കുട്ടിക്കാലത്തു തന്നെ പൊന്നാനിയിലെ മുസ്‌ലിം സൗഹൃദത്തിന്റെ ചൂടും ചൂരും അനുഭവിച്ചറിഞ്ഞതിന്റെ നിര്‍വൃതിയെക്കുറിച്ച് വാചാലനാവുന്ന കെ.പി രാമനുണ്ണിയുടെ പ്രശസ്തമായ നോവലാണ് ദൈവത്തിന്റെ പുസ്തകം.
സൂഫി പറഞ്ഞ കഥയും ചരമവാര്‍ഷികവും ജീവിതത്തിന്റെ പുസ്തകവും വായിച്ചറിഞ്ഞതില്‍നിന്ന് തികച്ചും വ്യത്യസ്തമായി പലരും കൈവെക്കാന്‍ മടിക്കുന്ന ഒരു പ്രമേയവുമായാണ് ഈ രചനയിലൂടെ കെ.പി രാമനുണ്ണി കടന്നുവരുന്നത്.
വിഷയം പ്രവാചക ചരിത്രമായതു കൊണ്ടുകൂടി പിന്നിടുന്ന ഓരോ അധ്യായവും വായനക്കാര്‍ ശ്വാസം പിടിച്ചുകൊണ്ടാണ് കാത്തിരുന്നത്. ഈ വെല്ലുവിളി എത്രത്തോളം സഫലമാകും എന്നൊരു ആധിയും ഇല്ലാതില്ല.
ഒരു നൂല്‍പാലത്തിലൂടെ കടന്നുപോകുമ്പോഴുള്ള ശ്രദ്ധയും സൂക്ഷ്മതയും അദ്ദേഹത്തിന് കൈവരിക്കാന്‍ കഴിയുമോ എന്ന് ആശങ്കപ്പെട്ടിരുന്നെങ്കിലും ആ വെല്ലുവിളിയെ കുറിച്ച് കഥാകൃത്ത് തന്നെ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്:
”കോഴിക്കോട് വലിയങ്ങാടിയില്‍ ഒരു ക്വിന്റലിന്റെയും മറ്റും അരിച്ചാക്കുകള്‍ ഏറ്റുന്ന കുറ്റിയന്മാരായ മൂപ്പന്മാരെ കണ്ടിട്ടില്ലേ. അവര്‍ ഏറ്റുന്ന ഭാരം വെറും എല്ലന്‍ കോലന്‍ ചെറുക്കന്‍ ശ്രമിക്കുന്നത് പോലെയാണ്-ദൈവത്തിന്റെ പുസ്തകമെഴുത്ത്.”
”ആറിഞ്ചിന്റെ സ്‌കെയിലുമായി ഹിമാലയം അളക്കാന്‍ പോകുന്ന വിഡ്ഢിയെ പോലെയാണ് ഈ എഴുത്തിനെക്കുറിച്ച് എനിക്ക് തോന്നുന്നത്.”
പക്ഷേ ഈ ധാരണയൊക്കെ തിരുത്തുന്നതു തന്നെയായിരുന്നു പിന്നീടുള്ള ഓരോ അധ്യായവും.
‘ഉണ്ണ്യേ നമ്മുടെ ശ്രീകൃഷണനെ പോലെത്തന്നെയാണ്, ഖയ്യൂമിന്റെ വീട്ടുകാരുടെ നബിയും’ എന്ന് അമ്മ പറയുന്നത് ചെറുപ്പത്തിലേ കേട്ടുവളര്‍ന്ന രാമനുണ്ണിയെ നബിനിന്ദകള്‍ വല്ലാതെ വേദനിപ്പിച്ചിരുന്നു. അതിനെതിരെ പ്രതികരിക്കാനും മടികാണിക്കാറില്ല.
മതപരമായ ശിക്ഷണമൊന്നും കുട്ടിക്കാലത്ത് ലഭിച്ചില്ലെങ്കിലും ദൈവമേ എന്ന് വിചാരിക്കുമ്പോഴേക്കും തന്റെ ഹൃദയമലിയുമെന്നും തിരുനബിയെ ഓര്‍ക്കുമ്പോഴും വല്ലാത്തൊരു വൈകാരികാനുഭൂതി തന്നില്‍ നിറയാറുണ്ടെന്നും രാമനുണ്ണി തുറന്നുപറയുന്നുണ്ട്. അതുകൊണ്ടായിരിക്കണം പ്രവാചകന്റെ ജന്മമുഹൂര്‍ത്തം പോലും മാതാവിന് വേദനരഹിതമായൊരു അനുഭവമാക്കി മാറ്റാന്‍ കഥാകൃത്ത് ശ്രമിക്കുന്നത്:
”തന്റെ അടിവയറ്റില്‍നിന്നൊരു കീഴ്പ്രവാഹം അവള്‍ക്ക് അനുഭവപ്പെട്ടു. അതോടെ മിഴികളില്‍ ചിത്രശലഭങ്ങള്‍ പൊടിഞ്ഞും പല്ലുകളില്‍ മുത്തുകള്‍ വിളഞ്ഞും ആ മുഖം പ്രകാശപൂരിതവും പ്രതീക്ഷാനിര്‍ഭരവുമായി.”
അന്നത്തെ ഗോത്രരീതിയനുസരിച്ച് പാലൂട്ടാന്‍ ഹലീമയെ ഏല്‍പ്പിക്കുമ്പോഴും ഓമനിച്ച് മതിവരാത്ത കുഞ്ഞിനെയോര്‍ത്ത് ആമിന തേങ്ങുന്നത്, ചരിത്രവായനക്കപ്പുറമുള്ള മാതൃനൊമ്പരപ്പാടുകളാണ് അനുഭവിപ്പിക്കുന്നത്.
”പ്രജ്ഞയില്‍ മിന്നല്‍പ്പിണരുകള്‍ പാഞ്ഞതും ഇടനെഞ്ചില്‍ പാലം വലിഞ്ഞു മിഴികളില്‍ കൂരിരുള്‍ നിറഞ്ഞ് നബി മാതാവ് സ്തംഭിച്ചുപോയി. കുട്ടിയെ കൊണ്ട് പോകേണ്ടെന്ന പിറുപിറുപ്പ് പുറത്ത് ചോരാതിരിക്കാന്‍ കതകില്‍ തൂക്കിയ പരവതാനിയില്‍ അവള്‍ക്ക് മുഖം ഇടന്തടിച്ചു നില്‍ക്കേണ്ടിവന്നു.”
ഇത്തരത്തിലുള്ള ഉദ്വേഗജനകമായ ചരിത്രനിമിഷങ്ങള്‍ അപാരമായ ഭാവനയിലൂടെ അക്ഷരപ്പൂനിലാവായി വിരിയുന്ന രചനാപാടവം ഈ കഥാകൃത്തിന് മാത്രം അവകാശപ്പെട്ടതാണ്.
പ്രവാചകത്വലബ്ധിക്കു മുമ്പുള്ള ഹവാസിന്‍ ഗോത്രകലഹങ്ങളും അബ്ദുല്‍ മുത്ത്വലിബിന്റെ വിയോഗാനന്തരമുള്ള തിരുമനസ്സിന്റെ വിഹ്വലതകളും സന്ദേഹങ്ങളും ‘അല്‍ അമീന്‍’ ആദരവുകളുമൊക്കെ ഒട്ടും വിരസത കൂടാതെതന്നെ വായിച്ചെടുക്കാം.
ഖദീജയുമായുള്ള ആദ്യ സമാഗമം ഏതാനും വരികളിലൂടെയാണ് ഇതള്‍ വിരിയുന്നത്:
”ഖദീജ തന്നെ ഇമ വെട്ടാതെ നോക്കി നില്‍ക്കുകയാണ്. ഉമ്മയും ഉപ്പാപ്പയും തിരോഭവിച്ച ശേഷം ഇത്ര സാന്ത്വനപൂരിതമായൊരു നോട്ടം മുഹമ്മദ് അറിഞ്ഞിരുന്നില്ല. ആഹ്, ആഹ്, ആഹ്….”
അല്ലാഹു തന്റെ സൃഷ്ടികളെ ഐക്യപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ അല്ലാഹുവിന്റെതന്നെ ഏകത്വമാണ് ഘോഷിക്കപ്പെടുന്നത്.
ഇരുപത്തിരണ്ട് അധ്യായങ്ങളിലായി കാവ്യാത്മകമായ ഭാവതലം പൂത്തുനില്‍ക്കുന്ന ഈ നോവല്‍ അവസാനിക്കുമ്പോള്‍ മാനവരാശിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മഹത്തായൊരു ജീവിത ദര്‍ശനമാണ് തിരിച്ചുപിടിക്കുന്നത്.
ആസ്വാദനത്തിലും അനുഭൂതിയിലും ചിന്തയിലും വായനയെ ധൈഷണികമായൊരു ഭാവതലമാക്കി മാറ്റുന്ന ഈ കൃതി മലയാള സാഹിത്യത്തില്‍ നവ്യാനുഭവമാണ്. നിരന്തരം ഗ്രഹിച്ചെടുത്ത ചരിത്രബോധവും സൂക്ഷ്മ നിരീക്ഷണവും പ്രശംസനീയം.
ലോകം കണ്ട ഏറ്റവും മഹോന്നതനായ പ്രവാചക വ്യക്തിത്വത്തിന്റെ സഞ്ചാരപഥങ്ങള്‍ക്കൊപ്പം ഒട്ടും മുഷിയാതെ തന്നെ യാത്രചെയ്യാന്‍ ഈ കൃതി പ്രേരിപ്പിക്കുന്നു എന്നതാണ് കെ.പി രാമനുണ്ണി എന്ന എഴുത്തുകാരന്റെ വിജയം.