പി റുക്‌സാന
യഥാർത്ഥത്തിൽ ഒരു സത്യവിശ്വാസിനിയെ സംബന്ധിച്ചിടത്തോളം ആരൊക്കെ ഏതൊക്കെ വാദഗതികൾ മുന്നോട്ട് വെച്ചാലും അവളുടെ ക്യാമ്പസ്സിലെ ജീവിതമോ തൊഴിലിടങ്ങളിലെ ജീവിതമോ അവൾക്ക് എത്ര മാത്രം ഓഫറുകൾ ലഭിച്ചാലും ശെരി എത്ര മാത്രം ഭീഷണികൾ ഉണ്ടായിരുന്നാലും ശെരി അവളുടെ ജീവിതം അവൾ സർവ്വസ്വവും സമർപ്പിക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ അത് ഹിജാബിലൂടെയും അവൾക്ക് പ്രഖ്യാപിക്കേണ്ടതായിട്ടുണ്ട്. അവിടെ ഒരു കോംപ്രമൈസ് ചെയ്തു മറ്റുള്ളവരുടെയോ ഭരണകൂടത്തിന്റെയോ മേലധികാരികളുടെയോ താല്പര്യങ്ങൾക്ക് വഴങ്ങി അവൾ അത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചാൽ അവളുടെ വിശ്വാസത്തിനെയാണ് അത് ബാധിക്കുക. അവളുടെ വിശ്വാസത്തിനെയാണ് അത് പരിക്കേൽപ്പിക്കുക. അവളുടെ വിശ്വാസത്തിന്റെ ദൗർബല്യമാണ് അത് ചൂണ്ടിക്കാണിക്കുക എന്ന് തിരിച്ചറിയുന്ന സത്യവിശ്വാസികളുടെ കൂടി പ്രഖ്യാപനമാണ് ഹിജാബ് എന്നുള്ളത്.
ഖുർആനിൽ കൃത്യമായിട്ട് നിന്റെ മുഖമക്കന നിന്റെ മാറിടത്തിലേക്ക് താഴ്ത്തി ഇടുക എന്ന് അല്ലാഹു പറയുന്നുണ്ട്. അതോടൊപ്പം തന്നെ (സ്ത്രീയോടും പുരുഷനോടും) പറയുന്നുണ്ട്, നിങ്ങൾ ചെയ്യുന്നതിനെ കുറിച്ച് അതിസൂക്ഷ്മമായി അറിയുന്നവനാണ് റബ്ബ് എന്ന്. അഥവാ എന്തിനു വേണ്ടിയാണ് നിങ്ങളുടെ വസ്ത്ര സങ്കല്പത്തെ ഇസ്‌ലാമുമായി കൂട്ടിച്ചേർക്കുന്നത് എന്നതിനെ കുറിച്ച് നമ്മെ സൃഷ്ടിച്ച ആണിനെയും പെണ്ണിനേയും സൃഷ്ടിച്ച ലോകനാഥനാണ് അറിയുക. അവന്റെയും അവളുടെയും ശരീരത്തിലെ ഏതേത് ഭാഗങ്ങളെയാണ് മറുപക്ഷത്തിനു അല്ലെങ്കിൽ മറുകൂട്ടർക്ക് ആകർഷണമാവുക. അതെത്ര മാത്രം അവരുടെ ആത്മാഭിമാനത്തിന് അവരുടെ സുരക്ഷിതത്വത്തിന് പോറലേൽപ്പിക്കുക എന്നത് കൃത്യമായി അറിയുക നാഥനാണ് എന്ന് സാരം.
മേൽപ്പറഞ്ഞ ആയത്തുകൾക്ക് ശേഷം കൃത്യമായി വിഹാഹബന്ധം ഹലാലാക്കപ്പെട്ടവര്‍ ഹറാമാക്കപ്പെട്ടവര്‍ എന്ന കാറ്റഗറികളെക്കുറിച്ചാണ് വിശുദ്ധ ഖുര്‍ആന്‍ ആ ആയത്തിനോട് ചേര്‍ത്ത് സംസാരിക്കുന്നത്. ഓരോ വ്യക്തിയെയും എങ്ങനെയാണ് ഒരോ വ്യക്തിയും നിനക്ക് ഹറാമാണോ ഹലാലാണോ എതിനെക്കുറിച്ച് പറയുന്നുണ്ട്. നമ്മളൊന്ന് മനസ്സിലാക്കിയാല്‍ ഇതിന്റെയൊക്കെ ആകെത്തുകയൊന്ന് പരിശോധിച്ച് നോക്കിയാല്‍ അതിന്റെ ഗൗരവപ്പെട്ട വായനയിലേക്ക് നമ്മള്‍ തിരിഞ്ഞാല്‍ കൃത്യമായിട്ട് മനസ്സിലാവും ഇത് അവളുടെ സുരക്ഷിതത്വത്തെക്കുറിച്ച് കൂടി ഉള്‍ക്കൊണ്ടിട്ടാണ് വസ്ത്രധാരണ സങ്കല്‍പ്പത്തെ കൃത്യമായിട്ട് ഇസ്‌ലാം പരാമര്‍ശിക്കുന്നത് എന്ന്. കാരണം ഒരു വീട്ടില്‍ സ്വന്തം പിതാവ് അവളെ വിവാഹം കഴിക്കുമ്പോ അല്ലെങ്കില്‍ സ്വന്തം സഹോദരനാല്‍ വിവാഹം ചെയ്യപ്പെടുന്ന ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം കുടുംബമെന്ന് പറയുന്നത് അവള്‍ക്ക് തീര്‍ത്തും വളരെ അരക്ഷിതാവസ്ഥയിലായിരിക്കും അവളുടെ ജീവിതം മുമ്പോട്ട് പോകുക അത്‌കൊണ്ട് തന്നെ മുന്‍കാലങ്ങളില്‍ വിവാഹം ചെയ്തിരുന്ന ചിലരെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുമ്പോള്‍ പോലും ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ സംരക്ഷണത്തെക്കുറിച്ച് കൃത്യമായിട്ട് ഇതിന്റെ വിശദീകരണത്തിലേക്ക് ഒരു പെണ്ണിന്റെ മനശ്ശാസ്ത്രത്തിലേക്ക് ഒരു പെണ്ണിന്റെ ജീവിതത്തില്‍ അവള്‍ ആഗ്രഹിക്കുന്ന സംരക്ഷണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പോലും ഈ നിബന്ധനകളൊക്കെയും നിര്‍ദ്ദേശങ്ങളൊക്കെയും എത്രമാത്രം ഫലപ്രദമാണ് യുക്തിഭദ്രമാണ് എത്രമാത്രം യാഥാര്‍ഥ്യമാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
ഹിജാബ് വളരെ പ്രസക്തമാവുന്നത് അവിടെക്കൂടിയാണ്. ഒരു അവസരത്തില്‍ തന്റെ വ്യത്യസ്ത അനുഭവങ്ങള്‍ പറയുന്ന ഒരു പെൺകുട്ടി പറയുന്നുണ്ട്. “ഞാന്‍ കാനഡയിലെ തെരുവിലൂടെ നടന്നുപോകുന്ന സമയത്ത് ഒരിക്കല്‍ ഞാന്‍ ഒരാളോട് ഇംഗ്ലീഷില്‍ വഴി ചോദിച്ചു. ഉത്തരം പറഞ്ഞില്ലെന്നു മാത്രമല്ല അവരെന്നെ കളിയാക്കാനും തുടങ്ങി. എന്തിനാണ് ഇവരിപ്പൊഴും ഇത്തരത്തിലുള്ള വസ്ത്രം കൊണ്ട് ശരീരം മുഴുവനും മൂടിമറക്കുന്നത്. ഇവരേത് പുരാതനയുഗത്തില്‍ നിന്നാണ് എഴുന്നേറ്റ് വരുന്നത് എന്ന അര്‍ഥത്തിലാണ് അവര്‍ സംസാരിച്ചത്. പക്ഷേ, ഞാന്‍ തിരിച്ച് അവര്‍ക്ക് മറുപടിയായിട്ട് നല്ല ഒഴുക്കോടെ ഇംഗ്ലീഷില്‍ മറുപടി പറഞ്ഞപ്പോള്‍ അവര്‍ ആകെ അമ്പരന്നു പോയി. കാരണം, ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയില്‍ നിന്നും ഇത്രമാത്രം നല്ല അറിവോ വായനയോ വിദ്യാഭ്യാസമോ അവര്‍ പ്രതീക്ഷിക്കുന്നില്ല എന്നതായിരുന്നു കാരണം.” അത് കൊണ്ട് തന്നെയാണ് പലപ്പോഴും പല പ്രത്യേകിച്ച് പാശ്ചാത്യന്‍ രാജ്യങ്ങളില്‍ ഇത്തരം ഹിജാബ് നിരോധനങ്ങളുണ്ടാകുമ്പോള്‍ അവര്‍ ഉയര്‍ത്തിപ്പിക്കുന്ന പ്ലക്കാര്‍ഡുകളില്‍ ഒരു മുദ്രാവാക്യം ശ്രദ്ധിക്കപ്പെടുന്നത്. “ഞാന്‍ എന്റെ തലയെയാണ് മറക്കുന്നത് തലച്ചോറിനെയല്ല” എന്ന മുദ്രാവാക്യം അപ്പോഴാണ് പ്രസക്തമാവുന്നത്.
ഇസ്‌ലാം എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിന്റെ സകലമേഖലകളെയും സ്പര്‍ശിക്കുന്ന സകലമേഖലകളിലും ലോകസ്രഷ്ടാവിന്റെ കല്‍പ്പനകളെയും നിയമനടപടിക്രമങ്ങളെയും ജീവിതത്തിലേക്ക് സ്പര്‍ശിച്ചിരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥയാണ്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ചില മേഖലകളില്‍ അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിക്കാമെന്നും മറ്റുചില മേഖലകളില്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്നുമുള്ള ഒരു നിലപാടെടുക്കുക സാധ്യമല്ല. ആ ഒരു തലത്തില്‍ നിന്നുകൊണ്ട് തന്നെയാണ് മുസ്‌ലിം സ്ത്രീയുടെ വേഷവിധാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴും ഇസ്‌ലാം വ്യക്തമായിട്ട് ചില കാര്യങ്ങള്‍ സത്യവിശ്വാസികളെ പഠിപ്പിക്കുത്. സൂറത്തുന്നൂറിലെ 30, 31 ആയത്തുകളിലൊക്കെ ഈ വിഷയത്തെക്കുറിച്ച് കൃത്യമായി ഇസ്‌ലാം പരാമര്‍ശിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ ഈ ആയത്തുകളെ മുന്‍നിര്‍ത്തിയുള്ള പഠനങ്ങളും ചര്‍ച്ചകളെയും നമ്മളെടുത്ത് പരിശോധിച്ച് നോക്കിയാല്‍ കൃത്യമായിട്ട് അറിയുവാന്‍ സാധിക്കും അത് സ്ത്രീകള്‍ക്കു മാത്രമുള്ളതല്ല ഇസ്‌ലാമിലെ സദാചാരനിയമ നടപടിക്രമങ്ങള്‍ മറിച്ച് മുസ്‌ലിം പുരുഷനെയും ഒരുപോലെ ബാധിക്കുന്നുണ്ട്. അത് കൊണ്ടാണ് ആണിനോട് നീ നിന്റെ കണ്ണുകളെ താഴ്ത്തുക നിന്റെ ലൈംഗികാവയവങ്ങളെ സൂക്ഷിക്കുക എന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതിന് ശേഷമാണ് സ്ത്രീയോട് ഇത് പറയുന്നത്. അതേ സമയം ആണിനോട് പറയാത്ത ഒരു കാര്യം വളരെ വ്യക്തമായിട്ട് വിശുദ്ധ ഖുര്‍ആന്‍ സ്ത്രീകളോട് പറയുന്നുണ്ട് അത് നിന്റെ ശരീരഭാഗത്ത് നിന്റെ വെളിവായത് ഒഴികെ ബാക്കിയുള്ളതൊക്കെയും നീ മറക്കുക എന്നതാണത്. ഇത് വളരെ കൃത്യമാണ്. ഇതിന്റെ ഒരു നിലപാട് രൂപീകരണത്തെക്കുറിച്ച് നമ്മള്‍ ആലോചിക്കുമ്പോള്‍ ഇതിനെ ജന്റര്‍ ഡിസ്‌ക്രിമിനേഷനായിട്ട് വായിക്കുന്ന നിരവധി ആളുകളെ നമുക്ക് കാണാന്‍ സാധിക്കും.
കാതറിന്‍ ബുള്ളക്കിന്റെ റീ തിങ്കിംഗ് ഓഫ് ദ മുസ്‌ലിം വുൺമസ് ആന്റ് ദ വേ എന്ന പുസ്തകത്തില്‍ കാതറിന്‍ ബുള്ളക്ക് ഇസ്‌ലാം സ്വീകരിച്ച നിരവധി ആളുകളുടെ അനുഭവങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും അഭ്യസ്തവിദ്യരായ വ്യത്യസ്ത കോളേജുകളിലെ കലാലയങ്ങളിലെ വ്യത്യസ്ത തൊഴിലിടങ്ങളിലോ ജോലിചെയ്യുന്ന പാശ്ചാത്യരാജ്യങ്ങളിലെ പെൺകുട്ടികളുടെ അനുഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അതിലെ ഒരു പെൺകുട്ടി പറയുന്ന ഒരനുഭവമുണ്ട് എന്നെ എന്റെ മെയ്ക്കപ്പിന്റെയോ എന്റെ ഹെയര്‍സ്റ്റൈലിന്റെയോ ഞാനിട്ട ആഭരണങ്ങളുടേയോ ഞാനണിഞ്ഞ വസ്ത്രത്തിന്റെയോ പേരില്‍ എന്നെ നിങ്ങള്‍ അളക്കേണ്ടതില്ല. എന്റെ വ്യക്തിത്വത്തെ നിങ്ങള്‍ അളക്കേണ്ടതില്ല. എനിക്കുള്ള പരിഗണന നിങ്ങള്‍ നല്‍കേണ്ടതില്ല. അതെന്റെ ശരീരമോ എന്റെ ആടയാഭരണങ്ങളോ നിങ്ങള്‍ എനിക്ക് നല്‍കുന്ന ബഹുമാനത്തിന് മാനദണ്ഡമായി നിങ്ങള്‍ സ്വീകരിക്കരുത്. ഞാന്‍ ഹിജാബ് ധരിക്കുന്നതോട് കൂടി എനിക്കനുഭവപ്പെടുന്നത് നിങ്ങളെനിക്ക് എന്റെ വ്യക്തിത്വത്തെ നിങ്ങള്‍ അംഗീകരിക്കുക. എന്റെ അറിവിനെ എന്റെ കാര്യശേഷിയെ എന്റെ ദീര്‍ഘവീക്ഷണത്തെ എന്റെ കാഴ്ചപ്പാടുകളെ എന്റെ വായനകളെ അംഗീകരിക്കുന്ന ഒരു കൂട്ടരെയാണ് എനിക്കാവശ്യം. ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം, ആത്മാഭിമാനമുള്ള ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണിത്. അവളുടെ സൗന്ദര്യത്തിനെയോ ശരീരത്തിനെയോ ആകാരവടിവുകള്‍ക്കോ അവളുടെ മെയ്ക്കപ്പിനോ ഹെയര്‍സ്റ്റൈലിനോ പരിഗണന കൊടുക്കാതെ അവളുടെ വ്യക്തിത്വത്തിന് അവളുടെ കഴിവിന് അവളെ അവളുടെ ആത്മാഭിമാനത്തിന് അവളുടെ കാലിബറിന് പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹത്തിനെയാണ് ഒരു മുസ്‌ലിം പെൺകുട്ടി ആഗ്രഹിക്കുത് എന്നര്‍ഥം. ഹിജാബ് വളരെ പ്രസക്തമാവുന്നത് അവിടെക്കൂടിയാണ്.