പ്രപഞ്ച സൃഷ്ടിയുടെ ന്യായം- സി. കുഞ്ഞിമുഹമ്മദ് വേങ്ങര

പ്രപഞ്ച സൃഷ്ടി മഹാ സ്ഫോടനത്തില്‍നിന്നാണെന്നാണ് ശാസ്ത്ര നിഗമനം. അതിന്റെ ഒരു പുനരാവിഷ്കരണ പരീക്ഷണമാണല്ലോ സ്വിറ്റ്സര്‍ലന്റില്‍ നടക്കുന്നത്. കാരണത്തെപ്പറ്റി Cosmic mind എന്നും ഇപ്പോള്‍ ദൈവകരണമെന്നുമൊക്കെ പറഞ്ഞുവരുന്നു. ഇതു സംബന്ധമായ പല തത്ത്വശാസ്ത്രങ്ങളുമുണ്ട്. പില്ക്കാലത്തുണ്ടായ സല്‍കാര്യവാദം (കാരണത്തില്‍ തന്നെ കാര്യം നിലീനമായിരിക്കുന്നു എന്ന സിദ്ധാന്തം), അസല്‍കാര്യവാദം (കാരണത്തില്‍ കാര്യം നിലീനമായിരിക്കുന്നില്ല) തുടങ്ങിയ താര്‍ക്കിക സിദ്ധാന്തങ്ങളും ഈശ്വരന്‍തന്നെയാണ് സര്‍വവും ഈശ്വരന് സ്വയം ജീവനും ജഗത്തും സര്‍വവുമായിത്തീര്‍ന്നിരിക്കുന്നു എന്ന് പറയുന്ന ഉപനിഷത്ത് സിദ്ധാന്തവും നിലവിലുണ്ട്.
‘അഹ’ത്തിന്റെ പ്രാദുര്ഭാവമാകുന്ന വിധ്യാത്മക വസ്തു സംഭവിക്കുന്നു. അഹങ്കാരം ഉണ്ടായിക്കഴിഞ്ഞാലുടന്‍ അതിനോട് സഹസംബന്ധമായി അനഹങ്കാരം കൂടിയേ കഴിയൂ. അഹം അനഹത്തെ നേരിടുന്നു. എന്നില്‍നിന്ന് ഭിന്നമല്ലാത്ത ഒന്നിനെപ്പറ്റി ബോധമില്ലാത്ത അഹം (ഞാന്‍) വെറുമൊരു മൂര്‍ത്ത സങ്കല്പമായേ ഇരിക്കൂ. വേറൊന്നുമില്ലെങ്കില്‍ ഞാനുമില്ല. സ്വന്തം സത്തയുടെ ഉപാധിയെന്ന നിലയില്‍ അനഹം കൂടാതെ കഴിയുകയില്ല അഹത്തിന്. ചുരുക്കത്തില്‍ ഈശ്വരന് ചരാചര പ്രപഞ്ചത്തെ സൃഷ്ടിക്കുമ്പോള്‍ മാത്രമാണ്, ഈശ്വരാസ്തിത്വത്തെക്കുറിച്ചുള്ള ചരാചര പ്രപഞ്ചം നിലവില്‍ വരികയുള്ളൂ. ഇത്തരം തത്ത്വശാസ്ത്രങ്ങള്‍ നിലവിലുണ്ട്. പ്രപഞ്ച സൃഷ്ടിയെ സംബന്ധിച്ച് വേദങ്ങള്‍ എന്തു പറയുന്നു? വിശുദ്ധ ഖുര്‍ആനില്‍ പ്രപഞ്ച സൃഷ്ടിയെ സംബന്ധിച്ചുള്ള സൂക്തങ്ങളില്‍ ചിലത് ഇവിടെ കുറിക്കുന്നു: ”ആകാശ ഭൂമികളെ മാതൃകയില്ലാതെ സൃഷ്ടിച്ചവനാണവന്‍. ഒരു കാര്യം വിധിച്ചാല്‍ അതിനോടവന് പറയും’ ഉണ്ടാവുക’. അപ്പോള്‍ അതുണ്ടാകും” (ഖുര്‍ആന്‍ 2:117).
സ്രഷ്ടാവും സൃഷ്ടിയും ഒന്നല്ലെന്നും സ്രഷ്ടാവിന് തുല്യമായി യാതൊന്നുമില്ലെന്നുമാണ് ഇസ്ലാമിന്റെ അടിസ്ഥാന ദര്‍ശനം. ദൈവിക സത്ത വിരിഞ്ഞുനില്‍ക്കുന്നതാണ് ഈ പ്രപഞ്ചമെന്ന അദൈ്വത ദര്‍ശനത്തെ ഇസ്ലാം നിരാകരിക്കുന്നു. പ്രപഞ്ചം ഒരേകകമാണ്; സൃഷ്ടി കര്‍ത്താവിന്റെ കുറ്റമറ്റ ന്യായ പ്രമാണത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയുംഘടനാവിശേഷത്തിന്റെയും ഏകകം. പ്രപഞ്ചം ഒന്നാകെ തന്റെ നാഥനിലേക്ക് തിരിഞ്ഞു നില്ക്കുന്നു. ഭവിക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ ഉണ്മയായി ഭവിച്ച ഈ പ്രപഞ്ചം, സൃഷ്ടി പ്രപഞ്ചത്തില്‍നിന്ന് വേറിട്ട് നില്ക്കുന്ന ഒരു സ്രഷ്ടാവിനെപ്പറ്റി പറയുന്നു. ഒരു ഉപനിഷത്ത് സൂക്തം കാണുക:
സവൃക്ഷകാലാകൃതിഭിഃ പരോക്ഷന്യോ
യസ്മാത് പ്രപഞ്ചഃ പരിവര്ത്തതേക്ഷയം
ധര്മാവഹം പാപനുഭം ഭഗേശം
ജ്ഞാത്വാത്മ സ്ഥമമൃതം വിശ്വധാമ
(ഈ പ്രപഞ്ചം യാതൊരുവന് മൂലമുണ്ടായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവോ ആ ഈശ്വരന് പ്രപഞ്ചരൂപമായ വൃക്ഷത്തില്‍നിന്നും കാലത്തില്‍നിന്നും ആകൃതികളില്നിന്നും അതീതനും അന്യനുമാകുന്നു. ധര്മനിര്വഹകനും പാപനാശതനും ഐശ്വര്യനാഥനും വിശ്വത്തിന്നാധാരവും ശാശ്വതനും ഹൃദയസ്ഥിതനുമായ ആ ദേവനെ അറിഞ്ഞിട്ട് ആ പരമാത്മാവിനെ സാക്ഷാത്കരിക്കുന്നു- ശ്വേതാശ്വതരോപനിഷത്ത്, അധ്യായം 6 സൂക്തം 6).
”ആറു ദിവസങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹുവാണ് നിങ്ങളുടെ നാഥന്. എന്നിട്ടവന്‍ സിംഹാസനത്തിലേറി. അവന് രാവുകൊണ്ട് പകലിനെ മൂടുന്നു. അത് തിരക്ക് പിടിച്ചുകൊണ്ടതിനെ അന്വേഷിക്കുന്നു. സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍ എന്നിവയെയും തന്റെ കല്പനക്ക് വിധേയമാക്കിയാണവന്‍ സൃഷ്ടിച്ചിരിക്കുന്നത്. അറിയുക! സൃഷ്ടിക്കലും നിയന്ത്രണവും അല്ലാഹുവിനുള്ളതാണ്. ലോകനാഥനായ അല്ലാഹു അനുഗ്രഹീതന്‍ തന്നെ” (ഖുര്‍ആന്‍ 7:54).
മേല്‍ പറഞ്ഞ ആറു ദിവസങ്ങള്‍ എന്നത് ആറു ഘട്ടങ്ങളാണ്. പ്രപഞ്ചം നിലവില്‍ വരുന്നതിന് മുമ്പ് അഥവാ ഭൂമിയും സൂര്യനും ചന്ദ്രനും രൂപപ്പെടുന്നതിന്റെ മുമ്പുള്ള ദിനങ്ങള്‍. ഏതായാലും നാം കണക്കാക്കി വരുന്ന ദിവസങ്ങളല്ല.

