(4: 78).
മനുഷ്യജീവിതത്തിലെ നന്മ-തിന്മകൾ, സന്മാർഗ-ദുർമാർഗങ്ങൾ, ജയാപചയങ്ങൾ തുടങ്ങിയവപോലെത്തന്നെ ഭൗതിക ജീവിതത്തിലെ കാര്യങ്ങളും ദൈവവിധിക്കു വിധേയമാണ്. അതോടൊപ്പം ദൈവവിധിയുണ്ടെങ്കിൽ ആഹാരം ലഭിച്ചുകൊള്ളുമെന്നു കരുതി ആരും അധ്വാനിക്കാതെ അടങ്ങിയൊതുങ്ങിക്കഴിയാറില്ല. ദൈവഹിതമനുസരിച്ചാണ് മരണമുണ്ടാവുകയെന്നതിനാൽ രോഗമാകുമ്പോൾ ദൈവേഛയുണ്ടെങ്കിൽ സുഖമായിക്കൊള്ളുമെന്ന് സമാധാനിച്ച് ചികിത്സ നടത്താതിരിക്കാറുമില്ല. കാര്യബോധമുള്ളവരാരും ജീവിതത്തിന്റെ ഭാഗധേയം വിധിക്ക് വിട്ടുകൊടുത്ത് ആലസ്യത്തിൽ ആമഗ്നരാവുകയില്ല. ശരിയായ പാത പരതിയെടുത്ത് അതിലൂടെ ജീവിതപുരോഗതിക്കും ലക്ഷ്യപ്രാപ്തിക്കും പരമാവധി പ്രയത്നിക്കാറാണ് പതിവ്. മതമനുശാസിക്കുന്നതും അതുതന്നെ. ദൈവവിധി പുലരുക മനുഷ്യകർമങ്ങളിലൂടെയാണല്ലോ.
“എല്ലാവർക്കും തങ്ങളുടെ പ്രവർത്തനങ്ങൾക്കനുസൃതമായ പദവികൾ ലഭിക്കും. അവരുടെ പ്രവർത്തനങ്ങൾ അല്ലാഹു അവർക്ക് പൂർത്തിയാക്കി ക്കൊടുക്കും. അവരോട് അനീതി കാണിക്കുകയില്ല”(46: 19). “സൽക്കർമം ചെയ്യുക. നാം നിങ്ങൾ ചെയ്യുന്നതൊക്കെയും കാണുന്നവനല്ലോ”(34: 11).
പ്രവാചകൻ പറയുന്നു: “നിങ്ങൾ പ്രഭാതപ്രാർഥന പൂർത്തിയാക്കിയാൽ ആഹാരത്തിനായി അധ്വാനിക്കാതെ ഉറങ്ങരുത്”(ത്വബ്റാനി). “ലോകാവസാനം ആസന്നമായ ഘട്ടത്തിൽ പോലും നിങ്ങളിലാരുടെയെങ്കിലുമടുക്കൽ ഒരു ഈന്തപ്പനത്തെ ഉണ്ടെങ്കിൽ അവനത് നട്ടുകൊള്ളട്ടെ. അവന്ന തിൽ പ്രതിഫലമുണ്ട്.”
ഒരിക്കൽ നബിതിരുമേനി രണ്ടുപേർ തമ്മിലുണ്ടായ കേസിൽ വിധി നടത്തി. പിരിഞ്ഞുപോയപ്പോൾ കേസിൽ പരാജയപ്പെട്ടയാൾ പറഞ്ഞു. “എനിക്ക് അല്ലാഹു മതി. അവൻ ഏറ്റവും നല്ല സംരക്ഷകനത്രെ. ഇതു കേൾക്കാനിടയായ പ്രവാചകൻ അയാളോടു പറഞ്ഞു: “ദൗർബല്യത്തെ ദൈവം വെറുക്കുന്നു. അതിനാൽ ശക്തിയും തന്റേടവും നേടുക. എന്നിട്ടും പരാജിതരായാൽ അപ്പോൾ നിങ്ങൾക്കു പറയാം. എനിക്ക് അല്ലാഹു മതി. അവൻ ഏറ്റവും നല്ല സംരക്ഷകനത്രെ.”
മനുഷ്യൻ തന്റെ സാധ്യതകളൊക്കെയും സ്വരൂപിച്ച് പ്രതിബന്ധങ്ങളോടും പ്രതികൂല പരിതഃസ്ഥിതികളോടും പൊരുതാൻ ബാധ്യസ്ഥനാണ്. വിജയം വരിക്കാൻ അത് അനിവാര്യമാണെന്ന് മതമോതുന്നു. ദൃഢനിശ്ചയം, സ്ഥിരചിത്തത, ത്യാഗമനസ്ഥിതി, സ്ഥിരോത്സാഹം തുടങ്ങിയവയൊക്കെ സ്വായത്തമാക്കണമെന്ന് അതാവശ്യപ്പെടുന്നു. പണിയെടുക്കാതെ അലസമായിരുന്ന് പതനങ്ങളും പാളിച്ചകളും പിഴവുകളുമൊക്കെ വിധിയുടെ മേൽ വച്ചുകെട്ടുന്നത് കടുത്ത കുറ്റമത്രെ. അശ്രദ്ധയുടെയും അനാസ്ഥയുടെയും അനിവാര്യഫലങ്ങൾക്ക് ദൈവവിധിയുടെ പരിവേഷമണിയിക്കുന്നത് അത്യന്തം അപലപനീയമാണ്. അധ്വാനിക്കാതെ ഫലം പ്രതീക്ഷിക്കുന്നതും കഷ്ടതകൾ സഹിക്കാതെ നേട്ടം കൊതിക്കുന്നതും മടയത്തമാണ്. കർമത്തിനേ അല്ലാഹു പ്രതിഫലം നൽകുകയുള്ളു. നിഷ്ക്രിയത്വം നാശനിമിത്തമത്രെ.
ഒരാൾ പ്രവാചകനോട് ചോദിച്ചു: “ദൈവദൂതരേ, ഞാൻ ഒട്ടകത്തെ ബന്ധിച്ച ശേഷം അല്ലാഹുവിൽ ഭരമേൽപിക്കണമോ? അതോ അതിനെ അഴിച്ചുവിട്ടു കൊണ്ടോ?” പ്രവാചകൻ പ്രതിവചിച്ചു: “അതിനെ കെട്ടിയിടുക. എന്നിട്ട് ദൈവത്തിൽ ഭരമേൽപിക്കുക.”
ആഹാരം കഴിക്കാതെ വിശപ്പുമാറില്ല. വെള്ളം കുടിക്കാതെ ദാഹം ശമിക്കുകയില്ല. വിത്തിറക്കാതെ വിളവുണ്ടാവില്ല. പണിയെടുക്കാതെ പണവും. വൻ വിജയങ്ങൾക്ക് മർമമറിഞ്ഞ കർമം അനിവാര്യമത്രെ. ഇത് മാറ്റമില്ലാത്ത ദൈവികനിയമമാണ്.
ഇതറിയുന്ന യഥാർഥ വിശ്വാസി സദാ കർമനിരതനായിരിക്കും. അതിനാൽ വിധിവിശ്വാസം ആലസ്യമല്ല; ഔത്സുക്യമാണ് വളർത്തുക.
ദൈവ വിധിയും ദിവ്യജ്ഞാനവും പ്രത്യക്ഷമോ പ്രകടമോ അല്ല. അതിനാൽ തനിക്ക് അജ്ഞാതമായ ഒന്നിനെക്കുറിച്ച് ആലോചിച്ച് അസ്വസ്ഥനാവുന്നതിലർഥമില്ല. അതിരുകളില്ലാത്ത ദൈവകാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ച് പണിയെടുക്കുകയാണ് വേണ്ടത്. നിരാശ വിശ്വാസികൾക്ക് അന്യമത്രെ. “നിങ്ങൾ ദൈവകാരുണ്യത്തെക്കുറിച്ച് നിരാശരാവരുത്”(39: 53).
അധ്വാനിക്കാനുള്ള ദൃഢനിശ്ചയത്തിനുശേഷം മാത്രമേ അല്ലാഹുവിൽ ഭരമേൽപിക്കാവൂ എന്നാണ് മതമനുശാസിക്കുന്നത്. “നീ ഒരു കാര്യത്തിൽ ദൃഢനിശ്ചയമെടുത്തു കഴിഞ്ഞാൽ ദൈവത്തിൽ ഭരമേൽപിക്കുക”(3:159).
ചുറുചുറുക്കോടെ ഓടിച്ചാടി നടക്കുന്ന ചെറുപ്പക്കാരൻ ആകസ്മികമായി വാതരോഗത്തിനടിപ്പെടുന്നു. പലവിധ ചികിത്സകളും നടത്തിനോക്കുന്നു. പക്ഷേ, ഒന്നും ഫലിക്കുന്നില്ല. അവസാനം അലോപ്പതിയും ആയുർവേദവും, ഹോമിയോപ്പതിയുമുൾപ്പെടെ എല്ലാ വൈദ്യവിദ്യകളും രോഗം ഭേദമാവുകയില്ലെന്ന് വിധിയെഴുതുന്നു. അതിനാൽ താനിനി ഒരിക്കലും കട്ടിലിൽ നിന്നിറങ്ങി നടക്കുകയില്ലെന്ന് അയാളറിയുന്നു. എങ്കിൽ അയാൾ അത്യധികം അസ്വസ്ഥനാവുക സ്വാഭാവികമത്രെ. ഇത്തരമൊരു സാഹചര്യത്തിൽ ആ രോഗിയെ ആശ്വസിപ്പിക്കാൻ ലോകത്തിലൊരു ഭൗതിക ദർശനത്തിനും പ്രത്യയശാസ്ത്രത്തിനും സാധ്യമല്ല. ഇരുപതാം നൂറ്റാണ്ടു കണ്ട വീര വിപ്ലവകാരി വി.ഐ. ലെനിൻ പോലും വാതരോഗത്തിനടിപ്പെട്ടപ്പോൾ അത്യധികം അസ്വസ്ഥനായി തന്റെ ആത്മമിത്രമായ സ്റ്റാലിനോട് സയനൈഡ് ആവശ്യപ്പെട്ടത് അതിനാലാണല്ലോ. എന്നാൽ ദൈവ വിധിയിൽ ദൃഢമായി വിശ്വസിക്കുന്നവർ സകലതും സ്രഷ്ടാവിൽ സമർപ്പിച്ച് ആശ്വാസം കൊള്ളുന്നു. അവർ മനഃസമാധാനത്തോടെ ആത്മഗതം ചെയ്യുന്നു. “തനിക്ക് കൈയും കാലും കണ്ണും കാതും നാക്കും മൂക്കും ആയുസ്സും ആരോഗ്യവും ജീവനും ജീവിതവും നൽകിയത് ദൈവമാണ്. അവൻ കനിഞ്ഞേകിയ ആരോഗ്യം തൽക്കാലം അവൻ തിരിച്ചെടുത്തിരിക്കുന്നു. ഇതൊരു പരീക്ഷണമാണ്. ദൈവ വിധി. പതർച്ച പറ്റിയാൽ പരാജയമായിരിക്കും ഫലം. ക്ഷമിച്ചാൽ വിജയവും. വാതവും രോഗവുമൊന്നുമില്ലാത്ത സ്വർഗം പ്രതിഫലമായി ലഭിക്കും.
ഏകമകന്റെ മാതാപിതാക്കൾ. കാണികളിൽ ഏറെ കൗതുകമുണർത്തുന്ന നാലഞ്ചു വയസ്സ് പ്രായത്തിൽ ആ കുഞ്ഞ് മരണമടയുന്നു. ഇത്തരം അനുഭവങ്ങൾക്കിരയാകുന്ന വ്യക്തികളനുഭവിക്കുന്ന വ്യഥയും വേദനയും വിവരണാതീതമത്രെ. നിലവിലുള്ള കുടുംബസങ്കൽപം മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്ടിയാണെന്നും സ്വകാര്യ ഉടമാവകാശമില്ലാതിരുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രാകൃത കമ്യൂണിസ്റ്റ് കാലഘട്ടത്തിൽ കുട്ടികൾ അഛൻമാരെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും വാദിച്ച കാറൽ മാർക്സ് പോലും തന്റെ മകന്റെ വിയോഗത്തിൽ ഏറെ വിഹ്വലനാവുകയുണ്ടായി. 1855-ൽ അദ്ദേഹത്തിന്റെ ഇഷ്ടപുത്രൻ എഡ്ഗാറിന് ഗുരുതരമായ രോഗം ബാധിച്ചു. എട്ടുവയസ്സുള്ള അതിസമർഥനായ ആ കുട്ടി മുഷ് എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഏകമകന്റെ രോഗശയ്യക്കരികിൽ നീണ്ട രാത്രികൾ ഉറക്കമൊഴിച്ച് കഴിച്ചുകൂട്ടിയ മാർക്സ് ആ ഘട്ടത്തിൽ ഏംഗൽസിനെഴുതി “ഹൃദയം നീറുകയാണ്. തല പുകയുകയാണ്.” പിന്നീട് മുഷ് മരണമടഞ്ഞപ്പോൾ അദ്ദേഹമെഴുതി: “പാവം മുഷ് മരിച്ചു… എന്റെ ദുഃഖം എത്ര വലുതാണെന്നറിയാമല്ലോ. ഒട്ടേറെ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുള്ളവനാണ് ഞാൻ. പക്ഷേ, യഥാർഥ ദുഃഖമെന്താണെന്ന് ഇപ്പോഴാണെനിക്കു മനസ്സിലായത്. “
ഇത്തരം സാഹചര്യങ്ങളിലും വിധിയിൽ വിശ്വസിക്കുന്നവർ ആശ്വാസമനുഭവിക്കുന്നു. അവരുടെ മനസ്സ് മന്ത്രിക്കുന്നു: “തനിക്ക് കുഞ്ഞിനെ കനിഞ്ഞേകിയത് കരുണാമയനായ ദൈവമാണ്. തന്റെ ഓമനമകനെ തിരിച്ചു വിളിച്ചതും അവൻ തന്നെ. എല്ലാം അവന്റെ അലംഘനീയമായ വിധി, തന്നേക്കാൾ സ്നേഹവും കരുണയും വാത്സല്യവുമുള്ള സ്രഷ്ടാവിന്റെ വശം കുഞ്ഞിനെ തിരിച്ചേല്പിക്കുകയാണ് താൻ ചെയ്തത്. അതിനാൽ അക്ഷമ കാണിക്കുന്നത് അസ്ഥാനത്താണ്. തീർത്തും അർഥശൂന്യവും, സഹനമവലംബിച്ചാൽ ലഭിക്കാനുള്ളത് സ്വർഗമാണ്. അനശ്വരമായ അതിന്റെ കവാടത്തിൽ തന്റെ ഓമന മകൻ മന്ദസ്മിതനായി തന്നെ സ്വാഗതം ചെയ്യാൻ കാത്തുനിന്നേക്കാം.”
വിധി വിശ്വാസമില്ലാത്തവർ വിപത്തുകൾ വരുമ്പോൾ അസഹ്യമായ അസ്വസ്ഥതക്കും അക്ഷമക്കും അടിപ്പെടുന്നു. വേവലാതിപ്പെടുകയും പരാതി പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവരുടെ ആശങ്കയും അരക്ഷിതബോധവുമകറ്റാൻ ആശ്വാസവചനങ്ങൾ പോലും അശക്തമായിരിക്കും. എന്നാൽ അല്ലാഹുവിന്റെ അലംഘനീയമായ വിധിയിൽ വിശ്വാസമർപ്പിക്കുന്നവർ അനല്പമായ ആശ്വാസമനുഭവിക്കുന്നു. ക്ഷമിച്ചാലും അക്ഷമ കാണിച്ചാലും ഭൗതിക ഫലം ഒന്നുതന്നെ എന്ന് അവരറിയുന്നു. എന്നല്ല, അക്ഷമ അസ്വാസ്ഥ്യം അധികരിപ്പിക്കുകയാണ് ചെയ്യുക. ക്ഷമയും സഹനവും ശാന്തിയേകും. ദൈവസന്നിധിയിലോ ക്ഷമിക്കുന്നവർക്ക് മഹത്തായ പ്രതിഫലം. അക്ഷമ അപരാധവും. ഐഹിക ജീവിതം മുഴുക്കെ പരീക്ഷണമാണ്. അനുഗ്രഹങ്ങൾ നൽകിയും നിഷേധിച്ചും ദൈവമത് നിർവഹിക്കുന്നു. ഫലമറിയുക മരണാനന്തരം മറുലോകത്താണ്. അനുഗ്രഹങ്ങൾ ലഭ്യമാകുന്ന അനുകൂലാവസ്ഥയിൽ ആഹ്ലാദത്തിൽ മിതത്വം പുലർത്തണമെന്ന് മതമാവശ്യപ്പെടുന്നു; അവ നിഷേധിക്കപ്പെടുമ്പോൾ ക്ഷമയും സഹനവും പാലിക്കണമെന്നും. വിജയം വാഗ്ദാനം ചെയ്യപ്പെട്ടത് ആവിധം പ്രവർത്തിക്കുന്നവർക്കാണ്.
“ഭയാശങ്കകൾ, ക്ഷാമം, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ നിശ്ചയമായും പരീക്ഷിക്കും. അപ്പോൾ ക്ഷമ അവലംബിക്കുകയും ‘ഞങ്ങൾ ദൈവത്തിന്റേതാണല്ലോ, അവനിലേക്കാണല്ലോ ഞങ്ങൾ മടങ്ങേണ്ടതും’ എന്നു പറയുകയും ചെയ്യുന്നവരെ സന്തോഷ വാർത്ത അറിയിക്കുക. അവർക്ക് തങ്ങളുടെ നാഥനിൽനിന്ന് വലിയ അനുഗ്രഹങ്ങൾ ലഭിക്കും. അവന്റെ കാരുണ്യം അവർക്ക് തണലേകും. അവർ തന്നെയാകുന്നു സന്മാർഗം പ്രാപിച്ചവർ”(2: 155-157).
ഇതംഗീകരിക്കുന്ന വിശ്വാസികൾ സ്വസ്ഥരും നിർഭയരുമായിരിക്കും. തങ്ങളുടെ വിധിയിൽ തീർത്തും തൃപ്തരും. അത് തങ്ങൾക്ക് അനുകൂലമോ പ്രതികൂലമോ എന്നത് അവരെ സംബന്ധിച്ചേടത്തോളം അപ്രസക്തമത്രെ. വ്യഥയും വേവലാതിയും വിതുമ്പലും വിഹ്വലതയും വിധിയിലൊരു വ്യത്യാസവും വരുത്തുകയില്ലല്ലോ. അവർ നഷ്ടസന്ദർഭങ്ങളുടെയും സൗഭാഗ്യങ്ങളുടെയും പേരിൽ വിലപിച്ച് കാലം കഴിക്കാതെ, ദിവ്യകാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ച് സ്വസ്ഥചിത്തരായി പുതിയ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നു. അവർ ഇന്നലെകളുടെ നഷ്ടങ്ങളോർത്ത് നെടുവീർപ്പിടുകയല്ല; അവയെ വർത്തമാന ക്രിയകളിലും ഭാവികർമങ്ങളിലും വളമാക്കി മാറ്റുകയാണ് ചെയ്യുക. അങ്ങനെ യഥാർഥ വിധിവിശ്വാസം കർമപ്രേരകമായും മനഃശാന്തിയുടെ നിർഝരിയായും വർത്തിക്കുന്നു. വികലമായ വിധിവിശ്വാസമാണ് ആലസ്യത്തിലേക്കും കർമശൂന്യതയിലേക്കും വഴിയൊരുക്കുക. ഇസ്‌ലാം ഒരിക്കലും അതംഗീകരിക്കുന്നില്ല.