ശൈഖ് മുഹമ്മദ് കാരകുന്ന് –
ശരീരത്തിന് ദോഷം ചെയ്യുന്ന ചീത്ത ഭക്ഷണം കഴിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ. ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കഴിക്കുന്നതും മനുഷ്യൻ മാത്രം.
കന്നുകാലികൾ, പറവകൾ, ഇഴജീവികൾ, ജലജീവികൾ; തുടങ്ങിയവയൊന്നും അവക്ക് ഹാനികരമായ ആഹാരമോ പാനീയമോ കഴിക്കുകയില്ല. വെള്ളത്തിൽ ജീവിക്കുന്ന മത്സ്യം പാതി വയറേ നിറക്കുകയുള്ളൂ. വിളഞ്ഞുനിൽക്കുന്ന വയലുകളിൽ നിന്ന് കുരുവി ഒരു കതിരേ കൊത്തുകയുള്ളു. ഒരു ജീവിയും അഹാരം സുലഭമായതു കൊണ്ട് അമിതമായി ഭക്ഷിക്കുകയില്ല.
എന്നാൽ മനുഷ്യരിൽ ഏറെപ്പേരും അനിയന്ത്രിതമായി ആഹാരം കഴിക്കുന്നവരാണ്. പലരും കിട്ടുന്നതൊക്കെ വെട്ടി വിഴുങ്ങുന്നു.
ആവശ്യമുള്ളപ്പോൾ ആവശ്യമുള്ളത് മാത്രം ആഹരിക്കുന്നവർ അത്യപൂർവമാണ്. നമ്മുടെ നാട്ടിലിന്നുണ്ടാകുന്ന രോഗങ്ങളിലേറെയും അമിതാഹാരം കാരണമായുള്ളവയാണ്. അതിനാലാണ് വേദഗ്രന്ഥം “തിന്നുക. കുടിക്കുക. പരിധി വിടരുതെ”ന്ന് കല്പിച്ചത്.
മദ്യവും മയക്കുമരുന്നുകളും മനസ്സിനും ശരീരത്തിനും വരുത്തുന്ന വിപത്തുകൾ വിവരണമാവശ്യമില്ലാത്ത വിധം വ്യക്തമാണ്. അക്ഷരാർത്ഥത്തിൽ തന്നെ അത് കൊലയാളിയാണ്. എന്നിട്ടും കേരളീയർ ആഹാരത്തിന് ചെലവഴിക്കുന്നതിനേക്കാൾ പണം മദ്യത്തിനു വേണ്ടി ചെലവഴിക്കുന്നു.
സിഗരറ്റ് ആരോഗ്യത്തിന് ഹാനികരമാണെന്ന് അതിൻറെ തന്നെ പുറത്ത് എഴുതി വച്ചിട്ടുണ്ട്. എന്നിട്ടും ലോകമെങ്ങുമുള്ള മനുഷ്യരിൽ പലരും പതിവായി
പുകവലിക്കുന്നു. അങ്ങനെ സ്വന്തത്തെ കൊന്ന് കൊണ്ടേയിരിക്കുന്നു. തനിക്കു തന്നെ അപകടകരമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നു.
മനുഷ്യന് മറ്റ് ജീവികളെക്കാളെല്ലാം ബുദ്ധിയും കഴിവും ലഭിച്ചിട്ടും ആഹാരകാര്യത്തിൽ പോലും അവയോളം ശ്രദ്ധയും സൂക്ഷ്മതയും പുലർത്താൻ കഴിയുന്നില്ലെന്നത് ഏറെ വിചിത്രമത്രേ.
28