വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിൽ മറ്റു മതസ്ഥരെയും പങ്കെടുപ്പിച്ച് വയനാട്ടിലെ ഒരു പള്ളി. കൽപ്പറ്റ മസ്ജിദ് മുബാറക്ക് പള്ളി കമ്മിറ്റി ആണ് സൗഹൃദ ജുമുഅ എന്ന് പേരിട്ട പരിപാടി സംഘടിപ്പിച്ചത്. നിരവധി പേരാണ് പള്ളിക്കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് ജുമുഅ നമസ്കാരത്തിന് എത്തിയത്. മതവും ജാതിയും വർഗ്ഗവും വർണ്ണവും മനുഷ്യമനസ്സുകളിൽ മതിലുകൾ സൃഷ്ടിക്കുമ്പോൾ സൗഹൃദത്തെ കുറിച്ചുള്ള സംസാരങ്ങൾ പോലും രാഷ്ട്രീയമാണ് എന്ന ബോധത്തിലാണ് പള്ളി കമ്മിറ്റി ഈ പരിപാടി സംഘടിപ്പിച്ചത്.
സമൂഹ മാധ്യമങ്ങളിൽ ഹലാൽ, ജിഹാദ് തുടങ്ങി ഇസ്‌ലാമിക ചിഹ്നങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. അതിനെതിരെയുള്ള ചെറുത്തുനിൽപ്പ് കൂടിയാണിത്. ഭാരവാഹികൾ പറയുന്നു. നമസ്കാരവും ജുമുഅ ഖുതുബയും ക്ഷണം സ്വീകരിച്ച് എത്തിയവർ വീക്ഷിച്ചു. പരസ്പരം ഉള്ളു തുറന്നുള്ള പങ്കുവെക്കലുകൾക്കും പള്ളി വേദിയായി. സാഹോദര്യത്തിന്റെ ഭാഷയിലാണ് മനുഷ്യൻ ജീവിക്കേണ്ടത് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് പറഞ്ഞു. നിരവധി പേർ പങ്കെടുത്ത സൗഹൃദ ജുമുഅ മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി.
ആലപ്പുഴയിലെ മർകസ് മസ്ജിദിൽ സൗഹൃദ ജുമുഅ സംഘടിപ്പിച്ചതിന് ശേഷം ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പള്ളികളിലാണ് സൗഹൃദജുമുഅകൾ നടക്കുന്നത്. ഈ സ്വഭാവത്തിലുള്ള പരിപാടികൾക്ക് വലിയ സ്വീകാര്യതയാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്നത്.