ശാസ്ത്രത്തിലുള്ള നമ്മുടെ വിശ്വാസം മുതലെടുത്തുകൊണ്ട് ഈശ്വരവിശ്വാസത്തിനും മതത്തിനുമെതിരായി ശാസ്ത്രസമൂഹത്തിലെ നിരീശ്വര ലോബി പല കപടസിദ്ധാന്തങ്ങള്‍ക്കും ജന്മം നല്‍കി അവയെ പോഷിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. ശാസ്ത്രമെന്ന വ്യാജേന പ്രചരിക്കപ്പെടുന്ന അത്തരം സിദ്ധാന്തങ്ങളെയാണ് യുക്തിവാദികളും മറ്റും ദൈവാസ്തിത്വത്തെ ചോദ്യം ചെയ്യാനും ഇസ്‌ലാമിനെതിരായും ആയുധമായി ഉപയോഗിക്കുന്നത്. അവയില്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കപ്പെട്ട സിദ്ധാന്തമാണ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം. പരിണാമ സിദ്ധാന്തത്തിന്റെ അശാസ്ത്രീയതയും അസ്വീകാര്യതയും ജനശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ഭൂമിയിലെ ജൈവവൈവിധ്യം എങ്ങനെയുണ്ടായെന്ന് വിശദീകരിക്കുന്നതിനായി പ്രകൃതിശാസ്ത്ര പണ്ഡിതനായിരുന്ന ചാള്‍സ് ഡാര്‍വിന്‍ 1859-ല്‍ പ്രസിദ്ധീകരിച്ച On the Origin of Species by Means of Natural Selection, Or the Preservation of Favored Races in the Struggle for Life എന്ന ഗ്രന്ഥത്തിലെ ആശയങ്ങളാണ് പരിണാമ സിദ്ധാന്തമായി അറിയപ്പെടുന്നത്. The Origin of Species‑ എന്ന ചുരുക്കപ്പേരിലാണ് ഇപ്പോള്‍ ആ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പരിണാമ സിദ്ധാന്തം ഇന്ന് ഏറെ വികസിച്ചിട്ടുണ്ടെങ്കിലും (ഉദാ. Neo Darwinism, Modern Synthesis), അതിന്റെ മൂലപ്രമാണമായാണ് ഡാര്‍വിന്റെ ഗ്രന്ഥം നിലനില്‍ക്കുന്നത്.
ഡാര്‍വിന്റെ സിദ്ധാന്തപ്രകാരം ഭൂമിയിലെ എല്ലാ ജീവികളും ഏതാനും കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് യാദൃഛികമായുണ്ടായ ഒരു ജീവിയില്‍നിന്ന് കാലക്രമേണ പരിണമിച്ചുണ്ടായതാണ്. മാറ്റപ്പെടാവുന്ന ജൈവവ്യവസ്ഥയായിട്ടാണ് ഡാര്‍വിന്‍ ജീവിയെ കണ്ടിരുന്നത്. പ്രകൃതിയില്‍ എല്ലാ ജീവികളും സ്വന്തം നിലനില്‍പിനുള്ള കടുത്ത മാത്സര്യത്തിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ സാഹചര്യത്തില്‍ ഒരു ജീവിയില്‍ ഏതെങ്കിലും വിധത്തില്‍ അതിന് പ്രയോജനപ്പെടുന്ന ഒരു പൈതൃകവ്യതിയാനം ഉണ്ടാകുമ്പോള്‍ അത് മാത്സര്യത്തെ അതിജീവിക്കാന്‍ ജീവിയെ സഹായിക്കുകയും അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. ഒരു ജീവിക്ക് പ്രയോജനപ്പെടുന്ന പൈതൃക വ്യതിയാനത്തെ നിലനിര്‍ത്തുന്നതിനെയാണ് ‘പ്രകൃതി നിര്‍ധാരണം’ അഥവാ ‘പ്രകൃതി തെരഞ്ഞെടുപ്പ്’ (Natural Selection) എന്ന് പറയുന്നത്. അങ്ങനെ സംഭവിക്കുന്ന ചെറുമാറ്റങ്ങള്‍ ജീവിയില്‍ ഒന്നിച്ചുകൂടി നീണ്ട കാലത്തിനുള്ളില്‍ പൂര്‍വാധികം മത്സരശേഷിയുള്ള പുതിയ ജീവിയായി അത് രൂപാന്തരപ്പെടുന്നു. ഭൂമിയിലുള്ള ലക്ഷക്കണക്കിന് ജീവികള്‍ അങ്ങനെയാണുണ്ടായതെന്നാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം വാദിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം, ജീവികളില്‍ പൈതൃക വ്യതിയാനങ്ങള്‍ ആകസ്മികമായാണ് ഉണ്ടാവുക. ജനിതകമാറ്റം അഥവാ ജീനിലുണ്ടാകുന്ന മാറ്റമാണ് (Gene Mutation) പൈതൃക വ്യതിയാനങ്ങള്‍. യാദൃഛിക ജനിതക മാറ്റങ്ങള്‍ (Spontaneous Gene Mutation) സംഭവിക്കുന്നത് പ്രകൃതിയിലെ പശ്ചാത്തല വികിരണ (Cosmic Background Radiation) ത്തിന്റെ ഫലമായെന്നാണ് ആധുനിക ശാസ്ത്രവീക്ഷണം.
ശാസ്ത്രചരിത്രത്തില്‍ ഒരു സിദ്ധാന്തം അതിന്റെ അവതരണം മുതല്‍ വിവാദമായി തുടരുന്നത് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം മാത്രമാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഈ സിദ്ധാന്തത്തെ തെളിയിക്കപ്പെട്ടതായാണ് അതിന്റെ വക്താക്കള്‍ പ്രചരിപ്പിക്കുന്നത്. ശാസ്ത്രം തെളിയിച്ചതാണെങ്കില്‍ അത് വിവാദമായി നില്‍ക്കില്ലല്ലോ. പരിണാമ സിദ്ധാന്തത്തിനെതിരായി പ്രതിഷേധമുയരുന്നത് കൂടുതലും ശാസ്ത്രസമൂഹത്തില്‍നിന്നാണ്, പരിണാമവാദികള്‍ പ്രചരിപ്പിക്കുന്നതുപോലെ മതത്തില്‍നിന്നല്ല. ശാസ്ത്ര തെളിവുകള്‍ സിദ്ധാന്തത്തിനെതിരുമാണ് (ഈ വിശകലനത്തില്‍ കൊടുത്ത ഡാര്‍വിന്റെ പ്രസ്താവനകള്‍ The Origin of Species, Bantam Books, New York, 1999-ല്‍നിന്ന് ഉദ്ധരിച്ചതാണ്).
ശാസ്ത്രാടിത്തറയില്ലാത്ത സങ്കല്‍പങ്ങള്‍
1) ജീവിവര്‍ഗങ്ങള്‍ നിലനില്‍പ്പിനായുള്ള കടുത്ത മാത്സര്യത്തിലാണെന്ന് പരിണാമ സിദ്ധാന്തം സങ്കല്‍പിക്കുന്നു. ഡാര്‍വിന്‍ പറയുന്നു: ”ഉയര്‍ന്ന നിരക്കിലുള്ള ജീവികളുടെ സംഖ്യാവര്‍ധന അനിവാര്യമായും നിലനില്‍പിനു വേണ്ടിയുള്ള മത്സരത്തിലേക്ക് ചെന്നെത്തിക്കുന്നു” (പേജ്, 55). ”നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടം സാര്‍വത്രികമായ ഒരു സത്യമാണെന്നു വാക്കുകളില്‍ സമ്മതിക്കുന്നതിലേറെ എളുപ്പമായി മറ്റൊന്നുമില്ല” (പേജ്, 54). പ്രകൃതിയില്‍ ജീവികള്‍ തമ്മില്‍ നിലനില്‍പ്പിനായുള്ള കടുത്ത പോരാട്ടത്തിലാണെന്നു പറയുന്നത് വസ്തുതകളെ വളച്ചൊടിക്കലാണ്. പ്രകൃതിയില്‍ കാണാന്‍ കഴിയുക മത്സരമല്ല, ജീവിവര്‍ഗങ്ങള്‍ തമ്മിലുള്ള സഹകരണമാണ്. മത്സരത്തെ അതിജീവിക്കാന്‍ കരുത്താര്‍ജിക്കപ്പെട്ട നിലയിലല്ല ജീവിവര്‍ഗങ്ങള്‍ പ്രകൃതിയില്‍ നിലകൊള്ളുന്നത്.
അരാജകവാദിയായ പീറ്റര്‍ ക്രൊപോട്കിന്‍ ഡാര്‍വിനിസത്തിനെതിരെ പോരാടിയ റഷ്യന്‍ വിപ്ലവകാരിയായിരുന്നു. ജീവിവര്‍ഗങ്ങളില്‍ പരിണാമമുണ്ടാകുന്നത് നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടഫലമായാണെന്ന ആശയത്തെ അദ്ദേഹം ഖണ്ഡിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ‘അവര്‍ (പരിണാമവാദികള്‍) ധരിച്ചിരിക്കുന്നത് മൃഗലോകം അരപ്പട്ടിണിയില്‍ കഴിയുന്ന അംഗങ്ങള്‍ തമ്മില്‍ ചോരക്കുവേണ്ടി ശാശ്വതമായ പോരാട്ടം നടക്കുന്ന ഒരു ലോകമെന്നാണ്.’ പ്രശസ്ത ഫോസില്‍ ഗവേഷകനായ സ്റ്റീഫന്‍ ജെ. ഗോള്‍ഡ് Bully for Brontosaurus എന്ന തന്റെ ഗ്രന്ഥത്തില്‍ ക്രൊപോട്കിന്റെ വീക്ഷണങ്ങള്‍ക്കായി ഒരു അധ്യായം തന്നെ നീക്കിവെച്ചതായി കാണാം. സഹവര്‍ത്തിത്വത്തിലധിഷ്ഠമായ ജീവിവര്‍ഗങ്ങളുടെ നിലനില്‍പ് പ്രകൃതി യാഥാര്‍ഥ്യമാണ്. കാലത്തെ അതിജീവിച്ച പ്രതിഭാസമായ ‘പ്ലാങ്ക്ടണ്‍ വിരോധാഭാസം’ (Plankton Paradox) ജീവിവര്‍ഗങ്ങള്‍ തമ്മില്‍ നിലനില്‍പ്പിനു വേണ്ടിയുള്ള മത്സരത്തിലാണെന്ന ഡാര്‍വിനിയന്‍ ആശയത്തിനെതിരായ പ്രത്യക്ഷ തെളിവാണ്. ജലാശയങ്ങളില്‍ കാണുന്ന ചില ജീവികളാണ് പ്ലാങ്ക്ടണ്‍. പ്ലാങ്ക്ടണ്‍ വര്‍ഗങ്ങളെല്ലാം ഒരേ വിഭവങ്ങളെ ആശ്രയിച്ചു കഴിയുന്നവയാണ്. എല്ലാ പ്ലാങ്ക്ടണ്‍ ആല്‍ഗ(Alga)കളും സൗരോര്‍ജവും വെള്ളത്തില്‍ ലയിച്ചിരിക്കുന്ന ധാതുക്കളുമാണ് ഉപയോഗിക്കുന്നത്. പ്ലാങ്ക്ടണ്‍ ആല്‍ഗ വര്‍ഗങ്ങളിലെ വൈവിധ്യം വളരെയേറെയാണ്. പക്ഷേ ജലാശയങ്ങളിലെ ധാതുഘടകങ്ങളില്‍ പറയത്തക്ക മാറ്റങ്ങളൊന്നും ഇല്ലതാനും. അതായത് ജീവിക്കാന്‍ ഒരേ വിഭവങ്ങള്‍ ആവശ്യമായ വൈവിധ്യമാര്‍ന്ന ആല്‍ഗ വര്‍ഗങ്ങള്‍ മത്സരമോ പരസ്പര ബഹിഷ്‌കരണമോ ഇല്ലാതെ സഹകരണത്തോടെ ജീവിക്കുന്ന കാഴ്ചയാണ് നാം പ്രകൃതിയില്‍ കാണുന്നത്.
2) പരിണാമത്തിനു കാരണമായി പറയുന്നത് ജീവികളില്‍ ആകസ്മികമായുണ്ടാകുന്ന പൈതൃകമാറ്റങ്ങളെയാണ്. ഡാര്‍വിന്‍ പറയുന്നു: ”…എത്ര ചെറിയ ഹാനികരമായ മാറ്റവും നശിക്കപ്പെടുമെന്നു നമുക്ക് തീര്‍ച്ചയായും തോന്നാം. പ്രയോജനകരമായ വ്യതിയാനങ്ങളുടെ സംരക്ഷണവും, ഹാനികരമായവയുടെ നാശവുമാണ് ‘പ്രകൃതി തെരഞ്ഞെടുപ്പ്’ എന്ന് ഞാന്‍ വിളിക്കുന്നത്” (പേജ്, 69). ജീവികളിലുണ്ടാകുന്ന പൈതൃക വ്യതിയാനങ്ങളാണ് കാരണമെന്ന് ഡാര്‍വിന്‍ പറയുന്നുണ്ടെങ്കിലും അതെങ്ങനെ ഉണ്ടാകുന്നുവെന്ന അറിവ് അക്കാലത്തില്ലായിരുന്നു. ആകസ്മികമായുണ്ടാകുന്ന ജീന്‍ വ്യതിയാനങ്ങളാണ് (Spontaneous Gene Mutation) ജനിതക പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് ശാസ്ത്രവീക്ഷണം.
ജനിതക മാറ്റങ്ങള്‍ മിക്കവയും സംഭവിക്കുന്നത് പ്രകൃതിയിലെ പശ്ചാത്തല വികിരണ (Background Radiation) ത്തിന്റെ ഫലമായെന്നാണ് കരുതുന്നത്. ഈ വിഷയത്തില്‍ നടന്നിട്ടുള്ള പഠനങ്ങള്‍ ഈ അനുമാനത്തെ പിന്താങ്ങുന്നില്ല. ശരീരത്തിലെ ഏത് കോശത്തിലുണ്ടാകുന്ന ജീന്‍ മാറ്റവും പാരമ്പര്യ വ്യതിയാനത്തിനു കാരണമാകുന്നില്ലെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ബീജകോശങ്ങളില്‍ സംഭവിക്കുന്ന ജീന്‍ മാറ്റത്തിനു മാത്രമേ പാരമ്പര്യ വ്യതിയാനമുണ്ടാക്കാനാവുകയുള്ളൂ. ഡാര്‍വിന്‍ സൂചിപ്പിക്കുന്ന ജനിതകമാറ്റം വിവക്ഷിക്കുന്നത് ബീജകോശങ്ങളില്‍ സംഭവിക്കുന്ന ജീന്‍ മാറ്റത്തെ മാത്രമാണ്. ഉദാഹരണമായി മനുഷ്യശരീരത്തില്‍ നൂറുലക്ഷം കോടി കോശങ്ങളുണ്ടെങ്കിലും അവയിലുണ്ടാകുന്ന ജനിതകമാറ്റങ്ങളൊന്നും പൈതൃകമാറ്റത്തിനു കാരണമാകുന്നില്ല. ആണിന്റെയും പെണ്ണിന്റെയും ബീജങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കു മാത്രമേ സന്തതികളിലേക്ക് പ്രവേശിക്കാനാകൂ. ബീജങ്ങളില്‍ ആകസ്മികമായ ജനിതകമാറ്റം സംഭവിക്കുന്നതിന് തെളിവൊന്നുമില്ല. സംഭവിക്കുന്നില്ലെന്നാണ് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രകൃതിയിലെ പശ്ചാത്തല വികിരണത്തിലൂടെ വളരെ കുറച്ച് അണുപ്രസരമാണ് ഭൂമുഖത്തെ ജീവികളുടെ മേല്‍ പതിക്കുന്നത്. മനുഷ്യനു ഒരു വര്‍ഷം കിട്ടുന്ന ഇതിന്റെ തോത് രണ്ടുമുതല്‍ മൂന്നു വരെ മില്ലി സീവര്‍ട്ടാണ്. ഇത് വളരെ നിസ്സാരമായ അളവാണ്. ഈ അളവിലുള്ള അണുപ്രസരത്തിന് ശരീര കോശങ്ങളിലെ ജീനുകളില്‍ മാറ്റം ഉണ്ടാക്കാനാവുമെന്നതിന് ശാസ്ത്ര തെളിവൊന്നുമില്ല. ഇതിലും കൂടിയ അണുപ്രസരമുള്ള പ്രദേശങ്ങളില്‍ മനുഷ്യനില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത് രക്തത്തിലെ ചുരുക്കം ചില ജീനുകള്‍ക്ക് പരിവര്‍ത്തനമുണ്ടായെന്നല്ലാതെ ബീജകോശ ജീനുകളില്‍ ഒരു മാറ്റവുമുണ്ടായില്ലെന്നാണ്. കൂടാതെ ബാക്ടീരിയയില്‍ നടത്തിയ പഠനവും ഇതുപോലൊരു ഫലമാണ് നല്‍കിയത്. അണുപ്രസരമുള്ള പ്രകൃതിയിലെ ഐസോടോപ്പായ 40 K (ഈ ഐസോടോപ്പാണ് ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തില്‍ പ്രവേശിച്ചു ശരീരത്തിനകത്തുള്ള വികിരണത്തിന്റെ ഏറിയ പങ്കും വഹിക്കുന്നത്) ആകസ്മിക ജീന്‍ പരിവര്‍ത്തനത്തിന് കാര്യമായ സംഭാവനയൊന്നും നല്‍കുന്നില്ലെന്നാണ്.
ആകസ്മിക ജനിതക വ്യതിയാന ഫലമായാണ് പുതിയ ജീവിവര്‍ഗങ്ങള്‍ പഴയ വര്‍ഗങ്ങളില്‍നിന്ന് പരിണമിച്ചുണ്ടാകുന്നതെന്ന ആശയം തെറ്റാണെന്നതിന് മറ്റു തെളിവുകളുമുണ്ട്. പ്രശസ്ത ശാസ്ത്രജ്ഞന്മാരായ ഫ്രാന്‍സിസ് ക്രിക്കും മുര്‍ഖിനും കാള്‍ സാഗനും നടത്തിയ പഠനങ്ങളില്‍നിന്ന് മനസ്സിലായത് ആകസ്മിക പ്രക്രിയയാല്‍ മനുഷ്യവര്‍ഗം ഉണ്ടാകാനുള്ള സാധ്യത തീരെ ഇല്ലെന്നു തന്നെയാണ്. അമേരിക്കയിലെ ഡിസ്‌കവറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് കള്‍ച്ചറിന്റെ ഡയറക്ടറായ സ്റ്റീഫന്‍ മെയറുടെ ‘കാംബ്രിയന്‍ സ്‌ഫോടന’ത്തെ സംബന്ധിച്ച പഠന ഫലങ്ങളും ഈ ആശയത്തിന് അനുകുലമല്ല. ജീവിലോകത്തെ ബിഗ് ബാംഗ് എന്നറിയപ്പെടുന്ന ‘കാംബ്രിയന്‍ സ്‌ഫോടനം’ ഫോസിലുകളിലൂടെ വെളിപ്പെടുത്തുന്നത് കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുമ്പ് പെട്ടെന്നുണ്ടായ ധാരാളം പുത്തന്‍ മൃഗ ശരീരഘടനകളെയാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയും വിപുലവും വൈവിധ്യവുമാര്‍ന്ന ശരീരഘടനകള്‍ സൃഷ്ടിക്കാന്‍ ആകസ്മിക ജീന്‍ പരിവര്‍ത്തന നിരക്ക് ഒട്ടും പര്യാപ്തമല്ല.
പ്രകൃതിയിലെ പശ്ചാത്തല വികിരണത്തിന്റെ ഫലമായാണ് ജീവികളുടെ കോശങ്ങളിലെ ജീനുകള്‍ക്ക് പരിവര്‍ത്തനം സംഭവിക്കുന്നതെന്ന ആശയത്തെ തകിടം മറിച്ചുകൊണ്ടാണ് 1970-ല്‍ പാരീസിലെ റെനെ ഡെസ്‌കാര്‍ടെ യൂനിവേഴ്‌സിറ്റിയിലെ ജനിതക ശാസ്ത്രജ്ഞനായ മിറോസ്‌ലാവ് റാഡ്മാന്‍ തന്റെ ഗവേഷണ ഫലങ്ങള്‍ പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങള്‍ വെളിപ്പെടുത്തിയത് കോശങ്ങളില്‍ തന്നെ ജീനിനെ മാറ്റാനുള്ള പ്രോഗ്രാം ഉണ്ടെന്നാണ്. അന്ന് യാഥാസ്ഥിതിക ശാസ്ത്രജ്ഞന്മാര്‍ അത് വിശ്വസിക്കാന്‍ തയാറായില്ല. പിന്നീട് 1988-ല്‍ ഹാര്‍വാഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ മോളിക്കുലര്‍ ബയോളജിസ്റ്റായ ജോണ്‍ കെയ്ന്‍സിന്റെ നേതൃത്വത്തില്‍ ബാക്ടീരിയയില്‍ നടത്തിയ ഗവേഷണത്തില്‍നിന്നും ഇതിലും ബലവത്തായ ഫലങ്ങളായിരുന്നു പുറത്തുവന്നത്. അവരുടെ പഠനം തെളിയിച്ചത് പരിസ്ഥിതിക്ക് അനുയോജ്യമായ ജീന്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ ബാക്ടീരിയയുടെ കോശത്തില്‍ തന്നെ സംവിധാനമുണ്ടെന്നാണ്. ഈ പ്രതിഭാസം ‘കോശ നിര്‍ദേശിത ജീന്‍ പരിവര്‍ത്തനം’ (Cell Directed Mutagenesis) എന്നാണ് അറിയപ്പെടുന്നത്. ധാരാളം പഠനങ്ങള്‍ ഈ കണ്ടെത്തലിനെ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ഇവയൊന്നും പരിണാമ സിദ്ധാന്തത്തെ ഒരു പുനഃപരിശോധനക്ക് വിധേയമാക്കാന്‍ ജീവശാസ്ത്രജ്ഞന്മാര്‍ക്ക് പ്രേരകമാകുന്നില്ല. പ്രശസ്ത ശാസ്ത്ര ജേര്‍ണലായ Science-ല്‍ എലിസബത്ത് പെന്നിസി ഇങ്ങനെ എഴുതുകയുണ്ടായി: ”ജനിതകമാറ്റവും അതിനെ തുടര്‍ന്ന് പുതിയ സ്പീഷിസിന്റെ പരിണാമവും സംഭവിക്കുന്നത് പൊതുവെ ധരിച്ചിരിക്കുന്നത്, ജീനുകളില്‍ നടക്കുന്ന ചെറിയ ആകസ്മിക പരിവര്‍ത്തനങ്ങളുടെ ഫലമായെന്നാണ്. പക്ഷേ വര്‍ധിച്ചുവരുന്ന പഠന ഫലങ്ങള്‍ ശക്തമായി സൂചിപ്പിക്കുന്നത് ഈ വീക്ഷണം തെറ്റാണെന്നാണ്. പരിണാമത്തിലേക്കു നയിക്കുന്ന ജീന്‍ പരിവര്‍ത്തനം തീര്‍ച്ചയായും ജനിതക പദാര്‍ഥത്തിന്റെ ആകമാനമുള്ള കൂട്ടിക്കലര്‍ത്തലും പകര്‍പ്പുണ്ടാക്കലും, ജീനിന്റെ പ്രകടന സ്വഭാവത്തിലോ അല്ലെങ്കില്‍ പുതിയ കൃത്യങ്ങളുള്ള ജീനുണ്ടാക്കാനോ ഉള്ള മാറ്റങ്ങളും ഉള്‍പ്പെടുന്നു. അതിലുപരി, ഈ മാറ്റങ്ങളൊന്നും പൂര്‍ണമായും ആകസ്മികമായിരിക്കില്ല…മുഖ്യധാരാ ജീവശാസ്ത്രജ്ഞന്മാര്‍ ജീനോമുകളെയും അവയില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങളെയും മറ്റൊരു വ്യത്യസ്ത കാഴ്ചപ്പാടില്‍ പരിഗണിക്കേണ്ടതാവശ്യമായി വന്നിരിക്കുകയാണ്. പരിവര്‍ത്തനങ്ങളുണ്ടാകാന്‍ അവയെതന്നെ സ്വയം ക്രമീകരിക്കുകയും അല്ലെങ്കില്‍ ചില ഡി.എന്‍.എ ഭാഗങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ മാറ്റപ്പെടാനാക്കുകയും ചെയ്തുകൊണ്ട് ജീനോമുകള്‍ പ്രകടമാക്കുന്നത് അവക്കുതന്നെ സ്വന്തമായി മാറുന്ന ചുറ്റുപാടിനെ കൈകാര്യം ചെയ്യാമെന്നാണ്”. ഇതൊക്കെയാണ് യാഥാര്‍ഥ്യമെങ്കിലും കോശനിര്‍ദേശിത ജീന്‍ പരിവര്‍ത്തനത്തെ സംശയദൃഷ്ടിയോടെയാണ് പരിണാമവാദികള്‍ കാണുന്നത്. അങ്ങനെ നടക്കുന്ന ജീന്‍ പരിവര്‍ത്തനങ്ങളും ആകസ്മിക പ്രക്രിയ ആയിക്കൂടേ എന്ന് ഇപ്പോഴും അവര്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്. പരിണാമ സിദ്ധാന്തത്തോടുള്ള ഈ മതാത്മകമായ സമീപനത്തെ അവര്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ഗുഡ്മാന്‍ പറഞ്ഞതുപോലെ ‘പരിണാമ സിദ്ധാന്തം ഒരു പുതിയ ചുളിവിനെ ഉള്‍െപ്പടുേത്തണ്ടിവന്നിരിക്കുന്നു’. പരിണാമ സിദ്ധാന്തത്തിന്റെ പ്രധാന ഘടകമായ യാദൃഛിക ജീന്‍ വ്യതിയാനത്തിന് ശാസ്ത്രത്തില്‍ തെളിവില്ല.
3) ജൈവ പരിണാമത്തിന്റെ പിന്നിലെ ചാലകശക്തിയായ ‘പ്രകൃതി തെരഞ്ഞെടുപ്പ്’ ഡാര്‍വിന്റെ മറ്റൊരു സാങ്കല്‍പിക ആശയമാണ്. ‘പ്രകൃതി തെരഞ്ഞെടുപ്പി’നെ ഡാര്‍വിന്‍ ഇങ്ങനെ വിവരിക്കുന്നു: ”ജീവനു വേണ്ടിയുള്ള പോരാട്ടത്തില്‍, ഏത് വ്യതിയാനവും, എത്ര ചെറുതായാലും എന്തു കാരണത്താലായാലും, മറ്റു ജീവികളുമായും ബാഹ്യ പ്രകൃതിയോടുമുള്ള അനന്ത സങ്കീര്‍ണമായ ബന്ധങ്ങളില്‍ അത് ഒരു സ്പീഷിസിലെ അംഗത്തിനു ഏത് തോതിലെങ്കിലും പ്രയോജനപ്പെടുമെങ്കില്‍, ആ അംഗത്തെ സംരക്ഷിക്കുകയും ആ വ്യതിയാനം സന്തതികളിലേക്ക് സാധാരണ ഗതിയില്‍ എത്തിച്ചേരുകയും ചെയ്യും…പ്രയോജനകരമായ ഓരോ നിസ്സാര വ്യതിയാനത്തെയും കാത്തുസൂക്ഷിക്കുന്ന ഈ തത്ത്വത്തെ ഞാന്‍ ‘പ്രകൃതി തെരഞ്ഞെടുപ്പ്'(Natural Selection) എന്നു വിളിക്കുന്നു”(പേജ്, 53). ”മാതാപിതാക്കളില്‍നിന്ന് സന്തതികളിലേക്ക് വരുന്ന ഓരോ നിസ്സാര വ്യത്യാസത്തിന്റെയും കാരണമെന്തായാലും, ഓരോന്നിനും ഒരു കാരണമുണ്ടായിരിക്കും. അങ്ങനെ കൂടുതല്‍ വ്യതിയാനങ്ങള്‍ പ്രകൃതി തെരഞ്ഞെടുപ്പിലൂടെ തുടരെ വന്നുചേരുന്നതോടെ പ്രധാനപ്പെട്ട ഘടനാമാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്നു. അപ്രകാരമാണ് എണ്ണമറ്റ ജീവികള്‍ ഈ ഭൂമുഖത്ത് തമ്മില്‍ പോരാടാന്‍ കഴിവാര്‍ജിക്കുന്നത്.” (പേജ്, 142). നിലനില്‍പിനായുള്ള മാത്സര്യം ഉണ്ടാകുന്നത് ജീവികളുടെ പെരുകാനുള്ള പ്രവണത കൊണ്ടാണെന്ന് ഡാര്‍വിന്‍ വിശ്വസിക്കുന്നു: ”ഓരോ ജീവിയും സ്വാഭാവികമായിത്തന്നെ ഉയര്‍ന്ന നിരക്കില്‍ പെരുകുന്നു. അത് ഇല്ലാതാക്കപ്പെട്ടില്ലെങ്കില്‍ ഭൂമി വൈകാതെ തന്നെ ഒരേയൊരു ജോടി ഇണകളുടെ സന്തതികളെക്കൊണ്ട് നിറയുമായിരുന്നു” (പേജ്, 55). ഇതിലെ വിരോധാഭാസമെന്താണെന്ന് വെച്ചാല്‍, നിലനില്‍പിനു വേണ്ടിയുള്ള പോരാട്ടം അതിജീവിച്ചുകൊണ്ട് പരിണാമ പ്രക്രിയിലൂടെ ഉണ്ടാകുന്ന പുതിയ ജീവിവര്‍ഗം പോരാട്ടത്തെ വീണ്ടും അഭിമുഖീകരിക്കേണ്ടിവരും എന്നതാണ്. പോരാട്ടം അവസാനിക്കുന്നില്ലെന്നര്‍ഥം. പോരാട്ടം അതിജീവിക്കാന്‍ കഴിവുള്ള ജീവിവര്‍ഗത്തെ ഉണ്ടാക്കുന്നതോടൊപ്പം ഉയര്‍ന്ന സംഖ്യാവര്‍ധനയിലൂടെ പ്രകൃതി നിര്‍ധാരണ മാത്സര്യം നിലനിര്‍ത്തുകയും ചെയ്യുന്നു. അതായത് പരിണാമ സിദ്ധാന്തം ഒരു വട്ടവാദമാണെന്ന് സാരം.
ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രഫസറായ ഡാനിയല്‍ വീന്‍ റീച്ചിന്റെ ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നത് പ്രകൃതി തെരഞ്ഞെടുപ്പിലൂടെ പ്രോട്ടീനുകള്‍ പരിണമിക്കാന്‍ വളരെയധികം പരിമിതികളുണ്ടെന്നാണ്. മോട്ടൂ കിമുറയുടെ ന്യൂട്രല്‍ സിദ്ധാന്തം (Neutral Theory) പ്രകൃതി തെരഞ്ഞെടുപ്പിനെതിരായിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തപ്രകാരം സര്‍വശക്തമാണെന്നു കൊട്ടിഘോഷിക്കപ്പെടുന്ന പ്രകൃതി തെരഞ്ഞെടുപ്പിന് ഒരു ശക്തിയുമില്ലെന്നാണ്. പരിണാമവാദികള്‍ ആ സിദ്ധാന്തം അംഗീകരിക്കാത്തത് സ്വാഭാവികം. ധാരാളം ശാസ്ത്രജ്ഞന്മാര്‍ പ്രകൃതി തെരഞ്ഞെടുപ്പ് എന്ന ആശയത്തെ ചോദ്യം ചെയ്തിട്ടുണ്ട്.
പ്രവചനങ്ങളുടെ പരാജയം
ഒരു ആശയത്തെയോ അവകാശവാദത്തെയോ ശാസ്ത്ര സിദ്ധാന്തമായി അംഗീകരിക്കുന്നത്, പരീക്ഷണവിധേയമാക്കി (Test Ability) അതിന്റെ സാധുത തെളിയിക്കാനോ അല്ലെങ്കില്‍ അത് തെറ്റാണെന്നു തെളിയിക്കാനോ (Falsifiability) വകയുണ്ടെങ്കിലാണ്. ആശയം തെളിയിക്കപ്പെട്ടാല്‍ അതിനെ ശാസ്ത്രസത്യമായി കണക്കാക്കാം. ഒരു സിദ്ധാന്തത്തെ നേരിട്ടു തെളിയിക്കാനോ ഖണ്ഡിക്കാനോ (Falsify) സാധ്യമല്ലെങ്കില്‍ അതിന്റെ സാധുത വിലയിരുത്താന്‍ അനുയോജ്യമായ പരോക്ഷമായ വഴികളുണ്ട്. സിദ്ധാന്തം നല്‍കുന്ന പ്രവചനങ്ങളെ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തി സിദ്ധാന്തത്തെ തെളിയിക്കുകയോ തള്ളിക്കളയുകയോ ചെയ്യാവുന്നതാണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ നേരിട്ടുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനാവില്ല. പക്ഷേ, അത് നല്‍കുന്ന പ്രവചനങ്ങളെ ശാസ്ത്രീയമായി വിലയിരുത്താനാകും.
പരിണാമ പ്രക്രിയയുടെ സാധുത വിലയിരുത്താനുതകുന്ന ചില പ്രവചനങ്ങള്‍ ഡാര്‍വിന്റെ സിദ്ധാന്തം നല്‍കുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനമായതാണ് അതിപ്രാചീനകാലത്തെ അവശിഷ്ടങ്ങള്‍ (Fossils). ഇതു സംബന്ധിച്ച ഡാര്‍വിന്റെ പ്രസ്താവനകള്‍ തന്നെ പരിശോധിക്കാം. അദ്ദേഹം പറയുന്നു: ”സ്പീഷിസുകള്‍ തമ്മിലും, വംശനാശം സംഭവിച്ച ജീവികള്‍ തമ്മിലും പരിണാമത്തിനിടയില്‍, നിര്‍ണയിക്കാന്‍ പോലും സാധ്യമല്ലാത്തത്ര ധാരാളം ഇടനില ഇനങ്ങള്‍ (Intermediate Forms) ഉണ്ടായിരിക്കും. ഈ സിദ്ധാന്തം (അതായത് പരിണാമ സിദ്ധാന്തം) ശരിയാണെങ്കില്‍ അത്തരം ജീവരൂപങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടുണ്ട്” (പേജ്, 231). ”പ്രകൃതി തെരഞ്ഞെടുപ്പിന്റെ (Natural Selection) ഫലമായി മാതൃജീവികളും ഇടയിലുള്ള ഇനങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടതിനാല്‍ അവ പണ്ട് ജീവിച്ചിരുന്നുവെന്നതിനുള്ള തെളിവ് പുരാതന അവശിഷ്ടങ്ങളിലാണ് കണ്ടെത്തുക” (പേജ് 150).
ഫോസില്‍ ഗവേഷകനായ സ്റ്റീഫന്‍ ജെ. ഗോള്‍ഡ് ചോദിക്കുന്നു: ”പ്രകൃതി തെരഞ്ഞെടുപ്പിനു അനുകൂലമായ ഒരു നീണ്ട ഇടനില ക്രമത്തിലൂടെയാണ് പരിണാമം മുന്നോട്ടു നീങ്ങുന്നതെങ്കില്‍ എങ്ങനെയാണ് ഒന്നുമില്ലാത്തതില്‍നിന്നും വിപുലമായ എന്തോ വസ്തു ഉണ്ടാകുന്നത്? നിങ്ങള്‍ക്ക് ചിറകിന്റെ രണ്ട് ശതമാനം ഭാഗംകൊണ്ട് പറക്കാനൊക്കില്ല. മറ്റൊരുവിധത്തില്‍ പറയുകയാണെങ്കില്‍, ഇന്നു നാം കാണുന്ന വിപുലമായ ഘടനകളായ നിലയില്‍ മാത്രം ഉപയോഗിക്കാനാവുന്നവ, അവയുടെ ആരംഭഘട്ടങ്ങളെ എങ്ങനെ പ്രകൃതി തെരഞ്ഞെടുപ്പിനു വിശദീകരിക്കാന്‍ സാധിക്കും?” (Natural History, October, 1985). പരിണാമ സിദ്ധാന്ത പ്രകാരം ജീവിക്ക് ഏതെങ്കിലും വിധത്തില്‍ ഗുണകരമായ ജനിതക വ്യതിയാനം മാത്രമേ തെരഞ്ഞെടുക്കപ്പെടുകയുള്ളു. അപ്പോള്‍ ആരംഭഘട്ടങ്ങളിലെ ജീവിക്ക് പ്രയോജനകരമല്ലാത്ത ജനിതക വ്യതിയാനങ്ങളെ പ്രകൃതി തെരഞ്ഞെടുപ്പിന് സാധ്യമാകുമോ എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്. സിദ്ധാന്തത്തിന്റെ അടിത്തറയെയാണ് ഇത് ഇളക്കുന്നത്.
പ്രശസ്ത പരിണാമവാദിയും നിരീശ്വരവാദിയുമായ പ്രഫ. റിച്ചാര്‍ഡ് ഡോക്കിന്‍സ് പരിണാമസിദ്ധാന്തത്തെ ന്യായീകരിക്കാനായി പറയുന്ന പരിണാമത്തിലൂടെ കണ്ണുണ്ടായ കഥ വെറും ഫലിതമാണ്. ശാസ്ത്രത്തെ അവഹേളിക്കലുമാണ്. തുടര്‍ച്ചയായി മെച്ചപ്പെട്ടുകൊണ്ടുള്ള പരിണാമ പ്രക്രിയയായാണ് അദ്ദേഹം അതിനെ വിശദീകരിക്കുന്നത്. അദ്ദേഹം പറയുന്നു: കണ്ണിന്റെ ഒരു ശതമാനം ഉണ്ടാകുന്നത് തീരെ ഇല്ലാത്തതിനേക്കാള്‍ നല്ലതാണ്. രണ്ടു ശതമാനം ഉണ്ടാകുന്നത് അതിനേക്കാള്‍ നല്ലത്. അങ്ങനെ പടിപടിയായി കണ്ണിന്റെ അമ്പത് ശതമാനവും അതില്‍ കൂടുതലുമൊക്കെയായി പൂര്‍ണരൂപത്തിലേക്ക് പരിണമിക്കുന്നു. അതായത് ഓരോ പരിണാമ ദശയും അതിന് മുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെട്ടതായിരിക്കുമെന്ന് സാരം. പക്ഷേ, മെച്ചപ്പെട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നതല്ലാതെ ഒരു ശതമാനം കണ്ണുകൊണ്ട് ജീവിക്ക് എന്ത് പ്രയോജനമാണുണ്ടാവുക എന്ന് വിശദീകരിക്കുന്നില്ല. പ്രയോജനമുണ്ടെങ്കിലല്ലേ ആ ജനിതക മാറ്റം നിലനിര്‍ത്തപ്പെടുകയുള്ളൂ, അഥവാ തെരഞ്ഞെടുക്കപ്പെടുകയുള്ളു. തെരഞ്ഞെടുക്കപ്പെട്ടെങ്കില്‍ മാത്രമല്ലേ അടുത്ത പടിയായി അദ്ദേഹം പറയുന്ന രണ്ടു ശതമാനം കണ്ണിന്റെ ചോദ്യംതന്നെ ഉദിക്കുന്നുള്ളൂ. കൂടാതെ ഒരു ശതമാനം കണ്ണ്, രണ്ടു ശതമാനം കണ്ണ് എന്നിങ്ങനെ പടികളായി പറയുന്ന കണ്ണിന്റെ (അല്ലെങ്കില്‍ മറ്റേത് അവയവത്തിന്റേതായാലും) അംശത്തിന്റെ യഥാര്‍ഥ രൂപം എന്താണെന്നും വിശദീകരിക്കുന്നില്ല (റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ The Blind Watchmaker എന്ന പുസ്തകം കാണുക). ഒരു ശതമാനം കണ്ണ്, രണ്ട് ശതമാനം കണ്ണ് എന്നൊക്കെ പരിണാമവാദികള്‍ വിശേഷിപ്പിക്കുന്ന ഇടനില രൂപങ്ങള്‍ക്ക് എന്തര്‍ഥമാണുള്ളത്? അവര്‍ക്ക് നിര്‍വചിക്കാനാകുമോ? ആണും പെണ്ണുമുള്ള വര്‍ഗങ്ങളില്‍ (ഉദാ: മനുഷ്യന്‍) പ്രത്യുല്‍പാദനത്തിനായി പരസ്പരം യോജിപ്പുള്ള ലൈംഗികാവയവങ്ങള്‍ ഘട്ടംഘട്ട പരിണാമത്തിലൂടെ എങ്ങനെ ഉണ്ടായെന്ന് ശാസ്ത്രാടിസ്ഥാനത്തില്‍ പരിണാമവാദികള്‍ വിശദീകരിക്കുമോ?
ഒരു ശരീരഭാഗം ധാരാളം ഇടനില രൂപങ്ങളിലൂടെ പരിണമിച്ചാണുണ്ടായതെന്ന് പറയുമ്പോള്‍ അതിന്റെ അര്‍ഥം, ആ അവയവത്തിന്റെ ധാരാളം അപൂര്‍ണ ഇടനില രൂപങ്ങള്‍ സൃഷ്ടിക്കാവുന്ന വ്യത്യസ്ത ജീനുകള്‍ ഉണ്ടെന്നാണ്. ഇതിനൊന്നിനുും പ്രകൃതിയിലോ ശാസ്ത്രത്തിലോ ഒരു തെളിവുമില്ല. ഇത് സ്ഥിരീകരിക്കുന്നത് ഇടനില രൂപങ്ങളിലൂടെ പരിണമിച്ചുണ്ടായതല്ല ഭൂമിയിലെ ജീവിവര്‍ഗങ്ങള്‍ എന്നാണ്.
ഫോസിലുകളില്‍ ഇടനില ജീവികളെ കുറിച്ച് തെളിവൊന്നുമില്ലെന്ന് തന്റെ സിദ്ധാന്തം പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ ഡാര്‍വിന് അറിയാമായിരുന്നു. ഫോസില്‍ ശേഖരത്തില്‍ തെളിവില്ലാത്തതിനെ സംബന്ധിച്ച് ഡാര്‍വിന്‍ എഴുതുന്നത് കാണുക: ”ഇതായിരിക്കാം എന്റെ സിദ്ധാന്തത്തിനോടുള്ള ഏറ്റവും ഗുരുതരമായ എതിര്‍പ്പ്. ഇതിന്റെ വിശദീകരണം, ഞാന്‍ വിശ്വസിക്കുന്നത്, ഫോസില്‍ രേഖ അങ്ങേയറ്റം അപൂര്‍ണമാണെന്നാണ്” (പേജ്, 230). പരിണാമ സിദ്ധാന്തത്തിനു രൂപം കൊടുക്കുമ്പോള്‍ തന്നെ ഡാര്‍വിന് അറിയാവുന്നതാണ് ഫോസില്‍ രേഖ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിനു തെളിവ് നല്‍കില്ലെന്ന്. ഈ വസ്തുത നല്ലപോലെ അറിയാമായിരുന്നിട്ടും ഫോസിലിലാണ് പരിണാമ സിദ്ധാന്തത്തിനനുകൂലമായ ഏറ്റവും വലിയ തെളിവ് കണ്ടെത്തുകയെന്ന് തന്റെ ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നത്, ശാസ്ത്ര പാരമ്പര്യത്തിന് കടകവിരുദ്ധമാണെന്നു മാത്രമല്ല അപഹാസ്യവുമാണ്. ദൈവസൃഷ്ടിയില്‍ ദൈവത്തിനെതിരെ തെളിവുകള്‍ കണ്ടെത്താനുള്ള മൂഢശ്രമമാണ് ഡാര്‍വിന്‍ നടത്തിയത്. സ്പീഷിസുകള്‍ക്കിടയിലുള്ള ഇനങ്ങള്‍ ഉണ്ടാകണമെന്നുള്ളത് ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ ആവശ്യമെന്നല്ലാതെ സ്രഷ്ടാവിന്റെ ആവശ്യമല്ല. അതുകൊണ്ടാണ് ഫോസില്‍ രേഖയില്‍ ഇടനില ജീവികള്‍ ശൂന്യമായിരുന്നത്. ഫോസില്‍ റെക്കോര്‍ഡ് അപൂര്‍ണമാണെന്ന് പ്രഖ്യാപിച്ച് തന്റെ സിദ്ധാന്തത്തെ സാധൂകരിക്കാന്‍ ശ്രമിച്ചത് ശാസ്ത്രത്തോടുള്ള അവഹേളനമാണ്. ഒരു സിദ്ധാന്തം പ്രവചിക്കുന്ന തെളിവ് പ്രകൃതിയിലില്ലെങ്കില്‍ ആ സിദ്ധാന്തം തെറ്റാണെന്ന് വിലയിരുത്തുന്നതിനു പകരം പ്രകൃതിയെ അധിക്ഷേപിക്കുകയാണ് ഡാര്‍വിന്‍ ചെയ്തത്. ഡാര്‍വിന്റെ സിദ്ധാന്തം ഇടവര്‍ഗങ്ങളെ പ്രവചിച്ചില്ലായിരുന്നുവെങ്കില്‍ ഫോസില്‍ റെക്കോര്‍ഡിന്റെ പൂര്‍ണത ചോദ്യം ചെയ്യപ്പെടില്ലായിരുന്നു. എന്തൊരു വിരോധാഭാസം! ഇതിലേറെ വിസ്മയമുളവാക്കുന്നത് പ്രകൃതിയെ പഴിച്ചുള്ള വിശദീകരണത്തെ തള്ളിക്കളയുന്നതിനു പകരം അതിനെ ശരിവെക്കാനുള്ള ശ്രമത്തിലാണ് നിരീശ്വര ലോബി ഏര്‍പ്പെട്ടിട്ടുള്ളത് എന്നതാണ്. ഒരു വിഭാഗം ശാസ്ത്രജ്ഞന്മാര്‍ ഫോസില്‍ റെേക്കാര്‍ഡിന്റെ ‘അപൂര്‍ണത’യുടെ കാരണം കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു വിഭാഗം ലക്ഷ്യമിടുന്നത് ഫോസില്‍ ജീവികളില്‍നിന്നു തന്നെ (ഇല്ലാത്ത) ഇടവര്‍ഗങ്ങളെ തെരഞ്ഞെടുക്കാനാണ്! ചിലപ്പോഴൊക്കെ കേള്‍ക്കാറുള്ള ഇടവര്‍ഗ ജീവിയെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇതിന്റെ ഫലമാണ്. മത്സ്യവര്‍ഗത്തിലെ Tiktaalik Roseae എന്ന സ്പീഷിസിന്റെ ഫോസില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് (Nature, April 6, 2006) ഇതിനുദാഹരണമാണ്. വെള്ളത്തിലും കരയിലുമുള്ള ജീവിവര്‍ഗങ്ങള്‍ക്കിടയിലെ ‘കാണാതായ കണ്ണി'(Missing Link) യെന്നാണ് പരിണാമവാദികള്‍ അതിനെ വിശേഷിപ്പിച്ചത്. ഇടനില ജീവിയുടെ ഫോസില്‍ കണ്ടെത്തിയെന്ന വാദം ഉയര്‍ത്തുമ്പോള്‍ പരിണാമവാദികള്‍ മറക്കുന്ന കാര്യം, അവര്‍ പറയുന്നതുപോലെയുള്ള പൂര്‍ണതയുള്ള ജീവികളെയല്ല ഡാര്‍വിന്‍ ഇടവര്‍ഗ രൂപങ്ങളെന്നു വിശേഷിപ്പിച്ചത്; ശരീരഘടനകളില്‍ അപൂര്‍ണത കാണിക്കുന്ന അടുത്തടുത്ത സ്പീഷിസുകള്‍ക്കിടയില്‍ ഉണ്ടായിരിക്കണമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എണ്ണമറ്റ രൂപങ്ങളെയാണ്. കാണാതായ കണ്ണികളെ കണ്ടെത്താനാവാത്ത നൈരാശ്യത്തില്‍ കിട്ടിയതിനെ കണ്ണിയാക്കുക എന്ന മാര്‍ഗമാണ് പരിണാമവാദികള്‍ സ്വീകരിച്ചിരിക്കുന്നത്.
ഫോസില്‍ റെക്കോര്‍ഡ്, പരിണാമ സിദ്ധാന്ത പ്രവചനങ്ങള്‍ക്കെതിരാണ് എന്നതാണ് വസ്തുത. ഡാര്‍വിനു തന്നെ അത് നന്നായറിയാമായിരുന്നെന്ന് അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവനയിലും പ്രതിഫലിക്കുന്നതു കാണാം. ”ഫോസില്‍ റെക്കോര്‍ഡിനെ സംബന്ധിച്ച ഈ വീക്ഷണങ്ങളെ തള്ളിക്കളയുന്ന വ്യക്തി എന്റെ സിദ്ധാന്തെത്തയും പൂര്‍ണമായും തള്ളിക്കളയും. കാരണം അയാള്‍ വൃഥാ ചോദിക്കും, ഒരു വന്‍ രൂപീകരണത്തില്‍ കാണുന്ന വിവിധ ഘട്ടങ്ങളിലെ അടുത്തടുത്ത സ്പീഷിസുകളെ പണ്ട് ബന്ധിപ്പിച്ചതായി പറയുന്ന എണ്ണമറ്റ ഇടവര്‍ഗങ്ങള്‍ എവിടെ എന്ന്” (പേജ് 279-280).
ഇതിലെല്ലാമുപരി വളരെ സമര്‍ഥമായാണ് ഡാര്‍വിന്‍ മറ്റുള്ളവരുടെ ശ്രദ്ധ ഫോസില്‍ റെക്കോര്‍ഡിലേക്കു മാത്രമായി തിരിച്ചുവിട്ടത്. പ്രകൃതി നിര്‍ധാരണം ഡാര്‍വിന്‍ ഇങ്ങനെ വിവരിക്കുന്നു: ”പ്രകൃതി തെരഞ്ഞെടുപ്പ് ദിവസേനയും മണിക്കൂറിലും (അതായത്, നിര്‍ത്താതെ) നിശ്ശബ്ദമായി അബോധാവസ്ഥയില്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ടാകുന്ന (ജീവികളിലെ) ഓരോ വ്യതിയാനത്തെയും – അത് എത്ര നിസ്സാരമായാലും ശരി – സൂക്ഷ്മമായി നിരീക്ഷിക്കുന്നു. മോശമായതിനെ തള്ളുകയും നല്ലതിനെ സംരക്ഷിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു”- (പേജ്, 71). ഇത് ശരിയാണെങ്കില്‍ ഫോസിലില്‍ മാത്രമല്ല ജീവിച്ചിരിപ്പുള്ള സ്പീഷിസുകളിലും ഇടവര്‍ഗങ്ങളെ ഏതു കാലത്തും കാണേണ്ടതാണ്. പക്ഷേ ജീവിച്ചിരിപ്പുള്ള സ്പീഷിസുകളൊന്നും തന്നെ ഇടവര്‍ഗമായി കണക്കാക്കാനാവില്ല. അവയെല്ലാം പൂര്‍ണരൂപത്തിലുള്ളവയാണ്. ഇവിടെയും പരിണാമ സിദ്ധാന്തത്തിന്റെ പ്രവചനം പരാജയപ്പെടുകയാണ്.
ഫോസില്‍ ഗവേഷകരായ നൈല്‍സ് എല്‍ഡ്രെഡ്ജും സ്റ്റീഫന്‍ ജെ. ഗോള്‍ഡും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ഫോസില്‍ റെക്കോര്‍ഡിനെ അതിന്റെ യഥാര്‍ഥ അവസ്ഥയില്‍ വിലയിരുത്തുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 1972-ല്‍ പ്രസിദ്ധീകരിച്ച ‘ഇടക്കിടെ നിര്‍ത്തപ്പെട്ട സമതുലിതാവസ്ഥ’ (Punctuated Equilibrium) എന്ന വിഖ്യാത സിദ്ധാന്തം ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ അടിത്തറയായ ‘ക്രമേണയായുള്ള പരിവര്‍ത്തനം’ (Gradualism) എന്ന ആശയത്തെ തകര്‍ക്കുന്നതായിരുന്നു. ഫോസില്‍ റെക്കോര്‍ഡിനെ അപൂര്‍ണമായ ചിത്രമായല്ല അവര്‍ കണ്ടത്, ‘ക്രമേണയായുള്ള പരിവര്‍ത്തനം’ എന്ന ഡാര്‍വിന്റെ ആശയം ഫോസില്‍ റെക്കോര്‍ഡിനു എതിരായിരുന്നുവെന്നാണ്. ഇത് പരിണാമവാദികളെ ചൊടിപ്പിച്ചു. അവര്‍ ആ സിദ്ധാന്തത്തെ എല്ലാ വിധത്തിലും എതിര്‍ക്കുകയും ചെയ്തു. ക്രമേണയായുള്ള പരിണാമത്തെ ഭൂഗര്‍ഭ ചരിത്രം പിന്താങ്ങുന്നില്ലെന്ന വളരെയേറെ പ്രാധാന്യമുള്ള ശാസ്ത്ര പ്രബന്ധം ന്യുയോര്‍ക്ക് സര്‍വകലാശാലയിലെ ഭൂഗര്‍ഭ ശാസ്ത്രജ്ഞനായ മൈക്കല്‍ റാംപിനോ Historical Biology എന്ന ജേര്‍ണലില്‍ 2010-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രമേണയായ പരിണാമത്തെ ചോദ്യം ചെയ്തുകൊണ്ട് പുതിയ ജീവിവര്‍ഗം ഏക പ്രക്രിയയില്‍ തന്നെ ഉണ്ടാകുമെന്ന് റീഡിംഗ് സര്‍വകലാശാലയിലെ മാര്‍ക് പേജലും അദ്ദേഹത്തിന്റെ സംഘവും പരിണാമ വൃക്ഷത്തെ വിശകലനം ചെയ്തുള്ള പഠനത്തില്‍ വ്യക്തമാക്കുകയും ചെയ്യുന്നു.