‘ഒരു മുന്നറിയിപ്പുകാരന്‍ (പ്രവാചകന്‍) വന്നു പോയിട്ടില്ലാത്ത ഒരു ജനസമൂഹമില്ല’ എന്ന് ഖുര്‍ആന്‍ 35:24-ല്‍ പറയുന്നുണ്ട്. ഈ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇന്ത്യയിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ടാവുമെന്നുറപ്പാണ്.
”ഹിന്ദുമത ഗ്രന്ഥങ്ങള്‍ എന്ന പേരില്‍ ഇവിടെ വേദങ്ങളും ധാരാളം പ്രമാണങ്ങളുമുണ്ട്. അവയിലൊന്നും ഇങ്ങനെ ഒരു മതത്തെക്കുറിച്ച് പറയുന്നില്ലത്രെ. ‘ഹിന്ദു’ എന്ന പദത്തിന്റെ ഉത്ഭവത്തെപ്പറ്റി അന്വേഷിക്കുമ്പോള്‍, ‘സിന്ധു’വിന്റെ രൂപാന്തര സംജ്ഞയാണ് അതെന്നു പറയാറുണ്ട്. സിന്ധു-ഗംഗാതട പ്രദേശങ്ങള്‍ ഭാരത ദേശത്തിന്റെ മുഖ്യ സംസ്‌കാര കേന്ദ്രങ്ങളിലായിരുന്നല്ലോ. അക്കാലത്തെ വിദേശസഞ്ചാരികള്‍ ഭാരതീയരെ സിന്ധൂ നദീതട വാസികളെന്ന അര്‍ഥത്തില്‍ ‘സിന്ധു’ എന്നു വിളിച്ചിരുന്നുവത്രെ. പേര്‍ഷ്യന്‍ ഭാഷയില്‍ ‘സ’ ‘ഹ’യെന്നാണുച്ചരിക്കുക. അങ്ങനെ ‘സി’ ‘ഹി’ ആവുകയും ‘സിന്ധു’ ഹിന്ദുവായിത്തീരുകയും ചെയ്തുവെന്നാണ് പറയുന്നത്” (ഹിന്ദു ധര്‍മ പരിചയം, സാധുശീലന്‍ കെ. പരമേശ്വരന്‍ പിള്ള, ശ്രീരാമകൃഷ്ണമഠം, പുറനാട്ടുകര, തൃശൂര്‍ 680551, പേജ്: 3).
മാത്രമല്ല, ഹിന്ദുമതത്തിന്റെ രാജമാര്‍ഗം എന്ന ഗ്രന്ഥത്തില്‍ ഡോ. സി.കെ ചന്ദ്രശേഖരന്‍ നായര്‍ പറയുന്നു: ‘ഹിന്ദുമതം’ എന്ന പേര് സനാതനികള്‍ക്ക് സ്വീകാര്യമല്ല. തങ്ങളുടെ മതം ‘സനാതനധര്‍മം’ എന്ന് വ്യവഹരിക്കപ്പെടുന്നതാണ് അവര്‍ക്കിഷ്ടം’ (കറന്റ് ബുക്‌സ്, പേജ് 9).
എന്തായാലും ഏകദൈവത്വത്തിലധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളും പ്രവാചകന്മാരിലൂടെ പഠിപ്പിച്ച ജീവിത മര്യാദകളും ഭാരതീയ പ്രമാണങ്ങളിലും കണ്ടെത്താനാവും. ‘അജ ഏക പാത്’ ജനിക്കാത്ത ഏക രക്ഷകന്‍ (യജുര്‍വേദം 34-53) എന്ന വേദാധ്യാപനത്തിലെ രക്ഷകനായ ഏകദൈവത്തോടുള്ള പ്രാര്‍ഥന ബൃഹാദാരണ്യകോപനിഷത്തില്‍ ഇങ്ങനെ കാണാം:
‘ത്വമേകം വരണ്യം ത്വമേകം ശരണ്യം
ത്വമേകം ജഗത്കാരണം വിശ്വരൂപം’
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ ശരണം തേടുന്നു. ലോകോല്‍പത്തിക്കുകാരണം നീ തന്നെ. നീ വിശ്വരൂപം.
മാത്രമല്ല, ”ഖുര്‍ആനുമായി വേദത്തിന് ഏറക്കുറെ അടുപ്പം കാണുന്നു. ഒരേ സംഗതി ഖുര്‍ആനിലെന്ന പോലെ അതിലും ആവര്‍ത്തിച്ചിട്ടുണ്ട്. ചിലപ്പോള്‍ യാതൊരു മാറ്റവും വരുത്താതെയാവും ആവര്‍ത്തനം. ഖുര്‍ആനിലെ പ്രഥമാധ്യായമായ ‘ഫാതിഹ’യോട് വേദത്തിലെ ചില സൂക്തങ്ങള്‍ക്ക് അപാരമായ സാമ്യം കാണുന്നു. ‘ഫാതിഹ’യുടെ പ്രാരംഭമൊഴികള്‍ സ്‌തോത്രപരമായും മധ്യമൊഴികള്‍ പ്രതിജ്ഞാപരമായും അന്തിമമൊഴികള്‍ പ്രാര്‍ഥനാപരവുമാണല്ലോ. നോക്കുക: ”ലോകനാഥനായ അല്ലാഹുവിന് സ്‌തോത്രം! കരുണാനിധിയായ റഹ്മാന്‍, പ്രതിഫല ദിവസത്തിന്റെ അധിപതി!”
ഇവയത്രയും സ്‌തോത്രപരം. അനന്തരം പ്രതിജ്ഞ: ”നിനക്കുമാത്രം ഞങ്ങള്‍ വണക്കം ചെയ്യുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായമര്‍ഥിക്കുന്നു.”
അവസാനം പ്രാര്‍ഥനയും: ”ഞങ്ങളെ നേരായ മാര്‍ഗത്തില്‍- നീ അനുഗ്രഹിച്ചിട്ടുള്ളവരുടെ മാര്‍ഗത്തില്‍ നയിച്ചാലും! കോപത്തിനു പാത്രമായവരോ വഴിപിഴപ്പിച്ചവരോ അല്ലാത്ത(വരുടെ മാര്‍ഗത്തില്‍)!”
ഇതേ രൂപത്തിലാണ് ഋഗ്വേദത്തിലെ പ്രഥമ സൂക്തത്തിന്റെയും ഘടന. ദേവസ്തുതികൊണ്ടാണ് അതും ആരംഭിക്കുന്നത്.
നോക്കുക: ”സ്തുതിപ്പൂ, ഞാന്‍ യജ്ഞ പുരോഹിതനാമഗ്നിദേവനെ, ഋത്വിക്കാകിയ ഹോതാവെ, സുതരാം രത്‌നധാരിയെ….”
പിന്നീട് പ്രതിജ്ഞ: ”ഞങ്ങളഗ്നേ, നാളില്‍ നാളില്‍പ്പകള്‍ നേരത്തുമല്ലിലും
ഹൃത്താല്‍ വണങ്ങിയിട്ടത്രേ, സമീപിക്കുന്നതങ്ങയെ…..”
ഫാതിഹയിലെ പ്രതിജ്ഞയും ഈ പ്രതിജ്ഞയും സാരാംശത്തില്‍ ഭിന്നമല്ലെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.
അനന്തരം പ്രാര്‍ഥന: ”ആ നീ സുപ്രാപനാകെങ്ങള്‍ക്കച്ഛന്‍ മകനുപോലവേ;
ഒന്നിച്ചിരിക്കയും ചെയ്യുകഗ്നേ, ഞങ്ങള്‍ക്കു നില്‍പിനായ്” (ഋഗ്വേദം മ.1, സൂ.1, ഋ 1,7,9).
ഫാതിഹയിലെന്നപോലെ വേദത്തിലും ഉത്തമമാര്‍ഗത്തില്‍ നയിക്കേണമെന്നുള്ള പ്രാര്‍ഥന കാണാവുന്നതാണ്:
”പുരുഷാവേ, നിയെതിര്‍പ്പാരെയകലത്തിലാക്കി, ഞങ്ങളെ നടത്തൂകുത്തമഴിയ്ക്കി; തില്‍ക്കരുതല്‍ വേണമേ” (ഋഗ്വേദം മ.1, സൂക്തം 42, ഋക്ക് 7)
(ടി. മുഹമ്മദ്, ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍, പേജ് 314, ഐ.പി.എച്ച് കോഴിക്കോട്).
”ദിവസത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ കൂടിച്ചേരുന്ന സമയത്തുള്ള ‘സന്ധ്യാ വന്ദനം’ എന്ന ഈശ്വര പ്രാര്‍ഥനയെപ്പറ്റി വേദങ്ങള്‍, ഇതിഹാസം, പുരാണം എന്നിവയില്‍ പറയുന്നുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശിവന്‍ മുതലായവര്‍ ഇത് നിര്‍വഹിച്ചിരുന്നു” (ഹൈന്ദവവിജ്ഞാനകോശം, വി. ബാലകൃഷ്ണന്‍, ഡോ. ആര്‍. ലീലാദേവി, ആര്‍ഷാ ശ്രീ പബ്ലിഷിംഗ്, തിരുവനന്തപുരം പേജ് 1410).
ഖുര്‍ആന്‍ 76-ാം അധ്യായം 25-ാം വാക്യത്തില്‍ പറയുന്നു: ”നീ നിന്റെ രക്ഷിതാവിന്റെ നാമം കാലത്തും വൈകുന്നേരവും സ്മരിക്കുക.”
വ്രതാനുഷ്ഠാനം മുമ്പുള്ള സമൂഹങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിരുന്നു എന്ന് ഖുര്‍ആന്‍ 2:183-ല്‍ പറയുന്നുണ്ട്.
വ്രതാനുഷ്ഠാനത്തെ സംബന്ധിച്ച് അഗ്നിമഹാപുരാണത്തില്‍ പറയുന്നു: ”ശാസ്ത്രങ്ങളില്‍ പറയപ്പെട്ടിരിക്കുന്ന നിയമങ്ങളനുസരിച്ച് വ്രതങ്ങളും വളരെ വലിയ തപങ്ങളാണെന്നു മാനിക്കപ്പെടുന്നു…. സകലവിധ വേദങ്ങളിലും പത്തുപ്രകാരം സാധാരണ ധര്‍മങ്ങളുണ്ട്. അവ പൂര്‍ണമായും പാലിക്കേണ്ടതാണ്.
ആ ധര്‍മങ്ങള്‍ ഇവയാണ്: ക്ഷമ, സത്യം, ദയ, ദാനം, ശൗചം, ഇന്ദ്രിയ സംയമനം, ദേവപൂജ, അഗ്നിഹരണം, സന്തോഷം, അസ്‌തേയം, ഉപവാസ ദിവസങ്ങളില്‍ പവിത്ര മന്ത്രങ്ങള്‍ ജപിക്കണം; യഥാശക്തി ഹവനവും നടത്തുക. നിത്യസ്‌നാനവും മിതാഹാരവും നടത്തുക” (അഗ്നിമഹാപുരാണം, അധ്യായം 175, പേജ് 483, കെ.എം രുദ്രന്‍ നമ്പൂതിരി, പ്രൊ. എം.വി. ഗോപാലകൃഷ്ണന്‍, പ്രഫ. ടി.കെ സരള, ഡോ. സി.എന്‍. രനത്‌നം, ഡി.സി ബുക്‌സ്).
വ്രതത്തില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പ്രവാചകന്‍ ധാരാളം പറഞ്ഞിട്ടുണ്ട്: ”നിങ്ങളുടെ വ്രതനാളുകള്‍ സമാഗതമായാല്‍ സഭ്യേതര സംസാരങ്ങളോ ശണ്ഠകളോ കലഹങ്ങളോ പാടില്ല. ഇനി ആരെങ്കിലും ഒരു നോമ്പുകാരനെ ചീത്ത പറയുകയോ ശണ്ഠക്ക് വരികയോ ചെയ്താല്‍ ‘ഞാന്‍ നോമ്പുകാരനാണെ’ന്നവന്‍ മറുപടി പറയട്ടെ” (ബുഖാരി, മുസ്‌ലിം).
മുഹമ്മദ് നബി പഠിപ്പിച്ച ചര്യയില്‍പെട്ടതാണല്ലോ ‘സുന്നത്ത്’ അഥവാ ചേലാകര്‍മം. ഇതേസംബന്ധിച്ച് ശ്രീ കുറുപ്പുംവീട്ടില്‍ കെ.എന്‍ ഗോപാലപ്പിള്ള ‘കേരള മഹാചരിത്രം’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”ലോകത്തിലെ എല്ലാ പ്രാചീന സമുദായങ്ങളും ആചരിച്ചുപോരുന്ന ഒരു ആചാരമാകുന്നു ‘ലിംഗശാസ്ത്രം.’ പുരുഷപ്രജകളുടെ ലിംഗാഗ്രത്തിലുള്ള ബാഹ്യചര്‍മം ഛേദിച്ചുകളയുന്ന ക്രിയയാകുന്നു ലിംഗശാസ്ത്രം. കേരളത്തില്‍ നായന്മാരുടെ ഇടയില്‍ പുരാതന കാലങ്ങളില്‍ ഈ ആചാരം നടപ്പുണ്ടായിരുന്നു. ദക്ഷിണ തിരുവിതാംകൂറില്‍ ചില പ്രദേശങ്ങളിലെ നായന്മാര്‍ ഒരു പാദസര വര്‍ഷം മുമ്പുവരെ ഈ കര്‍മം നടത്തിവന്നു. ഇതിന് ‘ചേലാകര്‍മം’ എന്നും പേരുണ്ട്. ആണ്‍കുട്ടികളെ കൗപീനം ധരിപ്പിക്കുന്നതിന്റെ പ്രാരംഭകര്‍മമായിട്ടാണ് ഈ ശസ്ത്രക്രിയ നടത്തിപ്പോന്നത്. തന്നിമിത്തം ഈ ക്രിയക്ക് ‘ചേലാകര്‍മം’ എന്ന് പേര്‍ സിദ്ധിച്ചു” (കേരള മഹാചരിത്രം രണ്ടാം ഭാഗം, പേജ് 54,55 തിരുവനന്തപുരം റെഡ്യാര്‍ പ്രസ് ആന്റ് ബുക്ക് ഡിപ്പോ 1949-ല്‍ പ്രസിദ്ധീകരിച്ചത്).
ശുദ്ധിയുമായി ബന്ധപ്പെട്ട പ്രവാചകാധ്യാപനങ്ങളില്‍പ്പെട്ടതാണ് മൂത്രമൊഴിച്ചാല്‍ കഴുകണമെന്നത്. മനുസ്മൃതി 5-ാം അധ്യായം 136-ാം സൂക്തത്തില്‍ പറയുന്നു: ”മൂത്രം ഒഴിച്ചാല്‍ ഒരു പ്രാവശ്യം മണ്ണുകൂട്ടി ലിംഗം കഴുകണം.” ഇതിന്റെ വ്യാഖ്യാനത്തില്‍ സിദ്ധിനാഥാനന്ദ സ്വാമി പറയുന്നു: ”ഇക്കാലത്ത് മൂത്രമൊഴിച്ചാല്‍ ശൗചമേ ഇല്ല; ജലമെങ്കിലും ഉപയോഗിക്കേണ്ടതാണ്” (മനുസ്മൃതി, പേജ് 235, മാതൃഭൂമി, കോഴിക്കോട് 1988).
മനുസ്മൃതി 4-ാം അധ്യായം 46,47-ല്‍ ജലത്തിലും പ്രാണികള്‍ പാര്‍ക്കുന്ന മടകളിലും മലമൂത്രവിസര്‍ജനം പാടില്ലെന്നു പറയുന്നുണ്ട്. നിന്നുകൊണ്ടോ നടന്നുകൊണ്ടോ മൂത്രമൊഴിക്കാന്‍ പാടില്ലെന്നും പറയുന്നു. ഇതിനു സമാനമായ പ്രവാചക മൊഴികള്‍ കാണാന്‍ കഴിയും.
സ്ത്രീനഗ്നത കാണുന്നത് വിലക്കിക്കൊണ്ട് ഖുര്‍ആനിലൂടെ ദൈവം പ്രവാചകനോട് പറയുന്നു: ”നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ” (24:30).
‘നഗ്നമായ സ്ത്രീയെ നോക്കരുത്’ എന്ന് മനുസ്മൃതി 4:53-ല്‍ പറയുന്നുണ്ട്.
സ്ത്രീകള്‍ പാലിക്കേണ്ട ചില പൊതു മര്യാദകളെക്കുറിച്ച് ഖുര്‍ആന്‍ 24:31-ല്‍ വീണ്ടും തുടരുന്നു: ”നീ സത്യവിശ്വാസിനികളോട് പറയണം. അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്, സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനു മീതെ താഴ്ത്തിയിടണം…. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധതിരിക്കാനായി കാലുകള്‍ നിലത്തടിച്ചു നടക്കരുത്.”
ഇതേപ്രകാരം ഋഗ്വേദം 8-ാം മണ്ഡലം 33-ാം സൂക്തത്തില്‍ 19,20-ല്‍ കാണാം: ”….അല്ലയോ പ്ലായോഗേ, സ്ത്രീയായിത്തീര്‍ന്ന നീ കീഴ്‌പ്പോട്ട് നോക്കുക. (സ്ത്രീകളുടെ ധര്‍മമാണത്) മേല്‍പ്പോട്ടു നോക്കരുത്. (മേല്‍പ്പോട്ടു നോക്കല്‍ സ്ത്രീകള്‍ക്ക് ധര്‍മമല്ല). കാലുകള്‍ കൂട്ടി അണച്ചുവെക്കുക. (പുരുഷന്‍ കാലകത്തിവെക്കുന്നു. അതുപോലെയല്ല നീ ചെയ്യേണ്ടത്). പുരുഷന്മാര്‍ നിന്റെ കാല്‍മുട്ടും തെരിയാണിയും കാണാതിരിക്കട്ടെ. (അമ്മട്ടില്‍ നന്നായി വസ്ത്രധാരണം ചെയ്യുക). നീ ഒരു ബ്രാഹ്മണനായിട്ട്, സ്ത്രീയായി തീര്‍ന്നുവല്ലോ” (ഋഗ്വേദം ഭാഷാഭാഷ്യം, ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട്, വടക്കേമഠം ബ്രഹ്മസ്വം, എം.ജി റോഡ് തൃശൂര്‍-1).
ഇതുപോലെ ഋഗ്വേദം പത്താം മണ്ഡലം 85-ാം സൂക്തത്തിലെ 35-ാം ശ്ലോകത്തില്‍ പറയുന്ന ‘പൊടിതുടക്കുന്ന (അതുകൊണ്ടു നിറം മാറുന്ന) വസ്ത്രം തലയില്‍ പറ്റിനിന്ന് മൂന്നായി രൂപങ്ങളെ മുറിക്കുന്നു’ എന്നതിന്റെ വ്യാഖ്യാനത്തില്‍ ഒ.എം.സി പറയുന്നു: ‘വധു വിവാഹക്രിയയാരംഭത്തില്‍ ഉടുക്കുന്ന അലക്കിയ വസ്ത്രവും പിന്നീടുടുക്കുന്ന കോടിവസ്ത്രവും തലമൂടുന്ന വസ്ത്രവുമാകാം മൂന്നായി പറഞ്ഞിരിക്കുന്നത്.”
ശിരോവസ്ത്രമടക്കമുള്ള അച്ചടക്കപൂര്‍ണമായ ഒരു വസ്ത്രധാരണരീതിയെ സംബന്ധിച്ചാണ് വേദങ്ങള്‍ പറയുന്നതെന്ന് വ്യക്തം.
സ്ത്രീ പുരുഷവസ്ത്രവും പുരുഷന്‍ സ്ത്രീവസ്ത്രവും ധരിക്കാന്‍ പാടില്ലെന്ന പ്രവാചകാധ്യാപനത്തെ സാധൂകരിക്കുന്നതാണ് ഋഗ്വേദം 10:85-30-ല്‍ പറയുന്ന ‘വരന്‍ വധുവിന്റെ വസ്ത്രം ധരിക്കാന്‍ (സ്പര്‍ശിക്കാന്‍) പുറപ്പെടുന്നുവെങ്കില്‍ അപ്പോള്‍ പാപരൂപത്തോടു കൂടിയ കൃത്യ അവനോടു ചേര്‍ന്ന് അവന്‍ നഷ്ടശ്രീയായി ഭവിക്കുന്നു’ എന്ന വിധി.
അന്യ സ്ത്രീപുരുഷന്മാര്‍ ഇടകലര്‍ന്നിരിക്കാന്‍ പാടില്ലെന്നാണ് ഇസ്‌ലാമിന്റെ വിധി. ഇതുതന്നെയായിരുന്നു പുരാതന ഭാരതത്തിലെ സംസ്‌കാരം എന്നതിനുദാഹരണം:
”സീതാരാമ ലക്ഷ്മണന്മാര്‍ ഭരദ്വജ ഋഷിയുടെ ആശ്രമത്തിലെത്തിയ സമയം. നടപ്പുരീതിയനുസരിച്ച് ഋഷിമാര്‍ ഒരു സംഘമായും അവരുടെ പത്‌നിമാരും കുട്ടികളും മറ്റൊരു സംഘമായും ഇരിക്കും. ഇന്നത്തെക്കാലത്ത് നാം ചെയ്യുന്നത് പോലെ സ്ത്രീപു രുഷന്മാര്‍ ഇടകലര്‍ന്നിരിക്കാറില്ല. അവിടെ എത്തിയപ്പോള്‍ ശ്രീരാമനും ലക്ഷ്മണനും ഋഷിമാര്‍ക്കൊപ്പമിരുന്നു. സീത സ്ത്രീകള്‍ക്കൊപ്പവും” (തപോവനം ശ്രീ സത്യസായി സച്ചരിതം, പേജ് 150,151, സത്യസായി പബ്ലിക്കേഷന്‍ സൊസൈറ്റി, ആലുവ).
സ്ത്രീവൃത്തികള്‍ വിവരിക്കുന്നിടത്ത് ‘അന്യപുരുഷന്മാരൊത്ത് നഗരം, ഉദ്യാനം ഇവ കാണാന്‍ പോകരുത്’ എന്ന വിധി ഹൈന്ദവ വിജ്ഞാനകോശത്തില്‍ കാണാം (പേജ് 1420). വിവാഹബന്ധം നിഷിദ്ധമല്ലാത്ത, അഥവാ അന്യപുരുഷന്മാരുടെ കൂടെ സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യുന്നത് പ്രവാചകന്‍ വിലക്കിയിട്ടുണ്ട്.
വിവാഹസംബന്ധമായി യജ്ഞവത്ക്യസ്മൃതിയില്‍ പറയുന്നു: ”വര്‍ണക്രമമനുസരിച്ച് ബ്രാഹ്മണന് മൂന്നും ക്ഷത്രിയന് രണ്ടും വൈശ്യന് ഒന്നും ഭാര്യമാരാകാം. ശൂദ്രന്‍ സ്വജാതിയില്‍നിന്നു മാത്രമേ വിവാഹം പാടുള്ളൂ” (1:57).
ബഹുഭാര്യാത്വം സാധാരണമായിരുന്നു എന്ന് ഭാരതീയ പ്രമാണങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. രാമായണപ്രകാരം ദശരഥന് കൗസല്യ, കൈകേയി, സുമിത്ര തുടങ്ങിയ ഭാര്യമാരുണ്ടായിരുന്നു. ഋഗ്വേദപ്രകാരം ഇന്ദ്രനും മഹാഭാരതപ്രകാരം ശ്രീകൃഷ്ണനും ബഹുഭാര്യാത്വം വരിച്ചവരാണ്.
ബഹുഭാര്യാത്വം അനുവദിക്കുന്ന മനുസ്മൃതി ബഹുഭര്‍തൃത്വത്തെയും വ്യഭിചാരത്തെയും നിയമവിരുദ്ധമായി കാണുന്നു: ”ഈ ലോകത്തില്‍ പുരുഷനാല്‍ ഉല്‍പാദിപ്പിക്കപ്പെട്ടതും പരസ്ത്രീയാല്‍ ഉല്‍പാദിപ്പിക്കപ്പെട്ടതുമായ സന്താനം ശാസ്ത്രീയാനുസാരമുള്ള സന്താനമല്ല. പതിവ്രതയായ സ്ത്രീക്ക് രണ്ടാമതൊരു ഭര്‍ത്താവ് ഒരു ശാസ്ത്രത്തിലും വിധിക്കപ്പെട്ടിട്ടില്ല” (5:162).
മഹാഭാരതത്തില്‍ പറയുന്ന ഏകലവ്യന്റെ പിന്മുറക്കാരാണെന്ന് പറയപ്പെടുന്ന ആദിവാസി വിഭാഗമാണ് ഉള്ളാടര്‍. അവര്‍ക്കിടയിലെ വിവാഹത്തെക്കുറിച്ച് പറയുന്നു: ”….പെണ്ണിന്റെ വീട്ടില്‍ സദ്യ ഉണ്ടാകാറുണ്ട്. പൊന്നും പണവുമൊന്നും പതിവില്ലായിരുന്നു. മുന്‍കാലങ്ങളില്‍ കെട്ടുകാണം ഉണ്ടായിരുന്നു. (കാണപ്പണം) കെട്ടുന്ന പെണ്ണിന് ചെറുക്കന്‍ കൊടുക്കേണ്ട പണമാണ് കെട്ടുകാണം…” (കേരളത്തിലെ ആദിവാസി സംസ്‌കാരങ്ങള്‍, സമ്പൂര്‍ണ പഠനം, പേജ് 55, ശാന്താ തുളസീധരന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം).
മനുസ്മൃതി 3:29-ല്‍ പറയുന്നു: ”വരനില്‍നിന്നും ഒരു പശുവിനെയും കാളയെയുമോ അഥവാ രണ്ടു പശുവിനെയും രണ്ടു കാളയെയുമോ ധര്‍മാര്‍ഥം സ്വീകരിച്ചുകൊണ്ട് യഥാശാസ്ത്രം നടത്തുന്ന കന്യാദാനത്തിന് ആര്‍ഷവിവാഹം എന്നു പറയുന്നു.”
മാത്രമല്ല, വധുവിനു വരന്‍ പ്രീതിയോടെ നല്‍കുന്ന ധനം പിത്രാദികള്‍ സ്വീകരിക്കാതെ വധുവിനു നല്‍കുകയാണ് വേണ്ടതെന്ന് 3:54-ല്‍ പറയുന്നതായി കാണാം.
പ്രവാചകന്‍ പഠിപ്പിച്ചതനുസരിച്ച് മഹ്‌റ് (വിവാഹമൂല്യം) സ്ത്രീയുടെ അവകാശമാണ്. അവള്‍ വിട്ടുകൊടുത്താലല്ലാതെ ആര്‍ക്കും അത് ഉപയോഗിക്കാന്‍ അനുവാദമില്ല.
മാത്രമല്ല, ചില ജാതിക്കാരുടെ ആചാരമായി ‘പെണ്‍കാണം’ എന്ന പേരില്‍ ‘ബന്ധം ഒഴിയേണ്ടി വന്നാല്‍ തിരിച്ചുകൊടുക്കണമെന്ന കരാറിന്മേല്‍ വരന്‍ വധുവിന്റെ പിതാവിനെ ഏല്‍പിക്കുന്ന പണത്തെ സംബന്ധിച്ച് ‘ശബ്ദസാഗര’ത്തില്‍ കാണുന്നുണ്ട് (ഡി.സി ബുക്‌സ്).
ഖുര്‍ആനില്‍ 4-ാം അധ്യായത്തില്‍ ബഹുഭാര്യാത്വത്തെക്കുറിച്ച് പറഞ്ഞതിനു ശേഷം പറയുന്നു: ”സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം (മഹ്‌റ്) തികഞ്ഞ തൃപ് തിയോടെ നല്‍കുക” (4:4).
വിവാഹം സാധുവാകണമെങ്കില്‍ സ്ത്രീക്ക് പുരുഷന്‍ വിവാഹമൂല്യം നല്‍കല്‍ നിര്‍ബന്ധമാണ്. പ്രവാചകാധ്യാപനമനുസരിച്ച് സ്ത്രീധനമില്ല എന്നു മാത്രമല്ല നിര്‍ബന്ധിതാവസ്ഥയില്‍ പുരുഷനില്‍നിന്ന് വിവാഹമോചനം നേടാന്‍ സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ ഖുര്‍ആന്‍ പറയുന്നു: ”ദൈവത്തിന്റെ നിയമപരിധികള്‍ പാലിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അവള്‍ സ്വമനസ്സാലേ ധനം വിട്ടുകൊടുത്ത് വിവാഹമോചനം നേടുന്നതില്‍ ഇരുവര്‍ക്കും ഒരു കുറ്റവുമില്ല” (2:229).
പ്രവാചകാധ്യാപനമനുസരിച്ച് വിധവാവിവാഹം അനുവദനീയമാണ്; പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. വേദകാലത്തെ ധര്‍മചിന്ത അനുസരിച്ച്, ദമ്പതികളില്‍ ഒരാള്‍ മരിച്ചാല്‍ പുനര്‍വിവാഹം സാധാരണയായിരുന്നു….. വിധവകള്‍ക്ക് പുനര്‍വിവാഹ സ്വാതന്ത്ര്യമുണ്ടായിരുന്നു. ….ഇങ്ങനെ സന്നദ്ധനായ പുരുഷന്‍ വിധവയെ അഭിസംബോധന ചെയ്യുന്നതുകാണാം. ‘എഴുന്നേല്‍ക്കുക. ജീവിതത്തിലേക്ക് തിരിച്ചുവരിക. ദേഹിവെടിഞ്ഞ ജഡദേഹത്തിന്റെ അടുക്കെക്കിടന്നാണ് നീ വൃഥാ വിലപിക്കുന്നത്. വരൂ, ഇനി നീ, നിന്നെ സ്‌നേഹിച്ച് ഏറ്റെടുക്കാന്‍ സന്നദ്ധനായ ഈ എന്റെ ഭാര്യാപദത്തിലേക്ക് പ്രവേശിക്കുകയാണ്’ (ഹൈന്ദവ വിജ്ഞാനകോശം, പേജ് 1185, ‘വേദസാഹിത്യത്തിലെ ജീവിത പ്രതിഫലനം’ വിശദീകരണത്തില്‍നിന്ന്, വി. ബാലകൃഷ്ണന്‍, ഡോ. ആര്‍. ലീലാദേവി).
സ്വവര്‍ഗരതി പാപമാണെന്ന കാര്യം മനുസ്മൃതിയിലുണ്ട്. 11:67-ല്‍ പറയുന്നു: ”ബ്രാഹ്മണന് പീഡയുണ്ടാക്കുന്ന ക്രിയ, മണത്തു നോക്കരുതാത്ത വസ്തുക്കളും മദ്യവും മണക്കല്‍, കുടിലത, പുരുഷനുമായി മൈഥുനം- ഇവ ജാതിഭ്രംശകരങ്ങളായി കരുതപ്പെടുന്നു.”
ദാനധര്‍മങ്ങളെ സംബന്ധിച്ച് ഖുര്‍ആനും പ്രവാചകനും ധാരാളം പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: ”വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍നിന്നും നിങ്ങള്‍ക്കു നാം ഭൂമിയില്‍ ഉല്‍പാദിപ്പിച്ചുതന്നതില്‍നിന്നും നിങ്ങള്‍ ചെലവഴിക്കുക. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ക്കു തന്നെ സ്വീകരിക്കാനാവാത്ത ചീത്ത വസ്തുക്കള്‍ ദാനം ചെയ്യാനായി കരുതിവെക്കരുത്…” (2:267).
‘വലതുകൈ കൊടുത്തത് ഇടതുകൈ അറിയരുത്’ എന്ന് പഠിപ്പിച്ചുകൊണ്ട് പ്രവാചകന്‍ ദാനധര്‍മങ്ങള്‍ സദുദ്ദേശ്യത്തോടെയായിരിക്കണം എന്ന് ഉണര്‍ത്തിയിട്ടുണ്ട്.
ഭഗവദ്ഗീത 17-ാം അധ്യായം 20-ാം ശ്ലോകത്തില്‍ പറയുന്നു: ”ദാനം ചെയ്യേണ്ടത് കര്‍ത്തവ്യമെന്ന് നിശ്ചയിച്ച് പ്രത്യുപകാരമൊന്നും പ്രതീക്ഷിക്കാതെ ദേശം, സന്ദര്‍ഭം, വാങ്ങുന്നവന്റെ അര്‍ഹത എന്നിവ നോക്കി നല്‍കുന്ന ദാനം സാത്വികമെന്ന് ഓര്‍ക്കുക.”
ഗീതയിലെതന്നെ 17:22-ന് നല്‍കിയ വ്യാഖ്യാനത്തില്‍ എ.സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദര്‍ പറയുന്നു: ”ലഹരിപാനത്തിനോ ചൂതുകളിക്കോ വേണ്ടിയുള്ള ദാനം തമോഗുണപ്രധാനമത്രെ, അതിവിടെ പ്രോത്സാഹിപ്പിക്കുന്നില്ല; പ്രയോജനകരവുമല്ല. അത്തരം ദാനം പാപകര്‍മത്തിനു പ്രേരകമത്രെ” (ഭഗവദ്ഗീതാ യഥാരൂപം, ഭക്തി വേദാന്ത ബുക്ക് ട്രസ്റ്റ്).
ദാനധര്‍മങ്ങള്‍ സദുദ്ദേശ്യത്തോടെയായിരിക്കണം എന്ന കാര്യം മാത്രമല്ല മദ്യപാനം, ചൂതുകളി പോലെയുള്ള തിന്മകള്‍ പ്രവാചകന്‍ വിലക്കിയ അരുതാത്തതാണെന്ന കാര്യം കൂടി ഇവിടെ വ്യക്തമാക്കുന്നുണ്ട്.
പലിശ കൊണ്ടുള്ള ഉപജീവനം പാപമാണെന്ന് മനുസ്മൃതി 11:61-ല്‍ പറയുന്നുണ്ട്: ”കന്യാദൂഷണം, വൃദ്ധിജീവനം (പലിശകൊണ്ടുള്ള ഉപജീവനം), വ്രതഭംഗം ഇവയും തടാകം, ആരാമം, ഭാര്യപുത്രന്‍ ഇവരുടെ വില്‍പനയും- ഉപപാതകങ്ങള്‍” (മനുസ്മൃതി, സിദ്ധിനാഥാനന്ദ സ്വാമി).
ഖുര്‍ആന്‍ കല്‍പന പ്രകാരം മനുഷ്യനനുവദിച്ച അന്നപാനീയങ്ങളില്‍ കന്നുകാലികളുടെ പാലും മാംസവും ഉള്‍പ്പെടുന്നുണ്ട്.
”തീര്‍ച്ചയായും കന്നുകാലികളില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. അവയുടെ ഉദരത്തിലുള്ളവയില്‍നിന്ന് നിങ്ങളെ നാം കുടിപ്പിക്കുന്നു. നിങ്ങള്‍ക്കവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. നിങ്ങളവയെ ഭക്ഷിക്കുകയും ചെയ്യുന്നു” (23:21).
ഋഗ്വേദം മണ്ഡലം 10, സൂക്തം 86, ഋക്ക് 14-ല്‍ ഇന്ദ്രന്‍ പറയുന്നു: ”എനിക്കുവേണ്ടി മുപ്പത്തഞ്ചു കാളകളെ ഇന്ദ്രാണിയില്‍ പ്രേരിപ്പിക്കപ്പെട്ട യഷ്ടാക്കള്‍ വേവിക്കുന്നു. പിന്നെ ഞാനതു ഭക്ഷിക്കുന്നു…” (ഋഗ്വേദം ഭാഷാഭാഷ്യം, ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട്).
മാംസാഹാര സംബന്ധമായി ഖുര്‍ആനില്‍ 6:119-ല്‍ പറയുന്നു: ”ദൈവനാമത്തില്‍ അറുത്തതില്‍നിന്ന് നിങ്ങളെന്തിനു തിന്നാതിരിക്കണം? നിങ്ങള്‍ക്കു നിഷിദ്ധമാക്കിയത് ഏതൊക്കെയെന്ന് ദൈവം വിവരിച്ചുതന്നിട്ടുണ്ടല്ലോ; നിങ്ങളവ തിന്നാല്‍ നിര്‍ബന്ധിതമാകുമ്പോളൊഴികെ. പലരും ഒരു വിവരവുമില്ലാതെ തോന്നിയ പോലെ ആളുകളെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുകയാണ്.”
മനുസ്മൃതി 5:27-ല്‍ പറയുന്നു: ”യജ്ഞത്തില്‍ മന്ത്രപൂര്‍വം പ്രോക്ഷണ സംസ്‌കാരം ചെയ്ത് ഹോമിച്ച മാംസം ഭക്ഷിക്കാം. ബ്രാഹ്മണര്‍ക്ക് മാംസം കഴിക്കണമെന്ന് കൊതി തോന്നിയാല്‍ വിധിപ്രകാരം അനുവദിച്ചിട്ടുള്ളത് ഭുജിക്കാം. ശ്രാദ്ധത്തിലും വിധിച്ചിട്ടുള്ളത് കൊണ്ട് ആകാം. മറ്റൊരാഹാരമൊന്നും കിട്ടാതെ പ്രാണഹാനി വരുമെന്ന നിലയിലെത്തിയാല്‍ അപ്പോഴും മാംസം കഴിക്കാം” (മനുസ്മൃതി, സിദ്ധിനാഥാനന്ദ സ്വാമി, മാതൃഭൂമി).
മാത്രമല്ല, എല്ലാ പ്രവാചകന്മാരുടെയും ചരിത്രത്തില്‍ ധര്‍മാധര്‍മ സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ധര്‍മസമരത്തില്‍നിന്ന് പിന്തിരിയുന്നതിനെ വന്‍പാപമായി പ്രവാചകന്‍ പഠിപ്പിച്ചു. ഭഗവദ്ഗീതയില്‍ ധര്‍മയുദ്ധത്തില്‍നിന്ന് പുറംതിരിഞ്ഞു നില്‍ക്കുന്ന അര്‍ജുനനോട് കൃഷ്ണന്‍ പറയുന്നു:
”ഈ ധര്‍മയുദ്ധത്തില്‍ നീ യുദ്ധം ചെയ്യുന്നില്ലെങ്കില്‍ സ്വധര്‍മവും കീര്‍ത്തിയും നഷ്ടപ്പെട്ട് പാപിയായിത്തീരും” (അധ്യായം 2, ശ്ലോകം 33).
ദൈവമാര്‍ഗത്തിലെ ധര്‍മസമരത്തില്‍ മരണപ്പെടുന്നവര്‍ സ്വര്‍ഗാവകാശികളാണെന്ന് ഖുര്‍ആന്‍ 2:154-ല്‍ പറയുന്നുണ്ട്.
ഭഗവദ്ഗീത 2:37-ല്‍ കൃഷ്ണന്‍ അര്‍ജുനനോട് പറയുന്നു: ”മരിക്കുകയാണെങ്കില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ജയിക്കുകയാണെങ്കിലോ ഈ ഭൂമിയില്‍ രാജ്യസുഖമനുഭവിക്കാം. അതിനാല്‍ കൗന്തേയാ! യുദ്ധം ചെയ്യാന്‍ നിശ്ചയിച്ചുകൊണ്ട് എഴുന്നേല്‍ക്കൂ” (യഥാര്‍ഥ ഭഗവദ്ഗീത, ആചാര്യശ്രീ രാജേഷ്, വേദവിദ്യാ പ്രകാശന്‍, കോഴിക്കോട്).
അര്‍ജുനന് കൃഷ്ണന്‍ നല്‍കുന്ന ഈ ഉപദേശം ധര്‍മത്തിനുവേണ്ടിയുള്ള പോരാട്ടവും ഒരു ആത്മീയ പ്രവര്‍ത്തനവുമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇങ്ങനെ ആചാരാനുഷ്ഠാനങ്ങളില്‍ മുതല്‍ അന്നപാനീയങ്ങളിലും ജീവിതചര്യകളിലുമെല്ലാം ധാരാളം സമാനതകള്‍ കണ്ടെത്താം. പ്രവാചകന്മാരിലൂടെയും അവരെ പിന്‍പറ്റിയ മഹാന്മാരിലൂടെയും വിശ്വാസികളിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട മാനവിക മൂല്യങ്ങളുടെ തെരഞ്ഞെടുപ്പാണ് സത്യാന്വേഷണം, അവയുടെ വീണ്ടെടുപ്പാണ് കാലം തേടുന്നത്.
ദൈവദൂതന്മാരുടെ കാല്‍പാടുകള്‍ ഭാരതത്തില്‍- ജി.കെ എടത്തനാട്ടുകര
previous post