ഇസ്ലാം സ്ത്രീയെ മാതാവ്, മകൾ, സഹോദരി, ഇണ എന്നീ നാല് തലങ്ങളിലൂടെയാണ് കാണുന്നത്. അവളുടെ അസ്തിത്വവും അവകാശവും ഈ തലങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ദൈവഭക്തിയും സൽക്കർമങ്ങളും മാത്രമാണ് ഒരാളെ മറ്റൊരാളിൽനിന്ന് ഉയർത്തിനിർത്തുന്നതെന്ന് ഖുർആൻ പഠിപ്പിച്ചു. ‘സ്ത്രീയാകട്ടെ, പുരുഷനാകട്ടെ നിങ്ങളിൽ സൽക്കർമങ്ങൾ ചെയ്യുന്നവർ സ്വർഗത്തിൽ പ്രവേശിക്കും. അവരോടൊട്ടും അനീതി ചെയ്യുന്നതല്ല’ (4:124) എന്നാണ് ഖുർആനിന്റെ പ്രഖ്യാപനം.
ജീവിക്കാനുളള അവകാശം, ആരാധനാ സ്വാതന്ത്ര്യം, സ്വത്ത് സമ്പാദിക്കാനും വിനിമയം ചെയ്യാനും വിജ്ഞാനം കരസ്ഥമാക്കാനും രാഷ്ട്രീയ പങ്കാളിത്തം വഹിക്കാനുമുള്ള അവകാശം ഇതൊക്കെ അല്ലാഹു തന്റെ സൃഷ്ടി എന്ന നിലയിൽ സ്ത്രീക്ക് നൽകി. മനുഷ്യൻ യഥാർഥ സ്വാതന്ത്ര്യം അനുഭവിക്കുന്നത് സ്വയം തീരുമാനമെടുക്കാനും അതനുസരിച്ച് ജീവിക്കാനും കഴിയുമ്പോഴാണ്. ധാർഷ്ട്യം കാണിക്കുന്ന സമൂഹത്തിനു മുമ്പിൽ ആർജവത്തോടെ തന്റെ തീരുമാനം പ്രഖ്യാപിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്ക് അല്ലാഹു നൽകി. ഖുർആനിന്റെ ബലത്തിലാണ് വിവിധ മേഖലകളിൽ സ്ത്രീകൾക്ക് ഇസ്‌ലാമിക ചരിത്രത്തിൽ അതുല്യമായ സംഭാവനകളർപ്പിക്കാൻ കഴിഞ്ഞതും.
സ്ത്രീയെ പരാമർശിക്കുന്ന ഖുർആനിക സൂക്തങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ, സ്ത്രീ പുരുഷ മേൽക്കോയ്മക്കു കീഴിൽ ജീവിക്കേണ്ടവളല്ലെന്നും എല്ലാവിധ അധികാരമേൽക്കോയ്മയിൽനിന്നും മോചിതയായി ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയിൽ കർത്തവ്യം നിർവഹിക്കേണ്ടവളാണെന്നും ഉണർത്തുന്നതു കാണാം. മാത്രമല്ല, ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധിയായി ദൗത്യനിർവഹണം നടത്തേണ്ട സ്ത്രീയെ അതിൽനിന്ന് തടയുന്ന പുരുഷനെ ശാസിക്കുന്ന ഖുർആനിക സൂക്തങ്ങളും കണെത്താനാവും. ”നിങ്ങൾ സ്ത്രീകളെ വിലക്കരുത്” (2: 232). ”ദ്രോഹിക്കാനായി നിങ്ങൾ സ്ത്രീകളെ അന്യായമായി പിടിച്ചുവെക്കരുത്”(2: 231). സ്ത്രീയോട് ദൈവഹിതമല്ലാത്തത് ആജ്ഞാപിക്കുകയും സ്ത്രീയെ ദൈവത്തിന്റെ പ്രതിനിധിയെന്ന ഉത്തരവാദിത്തത്തിൽനിന്ന് തടയുകയും ചെയ്യുന്ന പുരുഷ വ്യവസ്ഥിതിക്കുള്ള താക്കീതാണിത്.
സ്ത്രീയുടെ അവകാശാധികാരങ്ങൾ കൃത്യമായി എണ്ണിപ്പറഞ്ഞ് പക്വതയോടെ ഉത്തവാദിത്തങ്ങൾ നിർവഹിക്കാൻ ഖുർആൻ പ്രാപ്തമാക്കിയ പെണ്ണിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? ആറാം നൂറ്റാണ്ടിലെ അറേബ്യൻ ജാഹിലിയ്യത്ത് ഉയർന്നുനിന്നത് പെണ്ണിനെ കുഴിച്ചുമൂടിയ മൺകൂനക്കുമേലാണ്. ആ കൂനകൾ ഇനിയും നിരപ്പായിട്ടില്ല എന്ന് നമ്മുടെ സാമൂഹിക പരിസരത്തെ ആൺ-പെൺ ജനസംഖ്യാനുപാതം നോക്കിയാൽ മതിയാകും. പെണ്ണ് അശുദ്ധിയാണോ അല്ലേ എന്ന സന്ദേഹമാണ് ചുറ്റുമുള്ളത്. അതുകൊണ്ട് ഇസ്‌ലാമിനു പുറത്തുള്ള പെണ്ണ് ലോകത്ത് എന്തൊക്കെയോ നേടി എന്നോ, അത് ഇസ്‌ലാമിനകത്തുള്ള പെണ്ണിനില്ല എന്നോ തോന്നേ യാതൊരു കാര്യവുമില്ല.
ഖുർആൻ പേരെടുത്തു പറഞ്ഞ മർയമും ചരിത്രത്തിൽ ആവർത്തിച്ചോർമിപ്പിക്കപ്പെടുന്ന ആഇശയും ഖദീജയും ഖൗലയും ഉമ്മുഅമ്മാറും അങ്ങനെയങ്ങനെ… അവരെന്തുകൊാണ് ഇസ്‌ലാമിക ലോകത്ത് ഇന്നും പ്രോജ്ജ്വലിച്ചുനിൽക്കുന്നത്? വീട്ടിൽ നന്നായി ഭക്ഷണമുണ്ടാക്കി ഭർത്താവിനെയും മക്കളെയും ഊട്ടിയതിനാലാണോ? വീട്ടുജോലികൾ ഭംഗിയോടെ എല്ലാ നേരവും ചെയ്ത് അവരെ സംതൃപ്തരാക്കിയതിനാണോ? ഭർത്താവും മക്കളും പുറത്തുപോയി വരുമ്പോൾ എങ്ങോട്ടും പോകാതെ അവരെ കാത്തിരുന്നതിനാണോ? അല്ലേയല്ല. പിന്നെന്തിനാണ്? ഭർത്താവിനെ ധിക്കരിച്ച ആസിയയും ഭർത്താവുപോലും ഇല്ലാത്ത മർയമും ഇസ്‌ലാമിക ചരിത്രത്തെ നിർണയിക്കുകയായിരുന്നല്ലോ. അല്ലാഹുവിന്റെ പ്രതിനിധിയെന്ന ദൗത്യമായിരുന്നു അവർ നിറവേറ്റിയതെന്ന് മനസ്സിലാക്കാം. ആ ദൗത്യം തന്നെയാണ് എല്ലാ മുസ്‌ലിം സ്ത്രീകൾക്കും ഭൂമിയിൽ നിർവഹിക്കാനുള്ളത്. ഇതൊക്കെ ഖുർആനിക വെളിച്ചത്തിൽനിന്നുകൊണ്ടു തന്നെ പറയാനും കഴിയും. അത് സാധ്യമാകുമ്പോഴേ ഇസ്‌ലാമിന്റെ സൃഷ്ടി സമത്വ സങ്കൽപ്പങ്ങൾ യാഥാർഥ്യമാകൂ.
സ്ത്രീക്ക് കുടുംബഭരണം മാത്രമല്ല അങ്ങാടി ഭരണവും സാധ്യമാണെന്ന് തെളിയിച്ച മഹതിയാണ് ഉമ്മുശിഫാഅ്. മണൽക്കാട്ടിൽ മനുഷ്യനാഗരികതക്ക് നിമിത്തമായ ഹാജറും ദിവ്യജ്ഞാനം ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച മർയമും മൂസാ നബിയുടെ മാതാവും, തനിക്കവകാശപ്പെട്ട മഹ്ർ നൽകാനുള്ള സാമ്പത്തിക സ്ഥിതിയാകുന്നതുവരെ തന്റെ പ്രതിശ്രുത വരനായ മൂസായെക്കൊണ്ട് വീട്ടുജോലി ചെയ്യിച്ച സഫൂറയും ലോകത്തെ എക്കാലത്തെയും കടുത്ത വംശവെറിയൻ ഭരണാധികാരിയായ ഫറോവയെ ധിക്കരിച്ച ആസിയയും ഖുർആൻ വിവരണത്തിന്റെ ബലത്താൽ ചരിത്രത്തിൽ തിളങ്ങിനിൽക്കുന്നവരാണ്. ഓരോ സ്ത്രീയുടെയും ഓരോ കാലത്തെയും ദൗത്യം വ്യത്യസ്തമായിരിക്കുമെന്നും അതത് രൂപത്തിൽ അവരിലോരോരുത്തരും അത് നിർവഹിച്ചിട്ടുണ്ടെന്നും ഖുർആനിൽനിന്ന് മനസ്സിലാക്കാം.
ഇതൊക്കെ ചരിത്രകഥകളായി കേട്ടുരസിക്കുന്നുവെന്നല്ലാതെ അവ മാതൃകയാക്കിക്കൊുള്ള അവസരങ്ങളൊന്നും സ്ത്രീക്ക് നൽകുന്നില്ല. ഉദാഹരണത്തിന്, ഇപ്പോൾ നടന്നുകൊിരിക്കുന്ന ഗവേഷണ പഠനങ്ങൾ. ഇവയിൽ സ്ത്രീകളെ കൂടി നിർബന്ധമായും പങ്കാളികളാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ അതിന് മറുപടി നൽകാൻ കെൽപ്പുള്ള പണ്ഡിതകൾ ഉണ്ടാവണം. സ്ത്രീപ്രശ്‌നങ്ങളിൽ പോലും സ്ത്രീകളോട് അഭിപ്രായം ചോദിക്കാതെ അവരുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതാണ് ഇവിടെയുള്ള പണ്ഡിത രീതി. അടുത്തിടെയുണ്ടായ വിവാഹപ്രായം, മുത്ത്വലാഖ് വിഷയങ്ങളിൽ അതാണുണ്ടായത്. പക്ഷേ പ്രവാചകന്റെ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. രാഷ്ട്രത്തിന്റെ ഭാഗധേയം നിർണയിക്കുന്ന കരാറുകൾ പോലും തിരുത്തിയ ചരിത്രമാണ് മുസ്‌ലിം പെണ്ണിന്റേത്
ഇസ്ലാമിക സമാജത്തെ സം ശുദ്ധമാക്കുകയും ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ അതിൻറെ ജീവിതം സംസ്ഥാപിക്കുകയും ചെയ്യുന്നതിനിടയിൽ ഖുർആൻ പ്രഖ്യാപിക്കുകയാണ് ഇക്കാര്യത്തിൽ സ്ത്രീപുരുഷ വ്യത്യാസങ്ങളില്ല. ഈ രംഗത്ത് ഇരുകൂട്ടരും തുല്യരാണ്. ഇസ്ലാമിക മൂല്യങ്ങളെ സാക്ഷാത്കരിക്കുന്ന ഗുണങ്ങൾ ഖുർആൻ അതിസൂക്ഷ്മവും വിദഗ്ധമായി അവതരിപ്പിക്കുന്നതു നോക്കു.
” അനുസരണശീലം ഉള്ളവരും സത്യവിശ്വാസം ഉൾക്കൊണ്ടവരും ഭക്തി പുലർത്തുന്നവരും വിനയം കാണിക്കുന്നവരും ദാനധർമ്മം ചെയ്യുന്നവരും നോമ്പനുഷ്ഠിക്കുന്നവരും ചാരിത്ര്യം സൂക്ഷിക്കുന്നവരും അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന വരുമായ സ്ത്രീകൾക്കും പുരുഷന്മാർക്കും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്. ”
(അഹ്സാബ്: 35 )
ഒരു മുസ്ലിംമനസ്സിനെ രൂപപ്പെടുത്തുന്ന ഗുണ വിശേഷങ്ങൾ ആണ് ഈ സൂക്തങ്ങളിൽ എണ്ണിയെണ്ണി പറഞ്ഞിരിക്കുന്നത്. അനുസരണം, സത്യവിശ്വാസം, ഭക്തി, സത്യസന്ധത, ക്ഷമ, വിനയം ,ദാനശീലം, വ്രതാനുഷ്ഠാനം, ചാരിത്ര്യ സൂക്ഷമത, ദൈവസ്മരണ, ഇവയ്ക്കെല്ലാറ്റിനും മുസ്ലിം വ്യക്തിത്വ നിർമ്മിതിയിൽ തനതായ പങ്കുവഹിക്കാനുണ്ട്.
അനുസരണം: ദൈവത്തിനുള്ള സമഗ്രമായ അടിയറവ് .
സത്യവിശ്വാസം: സർവാത്മനാ അവനെ അംഗീകരിക്കൽ. ഇവരണ്ടും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഒന്നിൽ നിന്നകന്ന് മറ്റേതിൽ പ്രസക്തിയില്ല. നിലനിൽപ്പുമില്ല.
ഭക്തി: വിശ്വാസത്തിൻറെ യും അനുസരണത്തിനും സ്വാധീനഫലമായ ആന്തരിക ചോതന.
സത്യസന്ധത: ഇത് ഇല്ലാത്തവൻ മുസ്ലിം സമൂഹത്തിൽ നിന്നും പുറത്താണ്.
ക്ഷമ: ഒരു മുസ്ലിമിന് തന്റെ ആദർശം വഹിക്കാനോ അതിന്റെ ചുമതലകൾ നിറവേറ്റാനോ ഇതിന്റെ അഭാവത്തിൽ സാദ്ധ്യമല്ല. ഓരോ അടി മുന്നോട്ടു വെക്കുമ്പോഴും അവനു ക്ഷമ വേണം. സ്വന്തം ദേഹേഛകൾക്കെതിരെ ,സാഹചര്യത്തിന്റെ സമ്മർദ്ദങ്ങൾക്കെതിരെ ,സുസ്ഥിതിക്കും ദുഃസ്ഥിതിക്കുമെതിരെ.
വിനയം: അല്ലാഹു വിന്റെ മഹത്വവും ഗാംഭീര്യവും മനസ്സിലാക്കിയവന്റെ ഒരു മാനസീക ഭാവവും ശാരീരിക ധർമ്മവുമാണ് വിനയം.
ദാനധർമ്മം: മാനസീക ലുബ്ധി ൽ നിന്നും വിശുദ്ധി നേടിയതി ന്റെയും മനുഷ്യരോടുള്ള സ്നേഹവായ്പിന്റെയും മുസ്ലിം സമൂഹത്തിന്റെ പരസ്പര പരിരക്ഷയെ കുറിച്ച ബോധത്തിന്റെയും സ്വന്തം സാമ്പത്തിക ബാദ്ധ്യതകളെ കുറിച്ച വിചാരത്തിന്റെയും സർവ്വോപരി അനുഗ്രഹദാതാവിനോടുള്ള നന്ദിയുടെയും പ്രത്യക്ഷ ലക്ഷണം.
വ്രതാനുഷ്ഠാനം: സാന്ദർഭീകമായി മനുഷ്യന്റെ വ്യക്തിഗുണങ്ങളുടെ കൂട്ടത്തിലെണ്ണിയിരിക്കുകയാണ് സൂക്തം വ്രതാനുഷ്ഠാനത്തെയും. ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങൾ പോലും മാറ്റിവെച്ചു കൊണ്ടുള്ള ഇച്ഛാശക്തിയുടെ ഒരു പ്രതീകവും പ്രകടനവുമാണ് വ്രതാനുഷ്ഠാനം. മനുഷ്യജീവിതത്തിന്റെ ജൈവ പരമോ മൃഗീയമോ ആയ ദൗർബല്യങ്ങളെ അതിജീവിക്കുന്നത് വ്രതാനുഷ്ഠാനത്തിലൂടെയാണ്.
ചാരിത്ര്യ സൂക്ഷമത :
മനുഷ്യ ഘടനയിലെ ഏറ്റവും അഗാധവും സുശക്തവുമായ വാസനകളിലൊന്നിനെ കീഴ്പ്പെടുത്തുകയും ചിട്ടപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ദൈവാനുഗ്രഹത്തോടു കൂടി മാത്രമേ ഇതു സാദ്ധ്യമാകൂ.കേവലമായ മാംസ ദാഹ നിവിർത്തിക്കതീതമായി വ്യവസ്ഥാപിതമായ മനുഷ്യ ബന്ധങ്ങൾക്കു പ്രാധാന്യം നല്കാനാണിത്. പിന്നെ, ഈ രണ്ടു വർഗ്ഗത്തിന്റെ സംസർഗത്തിലൂടെ ഭൂമിയിൽ അധിവസിക്കുകയും ജീവിതം അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക എന്ന ദൈവഹിതത്തെ സാക്ഷാത്കരിക്കാനും.
ദൈവസ്മരണ: മനുഷ്യന്റെ വിശ്വാസവും കർമ്മവുമായുള്ള നിതാന്ത ബന്ധത്തിന്റെ പേരാണത്. ഓരോ നിമിഷവും ഹൃദയം അല്ലാഹുവിനെ തൊട്ടറിയുക .ചിന്ത കൊണ്ടും ചലനം കൊണ്ടും ആ സുശക്ത പാശവുമായുള്ള ബന്ധം മറിയാതിരിക്കുക. ദൈവസ്മരണയുടെ വെളിച്ചത്തിൽ ഹൃദയവും ജീവിതവും സദാ പ്രശോഭിച്ചു കൊണ്ടിരിക്കുക.
ഒരു സമ്പൂർണ്ണ മുസ്ലിം വ്യക്തിത്വത്തിന്റെ സൃഷ്ടിക്ക് അനിവാര്യമായ ഗുണവിശേഷങ്ങൾ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്ന താരിലാണോ അവർക്ക്, സ്ത്രീ എന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കി വെച്ചിട്ടുണ്ട്.
അങ്ങനെ സർഗാരംഭത്തിൽ പ്രവാചക പത്നിമാരെ കുറിച്ചു മാത്രം പറഞ്ഞ സൂക്തങ്ങൾ മുസ്ലിം സമൂഹത്തിലെ മുഴുവൻ സ്ത്രീ പുരുഷന്മാരെയും സാമാന്യവൽക്കരിച്ചു കൊണ്ട് ഇവിടെയെത്തുന്നു.ഇവിടെ സ്ത്രീയും പുരുഷനും അല്ലാഹുവുമായുള്ള ബന്ധത്തിന്റെയും തജന്യമായ ആരാധനാ പരവും സ്വഭാവ പരവും സംസ്കാര പരവുമായ ബാദ്ധ്യതകളുടെയും കാര്യത്തിൽ തുല്യരായി നില്ക്കുന്നു. ഇങ്ങനെ സാമൂഹ്യ ജീവിതത്തിൽ അർഹമായ സ്ഥാനം നല്കിക്കൊണ്ട് ഇസ്ലാം സ്ത്രീയെ ആദരിച്ചിരിക്കുന്നു.