രണ്ടാം ലോക യുദ്ധത്തിന് ശേഷം പാശ്ചാത്യന്‍ നാഗരികത കടുത്ത അസ്തിത്വ പ്രതിസന്ധിയിലേക്ക് പ്രവേശിച്ചു. അത്, നിലനില്‍ക്കുന്ന വൈജ്ഞാനികതയേയും, ധാര്‍മിക മൂല്യങ്ങളേയും, ആധുനികതയുടെ സാധ്യതകളേയും ചോദ്യം ചെയ്ത് പ്രത്യക്ഷപ്പെട്ട ഉത്തരാധുനിക സിദ്ധാന്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ പ്രതിസന്ധിയുടെ ഫലമായി ചില പാശ്ചാത്യന്‍ ഗവേഷകര്‍ പൗരസ്ത്യ ദേശങ്ങളിലേക്ക് നീങ്ങുകയും, പൗരസ്ത്യ മതങ്ങളും തത്വശാസ്ത്രവും പഠിക്കുവാനും തുടങ്ങി. 1980-തുടക്കത്തില്‍ പല പാശ്ചാത്യന്‍ ചിന്തകരും ദാര്‍ശിനകരും ഇസ്‌ലാമിലേക്ക് ആകൃഷ്ടരായി. ജര്‍മന്‍കാരനായ മുറാദ് ഹോംഫ്മാനിന്റെ ഇസ്‌ലാം സ്വീകരിച്ചുകൊണ്ടുളള പ്രഖ്യാപനത്തോടെയാണ് അതിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന്, അമേരിക്കന്‍ വംശജനായ ജഫ്രി ലാംങും ഫ്രഞ്ച് ദാര്‍ശിനകായ റോഗര്‍ ഗരോഡിയും ഇസ്‌ലാം ആശ്ലേഷിച്ചു. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഭൗതികതയും ആത്മീയതയും സാധ്യതകളും വീക്ഷണങ്ങളുമാണ് റോഗര്‍ ഗരോഡി പാശ്ചാത്യന്‍ നാഗരികതക്ക് പകരമായി കണുന്നത്. ഇതിനെ അദ്ദേഹം വിളിക്കുന്നത് ഇസ്‌ലാമിന്റെ പ്രതിജ്ഞകള്‍ (Promises of Islam) എന്നാണ്. അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ച് കുറച്ച് നാളുകള്‍ക്ക് ശേഷം ആ പേരില്‍തന്നെ സ്വതന്ത്രമായ ഒരു പുസ്തകം പുറത്തിറക്കി. 1985-ല്‍ ഇസ്‌ലാമിക സേവനത്തിന് അദ്ദേഹത്തിന് ഫൈസല്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു.
ഏകത്വവും സ്വാതന്ത്ര്യവും
ഇസ്‌ലാമിലെ ആദ്യത്തെ പ്രതിജ്ഞയായി റോഗര്‍ ഗരോഡി കാണുന്നത് ഏകദൈവ വിശ്വാസത്തെയാണ്. ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസമാണിത്. ഒന്ന് മറ്റൊന്നിനോട് എതിരിടാതെ ഓരോ കാര്യങ്ങളും ഈ കേന്ദ്ര വിശ്വാസവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. ഇസ്‌ലാമില്‍, മതം വിജ്ഞാനവുമായും പ്രവര്‍ത്തനം വിശ്വാസവുമായും ബന്ധപ്പെട്ടുനില്‍ക്കുന്നതും, ദാര്‍ശിനകത പ്രവാകത്വത്തില്‍നിന്നും പ്രവാചകത്വം ബുദ്ധിയുമായി ചേര്‍ന്നുനില്‍ക്കുന്നതും, ആകാശം ഭൂമിയില്‍നിന്ന് അധികം അകലമില്ലാതെ ഭൂമിയുമായി ബന്ധപ്പെട്ടുനില്‍ക്കുകയും, നാഗരിക മുന്നേറ്റം ദൈവികതയിലൂടെ ഉത്തുംഗതിയെ സ്പര്‍ശിക്കുകയുമാണ് ചെയ്യുന്നത്. ഗരോഡിയെ സംബന്ധിച്ചെടത്തോളം ഏകദൈവ വിശ്വാസ സങ്കല്‍പ്പമാണ് മനുഷ്യന്റെ ഉത്തരവാദിത്വത്തിനും സ്വാതന്ത്രത്തിനും ഇഷ്ടത്തിനുമുളള അടിത്തറ രൂപീകരിക്കുന്നത്. ഏകത്വമെന്നത് പൂര്‍ണമായും കീഴൊതുങ്ങിയുളളതാണ് എന്ന പ്രചരണത്തിന് എതിരുമാണത്. എന്നാല്‍, ജന്തുക്കളും സസ്യങ്ങളും നിര്‍ജീവമായ വസ്തുക്കളും വിധേയപ്പെട്ടിരിക്കുന്നതാണ് അല്ലെങ്കില്‍ കീഴൊതിങ്ങിയവയാണ് എന്ന കാര്യത്തില്‍യോജിപ്പുണ്ട്. കല്‍പ്പിക്കപ്പെട്ടതിനനുസൃതമായി സമര്‍പ്പിതമാകണമെന്നതാണ് ആ നിയമം. അതിന് ഇഷ്ടങ്ങളും സ്വതന്ത്രമായ ചിന്തയൊന്നുമില്ല. മനുഷ്യന് മാത്രമാണ് ഇഷ്ടങ്ങള്‍ക്കനുസൃതമായി മുസ്‌ലിമാകുവാന്‍ കഴിയുന്നത്. അതുപോലെ, നിരസിക്കുന്നതിലെ പൂര്‍ണ ഉത്തരവാദിത്വം അവനുമാത്രവുമായിരിക്കും.
പ്രതിനിധീകരണം എന്നതിനെ പരിഗണിക്കുമ്പോള്‍ മനുഷ്യന്‍ അല്ലാഹുവിന്റെ പ്രിതിനിധിയാണ്. ആ പ്രതിനിധി എല്ലാത്തിലും സ്വാതന്ത്ര്യമുളളവനാണ്. അവന്റെ പ്രവര്‍ത്തനങ്ങളുടയും തീരുമാനങ്ങളുടെയും ഉത്തരവാദിത്വം അവന് തന്നെയായിരിക്കും. ആധുനിക മനുഷ്യരുടെ മുന്നില്‍ രണ്ടിലൊന്ന് കാര്യങ്ങളുണ്ടെന്ന് ഗരോഡി അനുമാനിക്കുന്നു. ഒന്ന്: വികസിതവും പുരോഗമനപരവുമായ ജീവജാലങ്ങളാവുക എന്നതാണ്. തലയിലെ കോശങ്ങളുടെ എണ്ണം കൂടുക, കൈയിന് കൂടുതല്‍ കരുത്തുണ്ടാവുക എന്നീ അളവിലെ വ്യത്യാസം കൊണ്ടല്ലാതെ മനുഷ്യനും ഇതര ജീവികളും ഈയൊരവസ്ഥയില്‍ അധികം വ്യത്യാസപ്പെടുന്നില്ല. ഇത് മനുഷ്യന് ഭക്ഷണം, താമസം, പ്രത്യുല്‍പാദനം തുടങ്ങിയ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിന് കൂടുതല്‍ സഹായകമാണ്. രണ്ട്: ഭൗതികതലത്തില്‍ നിന്ന് ആത്മീയതലത്തിലേക്ക് ഉയരാന്‍ ശ്രമിക്കുകയെന്നതാണ്. അഥവാ, പ്രവര്‍ത്തനത്തില്‍ നിന്ന് അര്‍ഥതലങ്ങളിലേക്കുളള പ്രയാണം. ഒരുവന്റെ ജീവതത്തിന്റെ അര്‍ഥത്തെകുറിച്ചും മരണത്തിന്റെ ലക്ഷ്യത്തെകുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്നുവെങ്കില്‍ അവന്റെ ജീവതവും മരണവും സവിശേഷമാണ്.
ഏകത്വം വ്യക്തിപരമായതില്‍ മാത്രം പരിമിതമാക്കപ്പെട്ടതാണ എന്ന് പറയുന്നത് ശരിയല്ല. മറിച്ച്, ഏകദൈവ വിശ്വാസത്തിലൂടെ, ദൈവത്തിന് മുമ്പില്‍ ഉത്തരവാദിത്വപൂര്‍ണമായി പരസ്പരം ചേര്‍ന്നുനില്‍ക്കുന്ന സാമൂഹിക ചിന്തയാണ് അതിനെതിരായി കാണാന്‍ കഴിയുന്നത്. പദാര്‍ഥത്തേക്കാളും സമുദായത്തേക്കാളും ഉയര്‍ന്നുനില്‍ക്കുന്നത് വിശിഷ്ടതയാണെന്നാണ് ഗരോഡി നിരീക്ഷിക്കുന്നത്. എന്നിരുന്നാലും, ഇവ ഇസ്‌ലാമിന്റെ സന്ദേശവും, മികവാര്‍ന്ന വര്‍ത്തമാനവും ഭാവിയും സംഭാവനചെയ്യുന്ന രണ്ട് അടിസ്ഥാനങ്ങളാണ്. ഇസ്‌ലാം സമുദായത്തിന് നില്‍കുന്ന സ്ഥാനം ലോകാടിസ്ഥാനത്തിലുളള ഇയര്‍ന്ന സ്ഥാനമാണ്. അത് ജാതീയവും വംശീയവും പ്രത്യയശാസ്ത്രപരവും വര്‍ഗപരവുമായതിന് അപ്പുറം നില്‍ക്കുന്നതാണ്. അവര്‍ മറ്റുളളവരുടെ ഭാവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തവരാണ് എന്നൊരു അടിസ്ഥാന യാഥാര്‍ഥ്യത്തിന്മേലാണ് അത് വിശ്വാസികള്‍ക്കിടയില്‍ നിലകൊളളുന്നത്. ഇത് എല്ലാം വ്യക്തികളെ മാനദണ്ഡമാക്കികൊണ്ടുളള പാശ്ചാത്യന്‍ സ്വത്വ സങ്കല്‍പത്തെ നിരാകരിക്കുകയും ചെയ്യുന്നു.
ജ്ഞാനവും അര്‍ഥവും
ഇസ്‌ലാം മാനുഷികവും ധാര്‍മികവുമായി സമഗ്രപദ്ധതി അവതരിപ്പിക്കുകയാണെങ്കില്‍ അത് വ്യക്തികള്‍ക്കും സമൂഹത്തിനുമിടയിലെ അസുന്തിലിതാവസ്ഥ ഇല്ലായ്മ ചെയ്യാന്‍ പര്യാപ്തമാണ്. അബദ്ധങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന പാശ്ചാത്യന്‍ പ്രവാചകന്മാര്‍ ഇല്ലാതാക്കിയ ശരിയായ വശത്തെ, പാശ്ചാത്യന്‍ ജ്ഞാന പ്രക്രിയയിലൂടെ തന്നെ വിജ്ഞാന സംവിധാനമാക്കി അവതരിപ്പിക്കാനും അതുമുഖേന സാധ്യമാണ്. പാശ്ചാത്യര്‍ ആത്മാവ് ഉള്‍ക്കൊളളാതെ അവതരിപ്പിക്കുകയാണ് ചെയ്തത്. ഇസ്‌ലാമില്‍ ജ്ഞാനവും യുക്തിയും പരസ്പരം അകുന്നുനില്‍ക്കുന്ന ഒന്നല്ല. പാശ്ചാത്യന്‍ വിജ്ഞാനീയങ്ങളുടെ അവസ്ഥപോലെ ലക്ഷംതെറ്റിയതും, അറിവിന് പിന്നിലെ ഉദ്ദേശം മനസ്സിലാക്കാത്ത ജ്ഞാനസങ്കല്‍പ്പമല്ല ഇസ്‌ലാമിലുളളത്. അര്‍ഥം നല്‍കാതെ ഇസ്‌ലാമില്‍ ഒന്നും പഠിപ്പിക്കപ്പെടുന്നില്ല. ഇതിന്റെ വെളിച്ചത്തില്‍ പള്ളികളും പളളികൂടങ്ങളും ഒരുഭാഗത്ത് ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ പ്രകാശനത്തിന്റെ പ്രഭവ കേന്ദ്രമാവുകയും, അതോടൊപ്പം മറുഭാഗത്ത് ബുദ്ധിപരമായ വിജ്ഞാനത്തിന്റെയും പ്രായോഗികതയുടെയും ഭാഗമാവുകയും ചെയ്യുകയാണ്. അങ്ങനെ എല്ലാ വിജ്ഞാനീയങ്ങളും ഒന്നായി ചേര്‍ന്നുനില്‍ക്കുന്നു.
ഏകദൈവ വിശ്വാസത്തില്‍നിന്ന് രൂപംകൊണ്ടതാണ് ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി ഗരോഡി നിരീക്ഷിക്കുന്നത്. അവ പരസ്പരം അവലംബിക്കപ്പെടുകയും പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുകയും ചെയ്യുന്നതാണ്. ഇവിടെ പ്രകൃതിപരമായ ജ്ഞാനമെന്നും ദൃശ്യപരമായതെന്നും, മതപരമായ വിജ്ഞാനമെന്നും കലാപരമായതെന്നുമുളള വ്യത്യാസവും വേര്‍തിരിവും കാണാന്‍ കഴിയുകയില്ല. ഇവിടെ, ജ്ഞാനത്തിന്റെ തുടക്കവും ഒടുക്കവും കണ്ടെത്താന്‍ കഴിയുന്നുമില്ല. ഇതര നാഗരികതക്ക് അവകാശപ്പെടാനില്ലാത്തത് അറേബ്യന്‍ സംസ്‌കാരത്തില ധാരാളം വൈജ്ഞാനിക പ്രതിഭകള്‍ മുഖേന ലോകത്തിന് മുമ്പില്‍ വിശദീകരിക്കപ്പെടുകയാണിവടെ സംഭവിക്കുന്നത്. കൂടാതെ, ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത് ഇസ്‌ലാം പരിഗണിക്കുന്ന ലക്ഷ്യവും, നിലനില്‍പ്പിനടിസ്ഥാനമായിട്ടുളള കാര്യങ്ങളില്‍നിന്ന് വേര്‍പ്പെട്ടുകൊണ്ടല്ലെന്ന് ഗാരോഡി അതോടൊപ്പം ചേര്‍ക്കുന്നു.
മുസ്‌ലിം പണ്ഡിതര്‍ അറിവിന് സവിശേഷത നല്‍കുന്നത് അല്ലാഹുവിന്റെ അടുക്കല്‍ അതിനുളള പ്രാധാന്യത്തെ പരിഗണിച്ചുകൊണ്ടാണ്. രണ്ടു കാര്യങ്ങളാണ് ഗരോഡി ഇക്കാര്യത്തില്‍ വീക്ഷിക്കുന്നത്. വിജ്ഞാനം വ്യക്തിയുടെ അല്ലെങ്കില്‍ സമൂഹത്തിന്റെ ഉയര്‍ന്ന ലക്ഷ്യവും, ലക്ഷ്യം അനന്തമായിരക്കണമെന്നതാണത്. ഇവിടെ കാരണങ്ങളില്‍നിന്ന് കാരണങ്ങളിലേക്കും, കാരണങ്ങളില്‍നിന്ന് ഫലങ്ങളിലേക്കുമായി പരിമിതപ്പെടുന്ന ഉപയോഗങ്ങള്‍ക്കപ്പുറമായി ബുദ്ധിക്ക് മറ്റൊരു രീതിയിലുളള ഉപയോഗമുണ്ട്. അത് ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്കുളള ബുദ്ധിയുടെ മുന്നേറ്റമാണ്. അല്ലെങ്കില്‍, എല്ലാം വലയംചെയ്തുകൊണ്ടുളള ദൈവത്തിന്റെ ഉയര്‍ങ്ങളിലെത്താതെ, താഴ്ന്ന നിലയില്‍നിന്ന് ഉന്നതങ്ങളിലേക്കുളള പ്രയാണമാണ്. ഇത്, അറിവ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വലയം ചെയ്തുനില്‍ക്കുന്നതാണ് എന്ന് വാദത്തെ ബലപ്പെടുത്തുന്നതാണ്.
കലയും അമൂര്‍ത്തതയും
ഇസ്‌ലാമിന്റെ മറ്റൊരു പ്രതിജ്ഞയായി ഗരോഡി കാണുന്നത് കലയെയാണ്. കേവലമായ അര്‍ഥത്തിലും മൂല്യത്തിലും പാശ്ചാത്യര്‍ കലയെ കാണുന്നതുപോലെയല്ല ഇസ്‌ലാം കലയെ സമീപിക്കുന്നത്. മുസ്‌ലിമായ കലാകാരന്‍ തന്റെ അത്മീയാനുഭവത്തെ കലയിലൂടെ ആവിഷ്‌കരിക്കുകയാണ് ചെയ്യുക. അല്ലാതെ, കലയെന്നത് കേവലമായ വിവരണമോ വര്‍ണനയോ അല്ല. അത്, ഉദ്ദേശ-ലക്ഷ്യങ്ങളെ പ്രാത്സാഹിപ്പിച്ചുകൊണ്ടുളള ലോകത്തിനുളള പൊതവായ കാഴ്ചപ്പാടാണ്. ഗരോഡിയെ സംബന്ധിച്ചെടത്തോളം എല്ലാ കലകളും പള്ളികളിലേക്ക് നയിക്കുന്നതും, പള്ളികള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതുമാണ്. കലകള്‍ക്കെല്ലാം ഇസ്‌ലാം നല്‍കുന്ന വഴിത്തിരിവാണിത്. കലയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യതിരിക്തതയാണ് പള്ളികളുടെ നിര്‍മാണത്തിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. ചിത്രങ്ങളിലേക്കും രൂപങ്ങളിലേക്കും അഭയംപ്രാപിക്കാത്ത അമൂര്‍ത്തതയാണ് അത് കാഴ്ചവെക്കുന്നത്. കണ്ണുകൊണ്ട് കാണേണ്ടതില്ലാത്ത വിധം അല്ലാഹു എല്ലായിടത്തുമുണ്ടെന്ന് അത് വിളംബരം ചെയ്യുകയാണ്. രൂപങ്ങളെ സങ്കല്‍പ്പിക്കുന്നതിനെ നിരസിച്ചുകൊണ്ടുളള ഇസ്‌ലാമിക വിശ്വാസത്തില്‍നിന്നാണത് രുപമെടുക്കുന്നത്.
ഇഹലോകത്തിലെ മറ്റൊന്നുമായും രുപസാദൃശ്യപ്പെടുത്താനും വിവരിക്കാനും സാധ്യമല്ലാത്തതാണ് ദൈവം. ആകയാല്‍, പള്ളികള്‍ക്കകത്ത് അനുവദിക്കപ്പെട്ട ഒരേ അലങ്കാരം ആവര്‍ത്തിക്കപ്പെടുന്ന പരസ്പരകൂട്ടയിണക്കുന്ന ജ്യാമിതീയ മാതൃകയിലുളളവയാണ്(അല്ലാഹുവിനെ വാഴ്ത്തികൊണ്ടുളള എഴുത്ത് ചിത്രം). അത് അല്ലാഹുവിനെ അനന്തമായി വാഴ്ത്തുകയും അവന്റെ നിരന്തര സാന്നിധ്യത്തെ പ്രകടമാക്കുകയും ചെയ്യുന്നു. പളളികളുടെ പുറത്ത്, ഇസ്‌ലാമിക കലകള്‍ ദൈവസാന്നിധ്യത്തെ തെളിയിക്കുന്നതിനുളള അടയാളവും സത്യത്തെ ഓര്‍മപ്പെടുത്തുന്നവയുമാണ്. അത് ശാശ്വതമായ ഖുര്‍ആനിക വചനങ്ങള്‍ പറഞ്ഞുവെക്കുന്നു: ‘ കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റെ തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാര്‍ഥിച്ചാലും അല്ലാഹുവിന്റെ സാന്നിധ്യമുണ്ടായിരിക്കും (അല്‍ബഖറ: 115). അതുകൊണ്ടുതെന്ന എല്ലാ വസ്തുക്കളും, നാം ദിനേന ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും, വലിയ നാശത്തിന് കാരണമാകുന്ന ആലേഖനം ചെയ്യപ്പെട്ട വാളുകളില്‍പോലും ദൈവസാന്നിധ്യത്തിനുളള ദൃഷ്ടാന്തങ്ങളാണ്. എല്ലാം ഏകദൈവ വിശ്വാസത്തെ കേന്ദ്രമാക്കിയാണ് കറങ്ങികൊണ്ടിരിക്കുന്നത്.