പ്രകാശ രേഖ: പതിനാല്
ആഴ്ചയിലൊരിക്കൽ ഒരു ബാർബർ ഹാറൂൺ റഷീദിൻറെ കൊട്ടാരത്തിൽ വന്ന് തൻറെ ജോലി നിർവഹിച്ച് തിരിച്ചു പോകുമായിരുന്നു. ഒരു നാണയമാണ് പ്രതിഫലമായി നൽകിയിരുന്നത്. ആ ക്ഷുരകൻ അതും വാങ്ങി വളരെ സന്തോഷത്തോടെ മടങ്ങി പോകും. അത് ശ്രദ്ധിച്ചു കൊണ്ടിരുന്ന ഹാറൂൺ റഷീദ് തൻറെ മന്ത്രിയോട് ചോദിച്ചു:”ഇതെന്താണ് ഇങ്ങനെ? ധാരാളം സമ്പത്തും അധികാരവുമുണ്ടായിരുന്നിട്ടും നമുക്ക് വേണ്ടത്ര സമാധാനമോ സന്തോഷമോ കിട്ടുന്നില്ല. ആ ബാർബറോ നാം നൽകുന്ന ഒരു നാണയവും വാങ്ങി വളരെ സന്തോഷത്തോടെ തിരിച്ചു പോവുന്നു.’
ഇതുകേട്ട മന്ത്രി പറഞ്ഞു:”അദ്ദേഹത്തിൻറെ സന്തോഷം ഞാൻ പെട്ടെന്ന് തന്നെ കെടുത്തിക്കളയുന്നത് കാണിച്ചുതരാം.’
അങ്ങനെ അടുത്താഴ്ച വന്ന് തിരിച്ചു പോയപ്പോൾ മന്ത്രി ആ ബാർബറുടെ വശം തൊണ്ണൂറ്റൊമ്പത് നാണയങ്ങളുള്ള ഒരു സഞ്ചി കൊടുത്തു. വീട്ടിലെത്തിയ അയാൾ നാണയ സഞ്ചി തുറന്ന് അതെണ്ണി നോക്കി. തൊണ്ണൂറ്റി ഒമ്പതേയുള്ളൂ. നൂറെണ്ണമുണ്ടാകുമെന്ന പ്രതീക്ഷയിൽ പല തവണ എണ്ണി. അവസാനം തൊണ്ണൂറ്റി ഒമ്പതേ ഉള്ളൂ എന്ന് മനസ്സിലാക്കി അത് നൂറ് തികക്കാൻ തീരുമാനിച്ചു. ആ ആഴ്ച മുഴുവനും അതിനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അങ്ങനെ അടുത്താഴ്ച കൊട്ടാരത്തിലെത്തിയ അയാൾ ദുഃഖിതനായി കാണപ്പെട്ടു. അപ്പോൾ മന്ത്രി ഹാറൂൺ റഷീദിനോട് ചോദിച്ചു. “ഞാൻ അയാളുടെ സന്തോഷം കെടുത്തിയില്ലേ!’
തുടർന്ന് അദ്ദേഹം ഹാറൂൺ റഷീദിന് അതിൻറെ പിന്നിലെ രഹസ്യം വിവരിച്ചു കൊടുക്കുകയും ചെയ്തു.
ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവർ സദാ സ്വസ്ഥരും സന്തുഷ്ടരുമായിരിക്കും. അതിനു സാധിക്കാത്തവർ അസംതൃപ്തരും ദുഃഖിതരും. എന്നുമെന്ന പോലെ ഇന്നും എങ്ങും കാണപ്പെടുന്ന അസംതൃപ്തിക്ക് കാരണം ഉള്ളതുകൊണ്ട് തൃപ്തിയടയാൻ കഴിയാത്തതാണ്. കൂടുതൽ കിട്ടണമെന്ന മോഹം. വളരെ പെട്ടെന്നു തന്നെ അത് അത്യാഗ്രഹമായി മാറുന്നു. അതോടെ അതിരുകളില്ലാത്ത അസ്വസ്ഥതക്ക് അടിപ്പെടുന്നു.
അതിനാലാണ് ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നവനാണ് ഐശ്വര്യവാനെന്ന് പ്രവാചകൻ പറഞ്ഞത്.ആർത്തി സർവ നാശത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞതും അത് കൊണ്ടുതന്നെ. ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്ന ദരിദ്രനാണ് കാർത്തിക്ക് അടിപ്പെട്ട കോടിപതി യെക്കാൾ സന്തോഷിക്കുക.