ഡൽഹിയിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചത് രാജ്യത്ത് വലിയ ഒച്ചപ്പാടാണുണ്ടാക്കിയത്. ഇന്ത്യയിൽ വൈറസ് പടർത്താൻ ഇറങ്ങിയവരാണ് തബ്ലീഗുകാർ എന്നുവരെ പ്രചാരണങ്ങൾ ഉണ്ടായി. എന്നാൽ, നിശിത വിമർശനങ്ങളുയർത്തിയവർ വരെ തബ്ലീഗ് പ്രവർത്തകരുടെ സേവന മനോഭാവത്തെ അംഗീകരിക്കുകയാണിപ്പോൾ. കോവിഡ് പോസിറ്റീവാകുകയും പിന്നീട് രോഗമുക്തരാവുകയും ചെയ്ത തബ്ലീഗ് ജമാഅത്ത് പ്രവർത്തകരോട് പ്ലാസ്മ ദാനം ചെയ്യാൻ പ്രസ്ഥാനം ആവശ്യപ്പെട്ടപ്പോൾ ഏറെ ആവേശത്തോടെയാണ് അവരത് സ്വീകരിച്ചത്. രോഗം മൂലം കഷ്ടപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാനായി നിറഞ്ഞ മനസ്സോടെ പ്ലാസ്മ ദാനം ചെയ്യാനെത്തുകയാണ് വിവിധ സംസ്ഥാനങ്ങളിലെ തബ്ലീഗ് പ്രവർത്തകർ.
കോവിഡ്-19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവർക്ക് പ്ലാസ്മ തെറപ്പി ചികിത്സക്കായി പ്ലാസ്മ ദാനം ചെയ്യാനെത്തിയവരിലൊരാളാണ് തമിഴ്നാട് സ്വദേശി ഇനായത്. ഏപ്രിൽ 21നാണ് മറ്റ് തബ്ലീഗ് പ്രവർത്തകർക്കൊപ്പം ഇനായതും പ്ലാസ്മ ദാനം നൽകിയത്. ഇനായത് ഉൾപ്പെടെയുള്ള പ്രവർത്തകരുമായി ‘ദ ക്വിൻറ്’ നടത്തിയ അഭിമുഖത്തിൽ നിന്ന്
‘‘ഇത് കേവലമൊരു തുള്ളി രക്തം മാത്രമാണ്. രാജ്യത്തിനും സഹോദരങ്ങൾക്കും മറ്റ് പൗരന്മാരുടെയും നൻമക്കായി ജീവൻ പോലും നൽകാൻ ഞങ്ങൾ തയാറാണ്. മനുഷ്യസമൂഹത്തെ സഹായിക്കലാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്നാണ് ഇസ്ലാമും പ്രവാചകനും നമ്മെ പഠിപ്പിക്കുന്നത്’’- ഇനായത് പറഞ്ഞു.
‘‘ഞങ്ങളാൽ കഴിയുന്ന തരത്തിലുള്ള എന്തുസഹായത്തിനും എല്ലായ്പ്പോഴും സന്നദ്ധരാണ്. പ്ലാസ്മയും അങ്ങനൊന്ന് മാത്രം’’- ഝാർഖണ്ഡ് സ്വദേശിയായ ഹഷ്മുദ്ദീൻ അൻസാരി പറയുന്നു.
മനുഷ്യകുലത്തിന്റെ നൻമയെ കരുതി പ്ലാസ്മ ദാനം ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 21നാണ് തബ്ലീഗ് ജമാഅത് നേതാവ് മൗലാന സഅദ് പ്രവർത്തകർക്ക് ശബ്ദസന്ദേശം അയക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച തബ്ലീഗ് പ്രവർത്തകർക്ക് ഡൽഹിയിലെ നരേലയിലും സുൽത്താൻപൂരിലും ക്വാറൻറീനിൽ കഴിയാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. അവരെല്ലാം രോഗമുക്തരായി. 90 പേർ പ്ലാസ്മ ദാനം ചെയ്തു. പ്രവർത്തകരിൽ ചിലർ നോെമ്പടുത്തിരുന്നു. പ്ലാസ്മ ദാനത്തിനായി അതൊഴിവാക്കാൻ പോലും അവർ തയാറായി. മറ്റ് ചിലർ വ്രതമവസാനിപ്പിച്ച ശേഷം സന്ധ്യക്ക് പ്ലാസ്മ നൽകാനെത്തി.
പ്ലാസ്മ തെറാപ്പിയിലൂടെ ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവനുമുള്ള കോവിഡ് രോഗികൾ സുഖം പ്രാപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് ഭോപ്പാലിൽ നിന്നുള്ള ഇഹ്തിഷാം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കോവിഡിന് പ്ലാസ്മ തെറാപ്പി ഫലപ്രദമായ ചികിത്സയായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഏപ്രിൽ 28ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിറക്കി. ഇതൊരു പരീക്ഷണം മാത്രമാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഇതുസംബന്ധിച്ച് പഠനം നടത്തിവരികയാണ്. വ്യക്തമായ ശാസ്ത്രീയതെളിവുകൾ ലഭിച്ചശേഷം ഐ.സി.എം.ആർ ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.