– ശൈഖ് മുഹമ്മദ് കാരകുന്ന്
മക്കളില്ലാതിരുന്ന ദമ്പതികൾ. വിവാഹം കഴിഞ്ഞിട്ട് കൊല്ലങ്ങളറെ കഴിഞ്ഞിരുന്നു. അതിനാൽ അവർക്കിടയിൽ ഗാഢബന്ധമായിരുന്നു. പെട്ടെന്നൊരു ദിവസം ഭർത്താവ് മരണപ്പെട്ടു. അതോടെ ഭാര്യ തനിച്ചായി. പ്രിയതമൻറെ വേർപാട് അവരെ അസ്വസ്ഥയാക്കി. ഏകാന്തത അതിനെ പതിമടങ്ങ് വർദ്ധിപ്പിച്ചു. മാനസിക സമ്മർദ്ദം കാരണം ശാരീരിക അവശതയും അവരെ ബാധിച്ചു.
ഒരു ദിവസം അവരുടെ അയൽക്കാരികൾ ഈ വിവരം വന്ന് പറഞ്ഞപ്പോൾ അവരെ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു. ദീർഘമായ സംഭാഷണത്തിനൊടുവിൽ തൊട്ടടുത്തുള്ള അന്ധവിദ്യാലയത്തിൽ പോയി രണ്ടുമൂന്നു ദിവസം താമസിക്കാൻ ആവശ്യപ്പെട്ടു.
അവിടെ എത്തിയ അവർ കുട്ടികളെ പരിചരിക്കാൻ തുടങ്ങി. അതോടെ അവരുടെ അസ്വസ്ഥതയും ദുഃഖവും കുറയാൻ തുടങ്ങി. ഓരോ ദിവസവും സന്തോഷവും സംതൃപ്തിയും വർദ്ധിച്ചുകൊണ്ടിരുന്നു. അതോടൊപ്പം ശാരീരികാരോഗ്യവും.
അനാഥശാല അന്തേവാസികളുടെ അവസ്ഥയും അതുതന്നെയായിരുന്നു. ആ വിധവയുടെ സാന്നിധ്യം അവർക്കും അനൽപമായ ആഹ്ലാദം നൽകി.
അനാഥാലയത്തിലെ ജീവിതം തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടെന്നും ചെയ്യാൻ കഴിയുമെന്നുമുള്ള ബോധം ആ വിധവക്ക് അനൽപമായ ആശ്വാസം നൽകി. തനിക്ക് സ്നേഹിക്കാനും തന്നെ സ്നേഹിക്കാനും ധാരാളം കുട്ടികളെ കിട്ടിയത് അതിനെക്കാൾ ആശ്വാസവും ആഹ്ലാദവും നൽകി. തനിക്ക് ആരുമില്ലെന്നും ഒന്നും ചെയ്യാനില്ലെന്നുമുള്ള തോന്നലാണ് കടുത്ത നിരാശയ്ക്കും കൂടിയ ദുഃഖത്തിനും കാരണം. ഏതൊരാൾക്കും ബോധപൂർവം ശ്രമിച്ചാൽ ഇത് രണ്ടിനും അറുതി വരുത്താൻ കഴിയും. കർമ്മനിരതരാകാവുക. വിരസത വെടിയാം. സ്നേഹിക്കുക; സ്വീകരിക്കപ്പെടും.