മുഹമ്മദ് നബി മലയാളികളുടെ മനസ്സില്‍ അനുസ്മരിക്കപ്പെടുന്നത് മുഹമ്മദ് നബിയായിട്ടാണ്. ഞാന്‍ എന്‍റെ ഹൃദയത്തിന്‍റെ രഹസ്സില്‍ ഇരുന്നുകൊണ്ട് പ്രവാചകനോട് സംവദിക്കുമ്പോള്‍ സംബോധന ചെയ്യാറുള്ളതും സ്നേഹധനനായ മുത്ത് നബി എന്നാണ്. മുത്ത് നബിയില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള രണ്ടു സ്വാധീനങ്ങളുണ്ട്. ഒന്ന് ഞാന്‍ വിശ്വസിക്കാത്തത് വിശ്വസിക്കുന്നു എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. അതുകൊണ്ട് ലോകത്തിലെ പകുതി ആളുകളെങ്കിലും എന്നെ കൈവെടിയുമെന്ന് എനിക്കറിയാം. അത് ലോകവാഴ്വില്‍ കഷ്ടതയുണ്ടാക്കുന്ന ഒരനുഭവമാണ്. അതിനെ ഞാന്‍ നേരിടുന്നത് എന്‍റെ കഷ്ടനഷ്ടങ്ങളില്‍ നിര്‍ഭയനായ മുത്ത് നബി കൂടി എനിക്ക് എപ്പോഴും കൂട്ടുണ്ട് എന്നുള്ള വിശ്വാസത്തെ ഉള്ളിന്‍റെയുള്ളില്‍ ഒരു ഭദ്രദീപം പോലെ സൂക്ഷിച്ചുവെക്കുകയാലാണ്. രണ്ടാമത്തെ സ്വാധീനം, ഒരാള്‍ക്കും ന്യായമായി ലഭിക്കേണ്ടുന്നതായ വിഭവത്തെ നീതിയില്ലാതെ പരിഗ്രഹിക്കാതിരിക്കുകയും അവര്‍ക്കതു എത്തിച്ചുകൊടുക്കാന്‍ എനിക്ക് നിവൃത്തിയുണ്ടെങ്കില്‍ അതില്‍ വിമുഖത കാണിക്കാതിരിക്കുകയും ചെയ്യുകയെന്നത് നിലനിര്‍ത്തുവാന്‍ മുത്ത് നബി നല്‍കുന്ന ധര്‍മബോധമാണ്.
എന്‍റെ ജീവിതത്തില്‍ ഒരു കാലത്ത് എനിക്ക് കൂടുതലായി ചിന്തിക്കാന്‍ കഴിയാതിരുന്ന അവസരം ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ഞാനൊരു പുരോഗമന ചിന്തകന്‍ എന്ന് സ്വയമേ ധരിച്ചു പോന്നിരുന്നു. അന്ന് ആദ്ധ്യാത്മികമായ കാര്യങ്ങളില്‍ ഒരുമാതിരി നിഷേധാത്മകമായ നിലപാടാണുണ്ടായിരുന്നത്. അതായത്, ദൈവത്തെ കുറിച്ചോ ദൈവത്തിന്‍റെ അസ്തിത്വത്തെ കുറിച്ചോ ബോധ്യമില്ലാതിരുന്ന ഒരു നിലപാട് കൈകൊണ്ടിരുന്നു. പിന്നീട് ഖുറാനിലും മറ്റ് ആധ്യാത്മിക ഗ്രന്ഥങ്ങളിലും ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അതെല്ലാം പഠിച്ചു മനസിലാക്കാന്‍ തുടങ്ങിയപ്പോള്‍ എന്നില്‍ പുതിയ മാറ്റങ്ങളുണ്ടായി. അതിലൊന്ന് പ്രധാനമായി എനിക്ക് പറയാനുള്ളത് ഖുറാനിലേക്കും നബി തിരുമേനിയിലേക്കും ഞാന്‍ ആകൃഷ്ടനായതാണ്.
ദൈവത്തെ അന്വേഷിക്കുന്നവരെ പറ്റി ഖുറാനില്‍ പലയിടത്തും പറയുന്നുണ്ട്. ആകാശത്തിലേക്ക് നോക്കാന്‍ പറയുന്നു. ദൈവത്തിന്‍റെ സൃഷ്ടികളിലേക്ക് നോക്കാന്‍ പറയുന്നു. പ്രപഞ്ചത്തിലേക്ക് നോക്കാന്‍ പറയുന്നു. അവിടെയൊക്കെ ദൈവത്തെ കണ്ടുകിട്ടുന്നില്ലെങ്കില്‍ ദൈവത്തെ കണ്ടുകിട്ടുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. ഖുറാനില്‍ പറഞ്ഞിരിക്കുന്ന ഈ രീതിയില്‍ ദൈവത്തെ കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് അത്യത്ഭുദകരമായ ഒരനുഭവമാണുണ്ടായത്. ഈ ഖുര്‍ആന്‍ വചനങ്ങളിലൂടെ നടത്തിയ എന്‍റെ അന്വേഷണം ഞാന്‍ നേരത്തെ മനസിലാക്കിയതിനേക്കാള്‍ അത്യന്തം പ്രഭാവമുള്ള ഒരു ദൈവാനുഭവം എന്നിലുണ്ടാക്കി. അതില്‍ ഞാന്‍ അത്യന്തം സന്തുഷ്ടനാണ്. ആ സമയത്തു പ്രവാചകന്‍റെ ജീവിതചര്യയില്‍ക്കൂടി കടന്നുപോവാനും ഏറെക്കുറെ താദാത്മ്യബുദ്ധിയോടെ അദ്ദേഹത്തിന്‍റെ അനുഭവങ്ങളെ സ്വജീവിതത്തില്‍ കാണുവാനും ഇടയായി. തീര്‍ച്ചയായും അതൊക്കെ നമ്മുടെ ജീവിതത്തിന് വെളിച്ചം നല്‍കുന്ന ഘടകങ്ങളായി എനിക്ക് കാണുവാന്‍ കഴിഞ്ഞു.
ഈ അവസരത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് കാണുവാന്‍ കഴിഞ്ഞു. എന്‍റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം കേവലം ഒരു പ്രവാചകന്‍ മാത്രമല്ല എനിക്ക് മാര്‍ഗദര്‍ശിയായിരിക്കുന്നത്. എല്ലാ പ്രവാചകډാരും എല്ലാ ഗുരുക്കډാരും എല്ലാ ആചാര്യډാരും എനിക്ക് വെളിച്ചം പകര്‍ന്നുതന്നിട്ടുള്ളവരാണ്. ഇസ്ലാമെന്നു പറയുന്നത് സത്യത്തിലൊരു മതമല്ല. അത് ഏതെങ്കിലും ഒരു സമൂഹവുമായി ബന്ധപ്പെട്ടതല്ല. ഏതെങ്കിലുമൊരു രാജ്യത്തോടോ വര്‍ണത്തോടോ വര്‍ഗത്തോടോ ബന്ധപ്പെട്ടതല്ല. അങ്ങനെയൊരു വീക്ഷണം ഇസ്ലാമിനില്ല. അതൊരു ജീവിതരീതിയാണ്. ഇസ്ലാം കൊണ്ടുദ്ദേശിക്കുന്നത് ഒരുവന്‍ ദൈവത്തിന് നല്‍കുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്. അങ്ങനെ സമ്പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ചു ദൈവഹിതമനുസരിച്ച് ജീവിക്കുന്നതിലുള്ള സന്തോഷം ഞാന്‍ എന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥമായി കാണുന്നു. ഇങ്ങനെയൊരു സ്വഭാവം ഏതെങ്കിലുമൊരാളില്‍ കാണുന്നുവെങ്കില്‍ ആ ആളിന്‍റെ പേരാണ് മുസ്ലിം. ദൈവത്തിന് കീഴ്പ്പെട്ട് ദൈവഹിതം പാലിച്ച് അതില്‍ സന്തോഷം കാണുന്നവന്‍റെ പേരാണ് മുസ്ലിം. അങ്ങനെ ഒരാള്‍ ഏതൊരു സമൂഹത്തിലും ഉണ്ടായിരിക്കാം. അത് എല്ലാ രാജ്യത്തും കാണാം. അങ്ങനെയുള്ളവരെ ഫ്രഞ്ചുകാരില്‍ കാണാം. അങ്ങനെ എല്ലാ വര്‍ഗങ്ങളിലും മുകളില്‍ പറഞ്ഞ സ്വഭാവത്തോടുകൂടി കാണപ്പെടുന്ന ആളിനെയാണ് ഞാന്‍ മുസ്ലിമെന്ന് വിളിക്കുന്നത്. അങ്ങനെയുള്ള പരിഗണനയില്‍ ജാതിയില്ല, വര്‍ണമില്ല, മറ്റൊരു വിശേഷവുമില്ല. പ്രവാചകന്‍ എന്ന് പറഞ്ഞാല്‍ ദൈവത്തിന്‍റെ ഈ പ്രബോധനത്തെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. ഇവരെല്ലാം ദൈവത്തിന്‍റെ മുന്നില്‍ ഒരുപോലെയുള്ളവരാണെന്ന് ഖുറാനില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ‘ഞാന്‍ എന്‍റെ പ്രവാചകډാരുടെ ഇടയില്‍ യാതൊരു വകഭേദവും കല്‍പ്പിച്ചിട്ടില്ല. എല്ലാവരും സമډാരാണ്’. നബിതിരുമേനിയിലും യേശുവിലും മോസസിലും എല്ലാം ഞാന്‍ തുല്യ പദവിയാണ് കാണുന്നത്.
വേറൊരുദാഹരണം പറയാം. ഖുറാനില്‍ നബിതിരുമേനിയുടെ പേരെടുത്തു പറയുന്ന സന്ദര്‍ഭങ്ങള്‍ അഞ്ചു പ്രാവശ്യമേയുള്ളൂ എന്നാണെന്‍റെ ഓര്‍മ്മ. നേരെമറിച്ച് യേശുവിനെ കുറിച്ച് 25 പ്രാവശ്യമെങ്കിലും ഖുറാനില്‍ പറയുന്നുണ്ട്. അതുപോലെത്തന്നെ യേശുവിന്‍റെ മാതാവായ മര്‍യമിനെക്കുറിച്ച് ഒരദ്ധ്യായം തന്നെ ഖുര്‍ആനിലുണ്ട്. അപ്രകാരം ഒരദ്ധ്യായം ബൈബിളില്‍ കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല. അതിനാല്‍ ബൈബിളില്‍ കൊടുത്തതിനേക്കാള്‍ പ്രാധാന്യം മര്‍യമിന് ഖുര്‍ആന്‍ കൊടുത്തിട്ടുണ്ട്. മാത്രമല്ല നബിതിരുമേനിതന്നെ പറഞ്ഞിട്ടുള്ള വേറൊരു കാര്യം; ഞാന്‍ ഒരു പുതിയ മതവുമായി വന്നിട്ടില്ല. മറ്റു പ്രവാചകډാര്‍ പറഞ്ഞവതന്നെ ഊന്നിപ്പറയുന്നു എന്നാണ്. അതില്‍ ആചാരപരമായ കാലത്തെ കണക്കിലെടുത്തുകൊണ്ട് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് മാത്രം.
ഇസ്ലാം കൊണ്ടുദ്ദേശിക്കുന്നത് എല്ലാ സത്യത്തെയും എല്ലാ ധര്‍മത്തെയും എല്ലാ നډയെയും പൂര്‍ണമായും അംഗീകരിക്കുന്ന ഒരു മതം എന്ന് മാത്രമാണ്. ഇസ്ലാമിനെപ്പറ്റി പൂര്‍ണമായ ധാരണ ലഭിച്ചിട്ടുള്ളവര്‍ക്ക് ഇത് സ്വീകാര്യമാകും.